TopTop
Begin typing your search above and press return to search.

തോല്‍ക്കുന്നത് ഒരു പെരുമാള്‍ മുരുഗന്‍ മാത്രമല്ല; ഫാസിസം വരികയാണ്

തോല്‍ക്കുന്നത് ഒരു പെരുമാള്‍ മുരുഗന്‍ മാത്രമല്ല; ഫാസിസം വരികയാണ്

ഫ്രോസ്വാ ത്രൂഫോറിന്‍റെ‘ഫാരന്‍ഹെയ്റ്റ് 451’ എന്ന ഒരു ചലച്ചിത്രമുണ്ട്; പുസ്തകങ്ങളെക്കുറിച്ച്. പുസ്തകങ്ങള്‍ നിരോധിച്ച ഒരു നാട്ടിലെ അഗ്നിശമന ജോലിക്കാരനായ ഗയ് മൊണ്‍ടാഗ് ആണ് കേന്ദ്ര കഥാപാത്രം. അഗ്നിശമനമല്ല അയാളുടെ യഥാര്‍ഥ ജോലി, പുസ്തകങ്ങള്‍ എവിടെ കണ്ടാലും തീയിടലാണ്. അഗ്നിശമനസേനക്കാര്‍ മുഴുവന്‍ യൂണിഫോമില്‍ 451 എന്ന സംഖ്യ തുന്നിച്ചേര്‍ത്തിരിക്കുന്നു: പുസ്തകങ്ങള്‍ കത്തുന്ന താപനിലയാണ് 451 ഡിഗ്രി ഫാരന്‍ഹെയ്റ്റ്. മൊണ്‍ടാഗിന്‍റെ ലോകത്തിലെ ആളുകള്‍ സുഖാന്വേഷികളാണ്. അവര്‍ക്ക് രാഷ്ട്രീയത്തിലോ ലോകകാര്യങ്ങളിലോ താല്‍പര്യമില്ല.

ടി വി കാണലും റേഡിയോ കേൾക്കലും ആണ് പ്രധാന വിനോദം. ടി.വിക്കും റേഡിയോയ്ക്കുമപ്പുറത്തും ജീവിതമുണ്ടെന്ന് മൊണ്‍ടാഗ് അറിയുന്നത് ക്ളാരിസ് എന്ന സുഹൃത്തിലൂടെയാണ്. അവളുടെ പ്രേരണയില്‍ അയാള്‍ പുസ്തകങ്ങള്‍ വായിക്കാനാരംഭിക്കുന്നു. കത്തിക്കാനുള്ള പുസ്തകങ്ങള്‍ അയാള്‍ ഒളിച്ച് വീട്ടിലേക്ക് കടത്തുന്നു. മൊണ്‍ടാഗ് കൂറുമാറിയത് ക്യാപ്റ്റന്‍ ബീറ്റിക്ക് മനസ്സിലാവുന്നു. പുസ്തകശേഖരമായി മാറിയ അയാളുടെ വീടുതന്നെ തീയിടാന്‍ ക്യാപ്റ്റന്‍ കല്‍പിക്കുന്നു. മൊണ്‍ടാഗ് ചീഫിനെ കൊന്ന് നഗരം വിടുന്നു. ടെലിവിഷനിലൂടെ അയാള്‍ക്കായുള്ള അന്വേഷണം തുടരുന്നു. കാണികളെ തൃപ്തിപ്പെടുത്താന്‍ അയാളാണെന്ന വ്യാജേന ഒരു നിരപരാധിയെ ബലികൊടുക്കുന്നുമുണ്ട്.

നഗരംവിട്ട മൊണ്‍ടാഗ് ഒരു രഹസ്യസംഘത്തെ കണ്ടുമുട്ടുന്നു. അവര്‍ മഹത്തായ കൃതികളെല്ലാം മനഃപാഠമാക്കുന്നവരാണ്. ഓരോരുത്തരുടെയും പേരുതന്നെ കൃതികളുടേതാണ്. എന്നെങ്കിലും മനുഷ്യര്‍ക്ക് പുസ്തകങ്ങള്‍ ആവശ്യമായി വരുമെന്ന് തീര്‍ച്ചയുള്ളതുകൊണ്ടാണ് ഓര്‍മയിലൂടെ അവര്‍ പുസ്തകങ്ങള്‍ നിലനിര്‍ത്തുന്നത്. മൊണ്‍ടാഗ് അവരുടെ കൂടെ ചേരുന്നു. ഒരു ബോംബ് സ്ഫോടനത്തില്‍ മൊണ്‍ടാഗിന്‍റെറ വീട് കത്തിപ്പോകുന്നു. അപ്പോള്‍ ആ പുസ്തകസംഘം നഗരത്തില്‍ തിരിച്ചെത്തി നാഗരികര്‍ സ്വയം നശിപ്പിച്ച സംസ്കാരം വീണ്ടെടുക്കുന്നു. സമൂഹം പുനര്‍നിര്‍മിക്കുന്നു.

പ്രമുഖ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുതിയ 'മാതൊരുഭാഗന്‍' എന്ന നോവലിന്റെ അമ്പതോളം കോപ്പികള്‍ കഴിഞ്ഞദിവസം തിരുച്ചെങ്കോട് പോലിസ് സ്റ്റേഷന് മുന്നിലിട്ട് സംഘപരിവാര്‍ സംഘടനകള്‍ കത്തിച്ച വാർത്ത വായിച്ച ശേഷം ആദ്യം ഓർമയിൽ എത്തിയത് ‘ഫാരന്‍ഹെയ്റ്റ് 451’ എന്ന ചലച്ചിത്രമാണ്.

പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചുവെന്നാണ് അദ്ദേഹം സ്വയം എഴുത്തു നിര്‍ത്തുന്നതിനെക്കുറിച്ച് വിശദീകരിച്ചത്. ഒറ്റവാക്കിൽ അദ്ദേഹം കാലത്തെയും ചരിത്രത്തെയും രേഖപ്പെടുത്തിയിരിക്കുന്നു. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നു പറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുസംഘടനകള്‍ രംഗത്തിറങ്ങിയത്. 18 ദിവസത്തെ ഇവരുടെ പ്രതിഷേധത്തിനൊടുവില്‍ പെരുമാൾ മുരുകൻ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ 17വര്‍ഷമായി തമിഴ്നാട്ടിൽ അധ്യാപകനായ പെരുമാൾ മുരുകൻ പ്രശ്നപരിഹാരത്തിനായി ജില്ലാ അധികൃതര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്‍ജന യോഗത്തില്‍ ഹൈന്ദവ സംഘടന പ്രതിനിധികളുമായി കൊമ്പു കോര്‍ത്തെങ്കിലും നിരുപാധികം മാപ്പപേക്ഷിക്കാമെന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ച് മതവിരുദ്ധമോ, അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യന്യായം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പൌരന്റെ അവകാശം ആയി നിലനില്ക്കുന്ന ഒരു വ്യവസ്ഥിതിക്കകത്താണ് "എന്താണ് ആവിഷ്കാര സ്വാതന്ത്ര്യം? ഒന്നിനെയും എതിർക്കാതെയും, നോവിക്കാതെയും ഉള്ള ആവിഷ്കാരം മരണമടഞ്ഞതാണ്” എന്ന സല്‍മാന്‍ റുഷ്ദിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്.

ദീപ മേത്തയുടെ ‘വാട്ടർ’ മുതൽ പെരുമാൾ മുരുകന്റെ ‘മാതൊരുഭഗന്‍' എതിർക്കുന്നത് ഹൈന്ദവ സംഘടനകൾ ആണെങ്കിൽ ‘ലജ്ജ’ മുതൽ ‘വിശ്വരൂപം’ വരെ ഉള്ളവയ്ക്കെതിരെ അരയും തലയും മുറുക്കി ഇറങ്ങിയത് ഇസ്ലാമിക സംഘടനകളാണ്. എന്നാൽ സമകാലിക ഇന്ത്യയെ നാം ഏറെ ഭയക്കണം; നരേന്ദ്ര മോദി അധികാരത്തിലേറി മണിക്കൂറുകൾ തികയും മുൻപാണ് മംഗലാപുരത്ത് അഞ്ചിലധികം മുസ്ലിം പള്ളികൾ ആക്രമിക്കപ്പെട്ടത്. ഒരു ഭാഗത്ത് കോര്‍പ്പറേറ്റുകൾക്ക് രാജ്യത്തെ കൊള്ളയടിക്കാൻ തുറന്നു കൊടുക്കുകയും മറുഭാഗത്ത്‌ ആർ എസ് എസ്, സംഘപരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടത്തിന് പിന്തുണ നൽകുകയും ചെയ്തു കൊണ്ട് മോദി ഇതിനോടകം തന്റെ അജണ്ട വ്യക്തമാക്കി കഴിഞ്ഞു.

പെരുമാൾ മുരുകൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ, “പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. അവന്‍ ദൈവമല്ലാത്തതിനാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കില്ല. പുനര്‍ജന്‍മത്തിലും അവന്‍ വിശ്വസിക്കുന്നില്ല, വെറും സാധാരണക്കാരനായ അധ്യാപകനായി, പി മുരുകനായി ഇനി ജീവിക്കും”.

സാഹിത്യ രംഗത്ത് പ്രതിഭ തെളിയിച്ച ജീവിതത്തിന്റെ ഒരു ഭാഗം എഴുത്തിനും പുരോഗമന ചിന്തകൾക്കും സമർപ്പിച്ച പെരുമാൾ മുരുകൻ തന്റെ ആയുധം താഴെ വെച്ച് വര്‍ഗ്ഗീയ വാദികൾക്ക് മുൻപിൽ തോൽവി സമ്മതിക്കുമ്പോൾ തോൽക്കുന്നത് ഒരു പെരുമാൾ മുരുകൻ മാത്രം അല്ല; പിറക്കാനിരിക്കുന്ന ഒരുപാട് പെരുമാൾ മുരുകന്മാരാണ്. ഫാസിസത്തിന് മുന്നിൽ ദയനീയമായി പരാജയപ്പെട്ടു നിൽക്കുന്നത് ഒരു ജനത മുഴുവൻ തന്നെയാണ്. കെ ഇ എന്നിന്റെ വാക്കുകൾ കടം എടുത്താൽ ‘ഇടിമുഴക്കങ്ങൾ ഉണ്ടാവേണ്ട ഇത്തരം സന്ദർഭങ്ങളിൽ പോലും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിന്നും ഞരക്കങ്ങൾ മാത്രം പുറത്തു വരുന്നതും’ ഭീതിജനകമാണ്.

ഭൂതകാലത്തെ വിറ്റ് ജീവിക്കാൻ എക്കാലവും നമുക്ക് കഴിയുകയില്ല. ഫാസിസം അതിന്റെ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. ഫാസിസം അവിവേകികളുടെ താവളമാണ്. സംസ്കാരം അവരുടെ ഉത്തരവാദിത്തമല്ല. ഫാസിസത്തിന്റെ വരവിനെ തടയുകയല്ലാതെ അവരെ നന്നാക്കിയെടുക്കുക സാധ്യമല്ല. ആധുനികതയുടെ കുത്തൊഴുക്കില്‍ അടിതെറ്റിയ മതങ്ങളും അവയുടെ പ്രാചീനമായ മൂല്യബോധവും അധികാരത്തിന്‍റെ മറവില്‍ പിന്നെയും തഴച്ചു വളരുകയാണ്. രാഷ്ട്രീയമായ ജാഗ്രതയാണ്‌ ഇന്ന് ജനസാമാന്യത്തിന് ആവശ്യം.

ഒരു പുസ്തകം കൊണ്ട്, ഒരു കാര്‍ട്ടൂണ്‍ കൊണ്ട്, ഒരു സിനിമ കൊണ്ട് തകരുന്ന വിശ്വാസം മാത്രം പേറി നടക്കുന്നവരെ കാണുമ്പോൾ ഓര്‍മ്മ വരുന്നത് ഒരു പഴയ കവിതയിലെ വരികൾ ആണ്,

നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത്?നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത്?

അക്ഷരങ്ങള കൊണ്ട് വ്രണപ്പെടൽ സംഭവിച്ചവർ ഒന്ന് മാത്രം തിരിച്ചറിയുക. പെരുമാൾ മുരുകന്റെ സൃഷ്ടികൾ കത്തിച്ചു കളയാനും അധിക്ഷേപിക്കാനും മാത്രമേ നിങ്ങൾക്ക് കഴിയു, അദ്ദേഹത്തിന്റെ ചിന്തകളെ, വായനക്കാരുടെ ചിന്തകളെ നശിപ്പിക്കാൻ നിങ്ങൾക്ക് ആവില്ല. നിങ്ങളുടെ ഭയം ശരിയാണ്; തോൽവി വളരെ അടുത്ത് തന്നെ നിങ്ങളെ കാത്തിരിക്കുന്നു.

Next Story

Related Stories