TopTop
Begin typing your search above and press return to search.

ജിഷ: പെണ്ണായതുകൊണ്ട് ബലാത്സംഗം ചെയ്യപ്പെട്ടവള്‍

ജിഷ: പെണ്ണായതുകൊണ്ട് ബലാത്സംഗം ചെയ്യപ്പെട്ടവള്‍

[ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: കുറ്റവാളിയെ കൊന്ന് രക്ഷപെടുന്ന കുറ്റകൃത്യത്തിന്റെ നീതിന്യായം ]

ജിഷ ദളിത് സമുദായത്തില്‍ പിറന്ന ഒരു യുവതിയായിരുന്നു. ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് അച്ഛനായ ബാബു കുടുംബത്തെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് 'ആണ്‍തുണ' ഇല്ലാതായ അവര്‍ അമ്മയായ രാജേശ്വരിയുമൊരുമിച്ച് പെരുമ്പാവൂരിലെ പുറമ്പോക്ക് വസ്തുവിലെ ഒറ്റമുറി വീട്ടില്‍ ജീവിച്ച് വരികയായിരുന്നു. ആകെയുള്ള ഒരു സഹോദരി സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മുത്തശ്ശിയോടൊപ്പമാണ് താമസം എന്ന് വാര്‍ത്തകള്‍ പറയുന്നു. ഒരു കക്കൂസ് പോലും ഇല്ലാത്ത ഈ വീട്ടില്‍ താമസിച്ചുകൊണ്ട് ജിഷ പ്രാഥമികവിദ്യാഭ്യാസവും ഉപരിപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒരു ആശുപത്രിയില്‍ ജോലി ചെയ്തുകൊണ്ട് നിയമപഠനം നടത്തിവരികെയാണ് ക്രൂരമായ ഈ സംഭവം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.

സമാനതകള്‍ കുറവാകുംവിധം കഠിനമായ ഒരു ജീവിത പശ്ചാത്തലമായിരുന്നു ജിഷയുടേതെന്ന് ഇതില്‍നിന്നൊക്കെ മനസിലാക്കാം. ഭൗതീകവും മാനസികവുമായ നിരവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയ ഒരു ജീവിതത്തിന്റെ കാലുഷ്യം ജിഷയുടെ മാതാവായ രാജേശ്വരി എന്ന മദ്ധ്യവയസ്‌കയില്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷേ നാട്ടുകാര്‍ അതിനെ ആ നിലയ്ക്കല്ല, ഭ്രാന്തായാണ് കണ്ടിരുന്നത്. ഇതൊക്കെ ചേര്‍ന്നതാണ് ജിഷയുടെ ദുര്‍വിധിയുടെ പശ്ചാത്തലം. അതായത് പെണ്ണായത്, ദളിതയായത്, ആണ്‍തുണ ഇല്ലാത്തവള്‍ ആയത്, ദരിദ്രയായത്, പുറമ്പോക്ക് വാസിയായത്, ഇതൊക്കെ ആയിരുന്നുകൊണ്ട് വിദ്യാസമ്പന്നയും സമത്വബോധമുള്ളവളും ആയത് ഒക്കെയും അവളുടെ ദുരന്തത്തില്‍ സവിശേഷവും വ്യതിരിക്തവുമായ പങ്ക് വഹിച്ചിട്ടിട്ടുണ്ട്.

അതായത് പെണ്ണായതോ, ദളിതയായതോ, പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ആണ്‍ തുണയില്ലാതെ കഴിയേണ്ടിവന്നതോ ആയ പല കാരണങ്ങളില്‍ ഏതെങ്കിലും ഒന്നല്ല ജിഷയുടെ ദുരന്തത്തിന് കാരണം. അതുകൊണ്ട് തന്നെ അതില്‍ ഏതെങ്കിലും ഒന്നോ, രണ്ടോ, മൂന്നോ അവസ്ഥകള്‍ പരിഹരിച്ചു എന്നുവച്ച് ഇത്തരം ഒരു അനീതിയുടെ ആവര്‍ത്തനം തടയാനാവില്ല എന്നതാണ് വസ്തുത.

പുറമ്പോക്കും അടച്ചുറപ്പില്ലാത്ത വീടും
പെരുമ്പാവൂരില്‍ നടന്ന ഈ കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഉയര്‍ന്നുവന്ന വിമര്‍ശനം ഇനിയും പട്ടയം കിട്ടാതെ ഭൂരഹിതരായി കഴിയുന്ന മനുഷ്യരുടെ അരക്ഷിതത്വത്തിന്റേതാണ്. തീര്‍ച്ചയായും അതീവ ഗൗരവം അര്‍ഹിക്കുന്ന ഒന്ന് തന്നെയാണ് കേരളത്തില്‍ ഇനിയും ബാക്കിയാവുന്ന ഭൂപ്രശ്‌നം. മണ്ണ്, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആവണം ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അടിയന്തിര രാഷ്ട്രീയ പ്രാധാന്യമുള്ള പരിഗണനകള്‍ എന്നതും വ്യക്തമാണ്. പക്ഷേ ഇത്തരം ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വേണമോ അത് ഉയര്‍ത്തപ്പെടേണ്ടത് എന്ന ഒരു ചോദ്യം അവശേഷിക്കുന്നില്ലേ?

ആധുനികോത്തര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രശ്‌നവും ഒരു കാര്യത്തിന് ഒരു കാരണം എന്ന നിലയില്‍ ലളിതവും രേഖീയവുമായവയല്ല. നിരവധി കാരണങ്ങളുടെ സവിശേഷമായ ഒരു മിശ്രണത്തില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ അപ്പോഴും അവയ്ക്ക് ഒരു കേന്ദ്രബിന്ദു ഉണ്ടാവുകയും ചെയ്യും. നമ്മള്‍ തേടുന്നത് പ്രശ്‌നത്തിന്റെ പരിഹാരമാണെങ്കില്‍, കുറ്റകൃത്യങ്ങളുടെ, അപകടങ്ങളുടെ, ദുരന്തങ്ങളുടെ തുടര്‍ച്ചയില്ലായ്മ ഉറപ്പ് വരുത്തുക എന്നതാണെങ്കില്‍ അതിന് ഓരോ സവിശേഷ പ്രശ്‌നത്തിന്റെയും കേന്ദ്രബിന്ദുവിനെ സ്പര്‍ശിച്ചുകൊണ്ടുള്ള അന്വേഷണമുണ്ടാവണം. അവ ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താരതമ്യേനെ അപ്രസക്തമായ വിഷയങ്ങളിലേക്ക് ചര്‍ച്ച വഴിമാറാതെ നോക്കണം.

വീണ്ടും ആവര്‍ത്തിക്കട്ടെ, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഭൂപ്രശ്‌നം അടിയന്തിര പ്രാധാന്യമുള്ള ഒരു രാഷ്ട്രീയസമസ്യയാണ് എന്നതില്‍ സംശയമേ ഇല്ല; മാത്രമല്ല അത് ജിഷ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു ഉപവിഷയമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ല, അതില്‍ തന്നെ പര്യാപ്തമാംവണ്ണം ആഴവും ഗൌരവവും ഉള്ള ഒരു പ്രശ്‌നമാണ്. ഇത് ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തല വൈകാരികതയില്‍ ഉയര്‍ന്നുവന്ന് കുറച്ചുനാള്‍ ഒച്ചപ്പാടുണ്ടാക്കി എങ്ങുമെത്താതെ അവസാനിക്കേണ്ടതല്ല. സംഭവത്തെ ഭൂപ്രശ്‌നവും, പാര്‍പ്പിട പ്രശ്‌നവുമായി കൂട്ടിക്കുഴച്ച് ഉറപ്പുള്ളൊരു വീടുണ്ടായിരുന്നുവെങ്കില്‍ അവള്‍ക്ക് ഈ ഗതി ഉണ്ടാവുമായിരുന്നില്ല എന്നൊക്കെയുള്ള നിഗമനങ്ങളില്‍ എത്തുന്നതില്‍ വൈകാരികതയുടെ കൊഴുപ്പല്ലാതെ വസ്തുതയില്ല എന്നതാണ് സത്യം. സൗമ്യയും നിര്‍ഭയയും ബലാത്സംഗം ചെയ്യപ്പെട്ടത് പൊതുവാഹനങ്ങളില്‍ വച്ചാണ് എന്നും ബലാത്സംഗങ്ങളില്‍ നല്ലൊരു പങ്കും അടച്ചുറപ്പുള്ള വീടുകള്‍ക്കുള്ളില്‍ വേണ്ടപ്പെട്ടവരാല്‍ നടത്തപ്പെടുന്ന കുറ്റകൃത്യങ്ങളാണ് എന്നതും ഒര്‍ക്കുക.

ഇനി അല്ലെങ്കില്‍ തന്നെ, സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പോലീസും പോലുള്ള ഭരണകൂട ഉപകരണങ്ങള്‍ ദേശീയത, സുരക്ഷ തുടങ്ങിയ ഭാഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമ്പ്രദായമെന്നോണം നടത്തി പോരുന്ന ബലാത്സംഗങ്ങള്‍ക്ക് പ്രതിരോധമാകാന്‍ പോന്ന ഏത് തച്ചുശാസ്ത്രമാണ്, ഏത് വാസ്തുവിദ്യയാണ് ഇന്ത്യയില്‍ ഉള്ളത്? അതുകൊണ്ട് വിശകലനങ്ങള്‍ യുക്തിഭദ്രമായ ഒരു മുന്‍ഗണനാക്രമത്തെ പിന്‍പറ്റേണ്ടതുണ്ട്. ഇവിടെയാണ് പെരുമ്പാവൂര്‍ സംഭവം ഏത് പരിപ്രേക്ഷ്യത്തില്‍ നിന്നാണ് വിശകലനം ചെയ്യപ്പെടേണ്ടത് എന്ന ചോദ്യം പ്രയോഗതലത്തില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറുന്നത്.

ആക്രമിക്കപ്പെട്ട സ്വത്വം
ബലാത്സംഗം എന്ന സമാനതകള്‍ ഇല്ലാത്തവണ്ണം വ്യത്യസ്തമായ ആക്രമണത്തില്‍ സാമാന്യമായി ഇരവല്‍ക്കരിക്കപ്പെടുന്നത് ഏത് സ്വത്വമാണ്? അത് ജാതീയമോ, മതപരമോ, വര്‍ഗ്ഗബന്ധിയോ അതോ ലിംഗപരമോ? ഉത്തരം ലിംഗപരമാണെന്നതില്‍ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അവിടെ അടച്ചുറപ്പില്ലായ്മയും തുണയില്ലായ്മയും ജാതിയും മതവും ഒന്നുമല്ല, ലിംഗപരമായ സ്വത്വമാണ് അടിസ്ഥാന പ്രശ്‌നം. ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യം എടുത്താല്‍ പോലും ഇത് ആത്യന്തികമായി സ്ത്രീത്വവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. ലൈംഗീക താല്‍പര്യബന്ധിയായി പുരുഷന്‍ ആണെങ്കില്‍ കൂടി, പെണ്‍ അവയവങ്ങള്‍ ഉണ്ടെങ്കില്‍ അവന്‍ ലൈംഗീകമായ അധിനിവേശസാധ്യതകളുടെ ഇരയാണ്. തിരിച്ച് പുരുഷനായിരിക്കുമ്പോഴും സ്ത്രൈണഭാവം മുന്നിട്ട് നില്‍ക്കുന്നവര്‍ ആ കാരണം കൊണ്ട് ഒഴിവാക്കപ്പെടുകയുമില്ല. സ്ത്രൈണത, സ്ത്രീത്വം എന്നൊക്കെ പറയുന്നത് പുരുഷവര്‍ഗ്ഗത്തിന് തങ്ങളുടെ കാമനകള്‍ക്കനുസരിച്ച് എങ്ങനെയും ഉപയോഗിക്കാവുന്ന ഒരു സാഹസിക ഉപകരണം മാത്രമാണ് എന്നതാണ് സത്യം; അംഗീകരിക്കാന്‍ എത്ര ബുദ്ധിമുട്ടായാലും ശരി.

ഈ പറഞ്ഞതിനര്‍ത്ഥം ജിഷ അനുഭവിച്ച നീതിനിഷേധങ്ങളില്‍ അവളുടെ ദളിത്, ദരിദ്ര സ്വത്വങ്ങള്‍ക്ക്, ആണ്‍തുണയില്ലായ്മയ്ക്ക് ഒരു പങ്കുമില്ല എന്നല്ല. മറിച്ച് അവയല്ല അതിന്റെ അടിയന്തിര കാരണം എന്നത് മാത്രമാണ്. നമുക്ക് അറിയാവുന്ന ഉദാഹരണങ്ങള്‍ എടുത്താല്‍ സൗമ്യയോ നിര്‍ഭയയോ അവരുടെ നിഷ്ഠൂരമായ വിധിയ്ക്ക് കീഴടങ്ങേണ്ടിവന്നത് ഉറപ്പുള്ള വീട് ഇല്ലാത്തതുകൊണ്ടോ, അവിടെ ആണ്‍തുണ ഇല്ലാത്തതുകൊണ്ടോ ആയിരുന്നില്ല. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളുടെ ഇരകള്‍ മതന്യൂനപക്ഷങ്ങളൊ, ദളിതരോ മാത്രമല്ല. പക്ഷേ ഓരോ വ്യക്തിഗതകേസുകള്‍ പരിഗണിക്കുമ്പോഴും പാര്‍ശ്വവല്‍ക്കരണത്തിന്റെ വിവിധ സ്വത്വതലങ്ങള്‍ അതിലെ ഇരവല്‍ക്കരിക്കപ്പെട്ടവരുടെ നീതിനിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതും സത്യം. മുമ്പ് പറഞ്ഞത് പോലെ 'ആധുനികോത്തര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ഒരു പ്രശ്‌നവും ഒരു കാര്യത്തിന് ഒരു കാരണം എന്ന നിലയില്‍ ലളിതവും രേഖീയവുമായവയല്ല. നിരവധി കാരണങ്ങളുടെ സവിശേഷമായ ഒരു മിശ്രണത്തില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ അപ്പോഴും അവയ്ക്ക് ഒരു കേന്ദ്രബിന്ദു ഉണ്ടാവുകയും ചെയ്യും.' എന്നതാണ് പരിഗണനാക്രമത്തില്‍ ആദ്യം വരേണ്ടത് എന്ന് മാത്രം.

അത്തരം ഒരു യുക്തിപരിസരത്തില്‍ നിന്നാണ് സൗമ്യയും നിര്‍ഭയയും മുതല്‍ സോണി സോറിയും ബന്‍വാരി ദേവിയും മനോരമയും വരെയുള്ളവരുടെ ബലാത്സംഗങ്ങള്‍ ഓര്‍മ്മിച്ചെടുക്കേണ്ടതുള്ളത്. ഒരു ബലാത്സംഗവും മറ്റൊന്നുമായി താരതമ്യം ചെയ്യാനാവുന്ന ഒന്നല്ല. ഒന്നാമത്, രണ്ടാമത് എന്ന് ശ്രേണിവല്‍ക്കരിക്കാന്‍ ഈ ദുരന്താനുഭവം കാവിലെ പാട്ട് മത്സരമല്ല. അനന്യമായ അനീതിയുടെ ഈ ചരിത്രം പറയുന്നത് ഒന്നുമാത്രമാണ്. അത് പേട്രിയാര്‍ക്കിക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരികപരിസരങ്ങളില്‍ സ്ത്രീ എന്നത് പുരുഷാധികാരത്തിന്റെ ഒരു പണയവസ്തു മാത്രമാണെന്നാണ്. അതിന് ചരിത്രം തന്നെ സാക്ഷി. ജിഷയുടെ കഥയിലും അത് തന്നെ സംഭവിക്കുന്നത്. പാര്‍ശ്വവല്‍ക്കരണത്തിന്റെ വിവിധ തലങ്ങള്‍ ഉള്ളതാണ് അവളുടെ ജീവിതമെങ്കിലും അവളുടെ മരണത്തിന് ഒരു ഭാഷ്യമേ ഉള്ളു. എത്രയൊക്കെ വിശദീകരിച്ചാലും അവള്‍ ഈ വിധം കൊല ചെയ്യപ്പെട്ടതിന് ഒരു കാരണമേ ഉള്ളു. അത് ജിഷ ഒരു സ്ത്രീ ആയിരുന്നു എന്നതാണ്.

വഴിമാറുമ്പോള്‍ വരുന്ന അപകടം
ഈ ഒരു കേന്ദ്രബിന്ദുവില്‍ നിന്നും ചര്‍ച്ചകള്‍ വഴിമാറുമ്പോള്‍ സംഭവിക്കുന്നത് അവയൊക്കെയും പരോക്ഷമായി ആണ്‍കോയ്മയുടെ യുക്തികള്‍ക്ക് കുടചൂടലായി തീരുന്നു എന്നതാണ്. അടച്ചുറപ്പുള്ള വീട് ഉണ്ടായിരുന്നുവെങ്കില്‍ ജിഷയ്ക്ക് ഇത് സംഭവിക്കില്ലായിരുന്നു എന്ന വാദം മുഖവിലയ്‌ക്കെടുത്താല്‍ അത് പരോക്ഷമായി മറ്റു ചില ചോദ്യങ്ങള്‍ക്ക് കൂടി കാരണമാകും. 'ഉറപ്പുള്ള വീടുണ്ടായിട്ടും നിര്‍ഭയ എന്തിന് അത് വിട്ട് അസമയത്ത് പുറത്ത് കറങ്ങാനിറങ്ങി', 'സൗമ്യ എന്തിന് ഇരുട്ടും മുമ്പ് വീട്ടില്‍ തിരിച്ചെത്താന്‍ പറ്റാത്ത ജോലിക്ക് പോയി' എന്നു തുടങ്ങി ആണ്‍തുണയില്ലാതെ പെണ്ണു വീട്ടില്‍ നിന്നു പുറത്തിറങ്ങരുത് എന്ന സാമാന്യനിയമത്തിലേക്ക് അത് അനിവാര്യമെന്നോണം എത്തിച്ചേരും: അതായത് ചെറുപ്പത്തില്‍ അച്ഛന്റെയും, യൗവ്വനത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ദ്ധക്യത്തില്‍ മകന്റെയും സംരക്ഷണയില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന, ആ രക്ഷാകര്‍തൃകവചങ്ങള്‍ക്ക് പുറത്ത് 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ' എന്ന മനുദര്‍ശനത്തിലേക്ക്.

നേരത്തെ സൂചിപ്പിച്ചത് പോലെ ലൈംഗികതയല്ല, അധികാരമാണ് ബലാത്സംഗത്തിന്റെ യുക്തി. അധികാരത്തെ ചെറുക്കുന്ന ആരും അത് അര്‍ഹിക്കുന്നുണ്ട്. പക്ഷേ അധികാരത്തെ ചെറുക്കുന്ന എല്ലാവര്‍ക്കും കല്‍പിക്കപ്പെടുന്ന ഒരു ശിക്ഷാവിധിയല്ല ബലാത്സംഗം. പുരുഷ ലിംഗത്തില്‍പ്പെട്ട നിഷേധികളെ നിലയ്ക്ക് നിര്‍ത്താന്‍ തൂക്കു മുതല്‍ (സാധാരണ തൂക്കിക്കൊല മാത്രമല്ല, 'മനുഷ്യന് ഒരാമുഖം' എന്ന നോവലില്‍ സുഭാഷ് ചന്ദ്രന്‍ വിവരിക്കുന്ന അയ്യാപിള്ളയുടെ തൂക്ക് മരണം പോലെ വിവിധ വകഭേദങ്ങളുണ്ട് അതിന്) അംഗച്ചേദം, കഴുവേറ്റം തുടങ്ങി 'മാതൃകാപരമായ' നിരവധി ശിക്ഷാവിധികള്‍ ഉണ്ടെങ്കിലും അതില്‍ ബലാത്സംഗമില്ല. ഉള്ളത് അവന്റെ പെണ്ണിനെയും മകളെയും പ്രായം ഒത്തുവന്നാല്‍ അമ്മയെയും ബലാത്സംഗം ചെയ്യുക എന്നതാണ്.

കുറച്ചുകൂടി ക്രൂരമായി ഇതിനെ വിശദീകരിച്ചാല്‍ കുടുംബവഴക്ക് മുതല്‍ സാമുദായിക, ഗോത്രീയ, ജാതീയ, മതപര സംഘര്‍ഷങ്ങളില്‍ മുഖ്യശത്രുവും പിടികിട്ടാപ്പുള്ളിയുമായ ഒരു വ്യക്തിയെ മാനസികമായി തളര്‍ത്താന്‍ അയാളുടെ പിതാവിനെയോ, മകനെയോ, സഹോദരനെയോ, സുഹൃത്തിനെയോ മറുപക്ഷം പിടികൂടി നിഷ്ഠൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കുന്നു എന്ന് വയ്ക്കുക. അവസാനശ്വാസംവരെ മേല്‍പ്പറഞ്ഞ വ്യക്തിയെ കുറിച്ച് ഒരു സൂചനയും നല്‍കാതെ പീഢനങ്ങള്‍ ഏറ്റുവാങ്ങി ആ മനുഷ്യന്‍ യാത്രയായി എന്നും വയ്ക്കുക. ബാക്കിയാകുന്ന വീരനായകന്റെ ഓര്‍മകളിലൂടെ നിരന്തരം പുനരാഖ്യാനം ചെയ്യപ്പെടുന്ന ഒന്നാവും അയാളുടെ മരണം. മറിച്ച് അയാളുടെ അമ്മയെയോ, സഹോദരിയെയോ, മകളെയോ, കാമുകിയെയോ മറുപക്ഷം പിടികൂടി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് വയ്ക്കുക. പ്രസ്തുത നായകനെ കുറിച്ച് ഒരു വിവരവും നല്കാതെ, ഒരിഞ്ച് സ്ഥൈര്യം കൈവിടാതെ അവര്‍ ഈ പീഢനമൊക്കെ സഹിച്ച് മരണപ്പെട്ടാല്‍ കിട്ടുമോ മേല്പറഞ്ഞ പുരുഷ രക്തസാക്ഷികളുടെ ഔജ്ജ്വല്യം? അഭിമാനത്തോടെ ഈ നായകന്‍ ഇവരുടെ കഥ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമോ?

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ദുര്‍ബലനെതിരെ മാത്രമേ അധികാര വീരസ്യത്തിന്റെ കരങ്ങള്‍ നീണ്ടുവരൂ. ഈ ദുര്‍ബലാവസ്ഥയാകട്ടെ സാമൂഹ്യവും രാഷ്ട്രീയവുമായ പാര്‍ശ്വവല്‍ക്കരണത്തിന്റെ നിരവധി തലങ്ങളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും. പുറമ്പോക്കില്‍ കഴിയുന്ന, ആണ്‍ തുണയില്ലാത്ത, ദളിതയും, ദരിദ്രയുമായ സ്ത്രീ ആയിരുന്നു ജിഷ. എങ്കിലും അനീതികളൊട് പ്രതികരിക്കുന്നവളും മാനവികമായ തുല്യതയില്‍, മനുഷ്യാവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത പൗരയും. അധികാരത്തിന്റെ കണ്ണില്‍ കരടാവാന്‍ ഇതൊക്കെയും കാരണമാണ്. പക്ഷേ ശിക്ഷയായി ബലാത്സംഗം വിധിക്കപ്പെടുന്നത് അവള്‍ ഒരു പെണ്ണായതുകൊണ്ട് മാത്രമാണ്. ഒരു പെണ്ണിന് നല്‍കാവുന്ന അപ്രഖ്യാപിത പരമാവധി ശിക്ഷയായി ബലാത്സംഗം മാറുന്നത് പേട്രിയാര്‍ക്കിയുടെ അധികാര യുക്തിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ആ മേഖലയില്‍ നിന്ന് ചര്‍ച്ചയുടെ കേന്ദ്രീകരണത്തെ തടയുക, അതിനെ സ്ത്രീസ്വത്വത്തിന്റെ മറ്റ് ഉപമേഖലകളില്‍ തളച്ചിടുക എന്നത് ആണ്‍കോയ്മയുടെ ഒരു അജണ്ടയും. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന ചര്‍ച്ചകളില്‍ ലിംഗേതര സ്വത്വപക്ഷത്തുനിന്നുകൊണ്ട് പങ്കെടുക്കുന്ന പുരുഷന്മാരും, സ്ത്രീപക്ഷത്ത് നില്‍ക്കുന്ന സ്ത്രീകളും നടത്തുന്ന വിശകലനങ്ങളുടെ കേന്ദ്രം രണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories