TopTop
Begin typing your search above and press return to search.

കുറ്റവാളിയെ കൊന്ന് രക്ഷപെടുന്ന കുറ്റകൃത്യത്തിന്റെ നീതിന്യായം

കുറ്റവാളിയെ കൊന്ന് രക്ഷപെടുന്ന കുറ്റകൃത്യത്തിന്റെ നീതിന്യായം

ഒരു ദശാബ്ദം മാത്രം നീണ്ടുനില്‍ക്കുന്ന, മനുഷ്യസമൂഹത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട വിശാല കാലഗണനയില്‍ താരതമ്യേനെ അവഗണിക്കാവുന്ന ഒരു കാലമെടുത്താല്‍പ്പോലും ബലാത്സംഗം എന്ന 'ലിംഗ'പരമായ കുറ്റകൃത്യത്തിന്റെ തുടര്‍ച്ച ആ സമൂഹത്തിന്റെ സാംസ്‌കാരിക പരിണാമത്തിന്റെ ആധുനിക, ആധുനികോത്തര, മെറ്റാമോഡേണ്‍ കല്‍പ്പനകളെ മുഴുവന്‍ റദ്ദ് ചെയ്യുന്ന ഒന്നാണ് എന്ന് കാണാം. ഇതിനു കാരണം ഒരു 'സംസ്‌കാര'ത്തിനും തുടര്‍ച്ചുനീക്കാന്‍ പറ്റാത്ത ചില നീക്കിയിരിപ്പുകളുടെ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ അവശിഷ്ടങ്ങളാണ്. അവയെ ആധുനികത ഒരു ആശയമായി മാത്രം നിലനില്‍ക്കെ അതില്‍ നിന്ന് ഏകപക്ഷീയമായി ഉത്തരാധുനികതയിലേക്കും, പിന്നെ മെറ്റാമോഡേണിസത്തിലേക്കും കടന്ന ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ ഭാവനാബന്ധിയായ പ്രവചനശേഷിയില്‍ തേടുന്നതാവും, ആധുനികതയാണ് പ്രശ്‌നം എന്ന കണ്ണടച്ച് ഇരുട്ടാക്കലിലും ഭേദമെന്ന് തോന്നുന്നു. കാരണം ഉത്തരാധുനിക, മെറ്റാമോഡേണ്‍ കാലഘട്ടത്തിലൂടെയുള്ള സാംസ്‌കാരിക ഇടപെടലുകളിലൂടെ നാം നേടിയത് ആധുനികത 'യൂറോപ്യന്‍' യുക്തികളിലൂടെ പ്രകടമായി തെളിയിച്ച മാനവികതാവിരുദ്ധമായ കുറ്റകൃത്യങ്ങളെ സന്ദിഗ്ദ്ധവത്ക്കരിക്കുക എന്നത് മാത്രമായിരുന്നു. ഇത് പിന്നീട് വിശദീകരിക്കാം. ആദ്യം ഇതിന് പ്രകോപനമായ പല സംഭവങ്ങളില്‍ ഏറ്റവും പുതിയതിന്റെ പശ്ചാത്തലത്തിലേക്ക് കടക്കാം.

ജിഷ
പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ദാരുണമായി കൊലചെയ്യപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച, അതായത് ഏപ്രില്‍ 28-നായിരുന്നു. പട്ടാപ്പകല്‍ നടന്നിരിക്കാവുന്ന കൊലപാതകം പരേതയുടെ മാതാവ് ജോലി കഴിഞ്ഞ് സന്ധ്യയ്ക്ക് തിരിച്ചെത്തിയപ്പോളാണ് വെളിപ്പെടുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പിറ്റേന്നാണ് ശരീരം അവിടെനിന്ന് മാറ്റിയത് തന്നെ എന്ന് കേള്‍ക്കുന്നു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവം പുറംലോകമറിയുന്നത്. അതും പതിവുപോലെ മുഖ്യധാരാമാധ്യമങ്ങള്‍ വഴിയല്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സംഭവം ചര്‍ച്ചയാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതിനുശേഷമാണ് ഒരു പക്ഷേ ഉള്‍പേജിലെ ചെറുവാര്‍ത്ത എന്ന നിലവിട്ട് അത് മുന്‍പേജില്‍ എത്തിയതും, ചാനലില്‍ 'പ്രൈം ടൈം' ചര്‍ച്ചയാവുന്നതും.

ബലാത്സംഗം എന്നത് മനുഷ്യന് ജീവിതത്തില്‍ കടന്നുപോകാനാകുന്നതില്‍ ഏറ്റവും ക്രൂരവും നീതിഹീനവുമായ, ഒരേ സമയം ശാരീരികവും മാനസികവുമായ നിരവധി മാനങ്ങളുള്ള ഒരു അധിനിവേശാനുഭവമാണ് എന്നിരിക്കെ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടുക എന്നതിനെ യാതാര്‍ത്ഥ്യത്തിന്റെ തലത്തില്‍ നിന്ന് വാക്കുകള്‍ കൊണ്ട് ആവിഷ്‌കരിക്കാനോ, ഭാവനയാല്‍ താദാത്മ്യപ്പെടാനോ നടത്തുന്ന ശ്രമങ്ങള്‍ പോലും ആ ഇര കടന്നുപോയ അനുഭവത്തെ അപമാനിക്കലായേ വരൂ എന്നതുകൊണ്ട് അത് പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. എന്നുവച്ച് നമുക്ക് നിശബ്ദമാകാനും പറ്റില്ല. കാരണം അതും ആ പെണ്‍കുട്ടിയെ, അവള്‍ അനുഭവിച്ച അനീതിയെ അദൃശ്യവത്ക്കരിക്കലാകും.

നീതിയും ആള്‍ക്കൂട്ട ഉന്മാദങ്ങളും
പ്രശ്‌നം കേവല വൈകാരികതയുടെയോ, 'കുറ്റം തെളിഞ്ഞാല്‍ കുറ്റവാളിയെ ഞങ്ങള്‍ക്ക് വിട്ടുതരിക, ഇതിലും ക്രൂരമായി അയാളെ ഞങ്ങള്‍ കൊന്ന് കാണിക്കാം, അതിലൂടെ ജീവിച്ചിരിക്കുന്നവര്‍ക്ക് പാഠമാകും' എന്ന തരം ആള്‍ക്കൂട്ട ഉന്മാദങ്ങളുടെയോ അല്ല. ദില്ലിയില്‍ ഇന്ന് നാം നിര്‍ഭയ എന്ന് വിളിക്കുന്ന പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരണത്തിനിരയായത് 2012-ലാണ്. അന്ന് അതിനെതിരെ വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. തെരുവില്‍ സമരങ്ങളും കടലാസില്‍ കാമ്പുള്ള വിശകലനങ്ങളും ഉണ്ടായി. ഈ ലേഖകനും അന്ന് ഒരു ലേഖനം എഴുതിയിരുന്നു. പക്ഷേ അത്തരം സംഭവങ്ങള്‍ അതിലും ക്രൂരമായി പിന്നെയും ആവര്‍ത്തിക്കപ്പെട്ടു. പണ്ടെഴുതിയ ലേഖനം ഒന്നുകൂടി പങ്കുവെച്ചുകൊണ്ട് അത്തരം സംഭവങ്ങളോട് പ്രതികരിച്ചിട്ടുണ്ട് ഞാനും. തുടരെ തുടരെ ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ അടിസ്ഥാനപരമായി ഏതാണ്ട് ഒരേ കാരണങ്ങളായതുകൊണ്ട് ആ ലേഖനം പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലും പ്രസക്തമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലും അത് പ്രസക്തമാണ്. ഞാന്‍ എഴുതിയ ആ ലേഖനം മാത്രമല്ല, അന്ന് സൈബര്‍ ലോകത്ത് വന്ന നിരവധി വിശകലനങ്ങള്‍ ഇന്നും പ്രസക്തമാണ്, ഈ സംഭവത്തിലുമാണ്. എന്തെന്നാല്‍ കാര്യവും കാരണങ്ങളും സത്താപരമായി ഒന്നായി തുടരുകയും, വ്യക്തികള്‍ മാത്രം മാറുകയും ചെയ്യുന്നു.

പക്ഷേ മറ്റൊരു വീക്ഷണകോണില്‍നിന്ന് സമീപിക്കുമ്പോള്‍ അത് ഭീദിതമായ ഒരു അവസ്ഥയാണ്. തുടര്‍ച്ചയാകുന്ന നീതിനിഷേധങ്ങള്‍ക്ക് മുമ്പില്‍ സാംസ്‌കാരിക പ്രതിരോധങ്ങള്‍ കേവലം യാന്ത്രികമായ ആവര്‍ത്തനങ്ങളായി മാറുന്നു എന്നതാണത്. ജിഷ എന്ന എറ്റവും പുതിയ ഇരയുടെ കാര്യത്തിലും പഴയ വാദങ്ങള്‍, പഴയ പഴികള്‍, പഴയ വേദനകള്‍, ഐക്യദാര്‍ഢ്യങ്ങള്‍ മാത്രമേ ഉള്ളൂ നമ്മുടെ പക്കല്‍. ഇതിനര്‍ത്ഥം ഈ സംഭവങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് സംസ്‌കാരികമായ യുക്തിദാരിദ്ര്യം അനുഭവപ്പെട്ട് തുടങ്ങി എന്നല്ലേ? അങ്ങനെ തോന്നിയെങ്കില്‍ അത് തന്നെയാണ് ഞാന്‍ പറഞ്ഞുവന്നതും. അനീതിയുടെ ചരിത്രപരമായ തുടര്‍ച്ച അതിനെ ഒരു സ്ഥാപനമാക്കി മാറ്റുന്നു. അവിടെ പ്രതിഷേധങ്ങള്‍ക്ക് ഒരു പൊതുയുക്തി ഇല്ലാതാകുന്നു.

സംഭവിക്കുന്നത് കലാപസജ്ജമായ ആള്‍ക്കൂട്ടത്തിന്റെ കണക്കെടുപ്പുകള്‍ അസാദ്ധ്യമാക്കുന്ന കൂടിച്ചേരല്‍ പ്രതിഷേധത്തെ തന്നെ റദ്ദ് ചെയ്യുക എന്നതാണ്. ജിഷ സംഭവത്തില്‍ ലേഖനം എഴുതിയില്ല എന്നതിനാല്‍ എന്നെയോ, അതിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത, (ചെയ്‌തെന്ന് കരുതുക) സമരത്തില്‍ തെരുവില്‍ അടയാളപ്പെട്ടില്ല എന്നതിനാല്‍ നിങ്ങളെയോ ചോദ്യം ചെയ്യാന്‍ ഒരു സംസ്‌കാരികയുക്തിക്കും, ചാനല്‍ ചര്‍ച്ചാ അവതാരകനും ആവില്ല. അത് തന്നെയാണ് സന്നദ്ധസേവനവും നിര്‍ബന്ധിതസേവനവും തമ്മിലുള്ള വ്യത്യാസവും. അപ്പോള്‍ ദില്ലിയില്‍ ബലാത്സംഗം നടന്നപ്പോള്‍ ഉണ്ടായ പ്രതികരണം എന്തേ പെരുമ്പാവൂരില്‍ ഉണ്ടായില്ല എന്ന് ചോദിച്ചിട്ട് കാര്യമില്ല. പനിയായിരുന്നു എന്നത് മുതല്‍ പണിത്തിരക്കായിരുന്നു എന്നതുവരെയുള്ള എല്ലാ ഉത്തരവും ഇവിടെ സാധുവാണ്. കാരണം ആള്‍ക്കൂട്ടത്തിന് അക്കൗണ്ടബിലിറ്റി എന്ന ബാദ്ധ്യതയില്ല. അവര്‍ വേണമെങ്കില്‍ കൊല്ലും, പക്ഷേ നിലനിര്‍ത്തല്‍... അത് പാടാണ്.

ബലാത്സംഗം
മേല്‍പറഞ്ഞതിന് കാരണം ആള്‍ക്കൂട്ടത്തിനെന്നപോലെ അതിന്റെ യുക്തിക്കും ഏകതാനതയോ, അതില്‍ ഊന്നിയ കണക്കെടുപ്പ് സാദ്ധ്യതയോ ഇല്ല എന്നത് തന്നെ. ഒരു പൊതുവിഷയത്തെ തന്നെ അവര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏറ്റെടുക്കുന്നത് വ്യത്യസ്ത യുക്തിപദ്ധതികള്‍ മുന്‍നിര്‍ത്തിയാവും. ഉദാഹരണത്തിന് ബലാത്സംഗം എന്നത് ഒരു പൊതു അര്‍ത്ഥമുള്ള സാമാന്യപദമല്ല നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളില്‍ എന്ന ദു:ഖകരമായ സത്യം. ബലാത്സംഗം ഒരു കുറ്റകൃത്യമാണെന്ന് പറയുമ്പോഴും എല്ലാ ബലാത്സംഗങ്ങളും അങ്ങനെ ഒരുപോലെ കുറ്റകരമല്ല. അവയ്ക്ക് പശ്ചാത്തലബന്ധിയായ വൈജാത്യങ്ങളുണ്ട്. വ്യവസ്ഥാബന്ധിയായി സ്ഥാപനവല്‍ക്കരിക്കപ്പെട്ട ബലാത്സംഗങ്ങളും, അല്ലാത്ത വ്യക്തിഗതബലാത്സംഗങ്ങളും ഒന്നല്ല!

അതായത് ബലാത്സംഗം മഹത്തായ ഭാരതീയ പാരമ്പര്യത്തില്‍ ഒരു തിരുത്തല്‍ ക്രിയ കൂടിയാണ്. അതുകൊണ്ടാണ് ഒറ്റയ്ക്ക് കറങ്ങുന്ന പെണ്ണിനെ, അച്ഛനോ മകനോ ഭര്‍ത്താവോ അല്ലാത്ത വ്യക്തിയുമൊത്ത് സഞ്ചരിക്കുന്ന സ്ത്രീയെ ഒക്കെ ബലാത്സംഗം ചെയ്യുന്നത് അത്രകണ്ടങ്ങ് ബലാത്സംഗമാകാത്തത്. സൈന്യവും അര്‍ദ്ധസൈനിക വിഭാഗങ്ങളും പോലീസും ഉള്‍പ്പെടെയുള്ള ഭരണകൂട ഉപകരണങ്ങള്‍ തങ്ങളുടെ അവകാശമെന്നോണം നടത്തുന്ന ബലാത്സംഗങ്ങളുടെ ഉള്ളടക്കവും അത്ര കുറ്റകരമല്ല. അതായത് ലൈംഗികതയല്ല, അധികാരമാണ് ബലാത്സംഗത്തിന്റെ യുക്തി. അധികാരത്തെ ചെറുക്കുന്ന ആരും അത് അര്‍ഹിക്കുന്നുണ്ട്. പിന്നെ അത് കുറ്റകരമാകുന്നത് അത്തരം സാഹസങ്ങള്‍ക്ക് ഒന്നും മുതിരാത്ത ഉത്തമസ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ്.

ഇനി അതിലുമുണ്ട് വകഭേദങ്ങള്‍. പ്രത്യക്ഷമായി വ്യവസ്ഥയെ വെല്ലുവിളിക്കണ്ട. ഒരു പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥയില്‍ പുരുഷന് ഉത്തേജനം തോന്നുന്ന ആകാര, ഭാവഹാവങ്ങളുമായി വെളിച്ചപ്പെടുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. അങ്ങനെ നടക്കുന്ന ബലാത്സംഗങ്ങളില്‍ സ്ത്രീ ബലാത്സംഗിക്ക് തുല്യയോ, അതിലും അപ്പുറത്തോ കുറ്റവാളിയാണ്. ഇത് ആരെങ്കിലുമൊക്കെ ആവര്‍ത്തിക്കുന്ന യുക്തിയല്ല; ഗാനഗന്ധര്‍വന്‍ സംഗീതത്തെ അട്ടിപ്പേറെടുത്തും, ബാബു സാഹിത്യത്തെ പ്രതിനിധാനം ചെയ്തും കുഴിമറ്റപ്പെട്ടതാണ്. ഇവരൊക്കെ മുന്‍നിരയില്‍ നിന്നും, പതിനാറ് വയസുള്ള പെണ്ണിനെ പത്തമ്പത് പേര്‍ ചേര്‍ന്ന് ഊഴമിട്ട് ഭോഗിച്ചെങ്കില്‍ അവള്‍ പിഴ ആയിരിക്കുമെന്നും സംഭവം ബലാത്സംഗം ആയാലും പെണ്ണ് അത് ആസ്വദിക്കുന്നതുകൊണ്ടാണ് യോനിയില്‍ 'ജലസേചനം' നടക്കുന്നത് എന്നുമൊക്കെ 'ശാസ്ത്രീയ'മായി സ്ഥാപിക്കുന്ന ചായക്കട യുക്തികള്‍ പിന്‍നിരയില്‍ നിന്നും നയിക്കുന്ന പാട്രിയാര്‍ക്കി തീര്‍ത്ത സംസ്‌കാരിക ഹെഗമണി നിരന്തരം ആവര്‍ത്തിക്കുന്ന പ്രഖ്യാപനം ഇതാണ്. പ്രതിയുക്തികള്‍ ഇവിടെനിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories