TopTop
Begin typing your search above and press return to search.

പെഡോഫൈല്‍ വിഷയത്തില്‍ എന്തുകൊണ്ട് പരാതി നല്‍കി? എംഎ നിഷാദും സുജിത് ചന്ദ്രനും പ്രതികരിക്കുന്നു

പെഡോഫൈല്‍ വിഷയത്തില്‍ എന്തുകൊണ്ട് പരാതി നല്‍കി? എംഎ നിഷാദും സുജിത് ചന്ദ്രനും പ്രതികരിക്കുന്നു

അഞ്ചാം ക്ലാസുകാരിയോട് തനിക്ക് തോന്നുന്ന കാമത്തെക്കുറിച്ചും അവളെ സ്വാധീനിക്കാന്‍ മഞ്ച് വാങ്ങി നല്‍കാറുണ്ടെന്നുമുള്ള മുഹമ്മദ് ഫര്‍ഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. ഫര്‍ഹദിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിവായി സ്വീകരിച്ച് അയാള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഇതിനോടകം നിരവധി പേര്‍ കേരള പോലീസിനും മുഖ്യമന്ത്രിയ്ക്കും പരാതികള്‍ അയച്ചുകഴിഞ്ഞു. മുഖ്യമന്ത്രിക്ക് പരാതിയയച്ച മാധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രനും പോലീസ് മേധാവിക്ക് പരാതിയയച്ച ചലച്ചിത്ര സംവിധായകന്‍ എം.എ നിഷാദും ഈ വിഷയത്തിലെ തങ്ങളുടെ നിലപാടുകളെക്കുറിച്ചും പരാതി അയയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നു.

ചലച്ചിത്ര സംവിധായകന്‍ എം.എ. നിഷാദിന്റെ വാക്കുകള്‍

'സ്ത്രീകളോടും കുട്ടികളോടും, പ്രത്യേകിച്ച് പെണ്‍കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ കൂടിവരികയാണ്. ഇവിടെ കൃത്യമായ നിയമവ്യവസ്ഥിതിയുണ്ട്. പക്ഷെ അത് ഉറങ്ങിക്കിടക്കുകയാണ്. അതിനെ ഒന്ന് ഉണര്‍ത്തുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. ഞാന്‍ സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളെടുത്തിട്ടുള്ളയാളാണ്. ചൈല്‍ഡ് അബ്യൂസ്‌മെന്റിനെതിരായി ഒരു സംഭവ കഥ തന്നെയാണ് വൈരം എന്ന സിനിമയിലൂടെ പുറത്തുകൊണ്ടുവന്നത്. ഇത്തരം കാര്യങ്ങളില്‍ ഫേസ്ബുക്കില്‍ മാത്രമിരുന്ന് പ്രതികരിച്ചിട്ട് കാര്യമില്ല, അതിന്റെ പുറത്ത് നിയമത്തിന്റെ മുന്നില്‍ ഇത്തരം കുറ്റവാളികളെ കൊണ്ടുവരണമെന്ന ധാര്‍മ്മിക രോഷമാണ് എന്നെക്കൊണ്ട് പരാതി അയപ്പിച്ചത്. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കുമാണ് ഇത് ചെയ്തത്.

ഒരു ക്രൈം നടന്നു കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. ക്രൈം നടക്കുന്നതിന് മുമ്പ്, അതിന്റെ ഒരു സാധ്യതയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ നമ്മളെല്ലാവരും ജാഗരൂകരായിരിക്കണം. ഇന്നത്തെ യുവജനങ്ങള്‍ ഫേസ്ബുക്കില്‍ മാത്രമായി നില്‍ക്കാതെ അവര്‍ പുറത്തേക്കിറങ്ങണം. പ്രതികരിക്കേണ്ടത് ചുംബന സമരം നടത്തിയിട്ടോ സദാചാര പോലീസിങ് നടത്തിയിട്ടോ അല്ല. ഇത്തരം സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ അവര്‍ ഇടപെടണം എന്നാണ് എനിക്ക് പറയാനുള്ളത്. കേരളം ഇത്തരം മനോവൈകല്യമുള്ളവരുടെ പറുദീസയാണ്. മറ്റൊരു സംസ്ഥാനത്തും ഇതുപോലെ കാണാനാവില്ല. ഒറ്റപ്പെട്ട സംഭവങ്ങളേ മറ്റിടങ്ങളില്‍ കാണാനാവൂ. സദാചാര മൂല്യങ്ങള്‍ക്ക് വില കൊടുക്കാത്ത ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഫര്‍ഹദിന്റേത് ഫാന്റസി മാത്രമാണെന്നൊക്കെയുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. അയാളുടെ പോസ്റ്റിനെതിരെ പരാതികള്‍ നല്‍കയപ്പോഴാണ് കൂടുതല്‍ വാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഫാന്റസി എന്ന് പറയുന്നത് പൊതു സമൂഹത്തിന്റെ മുന്നില്‍ അഴിച്ചുവയ്‌ക്കേണ്ട കാര്യങ്ങളല്ല. എല്ലാവര്‍ക്കും ഫാന്റസികളുണ്ടാവും. ഫാന്റസികള്‍ ഫാന്റസികളായി തന്നെ നില്‍ക്കണം. ഇതിനെ അനുകൂലിക്കുന്നവരാണ് യഥാര്‍ഥ ക്രിമിനലുകള്‍. ഇത്തരം ഫാന്റസികള്‍, സമൂഹത്തിന് ഇത്തരം തെറ്റായ സന്ദേശം നല്‍കുന്ന വര്‍ത്തമാനങ്ങള്‍ അനുകൂലിക്കാന്‍ ആളുകളുണ്ടാവുമ്പോഴാണ് ക്രിമിനലുകള്‍ വീണ്ടും വളരുന്നത്. ഇതിനെ അനുകൂലിക്കുന്നവര്‍ മനോവൈകല്യമുള്ളവരാണ്. ഫര്‍ഹദിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവരുടേയും അനുകൂലിച്ചവരുടേയും പേരുകള്‍ വച്ചാണ് ഞാന്‍ പരാതി നല്‍കിയിരിക്കുന്നത്.

സാഹിത്യസൃഷ്ടികളിലെ ആവിഷ്‌കാരത്തെ ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കുന്നത് ശരിയല്ല. കാരണം സാഹിത്യ സൃഷ്ടികള്‍ സമൂഹത്തിലെ എല്ലാവരും കാണണമെന്നില്ല. വായിക്കുന്നവര്‍ക്ക് അവരവരുടെ വീടുകളില്‍ കയറിയിരുന്ന് അവര്‍ക്കിഷ്ടമുള്ള പോലെ ഭാവനകള്‍ നെയ്യാം. അത് സാഹിത്യമാണ്, കലയാണ്, സിനിമയാണ്. കലാപരമായ കാര്യങ്ങള്‍ക്ക് അത്തരം ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമത്തില്‍ ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കാര്യമായിക്കൊള്ളണമെന്നില്ല. ആ ഇടത്തില്‍ അച്ഛനമ്മമാരുണ്ടാവും, മുതിര്‍ന്നവരുണ്ടാവും, കൊച്ചുകുട്ടികളുണ്ടാവും. ഇവിടെ ഇത്തരം കാര്യങ്ങള്‍ എഴുതാനുള്ള വീര്യം കാണിക്കുന്നതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നല്ല, തല്ലുകൊള്ളിത്തരമെന്നാണ് പറയേണ്ടത്. ആര്‍ക്കും എന്തും എങ്ങനെയും പറയാമെന്നുള്ള ഒരു പുതിയ പ്രവണത രൂപപ്പെട്ട് വരികയാണ്. എന്ത് വേണമെങ്കിലും പറയുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനിവിടെ ആളുകളുണ്ട് എന്ന് മനസ്സിലാക്കണം. അനുകൂലിക്കാനാളുകളുണ്ടെന്നത് പോലെ പ്രതികരിക്കാനും ആളുകളുണ്ടാവും. പരാതി നല്‍കുക എന്നത് എന്റെ സ്വതന്ത്ര്യമാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രം വരുന്ന അനുകൂലികളുടെ സാന്നിധ്യം ഞാന്‍ കണക്കിലെടുക്കുന്നതേയില്ല. ബാക്കിയുള്ള ജനത എന്നോടൊപ്പമാണ്.

മാധ്യമ പ്രവര്‍ത്തകനായ സുജിത് ചന്ദ്രന്‍ പറയുന്നു

'ഫര്‍ഹദ് പറയുന്ന പെണ്‍കുട്ടി സാങ്കല്‍പ്പികമാണോ അതോ ജീവിച്ചിരിക്കുന്നതോ എന്ന് നമുക്കറിയില്ല. പക്ഷെ രണ്ട് സാഹചര്യത്തിലാണെങ്കിലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. മുഹമ്മദ് ഫര്‍ഹദ് കാമമല്ല ഉദ്ദേശിച്ചത് പ്രേമമാണെന്നാണ് ഫര്‍ഹദിനെ പിന്തുണയ്ക്കുന്നവര്‍ ഇപ്പോള്‍ പറയുന്നത്. അയാള്‍ കാമത്തെ പ്രേമമായി വഴിതിരിച്ചുവിടാന്‍ സമര്‍ഥനാണെന്ന ഒരു അനുമാനത്തില്‍ ആ കുഞ്ഞിന്റെ സുരക്ഷയെ ഏല്‍പ്പിച്ചുകൊടുക്കാന്‍ വ്യക്തിപരമായി ഞാന്‍ തയ്യാറല്ലായിരുന്നു. ഫര്‍ഹദിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഇങ്ങനെയൊക്കെ പറയുമെങ്കിലും മുഹമ്മദ് ഫര്‍ഹദ് അങ്ങനെയുള്ളയാളല്ല, അയാളെ ഞങ്ങള്‍ക്കറിയാമെന്നാണ് അയാളുടെ കൂട്ടുകാര്‍ പറയുന്നത്. ഇതേ യുക്തിയാണ് മാണി സാറിനെ ഞങ്ങള്‍ക്കറിയാം, മാണിസാറ് അങ്ങനെയൊന്നും ചെയ്യില്ല എന്ന് നേരത്തെ കേരള കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നത്. മാണി സാറ് അഴിമതി ചെയ്‌തോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം, അത് നിയമം തീരുമാനിക്കട്ടെയെന്ന് പൊതുസമൂഹം പറഞ്ഞു.

ഫര്‍ഹദ് മുന്നോട്ട് വന്നിട്ട് അഞ്ച് വയസ്സുള്ള കുട്ടിയോട് കാമം തോന്നുന്നുണ്ടെന്നും അവളെ സ്വാധീനിക്കാന്‍ ചോക്ലേറ്റ് വാങ്ങിക്കൊടുക്കുന്നുവെന്നും പറയുന്നു. അങ്ങനെയൊരു കുട്ടി ഒരുപക്ഷേ ഉണ്ടെങ്കില്‍ ഇയാളുടെ സ്വാധീനത്തില്‍ നിന്ന് അവളെ രക്ഷിക്കേണ്ട വ്യക്തിപരമായ കടമ എനിക്കുണ്ടെന്ന് തോന്നി.

ഒരുപക്ഷേ അത് ഒരു ഫാന്റസിയാണെങ്കില്‍, അത്തരം ഫാന്റസികള്‍ അതിസാധാരണമാണ് എന്ന ഒരു സന്ദേശം അയാള്‍ അതുവഴി കൊടുക്കുന്നുണ്ട്. പലരുടേയും മനസ്സില്‍ ഇത്തരം കാര്യങ്ങള്‍ തോന്നിയിരിക്കാം. പക്ഷെ അത് വിളിച്ച് പറയാവുന്നതാണെന്നും ഒരു പൊതുപരിസരത്തില്‍ ഇക്കാര്യം പറയുന്നതില്‍ പ്രശ്‌നമില്ലെന്നുമുള്ള ഒരു സന്ദേശം അയാളുടെ ഫേസ്ബുക്ക് പോസ്റ്റ് നല്‍കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ആയി ഇത് കണക്കാക്കാനാവില്ല. ഒരു കുറ്റകൃത്യം നിറവേറ്റുന്നതിനെക്കുറിച്ചാണ് അയാള്‍ പറയുന്നത്. ഫര്‍ഹദ് ഒരുപക്ഷേ കാമത്തെ പ്രേമത്തിലേക്ക് വഴിതിരിച്ചുവിടാന്‍ പറ്റുന്നയാളായിരിക്കാം. പക്ഷെ ഒരു പെഡോഫൈല്‍ ഓറിയന്റേഷന്‍ ഉള്ള ഒരാള്‍ക്ക്, ഒരു പെണ്‍കുഞ്ഞിന് മേല്‍ തന്റെ കാമം തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഇതെല്ലാം സാധാരണമാണെന്ന ഒരു സന്ദേശം ഇത്തരം ചര്‍ച്ചകള്‍ നല്‍കും. ചിലര്‍ സൈദ്ധാന്തികമായി ഇതിനെ പിന്തുണയ്ക്കുന്നു. ചിലര്‍ അരാജകവാദികള്‍ എന്ന രീതിയിലും ചിലര്‍ സൗഹൃദത്തിന്റെ പേരില്‍ വൈകാരികമായും പിന്തുണയ്ക്കുന്നുണ്ട്. ഒരുപക്ഷേ ഒളിപ്പിച്ചുവച്ച പെഡോഫൈല്‍ ഫാന്റസികളുള്ള ചിലരെങ്കിലും അതിന്റെ സ്വാധീനത്തില്‍ പിന്തുണ നല്‍കുന്നുണ്ടാവാം. എന്ത് മനഷ്യത്വ വിരുദ്ധതയും പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന് കരുതുന്നവര്‍ അങ്ങനെയും പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ വ്യക്തിപരമായ ഫാന്റസിയാണെങ്കില്‍ പോലും ഇങ്ങനെ പിന്തുണയ്ക്കുന്നവരൊക്കെയും അയാളും കൂടി അറിഞ്ഞോ അറിയാതെയോ ഇക്കാര്യങ്ങള്‍ പൊതുപരിസരത്തില്‍ പറഞ്ഞ് ബാലപീഡനത്തിന് സാധുത നല്‍കുന്ന ഒരു പരിസരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് അത് എതിര്‍ക്കപ്പെടേണ്ടതാണ്.

പലര്‍ക്കും പലതരം സെക്ഷ്വല്‍ ഫാന്റസികളുണ്ടായേക്കാം. പെഡോഫൈല്‍ ഫാന്റസികളുള്ളവര്‍ സമൂഹത്തിലുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷെ പെഡോഫൈല്‍ ഓറിയന്റേഷന്‍ എങ്ങനെ ഉണ്ടാവുന്നു, അതിന്റെ സാഹചര്യങ്ങള്‍ എന്താണ്, അത്തരക്കാരെ സമൂഹം എങ്ങനെ അടയാളപ്പെടുത്തണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒരു ശാസ്ത്ര പുസ്തകത്തിലോ മന:ശാസ്ത്ര പുസ്തകത്തിലോ സംസാരമായി വരികയാണെങ്കില്‍ അത് ആരോഗ്യകരമായി കണക്കാക്കാം. കഥകളിലും കഥാപരിസരങ്ങളിലുമൊക്കെ ചിലപ്പോള്‍ ഇത്തരം ഫാന്റസികള്‍ ആഘോഷിക്കപ്പെട്ടിരിക്കാം. ഒരുപക്ഷെ 'ലീല'യില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ അതിലൊന്നും പെഡോഫൈലുകളെ മഹത്വവല്‍ക്കരിക്കുകയല്ല, നേരെ മറിച്ച് അതില്‍ പ്രാഥമികമായി ചര്‍ച്ച ചെയ്യപ്പെടുന്നത് വേറെ ചിലതാണ്. നൈതികത, പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥ ഇതൊക്കെയാണ് ആ സാഹിത്യ സൃഷ്ടിയുടെ സമ്പൂര്‍ണതയില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. സാഹിത്യ സൃഷ്ടികളില്‍ പല സന്ദര്‍ഭങ്ങളിലും ഇത്തരം കാര്യങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും ആ സാഹിത്യസൃഷ്ടിയുടെ സമ്പൂര്‍ണതയില്‍ അത് ഏത് ഭാഗത്ത് നില്‍ക്കുന്നു എന്നുള്ളതിലാണ് അതിന്റെ പ്രസക്തി. ലീല മുന്നോട്ട് വയ്ക്കുന്നത് പെഡോഫൈലുകളെ മഹത്വവല്‍ക്കരിക്കുന്ന സന്ദശമായിരുന്നെങ്കില്‍ അതിനെയും എതിര്‍ക്കേണ്ടി വന്നേനെ.

പെഡോഫൈലിനെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ അതിനെ സംഘികളുടെ സ്‌ക്രൂട്ടിനൈസേഷനുമായി ചേര്‍ത്തുകെട്ടിയിട്ട്, ഫാസിസത്തോട് ചേര്‍ത്തുകെട്ടിയിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തോട് ചേര്‍ത്തുകെട്ടിയിട്ട് ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ആത്യന്തികമായി അവരുടെ ഉത്കണ്ഠ മനുഷ്യനേക്കുറിച്ചാണോ ന•യെക്കുറിച്ചാണോ എന്നതാണ് എന്റെ ചോദ്യം.

ഏത് തരത്തിലുള്ള മാധ്യമമാണെങ്കിലും, അത് ചെറുതോ വലുതോ ആവട്ടെ, അതിന് സ്വാധീനശേഷി ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ കാലഘട്ടത്തിന്റെ മാധ്യമമാണ് സോഷ്യല്‍മീഡിയ. തലച്ചോറ് രൂപപ്പെടും മുമ്പുള്ള പ്രായത്തിലുള്ള കുട്ടികള്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ന് ചെറിയ ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ക്ക് പോലും ഫേസ്ബുക്ക് അക്കൗണ്ടുണ്ട്. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന്റെ സമയത്ത്, അവന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ രൂപീകരിക്കപ്പെടുന്ന സമയത്ത്, അവന് എതിര്‍ലിംഗത്തോടുള്ള സമീപനം രൂപപ്പെടുന്ന സമയത്ത് ഇത്തരം സംസാരങ്ങള്‍ അവന്റെ ടൈംലൈനിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അത് കുട്ടികളേയും മുതിര്‍ന്നവരുടേയും മനോഗതികളെ എത്രമാത്രം സ്വാധീനിക്കുമെന്ന് നേരിട്ടും അല്ലാതെയും അറിഞ്ഞിട്ടുള്ളയാളാണ് ഞാന്‍.

എന്നാല്‍ ഇക്കാര്യത്തിലുള്ള ആള്‍ക്കൂട്ടത്തിന്റെ കാട്ടുനീതിയും അംഗീകരിക്കാവുന്ന കാര്യമല്ല. ഇത്തരം ആളുകളെ ഒരു ആള്‍ക്കൂട്ടം അതിന്റെ യുക്തികളുപയോഗിച്ചല്ല നേരിടേണ്ടത്. കല്ലെറിയുക, തെറിപറഞ്ഞ് ഓടിക്കുക, അല്ലെങ്കില്‍ അവര്‍ക്ക് മേലെ ആള്‍ക്കൂട്ടത്തിന്റെ ശക്തികൊണ്ടുള്ള നീതി നടപ്പാക്കുകയോ ഒന്നുമല്ല ചെയ്യേണ്ടത്. കല്ലെറിഞ്ഞ് ഓടിക്കാനുള്ള കൂട്ടത്തില്‍ കൂടാന്‍ ഞാനില്ല. അങ്ങനെയിരിക്കെ എന്റെ മുന്നിലുള്ള ഒരു സാധ്യത നിയമപരമായി പരാതി നല്‍കുക എന്നത് തന്നെയാണ്. അയാള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുക എന്നതിനേക്കാളും ഇത്തരം ചര്‍ച്ചകള്‍ ഇതുപോലെ സ്വാധീന ശേഷിയുള്ള ഒരു മാധ്യമത്തില്‍, ആളുകളെ ഹാനികരമായി ബാധിക്കാന്‍ സാധ്യതയുള്ള ഇടത്തില്‍ നടക്കാന്‍ പാടില്ല എന്നതാണ് പരാതി അയച്ചതിലെ ഉദ്ദേശം.


Next Story

Related Stories