TopTop
Begin typing your search above and press return to search.

പെരുമാള്‍ മുരുഗന്‍: ജാതിക്കൂട്ടങ്ങളെ അണിനിരത്തുക എന്ന സംഘി അജണ്ട

പെരുമാള്‍ മുരുഗന്‍: ജാതിക്കൂട്ടങ്ങളെ അണിനിരത്തുക എന്ന സംഘി അജണ്ട

ജിബിന്‍ മട്ടന്നൂര്‍

"എഴുത്തുകാരൻ പെരുമാൾ മുരുഗൻ മരിച്ചു. അയാൾ ഒരു അധ്യാപകനായി ജീവിതം തുടരും". കഴിഞ്ഞ ദിവസം പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ച വാചകമാണിത്. "മരിച്ചു" എന്നയിടത്ത് "കൊന്നു" എന്ന് മാറ്റി വായിക്കുമ്പോഴാണ് അത്യധികം ഭീതിതമായ ആ യാഥാർത്യത്തെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കുക. 2010 - ൽ പ്രസിദ്ധീകരിച്ച പെരുമാൾ മുരുഗന്റെ 'മാതോരുഭാഗൻ' എന്ന നോവലിനെതിരെ ഹൈന്ദവ തീവ്രവാദ ശക്തികൾ വാളോങ്ങിയതോടെയാണ് ഇത്തരം ഒരു കുറിപ്പെഴുതി സ്വയം തീർത്ത ഒരു നിശബ്ദതയിലേക്ക് എഴുത്തുകാരന് ഒളിക്കേണ്ടി വന്നത്.

ആരാണ് 'മാതോരുഭാഗൻ' ?

'മാതോരുഭാഗൻ' എന്നാൽ അർദ്ധനാരീശ്വരൻ ആണ്. സാക്ഷാൽ ശിവൻ. 2010 - ൽ പ്രസിദ്ധീകൃതമായ 'മാതോരുഭാഗൻ' വളരെ വേഗത്തിൽ ആണ് തമിഴ് വായനക്കാർക്ക് പ്രിയങ്കരമായത്. 2011 ലെ ചെന്നൈ ബുക്ക് ഫെസ്റ്റിവലിൽ നൂറുകണക്കിന് കോപ്പികളാണ് വിറ്റു തീർന്നത്. ഇപ്പോൾ ആക്രമണം നടന്ന മേഖലയിലെ ബുക്ക് സ്റ്റാളുകളിൽ പോലും നല്ല വിൽപ്പനയാണ് ഉണ്ടായത്. 'കാലച്ചുവട്' പ്രസിദ്ധീകരിച്ച 'മാതോരുഭാഗന്റെ' ഉള്ളടക്കം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള വിമർശനമോ പരാതിയോ അക്കാലത്ത് ഉണ്ടായിരുന്നില്ല.

എന്താണ് 'മാതോരുഭാഗൻ' ?

തന്റെ ജന്മദേശമായ തിരുച്ചെങ്ങോട് പശ്ചാത്തലമാക്കി നൂറു വർഷങ്ങൾക്ക് മുൻപ് നടക്കുന്ന ഒരു സംഭവം എന്ന നിലയിലാണ് പെരുമാൾ മുരുഗൻ 'മാതോരുഭാഗൻ' ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ പ്രബല ജാതി സമൂഹത്തിൽ പെട്ട കാളി - പൊന്ന ദമ്പതികൾ ആണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവർ വിവാഹിതരായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടാവുന്നില്ല. ഇവർക്ക് സമൂഹത്തിൽ നിന്നും (ജാതിയിൽ നിന്നും) നേരിടേണ്ടിവരുന്നതാവട്ടെ അവഹേളനങ്ങളും അവഗണനയും. പുരുഷൻറെ കുഴപ്പം കൊണ്ടാണെങ്കിലും, ഗർഭിണിയാവാത്ത സ്ത്രീകളെ ദുർലക്ഷണമായി കാണുന്ന സമകാലിക അവസ്ഥയെ എഴുത്തുകാരൻ പൂർണമായും ഉൾക്കൊണ്ടിട്ടുണ്ട്. വൈദ്യശാസ്ത്രരംഗം ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിൽ കാളി - പൊന്ന ദമ്പതികൾ ഒരു കുഞ്ഞിനു വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കൃതി വികാസം പ്രാപിക്കുന്നത്. കുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹവുമായി അവർ എത്തുന്നത് തിരുച്ചെങ്ങോടിലെ അർദ്ധനാരീശ്വര ക്ഷേത്രത്തിലാണ്. അവിടെ വൈകാശി - വിശാഖം ഉത്സവ സമയത്ത് തേര് 'ഊരുവലം' (നാട് വലം വെക്കൽ) ചെയ്യുന്ന ചടങ്ങുണ്ട്. ഉത്സവാഘോഷങ്ങളുടെ അവസാനദിനം, രാത്രിയിൽ അവിടെയുള്ള മുഴുവൻ സ്ത്രീകളും അഭിസാരികമാരെപ്പോലെയാവുമെന്നും സ്ത്രീ - പുരുഷന്മാർ ഉഭയസമ്മതപ്രകാരം തടസങ്ങളോ എതിർപ്പോ ഇല്ലാത്ത ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കുമെന്നും കൃതിയിൽ പറയുന്നു. അവിടെ വച്ച് കുട്ടികളില്ലാത്ത നിരവധി സ്ത്രീകൾ, ഭർത്താക്കന്മാരുടെ പ്രശ്നത്താൽ കുട്ടികൾ ഇല്ലാത്തവർ, അമ്മമാർ ആവുമെന്നും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.

തിരുച്ചെങ്ങോട് അർദ്ധനാരീശ്വര ക്ഷേത്രം

2010 ൽ നിന്നും 2014 ലേക്ക്

പ്രസിദ്ധീകരിച്ച് നാല് വർഷമായിട്ടും യാതൊരു ആക്ഷേപവും ഉയരാതിരുന്ന 'മാതോരുഭാഗൻ' എതിർപ്പ് നേരിടാൻ തുടങ്ങിയത് 2014 ൽ പെൻഗ്വിൻ ബുക്സ് ഈ കൃതിയെ 'വണ്‍ പാർട്ട് വുമൻ' എന്ന പേരിൽ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചപ്പോൾ മുതലാണ്. 'മാതോരുഭാഗന്റെ' അക്ഷരംപ്രതിയുള്ള തർജിമയാണ് ഇത്. എന്നിട്ടും പുതുതായി പ്രശ്നമുണ്ടാവാനുള്ള കാരണം രാജ്യത്ത് പോയ വർഷം സംഭവിച്ച രാഷ്ട്രീയ മാറ്റമാണ്. നരേന്ദ്ര മോദിയുടെ പട്ടാഭിഷേകത്തോടെ രാജ്യത്തെ വല്യേട്ടൻ സ്ഥാനത്തേക്ക് സ്വയം അവരോഹണം നടത്തിയ ആർ എസ് എസ് ആണ് ഇതിനു പുറകിൽ ഉള്ളതെന്ന് വ്യക്തം. ഈയിടെ ഹിന്ദി ചലച്ചിത്രം 'പികെ'യ്ക്ക് നേരെ നടന്ന ആക്രമണം ഇതോടെ ചേര്ത്ത് വായിക്കാവുന്നതാണ്. എന്റർടയിൻമെന്റ് മീഡിയയുടെ ശക്തിയും ആമീർഖാൻ എന്ന നടൻറെ താരമൂല്യവുമാണ് പികെയെ സംരക്ഷിച്ചതെങ്കിൽ ഇവിടെ ഒറ്റപ്പെട്ട ഒരു എഴുത്തുകാരൻ അശക്തനായി കീഴടങ്ങുന്ന കാഴ്ചയാണ് കാണേണ്ടിവരുന്നത്. പെരുമാൾ മുരുകൻ സംഭവത്തിൽ ആശയസ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമം എന്നതിനപ്പുറത്ത് സംഘപരിവാർ അത്യധികം വിനാശകരമായ പലതും ലക്ഷ്യം വെക്കുന്നുണ്ട്. ഹിന്ദുത്വത്തിൽ നിന്നും അത് മുന്നോട്ടുവെക്കുന്ന ദേശീയതയിൽ നിന്നും എപ്പോഴും മുഖം തിരിച്ചു നിന്നിട്ടുള്ള തമിഴ്നാട്ടിലെ ദ്രാവിഡ ജാതിക്കൂട്ടങ്ങളെ തങ്ങൾക്കു പിന്നിൽ അണിനിരത്തുക എന്ന നിഗൂഡ അജണ്ടയും ഈ സംഭവത്തിന് പിറകിലുണ്ട്.

പെരുമാൾ മുരുഗൻ തന്റെ കൃതിയിൽ പ്രകടമായിത്തന്നെ പരാമർശിച്ചിട്ടുള്ള ജാതി അദ്ദേഹം കൂടി ഉൾപ്പെടുന്ന ഗൗണ്ടർ (കൊംഗു വെള്ളാള ഗൗണ്ടർ) ആണ്. കഥ നടക്കുന്നത് തിരുച്ചെങ്ങോട് ആയതുകൊണ്ടുതന്നെ പ്രതിപാദിക്കപ്പെട്ട ക്ഷേത്രം പ്രദേശത്തെ പ്രസിദ്ധമായ 'അർദ്ധനാരീശ്വരർ കോവിൽ' തന്നെ. മൂന്ന് ആഴ്ച മുൻപാണ് ജാതിയും ക്ഷേത്രത്തെയും ജാതിയിലെ സ്ത്രീകളെയും പെരുമാൾ മുരുഗൻ അപമാനിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഹിന്ദു മുന്നണി ശബ്ദമുയർത്തുന്നത്. ഹിന്ദു മുന്നണിക്കൊപ്പം തിരുച്ചെങ്ങോട് അർദ്ധനാരീശ്വരർ കോവിൽ ഗിരിവല നള സംഘവും ജാതി സംഘടനകളും പുസ്തകത്തിനെതിരെ വാളെടുത്തു. നോവലിനെതിരായുള്ള ലഖുലേഖ പ്രചാരണവും ഗൃഹസന്ദർശന പരിപാടിയും നടന്നു. പെരുമാൾ മുരുകന് നേരെ പ്രത്യക്ഷ ഭീഷണികൾ മുഴങ്ങി. അദ്ധേഹത്തിന് കുടുംബസമേതം മാറിനിൽക്കേണ്ടി വന്നു. ബന്ദ്, പുസ്തകം കത്തിക്കൽ തുടങ്ങിയ കലാപ പരിപാടികൾ മുറക്ക് അരങ്ങേറി. പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ജാതിപ്പേര് മാറ്റാമെന്നും സ്ഥലത്തിന്റെ പേര് മറ്റൊന്നാക്കാം എന്നും പെരുമാൾ മുരുഗൻ പറഞ്ഞെങ്കിലും പുസ്തകം പിൻവലിക്കുക എന്ന ആവശ്യത്തിൽ നിന്നും എതിരാളികൾ പിന്നോട്ട് പോയില്ല. തുടർന്ന് ജില്ലാ ഭരണകൂടവും പോലീസും മുൻകൈ എടുത്തു നടത്തിയ ഇടനില ചർച്ചയിൽ പെരുമാൾ മുരുകന് കലാപകാരികളുടെ മുന്നിൽ തന്റെ ആയുധമായ പേന വച്ച് നിരുപാധികം കീഴടങ്ങേണ്ടി വന്നു. ഇദ്ദേഹത്തിന്റെ നാമക്കൽ ഗവണ്മെന്റ് കോളേജിലെ അധ്യാപകജോലിക്കും ഉറപ്പില്ലാത്ത രാഷ്ട്രീയ അവസ്ഥയാണ് ഇപ്പോൾ.

എന്നാൽ വെറും ഭാവന എന്നതിനപ്പുറത്ത് നൂറ്റാണ്ടുകൾക്കു മുൻപ് നോവലിൽ പ്രദിപാതിച്ചതുപോലെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും 'സാമിപ്പിള്ള' (ഈശ്വരന്റെ കുട്ടി), 'അർദ്ധനാരി' എന്നീ പേരുകൾ ഉള്ള ആളുകൾ ഈ പ്രദേശത്ത് വ്യാപകമാണെന്നും അത് ഇതിനുള്ള തെളിവാണെന്നും പുരോഗമനചിന്തകർ ചൂണ്ടികാട്ടുന്നു.

അപഹാസ്യമായ രാഷ്ട്രീയ നിലപാടുകൾ

വേദങ്ങൾക്കും ദൈവങ്ങൾക്കും എതിരെ കടുത്ത നിലപാടെടുക്കുകയും അവയെ പുലഭ്യം പറയുകയും ചെയ്ത പെരിയാർ ഇ വി രാമസാമി നായ്ക്കരുടെ ജന്മസ്ഥലത്തുനിന്നും വെറും 20 കിലോമീറ്റർ മാത്രം ദൂരത്തുള്ള തിരുച്ചെങ്ങോട് നടന്ന ഈ സംഭവത്തോട് തമിഴകത്തെ പ്രബല പാർട്ടികളായ എ ഐ ഡി എം കെ., ഡി എം കെ അടക്കമുള്ള എല്ലാവരും നിശബ്ദത പാലിക്കുകയാണ് (ഡി എം കെ നേതാവ് സ്റ്റാലിന്‍റെ ഒരു പ്രസ്താവന വന്നതൊഴിച്ചാല്‍). ഹിന്ദുത്വത്തിനു അപ്പുറത്തുള്ള ദ്രാവിഡ സംസ്കാരത്തെയും ഭാഷയെയും എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള തമിഴ് രാഷ്ട്രീയം മോദി എന്ന ബിംബത്തിനു മുന്നിൽ ഭയന്നോ പ്രലോഭിപ്പിക്കപ്പെട്ടോ നിശബ്ദരാകുന്നത് കൊണ്ട് തന്നെയാണ് ഇത് സംഭവിക്കുന്നത്. ഇടതു - പുരോഗമന പ്രസ്ഥാനങ്ങൾ പെരുമാൾ മുരുകന് അനുഭാവം പ്രകടിപ്പിച്ച് എത്തുന്നുണ്ടെങ്കിലും പരസ്യമായ ഒരു ഇടപെടലിന് സാധിക്കാത്ത വിധം മേഖലയുടെ മുഖം ഭീതിതമായിരിക്കുന്നു.

ഭരണഘടന അനുവദിച്ചു തരുന്ന വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. എന്നാൽ നാമക്കൽ ജില്ലാ ഭരണകൂടവും പോലീസും ചേർന്ന് ഹിന്ദു ഫാസിസ്റ്റുകളുടെ ആവശ്യങ്ങൾ പെരുമാൾ മുരുഗനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു. അത്രയേറെ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒരു പുസ്തകമാണ് അത് എങ്കിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം കേസ് എടുക്കുകയും പുസ്തകം നിരോധിക്കുകയും ചെയ്യാമായിരുന്നു. അതിനു സാധിക്കില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെയാണ് നിസഹായനായ ഒരു മനുഷ്യനെ സമ്മർദം കൊണ്ട് തോല്പ്പിച്ചത്.

ബി ജെപിക്ക് പങ്കില്ലാത്ത തമിഴ്നാട്ടിലെ എ ഐ ഡി എം കെ സർക്കാർ ഹിന്ദു തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് പോലെ തന്നെയാണ് കേന്ദ്രത്തിലെ പ്രതിപക്ഷ പാർട്ടിയായ കൊണ്ഗ്രെസ്സ് ഭരിക്കുന്ന കേരളത്തിലെ ഭരണകൂടവും വാനരസേനക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ചുംബനസമരം നിരോധിക്കാനുള്ള വകുപ്പില്ലാതതുകൊണ്ട് വാനരസേനയെ ഉപയോഗിച്ച് മർദിപ്പിക്കുന്നതാണല്ലൊ കേരള സ്റ്റൈൽ. ഭരിക്കുന്ന പാർടി ഏതുമാവട്ടെ, സംസ്ഥാന ഭരണകൂടങ്ങൾ സംഘപരിവാറിന്റെ ഏകാധിപത്യം അംഗീകരിക്കുന്ന വിചിത്രമായ രാഷ്ട്രീയ അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ സംജാതമായിരിക്കുന്നത്.

അർദ്ധനാരിയെ ഭയക്കുന്നവർ

ചുംബനസമരത്തെ എതിർക്കുന്നവരും പെരുമാൾ മുരുകന്റെ പുസ്തകം കത്തിക്കുന്നവരും യഥാര്‍ഥത്തിൽ അർദ്ധനാരിയെ ഭയപ്പെടുന്നവർ ആണ്. അർദ്ധ നാരിയെന്നത് പുരുഷന്റെ വാമഭാഗത്തോട് അതായത് ഇടതു ഭാഗത്തോട് സ്ത്രീ ചേരുന്നതാണ്. സൌഹൃദം, പ്രണയം, രതി എന്നിങ്ങനെ പല അർത്ഥ തലങ്ങൾ ഉള്ള ഒരു കാവ്യ സങ്കൽപ്പം ആണത്. പരസ്പരം ചേരാൻ കഴിയുന്ന സ്ത്രീ പുരുഷ പാതികളാണ് അർദ്ധനാരീശ്വര സങ്കൽപ്പം. പരസ്പരം ചേരാത്ത ഒരു പുരുഷ പാതിയും ഒരു സ്ത്രീ പാതിയും ഓരോ അർദ്ധനാരീ ശില്പത്തിലും ഉണ്ട്. അതാണ് സംഘപരിവാറും മുസ്ലിം തീവ്രവാദികളും. അതുകൊണ്ടാണ് തെരുവിൽ പരസ്പരം പുണരുന്ന പെണ്ണിന്റെയും ആണിന്റെയും ഇടയിലേക്ക് ആയുധവുമായി അവർ എത്തുന്നതും ക്ഷേത്രപരിസരം ലൈംഗിക സ്വാതന്ത്ര്യത്തിനുകൂടി ഉള്ളതായിരുന്നൂ എന്ന് എഴുതിയ പെരുമാൾ മുരുകനെ നിശബ്ദതയിലേക്ക് തള്ളിവിടുന്നതും. ഇത്തരം മറുപാതികൾ ചേർന്ന് നമ്പൂതിരിമാർക്ക് കിടക്ക വിരിക്കേണ്ടി വന്ന നായർസ്ത്രീകളുടെ ചരിത്രം പറയുന്ന പുസ്തകങ്ങൾ, വില്ല്യം ലോഗന്റെ മലബാർ മാനുവൽ അടക്കം നിരോധിക്കുന്ന കാലം വിദൂരമല്ല.

*Views are Personal

(തമിഴ്നാട്ടില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories