TopTop
Begin typing your search above and press return to search.

പെരുമാള്‍ മുരുഗന്‍ ഉയര്‍ത്തുന്നത് അതിജീവനത്തിന്റെ നിലവിളി: എന്‍ എസ് മാധവന്‍

പെരുമാള്‍ മുരുഗന്‍ ഉയര്‍ത്തുന്നത് അതിജീവനത്തിന്റെ നിലവിളി: എന്‍ എസ് മാധവന്‍

സജ്ന ആലുങ്ങല്‍

തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊച്ചി മുസ്‌രിസ് ബിനാലെയില്‍ കൂട്ട നോവല്‍ വായന. എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, സംവിധായകന്‍ കമല്‍, സംഗീതസംവിധായകരായ ഷഹബാസ് അമന്‍, ബിജിപാല്‍, ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി, സൈമണ്‍ ബ്രിട്ടോ, റിയാസ് കോമു എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിവാദ നോവല്‍ ‘മാതോരുഭഗനി’ലെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചാണ് ബിനാലെ തമിഴ് എഴുത്തുകാരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. 'പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു.ദൈവമില്ലാത്തതിനാല്‍ അയാള്‍ ഉയര്‍ത്തിയെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്‍മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനി മുതല്‍ പി മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക.അയാളെ വെറുതെ വിടുക' ഹിന്ദുത്വ ശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ച് പെരുമാള്‍ മുരുഗനെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിച്ചാണ് കൂട്ടവായന തുടങ്ങിയത്.
എഴുത്തുകാരനെന്ന നിലയില്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും അതിജീവനത്തിന്റെ നിലവിളിയാണ് പെരുമാള്‍ മുരുഗന്‍ ഉയര്‍ത്തുന്നതെന്നും കൂട്ടവായനയില്‍ പങ്കെടുത്തുകൊണ്ട് എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. “ഡി എം കെയും, എ ഐ എ ഡി എം കെയും തമിഴ്‌നാട്ടിലെ ജാതി വര്‍ഗിയ വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് മൗനമവലംബിക്കുന്നത് ന്യായീകരിക്കാനാവില്ല. എഴുത്തുകാരെനെന്ന നിലയില്‍ മറ്റൊരു എഴുത്തുകാരന് പിന്തുണ നല്‍കേണ്ടത് കടമയാണ്. അനാവശ്യമായി എഴുത്തുകാരെ ദ്രോഹിക്കുന്നതിനോടൊപ്പം വൈരുദ്ധ്യങ്ങള്‍ സൃഷ്ടിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് സംഘ്പരിവാറടക്കമുള്ള ശക്തികളുടെ ശ്രമം. 2010 ല്‍ പുറത്തിറങ്ങിയ നോവല്‍ നാമക്കലിന് സമീപമുള്ള തിരുച്ചെങ്കോട് കൈലാസ നാഥ ക്ഷേത്ത്രതില്‍ നടന്നിരുന്ന ആചാരത്തെ അടിസ്ഥാനമാക്കിയാണ് എഴുതിയത്. അതില്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് തേവര്‍ സമുദായം കണ്ടെത്തിയത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതില്‍ തന്നെ വൈരുദ്ധ്യങ്ങളുണ്ട്. അക്രമിക്കപ്പെട്ടാല്‍ രാജ്യം വിട്ടുപോകുകയെന്ന മുന്‍കാല ഉദാഹരണങ്ങള്‍ ,കമലാ സുരയ്യയും സല്‍മാന്‍ റുഷ്ദിയുമടക്കം, ഇനിയാവര്‍ത്തിക്കാന്‍ പാടില്ല. നാമക്കല്‍ പെരുമാള്‍ മുരുഗന്‍ ജനിച്ചു വളര്‍ന്ന നാടാണ്. അവിടെ തന്നെ ജീവിക്കണമെന്ന ആഗ്രഹം മുന്‍നിര്‍ത്തിയാണ് പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നത്”. എന്‍ എസ് മാധവന്‍ പറഞ്ഞു.

പാട്ട് പാടി പെരുമാള്‍ മുരുകനോടൊപ്പം നിന്ന ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍, നമ്മള്‍ സ്വയം തിരിച്ചറിയേണ്ട സമയമായി ഈ ഐക്യദാര്‍ഢ്യത്തെ കാണണമെന്നും തസ്ലീമ നസ്രീനടക്കമുള്ള എഴുത്തുകാര്‍ക്ക് സ്വന്തം നാട് വിട്ടോടിപ്പോരേണ്ടി വന്നത് ഇതു പോലുള്ള കൂട്ടായ്മകളുടെ പിന്തുണ ഇല്ലാത്തതു മൂലമാണെന്നും അഭിപ്രായപ്പെട്ടു. “പുതിയ തലമുറയിലെ കുട്ടികള്‍ ഫെയ്‌സ്ബുക്കിലൂടെ കുറിക്കുന്ന വാക്കുകള്‍ ഇന്ന് വളരെയധികം പ്രസക്തമാണ്. ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്കും പരിപാടികള്‍ക്കും മുന്‍കയ്യെടുക്കുന്നതും ഫെയ്‌സ്ബുക്ക് ആക്ടിവിസമാണ്” ഷഹബാസ് അമന്‍ പറഞ്ഞു.

വര്‍ഗീയ ശക്തികളുടെ അനാവശ്യ ഇടപെടലുകള്‍ ചോദ്യം ചെയ്യാതെ അടച്ചിടുമ്പോള്‍ ഭാവിക്കു നേരെയാണ് നമ്മള്‍ വാതില്‍ കൊട്ടിയടക്കുന്നതെന്ന് ഷിബു ചക്രവര്‍ത്തി വ്യക്തമാക്കി


Next Story

Related Stories