TopTop

മൗനം കൊണ്ട് ആഭാസന്മാര്‍ക്കു മറ തീര്‍ക്കരുത്, കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

മൗനം കൊണ്ട് ആഭാസന്മാര്‍ക്കു മറ തീര്‍ക്കരുത്, കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുത്
കുഞ്ഞുങ്ങള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നിറയെ. കേരളത്തില്‍ ഒരു വീട്ടില്‍ രണ്ട് കുഞ്ഞുങ്ങളുണ്ടെങ്കില്‍ ഒരു കുഞ്ഞ് അവിടെ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത പകുതിയിലും ഏറെയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ എത്രത്തോളം അപകടം പിടിച്ച അവസ്ഥയാണ് ഇത് എന്ന് ഊഹിക്കാന്‍ കഴിയും. വീടിന്റെ ഉള്ളിലോ ആരാധനാലയങ്ങളിലോ സ്‌കൂളിലോ എവിടെയും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതര്‍ അല്ല. എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങളിലേക്ക് ഇങ്ങനെ ഉള്ള നരാധമന്മാരുടെ കൈകള്‍ ഇത്ര ധൈര്യപൂര്‍വ്വം നീളുന്നത്?

സ്വന്തം കൊച്ചുമകളെ ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച മുത്തച്ഛന്‍ ആ കുഞ്ഞ് മരണപ്പെട്ടപ്പോള്‍ പോലും അന്വേഷണ സംഘത്തെ വെല്ലുവിളിച്ചത് 'നിങ്ങളെ കൊണ്ട് ഇത് തെളിയിക്കുവാന്‍ സാധിക്കില്ല' എന്നാണ്. അയാളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം സ്വന്തം കുടുംബത്തില്‍ നിന്ന്, ആ കുഞ്ഞിന്റെ അമ്മ ഉള്‍പ്പടെയുള്ളവര്‍ അയാള്‍ക്കെതിരെ ശബ്ദിക്കില്ല എന്നതായിരുന്നു. സ്വന്തം മകളുടെ മരണശേഷവും പിതാവിനെ ആ സ്ത്രീ സംരക്ഷിച്ചു, പിന്നീട് എത്ര കൌണ്‍സിലിംഗിന് ശേഷമാണ് ആ മുത്തശി എങ്കിലും ഇതേക്കുറിച്ചു തുറന്നു പറഞ്ഞത്. കുടുംബത്തിന്റെ അഭിമാനം കാക്കാന്‍ മിക്കപ്പോഴും പീഡനത്തിനിരയായവരുടെ വായ മൂടിക്കെട്ടപ്പെടുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരി, സമൂഹത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരു കുടുംബത്തില്‍ പിറന്നവള്‍, തനിക്ക് എട്ടു വയസ്സില്‍ സ്വന്തം മുത്തച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ചപ്പോള്‍ വിറങ്ങലിച്ചു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ഒരു രാത്രി മുത്തശ്ശി കുളിക്കാന്‍ പോയ സമയത്ത് അടുത്തു വന്ന് സ്‌നേഹിച്ച മുത്തച്ഛന്റെ കരങ്ങള്‍ തന്നില്‍ അരുതായ്മകള്‍ ചെയ്തു തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങി. ഇത് തന്റെ മുത്തച്ഛന്‍ ആണ് എന്നും, അദ്ദേഹം പറയുന്നത് അനുസരിക്കണം എന്നും ഉള്ള ബോധം, എന്റെ മുത്തച്ഛന്‍ എന്നെ അരുതാത്തത് ഒന്നും ചെയ്യില്ല എന്ന വിശ്വാസം അവളെ വിഴുങ്ങി.

എന്നാല്‍ ആഴ്ന്നിറങ്ങിയ കൈകള്‍ വേദനിപ്പിച്ചപ്പോള്‍ അവളുടെ വാ പൊത്തിപ്പിടിച്ച് ടിവി റിമോട്ട് തരാം എന്ന് പറഞ്ഞ് ആ മനുഷ്യന്‍ തന്റെ വിക്രിയകള്‍ തുടര്‍ന്നു. കരഞ്ഞു കൊണ്ട് അവള്‍ ഒന്നുകൂടി പറഞ്ഞു; ആ രാത്രിയില്‍ നടന്നതിനേക്കാള്‍ അവളെ വേദനിപ്പിച്ചത്, ഈ സംഭവം അവള്‍ അമ്മയോട് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ആണ്,' സാരമില്ല, കള്ളുകുടിച്ചിട്ട് അറിയാതെ പറ്റിയതായിരിക്കും, മോള് ഇത് ആരോടും പറയരുത്, നാണക്കേടാണ്' എന്ന്. ഈ പറഞ്ഞ പെണ്‍കുട്ടിയെ സ്‌കൂളില്‍ ദിവസവും കൊണ്ടുവിട്ടിരുന്നതും ഈ മുത്തച്ഛന്‍ തന്നെയാണ്, ഈ സംഭവത്തിന് ശേഷവും. തന്റെ പീഡകനെ ദിവസവും കാണുകയും അയാളോടൊത്ത് നിര്‍ബന്ധപൂര്‍വം സ്‌നേഹം അഭിനയിക്കാന്‍ വിധിക്കപ്പെടുകയും ചെയ്ത ആ പെണ്‍കുട്ടി കൈകളില്‍ ബ്ലേഡ് കൊണ്ട് വരഞ്ഞാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. വെറും എട്ടു വയസ്സില്‍ ബാല്യം നഷ്ടപെട്ട അവള്‍ ഇന്നും നമ്മുടെ ഇടയില്‍ ജീവനോടെ ഉണ്ട്. കുടുംബത്തിനകത്ത് കുഞ്ഞുങ്ങള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അത് ദുരഭിമാനം ഭയന്ന് മൂടിവയ്ക്കപ്പെടുന്നു. അതാണല്ലോ നമ്മുടെ ശീലം, നമ്മുടെ വീടിനുള്ളില്‍ നിന്നുള്ള ചീഞ്ഞ നാറ്റം നമ്മള്‍ വൃത്തിയാക്കില്ല. പകരം അങ്ങനെ ഒന്ന് ഇല്ല എന്ന് നടിക്കും.ബാല പീഡനങ്ങള്‍ കുഞ്ഞു മനസിനേല്‍പ്പിക്കുന്ന മുറിവ് ഉണക്കാന്‍ സാധിക്കില്ല. പൊതുവേദികളില്‍ എല്ലാം തന്നെ പീഡകനോട് സ്‌നേഹത്തോടെയും ആദരവോടെയും പെരുമാറാന്‍ കുഞ്ഞുങ്ങള്‍ നിര്‍ബന്ധിതരാകുന്നു. വീട്ടിനുള്ളില്‍ ആണെങ്കില്‍ എന്നും ഈ മുഖം കണ്ട് സ്വയമേ പഴിച്ച് അവര്‍ കഴിഞ്ഞു കൂടുന്നു. സ്വന്തം കുടുംബത്തില്‍ തന്നെ നീതി നിഷേധിക്കപ്പെടുമ്പോള്‍, എല്ലാവരില്‍ നിന്നും ഉള്‍വലിഞ്ഞ്, ബന്ധങ്ങളിലെ വിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യയെ കുറിച്ച് പോലും നമ്മുടെ കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നു. അവരുടെ വായില്‍ കനല്‍ വാരി ഇട്ട് അവരെ നിശ്ശബ്ദരാക്കിയ, സ്വയമേ നിശബ്ദരായ ചുറ്റിനുമുള്ള വേണ്ടപ്പെട്ടവരല്ലേ ഇതില്‍ കുറ്റക്കാര്‍?

മാതാ, പിതാ, ഗുരു, ദൈവം എന്നൊക്കെ പറഞ്ഞ് മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരോടു വിധേയത്വം ഉള്ളവര്‍ ആവാനുമാണ് നാം ആദ്യം തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. അരുത് എന്ന വാക്കിന് അര്‍ഥം ധിക്കാരം ആണെന്നും, അനുസരണക്കേട് നരകത്തില്‍ എത്തിക്കുന്ന പാപം ആണെന്നും ധരിപ്പിച്ച് ആട്ടിന്‍തോലിട്ട ചെന്നായക്കൂട്ടത്തിലേക്കു നമ്മള്‍ അവരെ പറഞ്ഞു വിടുന്നു. വിധേയത്വ മനോഭാവത്തോടൊപ്പം ഭയവും ദുരഭിമാനവും എല്ലാം കൂടി ചേര്‍ന്നാല്‍ പീഡനത്തിനുള്ള ഉഗ്രന്‍ ചേരുവയായി. നിരന്തരമായി കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോഴും സ്വയമേ സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ വെന്തുരുകാനേ നമ്മുടെ സമൂഹത്തിനു സാധിക്കൂ.

വിദേശ രാജ്യങ്ങളില്‍ നഴ്‌സറി മുതല്‍ കുഞ്ഞുങ്ങളില്‍ ബോധവത്കരണം തുടങ്ങും. അവരെ പാട്ടിലൂടെയും മറ്റും പൊലീസിന്നെ വിളിക്കേണ്ട നമ്പര്‍ പഠിപ്പിക്കും, അവര്‍ക്കു മോശമായി തോന്നുന്ന പെരുമാറ്റങ്ങള്‍ എവിടെ നിന്നെങ്കിലും സംഭവിച്ചാല്‍ ഈ നമ്പറില്‍ വിളിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇത് ചിലപ്പോള്‍ പൊലീസ് അധികാരികള്‍ തന്നെയാണ് ചെയ്യുക. അങ്ങനെ അധികാരികളോടുള്ള ഭയം മാറ്റിയെടുക്കും. നമ്മുടെ സമൂഹത്തില്‍ പരാതിയുമായി ചെന്നാല്‍ പോലും എങ്ങനെയും ഒതുക്കി തീര്‍ക്കാനും, കുഞ്ഞുങ്ങള്‍ പീഡനം മൂലം മരിച്ചാലും അത് മറച്ചു വെക്കാനും ശ്രമിക്കുന്ന ഒരു അധികാര വര്‍ഗത്തെ മാത്രമേ കാണാന്‍ കഴിയൂ. കാരണം പാശ്ചാത്യ രാജ്യങ്ങളില്‍ കുഞ്ഞുങ്ങളെ പൊതുസമ്പത്ത് ആയി കരുതുമ്പോള്‍ നമുക്ക് അവര്‍ ബാധ്യതയാണ്, പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങള്‍.

ഒരു മാറ്റത്തിന് സമയമെടുക്കും. പക്ഷെ ഇന്നു മുതല്‍, ഈ നിമിഷം മുതല്‍ മാറി ചിന്തിക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എങ്കില്‍ അത് ആ കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കളങ്കമായി കാണാതെ, അവരുടെ കൂടെ നിന്ന് ഇത് ചെയ്തവര്‍ അച്ഛനോ മുത്തച്ഛനോ സന്യാസിയോ ആണെങ്കില്‍ പോലും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക. നമ്മുടെ മൗനം കൊണ്ട് ആഭാസന്മാര്‍ക്കു മറ തീര്‍ക്കരുത്, കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുത്. കുഞ്ഞുങ്ങളില്‍ കരുതല്‍ വേണം. പക്ഷെ അതിനും അപ്പുറം അവരില്‍ ആത്മാവിശ്വാസം വളര്‍ത്തി എടുക്കണം.

മറ്റുള്ളവരെ ബഹുമാനിക്കേണ്ട എന്നല്ല പഠിപ്പിക്കേണ്ടത്, ഒരാളെ പ്രായം കൊണ്ടല്ല പകരം കര്‍മം കണ്ടാണ് ബഹുമാനിക്കേണ്ടത് എന്ന് പഠിപ്പിക്കണം. സ്‌നേഹിക്കാന്‍ പഠിപ്പിക്കണം. പക്ഷെ ആ സ്‌നേഹം ആരെങ്കിലും ചൂഷണം ചെയ്യാന്‍ വരികയാണെങ്കില്‍ എങ്ങനെ നേരിടണം എന്നും പറഞ്ഞു കൊടുക്കണം. വിധേയത്വമല്ല, ആത്മാഭിമാനം അവരില്‍ ഉണര്‍ത്തണം. കൂട്ടത്തില്‍ കണ്മുന്‍പില്‍ നടക്കുന്ന അനീതിക്കെതിരെ പ്രീതികരിക്കാന്‍ പ്രാപ്തരാകണം . ഇവയെല്ലാം തന്നെ അവര്‍ കണ്ടു വളരണം, നമ്മളില്‍ നിന്ന്. ആദ്യം നമുക്ക് മാറി ചിന്തിക്കാം, വഴിയേ നമ്മുടെ കുഞ്ഞുങ്ങള്‍ സ്വയം സുരക്ഷ തീര്‍ത്തോളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories