അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

മദ്യം തുളുമ്പുന്ന പാവാട; അശ്ലീല തമാശകളും

അപര്‍ണ്ണ

A A A

Print Friendly, PDF & Email

അച്ഛാ ദിന്നിനു ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത പാവാട ഹാറ്റ്‌ ട്രിക്ക് ഹിറ്റിന് ശേഷം റിലീസ് ചെയുന്ന പൃഥ്വിരാജ് സിനിമ എന്ന രീതിയിലാണ് സംസാരമായത്. ഈ പേരുമായി അധികം സാമ്യം തോന്നാത്ത രീതിയിൽ ഉള്ള ട്രെയിലറുകൾ ഇത്തിരി ആകാംക്ഷ ഉണ്ടാക്കി. അനൂപ്‌ മേനോനും പൃഥ്വിരാജും മദ്യവും നിറഞ്ഞു നില്ക്കുന്ന രംഗങ്ങളായിരുന്നു ട്രയിലറിൽ മുഴുവനും. 

സ്പിരിട്ട്, നീന സീരീസിൽ പെട്ട കള്ളുകുടി/തിരിച്ചറിവ് സിനിമ തന്നെയാണ് എന്ന ട്രെയിലറുകൾ തന്ന മുൻവിധിയിൽ തന്നെയാണ് പാവാടയുംനീങ്ങുന്നത്  എന്ന് തുടക്കത്തിൽ തോന്നി. അനൂപ്‌ മേനോന്റെ പ്രൊഫസർ ബാബു ജോസഫ് മുഴുവൻ സമയ മദ്യപാനി ആണ്. കോളേജ് അധികാരികളുമായി വഴക്കിട്ടു പിരിഞ്ഞു പോന്ന ഇയാൾ ഷേക്ക്‌സ്പീരിയൻ ഡയലോഗുകൾ മുഴുവൻ ഹൃദിസ്ഥമാക്കിയ പ്രതിഭയാണ്. നാട്ടുകാർ മൊത്തം ഇയാളെ പാവാട എന്ന് വിളിച്ചു കളിയാക്കുന്നുണ്ട്. ഇയാളുടെ മദ്യപാനവും ഉപദ്രവങ്ങളും പരിധി വിട്ടപ്പോൾ കാര്യസ്ഥൻ പിള്ളയും (നെടുമുടി വേണു) പ്രിയ ശിഷ്യൻ പോലിസുദ്യോഗസ്ഥനും ചേർന്ന് ഇയാളെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ അയക്കുന്നു. ഇവിടെ വച്ച് ബാബു സർ പാമ്പ് ജോയിയെ (പൃഥ്വിരാജ്)പരിചയപ്പെടുന്നു. അനാഥനായ ജോയിക്ക് അകെ ഉണ്ടായിരുന്നത് ഭാര്യ സിനിമോൾ (മിയ) ആണ്. ഇയാളുടെ മദ്യപാനവും സംശയവും നിമിത്തം അവർ പിണങ്ങിപ്പോകുന്നു. രണ്ടു പേരും അവിടെ നിന്നും രക്ഷപ്പെടുന്നതും വളരെ തീവ്രമായ ആത്മബന്ധം ഇവർക്കിടയിൽ ഉണ്ടാവുന്നതുമോക്കെയാണ് സിനിമയുടെ ആദ്യ ഭാഗം. പിന്നീട് യാദൃശ്ചികമായി ജോയി കണ്ടെടുക്കുന്ന ബാബു ജോസഫിന്റെ ഭൂതകാല ഓർമകളും അത് മാറ്റിമറിക്കുന്ന രണ്ടു പേരുടെയും ജീവിതവും ഭൂത വർത്തമാന കാലങ്ങളുടെ ഇടകലരലുകളും ഒക്കെയാണ് പാവാട

പാവാട എന്ന പേരുണ്ടാക്കുന്ന കൌതുകവും അതിനോട് ചേർന്ന് അധികമാരും ഊഹിക്കാൻ സാധ്യത ഇല്ലാത്ത സസ്പെന്സുകളും ട്വിസ്റ്റുകളും ഒക്കെ ചില ഇടങ്ങളിൽ ഉണ്ട്. കാഴ്ചകളെ പൂർണമായി തൃപ്തിപ്പെടുത്തും എന്നുറപ്പ് ഇല്ലെങ്കിലും പ്രതീക്ഷിക്കാത്ത ചില മാനങ്ങളിലേക്ക് സിനിമ കടന്നു പോകുന്നുണ്ട്.

സിനിമയിൽ ഉടനീളം ദ്വയാർത്ഥ പ്രയോഗങ്ങൾ ഉണ്ട്. അത് മലയാള സിനിമയെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. മനുഷ്യവിരുദ്ധ പരാമർശങ്ങളെ തമാശ എന്ന പേരിൽ ഇവിടെയൊക്കെ വിറ്റഴിക്കുന്നതും ആർപ്പുവിളികളോടെ അതേറ്റു വാങ്ങി കയ്യടിക്കുന്നതും മുഖ്യധാരാ മലയാള സിനിമയ്ക്ക് ശീലമായിരിക്കുന്നു. പക്ഷെ ഒരിടത്ത് മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെ ചോദ്യം ചെയ്യുന്നതും തൊട്ടടുത്ത രംഗത്ത് ആണത്തം ആർപ്പു വിളിക്കുന്നതും അധികം കണ്ടിട്ടില്ല. ഒരു സ്ത്രീക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനത്തെ ചൊല്ലി നിലവിളിക്കുന്ന സിനിമ ഒരു മുന്നറിയിപ്പും കൂടാതെ കിടപ്പറയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. നായികയും മാറ്റിനിയും ഒക്കെ പറഞ്ഞ തൊഴിൽ ചൂഷണത്തെ പറ്റി പുതുതായി ഒന്നും പറയുന്നിലെങ്കിലും ആ വിഷയത്തെ മുഖ്യധാരാ സിനിമയുടെ വിഷയമാക്കിയത് പുതുമയായി. പഴകി പുളിച്ച ആഭാസങ്ങൾ കുത്തി നിറച്ചു ആ പുതുമയെ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ നശിപ്പിച്ചു. 

പൃഥ്വിരാജ് ചിത്രങ്ങളുടെ വിജയത്തുടര്‍ച്ചയായിരിക്കും പാവാട

പൃഥ്വിരാജിനു ഹാസ്യം വഴങ്ങില്ല എന്ന ആരോപണത്തെ വെല്ലുവിളിക്കും തന്റെ സിനിമ എന്ന സംവിധായകന്റെ അവകാശവാദം ചില മാധ്യമങ്ങളിൽ വായിച്ചു. പക്ഷെ നിഷ്കളങ്കനായ കോട്ടയം അച്ചായനാവാൻ അയാൾ അമിതാഭിനയത്തെ കൂട്ട് പിടിക്കും പോലെ തോന്നി. ആത്മരതി തുളുമ്പി നില്ക്കുന്ന രംഗങ്ങളിൽ പതിവ് പോലെ അനൂപ്‌ മേനോൻ ചിലയിടങ്ങളിൽ സ്വാഭാവികമായും ചില ഇടങ്ങളിൽ മോഹൻലാലിനെ പോലെയും സിനിമയിൽ നിറഞ്ഞു നിന്നു. ‘ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും’ എന്ന ജീർണിച്ച പഴയ പാഠം പഠിക്കുക മാത്രമാണ് മിയയുടെ സിനിമോൾക്കു ചെയ്യാനുള്ളത്. നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങൾ നൂറാവർത്തി കണ്ടതാണെങ്കിലും സിദ്ദിഖിന്റെ അനന്ത രാമൻ ശക്തമായ സാന്നിധ്യമാകുന്നു. ദൃശ്യം കഴിഞ്ഞു ഷാജോണും മുഴുവൻ സമയ വില്ലൻ ആയി എന്ന് തോന്നുന്നു. നെടുമുടി വേണുവിന്റെ അഭിനയത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. പക്ഷെ ശരീര ചലനങ്ങളെ പ്രായം ബാധിച്ച പോലെ തോന്നി. എന്തിനാണെന്നറിയില്ല തെറി വിളി ഉള്ള സന്ദർഭങ്ങളിൽ ബീപ് ശബ്ദത്തിന് പകരം നെടുമുടി വേണുവിന്റെ ശബ്ദത്തിൽ മൈനാകം കടലിൽ നിന്നുയരുന്നുവോ, പൂമാനമേ ഒരു രാഗ മേഘം താ എന്നൊക്കെ പാടി കേട്ടു. ആശാ ശരത്തിന്റെ പരിഷ്കൃത  ഉച്ചാരണം അവരുടെ കഥാപാത്രത്തിന് ഒട്ടും ചേരാതെ മുഴച്ചു നിന്നു. ജോയ് മാത്യുവിന് ശേഷം എല്ലാ സിനിമകളിലും ചെറുതും വലുതുമായ റോളുകളിൽ അഭിനയിക്കുക എന്ന ദൌത്യം രഞ്ജി പണിക്കർ ഏറ്റെടുത്തു എന്ന് തോന്നുന്നു.

അശ്രദ്ധമായ എഡിറ്റിംഗ്, കേൾക്കാൻ സുഖമില്ലാത്ത പാട്ടുകൾ, പശ്ചാത്തല സംഗീതം അതിനാടകീയത ഉള്ള സംഭാഷണങ്ങൾ ഒക്കെ രസം കൊല്ലിയായി. അപ്രവചനീയതയിൽ നിന്നും കൃത്യമായി ഊഹിക്കാവുന്ന രംഗങ്ങളിലേക്ക് രണ്ടാം പകുതി ചുരുങ്ങിപ്പോയി. ശക്തമായ മനുഷ്യാവകാശ ലംഘനത്തെ ഒരു അമ്മയുടെ ദീനരോദനം മാത്രമാക്കി ചുരുക്കി സിനിമയിൽ ഉടനീളം.

സിനിമ എന്താവണം എന്നൊന്നും നിർവചിക്കാൻ പറ്റില്ലെങ്കിലും, നിർവചനങ്ങളും കാഴ്ചയും തികച്ചും വ്യക്തിപരമാകാൻ ഉള്ള സ്വാതന്ത്ര്യം സിനിമ  കാണുന്ന ഓരോ വ്യക്തിക്കും ഉണ്ടെങ്കിലും, സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ നിറഞ്ഞ ഫോൺനമ്പറുകൾ നിറഞ്ഞ പൊതു ഇടങ്ങളെ പറ്റി ആകുലപ്പെട്ട് അതേ വികല മനസുകളെ ഇക്കിളിപ്പെടുത്താൻ നോക്കുന്നത് കാണുമ്പോൾ ഏതെങ്കിലും ഒരിടത്തോട് സത്യസന്ധത കാണിക്കൂ എന്ന് പറയാൻ തോന്നും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Me:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍