TopTop
Begin typing your search above and press return to search.

സംഘികള്‍ 'കൊന്ന' പെരുമാള്‍ മുരുഗന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍

സംഘികള്‍

കെ എ ആന്റണി

ക്രിസ്തു മരിച്ച് മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റു ക്രൈസ്തവ വിശ്വാസം. മത്തായി മുതല്‍ യോഹന്നാന്‍ വരെയുള്ള നാല് അപ്പോസ്‌തോലന്‍മാര്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ഇതു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ക്രിസ്തുവിന്റെതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു പെരുമാള്‍ മുരുഗന്‍ എന്ന തമിഴ് സാഹിത്യകാരന്റെ മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും.

ഒരു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2015 ജനുവരി 12 നായിരുന്നു പെരുമാള്‍ മുരുഗന്റെ ' മരണം'. സംഘികളെക്കൊണ്ടു പൊറുതിമുട്ടി എഴുത്തിന്റെ ലോകത്ത് സ്വയം മരണം വരിക്കുകയായിരുന്നു. ഇക്കാര്യം അന്നു തന്നെ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇട്ടിരുന്നു. 'പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ ഇനിയില്ല, അയാള്‍ മരിച്ചിരിക്കുന്നു' എന്നായിരുന്നു ആ ഫെയ്‌സ്ബുക്ക് സന്ദേശം. ഏതാണ്ട് ഒരുവര്‍ഷം പിന്നിടുമ്പോള്‍ പെരുമാള്‍ മുരുഗനെ മദ്രാസ് ഹൈക്കോടതി ഒരുവിധി പ്രസ്താവത്തിലൂടെ ഉയിര്‍പ്പിച്ചിരിക്കുകയാണ്. ചീഫ് ജസ്റ്റീസ് എസ് കെ കൗള്‍, ജസ്റ്റീസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബഞ്ചാണ് പെരുമാള്‍ മുരുഗന് എഴുത്തിന്റെ ലോകത്തിലേക്ക് തിരികെ വരാന്‍ അനുവാദം നല്‍കിയത്. ഒരുവിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിന്റെ പേരില്‍ മുരുഗന്‍ എഴുത്ത് അവസാനിപ്പിക്കേണ്ടതില്ലെന്നായിരുന്നു അവരുടെ വിധിപ്രസ്താവം.

തമിഴ്‌നാട്ടിലെ നാമക്കലില്‍ കോളേജ് അധ്യാപകനായ പെരുമാള്‍ മുരുഗന്‍ ഒട്ടൊക്കെ അറിയപ്പെടുന്ന എഴുത്തുകാരനാണ്. അര്‍ദ്ധനാരീശ്വരന്‍ എന്ന് അര്‍ത്ഥം വരുന്ന 'മാതൊരുഭാഗന്‍' എന്ന മുരുഗന്റെ നോവലില്‍ ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ചില ഹൈന്ദവ സംഘടനകളുടെ പരാതി പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഈ വിധി പ്രസ്താവം എന്നതും ശ്രദ്ധേയമാണ്.

കുട്ടികളില്ലാത്ത പരമദരിദ്രരായ ദമ്പതികളുടെ കഥപറയുന്ന നോവലാണ് മാതൊരുഭാഗന്‍. one part woman എന്നപേരില്‍ ഇംഗ്ലീഷിലും ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കൊതിച്ച ദമ്പതികള്‍ തമിഴ്‌നാട്ടില്‍ ഒരിടത്ത് പണ്ട് പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്ന രഥോത്സവത്തില്‍ പങ്കെടുക്കുന്നു. ഈ ഉത്സവകാലത്ത് സ്ത്രീക്കും പുരുഷനും പ്രത്യേകരാത്രിയില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. ഇത്തരം ഒരു വേഴ്ചയെ തുടര്‍ന്ന് കുട്ടി പിറന്നതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന തമിഴ് ദമ്പതികളുടെ കഥയാണ് മുരുഗന്‍ തന്റെ നോവലിലൂടെ വരച്ചുവച്ചത്.

നോവലില്‍ മുരുഗന്‍ തമിഴ്‌നാട്ടിലെ ചില യഥാര്‍ത്ഥ സ്ഥലങ്ങള്‍ പരാമര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അത്തരം ഗ്രാമങ്ങളിലെ ജനങ്ങളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു നോവല്‍ എന്നതായിരുന്നു പ്രധാനആക്ഷേപം.ആക്ഷേപത്തെ തുടര്‍ന്ന് നാമക്കലിലെ ജില്ല ഭരണകൂടം ഇടപെട്ടു. താന്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നും ഇത്തരത്തിലുള്ള നോവലുകള്‍ ഇനി രചിക്കില്ലെന്നും നോവല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാമെന്നും മുരുഗനില്‍ നിന്നും ഭരണകൂടം എഴുതി വാങ്ങി. ഇതേ തുടര്‍ന്നായിരുന്നു എഴുത്തുകാരന്‍ എന്നുള്ള തന്റെ മരണം അറിയിച്ചുകൊണ്ടുള്ള മുരുഗന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

വിവാദം അതുകൊണ്ടും തീര്‍ന്നില്ല. നോവലിന്റെ ശേഷിക്കുന്ന കോപ്പികള്‍ പിന്‍വലിക്കണമെന്നും മുരുഗനെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ വീണ്ടും രംഗത്തെത്തി. മലയാളികള്‍ക്ക് പ്രിയങ്കരനായ സച്ചിദാനന്ദന്‍ അടക്കം ഒട്ടേറെപ്പേര്‍ പ്രതിഷേധ ഹര്‍ജിയും നല്‍കി. ഇക്കാര്യങ്ങളൊക്കെ തീര്‍പ്പാക്കി കൊണ്ടാണ് ഈ ജൂലൈ നാലിന് മദ്രാസ് ഹൈക്കോടതി മുരുഗന് എഴുത്തിന്റെ ലോകത്തിലേക്ക് മടങ്ങിവരാന്‍ അനുവാദം നല്‍കിയത്. മുരുഗനെതിരായ ഹര്‍ജികള്‍ തള്ളിയ കോടതി ഒരുകാര്യംകൂടി വ്യക്തമാക്കി. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സാഹിത്യകാരന്മാരെയും ഇതര കലാകാരന്മാരെയും സമ്മര്‍ദ്ദത്തിലാക്കരുതെന്നും കോടതി വിധിച്ചു. സാഹിത്യകാരന്മാര്‍ക്കും ഇതര കലാകാരന്മാര്‍ക്കും എതിരെ ഭീഷണിയുണ്ടാകുമ്പോള്‍ സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടെന്ന് അടിവരയിട്ടു പറയാനും കോടതി മറന്നില്ല. കല,സംസ്‌കാരം, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു പരിഹരിക്കാനുള്ള ചുമതല പൊലീസിനെയും പ്രാദേശിക സംഘടനകളെയും ഏല്‍പ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ഈ വിധിപ്രസ്താവം നടത്തിയ ചീഫ് ജസ്റ്റീസ് എസ് കെ കൗള്‍ തന്നെയായിരുന്നു വിശ്വചിത്രകാരന്‍ എം എഫ് ഹുസൈനും സംഘികളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ നിന്നും മോചനം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ദേവതമാരെ നഗ്നരായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ഹുസൈനെതിരെയുള്ള സംഘികളുടെ പരാതി. അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന കൗള്‍ ഹുസൈനെ പ്രതിരോധിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വാനോളം പുകഴ്ത്തിയും നടത്തിയ വിധിപ്രസ്താവവും ഏറെശ്രദ്ധേയമാണ്. ഹുസൈനെതിരായ കേസില്‍ വിധിപ്രസ്താവം ആരംഭിച്ചതു തന്നെ പാബ്ലോ പിക്കാസോ എന്ന വിശ്വവിഖ്യാത ചിത്രകാരന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു. 'കല കലര്‍പ്പില്ലാത്ത ഒന്നല്ല, കലര്‍പ്പില്ലാത്തതൊന്നും കലയല്ല' എന്ന പിക്കാസോയുടെ വാക്കുകളാണ് അന്ന് കൗള്‍ ആയുധമാക്കിയത്.മദ്രാസ് ഹൈക്കോടതിയുടെ വിധി അത്യാഹ്ളാദത്തോടെയാണ് മുരുഗന്‍ ഏറ്റുവാങ്ങിയത്. പ്രശ്‌നങ്ങളെ തുടര്‍ന്ന് നാമക്കല്‍ വിടേണ്ടി വന്ന മുരുഗന്‍ ഇന്നു തമിഴ്‌നാട്ടില്‍ മറ്റൊരിടത്ത് കോളേജ് അധ്യാപകനായി ജോലി ചെയ്യുന്നു. തന്റെയീ ആഹ്ളാദം മുരുഗന്‍ ഫെയ്‌സ്ബുക്കിലൂടെ ഇങ്ങനെ പങ്കുവയ്ക്കുന്നു; 'ഹലോ, അത്യന്തം ആഹ്ളാദകരമാണ് ഈ തീരുമാനം. തകര്‍ന്നു തരിപ്പണമായൊരു ഹൃദയത്തിന് എന്തൊരു സാന്ത്വനമാണിത്. വിധിപ്രസ്താവത്തിലെ അവസാന വരികളില്‍ പിടിച്ച് ഒന്നുയര്‍ന്ന് നില്‍ക്കുവാന്‍ ശ്രമിക്കുകയാണ്. 'എഴുത്തുകാരന്‍ എന്താകുന്നുവോ അതിലൂടെ അയാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ' എന്നതാണത്. ഞാന്‍ എഴുന്നേറ്റു നില്‍ക്കും. ഈ ആഹ്ളാദം അനുഭവിച്ചു തീര്‍ക്കാന്‍ അല്‍പ്പം സമയം വേണം. എനിക്കൊപ്പം നിന്നവര്‍ക്കും എതിര്‍ത്തവര്‍ക്കും നന്ദി' തുടര്‍ന്ന് ഫ്ലവര്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് കവിത തന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ആഘോഷമാക്കി മാറ്റാനുള്ള വ്യഗ്രത ഈ കവിതയില്‍ കാണാം.

പുസ്തകം പ്രസിദ്ധീകരിച്ച കണ്ണന്‍ സുന്ദരം പറയുന്നതിങ്ങനെ; 'ഈ വിധി എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഉത്തേജനം നല്‍കുന്ന ഒന്നാണ്. അതിനുമപ്പുറം വിധിപ്രസ്താവം സര്‍ക്കാരിനും പൊലീസിനും ഒരു മാര്‍ഗനിര്‍ദേശം നല്‍കുന്നു. ഇതു തന്നെയായിരുന്നു ഞങ്ങളും ആഗ്രഹിച്ചത്'

കവിതാസംബന്ധിയായി പ്ലേറ്റോയും അരിസ്‌റ്റോട്ടിലും തമ്മില്‍ പണ്ട് മുട്ടന്‍ തര്‍ക്കം നടന്നിട്ടുണ്ട്. പ്ലേറ്റോ തന്റെ റിപ്പബ്ലിക്കില്‍ നിന്നും കവികളെ നിഷ്‌കാസനം ചെയ്യുകപോലും ഉണ്ടായി. ഭാരതീയ കലകളുടെ അടിസ്ഥാനം നിര്‍ണയിച്ചത് ഭരതമുനിയായിരുന്നു. അദ്ദേഹത്തിന്റെ നാട്യശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന കാര്യങ്ങള്‍ക്കും അപ്പുറത്തേക്ക് പിന്നീട് നാടകവും സാഹിത്യവും ഇതര കലകളും വളര്‍ന്നു. കാളിദാസനൊക്കെ ഈ വളര്‍ച്ചയില്‍ ഏറെ പങ്കുവഹിക്കുകയും ചെയ്തു. കൗളിനെ പോലുള്ള ജസ്റ്റീസുമാര്‍ എല്ലാ നാട്ടിലും ഉണ്ടായിരുന്നുവെങ്കില്‍ കല്‍ബുര്‍ഗിയെ പോലുള്ള എഴുത്തുകാര്‍ വധിക്കപ്പെടുമായിരുന്നില്ല. എഴുത്തിന്റെയും കലയുടെയും പേരില്‍ ഒരുവഴിക്കായി പോയ പലരും മുമ്പും ഉണ്ടായിരുന്നു. കസന്ദ്‌സാക്കീസ് മുതല്‍ സല്‍മാന്‍ റുഷ്ദിയും തസ്ലിമ നസ്രീനും ഒക്കെ ഈ ഗണത്തില്‍പ്പെടും. ഇത്തരം എഴുത്തുകാരുടെയും കലാകാരന്മാരുടെയും എണ്ണം അനുദിനം പെരുകുകയാണ്. ഇവര്‍ക്കൊക്കെ നീതി ഉറപ്പുവരുത്താന്‍ കൗളിനെ പോലെയുള്ള നിയമജ്ഞര്‍ ഉണ്ടാകട്ടെ എന്ന് നമുക്ക് ആശിക്കാം.


(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories