TopTop
Begin typing your search above and press return to search.

മിസ്റ്റര്‍ പി സി ജോര്‍ജ്, യു ആര്‍ എ റോങ് നമ്പര്‍

മിസ്റ്റര്‍ പി സി ജോര്‍ജ്, യു ആര്‍ എ റോങ് നമ്പര്‍

അഴിമുഖം പ്രതിനിധി

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍/ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍... എന്ന മട്ടിലായിരുന്നു കേരള രാഷ്ട്രീയത്തില്‍ പൂഞ്ഞാര്‍ പുലി പാഞ്ഞുനടന്നിരുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ കുളമ്പടി പലരേയും പേടിപ്പിക്കുകയും, ചിലരെ ആശിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ അരുവിക്കരയില്‍ പെട്ടി പൊട്ടിച്ചപ്പോള്‍ ദാ..കിടക്കണ് പുലി തലയും കുത്തി. ഇനി അടുത്തകാലത്തൊന്നും ആ തല പൊങ്ങുമെന്നും തോന്നുന്നില്ല. വായിട്ടലച്ചു നടക്കുന്ന ഗീര്‍വാണങ്ങളെല്ലാം നനഞ്ഞ പടക്കങ്ങളാണെന്നു ജനം തിരിച്ചറിയുകയും ചെയ്ത സ്ഥിതിക്ക് പി സി ജോര്‍ജ് എന്ന ഔട്ട് ഡെയര്‍ പൊളിറ്റീഷ്യന് ഇനി പൂഞ്ഞാര്‍ മഹാരാജ്യത്തേക്ക് മാത്രം ഒതുങ്ങികൂടേണ്ടി വരും.

സകല അഴിമതി കൃമികീടങ്ങളെയും അടിച്ചുവാരിക്കളഞ്ഞ് കേരളം ശുദ്ധീകരിക്കാനാണ് സത്യത്തില്‍ ജോര്‍ജ് അരുവിക്കരയിലേക്ക് ഇറങ്ങിയത്. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. എതിരാളികള്‍ ശക്തരും. അതുകൊണ്ട് തന്നെ കൂടെ ആളുള്ളത് നല്ലതാണെന്ന് തോന്നി. മുന്‍നിര പാര്‍ട്ടികളെയൊന്നും ഇനി വിശ്വസിക്കാന്‍ പറ്റില്ല. കറപുരളാത്ത ആരുണ്ടെന്നു നോക്കിയപ്പോഴാണ്, ഇതുവരെ ചീത്തപ്പേരൊന്നും കേള്‍പ്പിക്കാത്ത വിഎസ്ഡിപി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം തുടങ്ങിയ കുറച്ചുപേരെ കിട്ടിയത്. വിവരദോഷികള്‍ ഇവരെ വര്‍ഗീയപ്പാര്‍ട്ടികളെന്നും ജാതിക്കോമരങ്ങളെന്നും തീവ്രവാദികളെന്നുമൊക്കെ പരിഹസിക്കാറുണ്ടെങ്കിലും, അല്‍പ്പം പ്രതികരണശേഷി ഉണ്ടെന്നുള്ളൊരു കുറവു മാത്രമേ അവരില്‍ പിസി കണ്ടുള്ളൂ. ചീഫ് വിപ്പിന്റെ അധികാരം ഉപയോഗിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വി എസ് ഡി പിക്ക് അപ്പകഷ്ണങ്ങള്‍ കൊടുത്തു വളര്‍ത്തിക്കൊണ്ടുവന്ന പി സി കേരളത്തിലെ അത്തരം ജാതി മത സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ടുവരികയും അതിന് അഴിമതി വിരുദ്ധതയെന്ന ആട്ടിന്‍ തോലിടുകയും ചെയ്താല്‍ മൂന്നാം മുന്നണിയെന്ന ദിവാസ്വപ്‌നം സഫലമാകുമെന്നും കരുതി.

സത്യം പറയാലോ, ജോര്‍ജിനെ ഒരിക്കല്‍ കൂടി കേരളം വിശ്വസിച്ചുപോയി. എന്തെങ്കിലുമൊക്കെ കാണിക്കുമെന്നു കരുതി. കെ ദാസ് എന്ന അതിസമര്‍ത്ഥനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യുഡിഎഫിനെ നാലാം സ്ഥാനത്തുകൊണ്ടു പോയി തള്ളുമെന്ന് തന്നെ കരുതി. ജനങ്ങള്‍ക്കിടയില്‍ നിന്നും ആപ് (ആംആദ്മി പാര്‍ട്ടി) ശൈലിയില്‍ തപ്പിയെടുത്ത ദാസിന്റെ തോല്‍വി ആപ്പ് ആകുമെന്ന് വോട്ട് പെട്ടിയിലായ ദിനംപോലും തിരിച്ചറിയാതെ ചാനലുകളില്‍ വന്നിരുന്ന് അവതാരകരെ വെല്ലുവിളിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോ ബോംബ് പൊട്ടിച്ചായിരിക്കും പണിയെടുക്കുക എന്നു വിചാരിച്ചെങ്കിലും അഴിമതിരഹിത സുന്ദര കേരളം സൃഷ്ടിക്കാനുള്ള സാരോപദേശങ്ങളുമായാണ് ജോര്‍ജച്ഛായന്‍ നാട്ടിലിറങ്ങിയത്. അപ്പോള്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. പുലിയിവിടെയും പുല്ലു തിന്നേണ്ടിവരുമെന്നു മനസ്സിലായി. അതുപക്ഷേ ഇത്ര ഗതികെട്ടസ്ഥിതിയിലായിരിക്കുമെന്ന് കരുതിയില്ല.അരുവിക്കരയില്‍ കടുത്ത മത്സരം നടക്കുമെന്നും അവിടെ പിസിയും പാര്‍ട്ടിയും നിര്‍ണായകശക്തിയാകുമെന്നുമൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച നാള്‍ തൊട്ട് കേള്‍ക്കാന്‍ തുടങ്ങിയത്. കേരളത്തിന്റെ സ്വന്തം വിക്കിലീക്‌സായ പിസി കൈയിലുള്ള തെളിവുകള്‍ ഓരോന്നായി പുറത്തുവിട്ട് ഉമ്മന്‍ ചാണ്ടിയെയും സര്‍ക്കാരിനെയും കശക്കിയെറിയുമെന്നുമൊക്കെയായിരുന്നു വീരവാദം. കൂടെ ഒരു സമുദായം മുഴുവന്‍ ഉണ്ടെന്ന അവകാശവാദം കൂടിയായപ്പോള്‍ പതിവുപോലെ പിസിയെ കേരളം വിശ്വസിച്ചു. പതിനായിരത്തിലേറെ വോട്ടുകള്‍ നാടാന്മാര്‍ക്ക് ഉള്ള മണ്ഡലത്തിലാണ് വെറും ആയിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയേഴു വോട്ടുകള്‍മാത്രം പിസിയുടെ ദാസന് നേടാനായത്. മാണിയെയും ഉമ്മന്‍ ചാണ്ടിയെയും ഒരുമിച്ചു കേരള രാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌കാസിതരാക്കാന്‍ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പി സി ജോര്‍ജിന് കഴിയുമെന്നും കരുതിയതാണ്. പി സി കളം നിറയുമ്പോള്‍ വിജയകുമാര്‍ നിഷ്പ്രയാസം അരുവിക്കര നീന്തി കടക്കുമെന്നും കാര്‍ത്തികേയന്റെ ചെക്കന്‍ കുത്തൊഴുക്കിപ്പെട്ട് മുങ്ങിപ്പോകുമെന്നൊക്കെ കിനാവ് കണ്ടവര്‍ ഏറെയാണ്. കാലങ്ങളായി ഉണ്ടയില്ലാ വെടിപൊട്ടിക്കുന്ന വേട്ടക്കാരനാണെങ്കിലും ഒരുവെടിക്കുള്ള മരുന്നൊക്കെ കൈയില്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത് അത്രവല്യ വിവരക്കേടൊന്നുമല്ല. പക്ഷെ എല്ലാം തകര്‍ത്തു. ഇരട്ട ചങ്കുള്ള കിഴക്കന്‍ ക്രിസ്ത്യാനിയാണ് പി സി ജോര്‍ജ്, ഇതല്ല ഇതിനപ്പുറം നാണം കെട്ടാലും അത്രപെട്ടന്നൊന്നും കുലുങ്ങില്ല. എന്നാല്‍ തലപൊക്കാന്‍ പറ്റാതായത് പി സി വിശ്വസിച്ചവര്‍ക്കാണ്. ഇനി വിഷ്ണുപുരത്തിനൊക്കെ നാട്ടില്‍ എന്താ വില? വെള്ളാപ്പള്ളിയും സുകുമാരന്‍ നായരുമൊക്കെ പറഞ്ഞാല്‍ അവരവരുടെ സമുദായത്തില്‍ നിന്ന് ഇതില്‍കൂടുതല്‍ പേര്‍ വോട്ടുകുത്തും. ആ സ്ഥാനത്താണ് ആയിരം വോട്ടുപോലും സ്വന്തം ആള്‍ക്കാരെ കൊണ്ട് കൂട്ടത്തിലൊരുത്തന് വേണ്ടി ചെയ്യിക്കാന്‍ സമുദായ നേതാവിന് കഴിയാതെ പോയത്. ഇനി മുഖം രക്ഷിക്കാന്‍ ആകെയുളള വഴി വിഎസ്ഡിപിയെ എല്‍ഡിഎഫിന്റെ ചായ്പ്പിന്റെ പുറത്തെങ്ങാനും കൊണ്ടുപോയി കെട്ടുകയാണ്. അല്ലാതെ ജോര്‍ജിനെ നമ്പി നിന്നാല്‍ ചന്ദ്രശേഖരന്‍ വിഷ്ണുപാദം പ്രാപിക്കാനൊന്നും പോകുന്നില്ല.

വിജയങ്ങള്‍ ഭക്ഷിച്ച് ഉമ്മന്‍ ചാണ്ടി; കണക്ക് തെറ്റുന്ന പിണറായി
ഇത് ഇടതുമുന്നണിയുടെ ശവക്കുഴി


ശബരിയുടെ പിന്നിലായിപ്പോയ വിജയകുമാറിനും വിജയകുമാറിന്റെ പിന്നിലായിപ്പോയ രാജഗോപാലിനും സ്വന്തം തോല്‍വിയെ ന്യായീകരിക്കാനും എതിരാളിയുടെ മുന്നേറ്റത്തെ എതിര്‍ക്കാനും കാരണങ്ങളുണ്ട്. പക്ഷെ എന്തിന്റെ പേരിലായിരിക്കും തന്നെക്കാള്‍ മുന്നിലെത്തിയ നോട്ടയെ പി സി എതിര്‍ക്കുക? വേണമെങ്കില്‍ വിവരമില്ലാത്ത കുറെയവന്‍മാര്‍ ചേര്‍ന്ന് മനപൂര്‍വം നാണം കെടുത്താന്‍വേണ്ടി ചെയ്ത ഏര്‍പ്പാടായിരിക്കും. അവന്മാര്‍ ലക്ഷ്യം വച്ചത് ഉമ്മന്‍ ചാണ്ടിയേയും പിണറായിയേയുമൊക്കെ ആയിരുന്നിരിക്കാം. പക്ഷെ കല്ലുകൊണ്ടത് ജോര്‍ജിന്റെ തലയ്ക്കാണെന്നുമാത്രം. ഇതിന്റെ പേരില്‍ ചിലര്‍ പരിഹാസവും തുടങ്ങിയിട്ടുണ്ട്. നോട്ടയെക്കാള്‍ പിന്നിലായ പേട്ടയെന്നാണ് രണ്ടില പാര്‍ട്ടിയുടെ യുവജനന്മാര്‍ കളിയാക്കുന്നത്. അതിലും വലിയ കുത്താണ് കുഞ്ഞൂഞ്ഞിന്റെ ഭാഗത്തു നിന്നുകിട്ടിയത്, നോട്ടയെക്കുറിച്ച് പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നില്ലെന്ന്. ഇതിലും ഭേദം നാലു തെറി പറയുന്നതായിരുന്നു. കുഞ്ഞൂഞ്ഞിങ്ങനെയാണ്, മുറിവില്‍ കുത്തി രസിക്കും. ഇനിയിപ്പം എന്തൊക്കെ തെളിവുണ്ടെങ്കിലും ശരി ജോര്‍ജിനെ പേടിക്കാനില്ലെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായി. ഒരു ഏറു പടക്കമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതു പണ്ടെ തനിക്കു നേരെ വലിച്ചെറിയുമായിരുന്നുവെന്ന് ജോര്‍ജിനെ കുറച്ചുകാലമെങ്കിലും അലക്കി വെളുപ്പിച്ച് തോളിലിട്ടു നടന്ന ഉമ്മന്‍ ചാണ്ടിക്കു അറിയാമായിരുന്നു. ഇനിയിപ്പം അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ പുലി വരുന്നേ പുലി വരുന്നേ എന്ന് ആരൊക്കെ എത്രകണ്ട് അലമുറയിട്ടാലും ജനം തിരിഞ്ഞു നോക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാം. ജോര്‍ജിനെ ഇനിയാരും കാര്യമായി എടുക്കില്ല. ജോര്‍ജ് പറയുന്നതിനൊന്നും ഒരു വിലയും ആരും കൊടുക്കില്ല. അത്രകണ്ട് പി സി ജോര്‍ജ് എന്ന ഘടാഘടിയന്‍ രാഷ്ട്രീയത്തില്‍ ശോഷിച്ചുപോയിരിക്കുന്നു എന്നു മുഖ്യമന്ത്രി നന്നായി മനസ്സിലാക്കി. എങ്കിലും പണ്ടു കൂടെ നടന്ന് തനിക്ക് വെള്ളപൂശാന്‍ ആവേശം കാണിച്ചിരുന്നൊരാള്‍ എന്ന നിലയില്‍ ശവത്തില്‍ കുത്തുന്നില്ലെന്നുമാത്രം.ഈ അവസരം ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ല, സാക്ഷാല്‍ കരിങ്കോഴിക്കല്‍ മാണി മാണിക്കും അനുകൂലമാണ്. പല്ലിന്റെടേല്‍ കേറിയൊരു എല്ലിന്‍കഷ്ണമായി കുറച്ചുനാളായിട്ട് ഇട്ട് വിഷമിപ്പിക്കുകയായിരുന്നു. സ്വയം പോണെങ്കില്‍ പോട്ടെയെന്നാണ് കരുതിയത്. ഒടിയനും മറുതായുമൊക്കെ ഒഴിയുമ്പോള്‍ എന്തെങ്കിലും നാശം വരുത്തിയെ പോകാറുള്ളൂന്നു കേട്ടിട്ടുണ്ട്. ആ ഒരുപേടിയുണ്ടായിരുന്നു. ഇനിയിപ്പോള്‍ അങ്ങനെയൊന്നും പേടിക്കണ്ട. അഴിമതിയാരോപണങ്ങളില്‍ നിന്ന് അഗ്നിശുദ്ധി വരുത്തിയെത്തിയിരിക്കുന്ന തന്നെ ഒരു പിണ്ണാക്കും ചെയ്യാന്‍ പ്ലാത്തോട്ടത്തില്‍ ജോര്‍ജിന് കഴിയില്ലെന്ന് മാണിസാറിനും മനസ്സിലായിരിക്കുന്നു. പല്ലിനിടയിലെ എല്ല് പോയതിന്റെ സന്തോഷം ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മാണി സാറിന്റെ മുഖത്ത് കാണാമായിരുന്നു. മാണീടെ കാലം കഴിഞ്ഞാല്‍ മാണീടെ ചെക്കനെ ഒതുക്കി കേകോമായെ കക്ഷത്തിലൊതുക്കാമെന്ന് കരുതിയ പീസിടേ ഫ്യൂസ് പോയതിന്റെ ആശ്വാസവും മാണീടെ മുഖത്ത് ഉണ്ടായിരുന്നു.

എന്തായിരിക്കും പി സി ജോര്‍ജിന്റെ ഭാവിപരിപാടികള്‍? കൂടിവന്നാല്‍ കുറച്ചുദിവസം കൂടി കുരയ്ക്കും. പിന്നെ നാവു താഴ്ത്തും. അതു കഴിഞ്ഞ് എ കെ ജി സെന്ററിലേക്ക് ഒന്നു ഫോണ്‍ ചെയ്യും. അവിടെ മുറിയൊഴിവില്ലെങ്കില്‍ പിന്നെ പൂഞ്ഞാറിലേക്ക്. മാണി-ഉമ്മന്‍ ചാണ്ടി കമ്പനിക്കാര്‍ പണിതില്ലെങ്കില്‍ അടുത്ത തവണകൂടി നിയമസഭ കാണിക്കാന്‍ പൂഞ്ഞാറ്റുകാര്‍ തയ്യാറാകും.

ഒടുവില്‍ കിട്ടിയത്; അഴിമതി വിരുദ്ധ മുന്നണി പിരിച്ചുവിടണോയെന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പി സി ജോര്‍ജ്.

ചത്ത കിളിക്ക് ഇനിയെന്തിനാണ് ജോര്‍ജേ...കൂട്???

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories