TopTop
Begin typing your search above and press return to search.

പെഷവാറില്‍ നിന്ന്‍ ഏറെ ദൂരെയല്ല കേരളം

പെഷവാറില്‍ നിന്ന്‍ ഏറെ ദൂരെയല്ല കേരളം

ടീം അഴിമുഖം


ചൊവ്വാഴ്ച പെഷവാറിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം സമകാലീന ലോക, പാകിസ്ഥാന്‍ ചരിത്രങ്ങള്‍ക്ക് അന്യമായ ഒന്നല്ല. കുറെ വര്‍ഷങ്ങളായി സ്‌കൂളുകളും കുട്ടികളും ഭീകരവാദികളുടെ ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ലക്ഷ്യമായി മാറുന്നു. അധികാരം കുടിച്ച് മത്തരായി, മതത്തിന്റെ പേരില്‍ കൊടിയ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്ന ചെകുത്താന്മാരുടെ അള്‍ത്താരകളില്‍, അങ്ങനെ ആയിരക്കണക്കിന് കുഞ്ഞുമാലാഖമാര്‍ ബലിയര്‍പ്പിക്കപ്പെടുന്നു.

ആര്‍മി പബ്ലിക് സ്‌കൂളിലും ഡിഗ്രി കോളേജിലും ഇന്നലെ ആക്രമണം നടത്തിയ പാകിസ്ഥാന്‍ താലിബാന്‍ ഇതിനകം തന്നെ ആയിരത്തിലേറെ സ്‌കൂളുകളില്‍ ബോംബാക്രമണം നടത്തുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ട്. മലാല യൂസഫ്‌സായെ വെടിവെച്ചതും അവര്‍ തന്നെയാണ്. റഷ്യയിലും മറ്റ് ചില സ്ഥലങ്ങളിലും സ്‌കൂളുകളും കൊച്ചു കുഞ്ഞുങ്ങളും ഭീകരമാക്രമണങ്ങള്‍ക്ക് ഇരയാവുന്നു.

ചൊവ്വാഴ്ചത്തെ ആക്രമണം വിദ്യാഭ്യാസത്തിനെതിരായ യുദ്ധമെന്ന ഈ കുറ്റവാളി സംഘത്തിന്റെ അധഃപതന ആശയത്തെ അതിന്റെ ഏറ്റവും താണതട്ടിലെത്തിച്ചു. 132 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 145 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഈ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ഒന്നുകൂടിയാണ്.

ഈ ക്രൂരത നടന്നത് നാമൊക്കെ ജീവിക്കുന്നിടത്ത് നിന്ന്‍ വളരെ ദൂരത്താണെന്ന് തോന്നും. നാമെല്ലാം അതിനെ അപലപിക്കുകയും ചെയ്യും. എന്നാല്‍ നമ്മുടെ മത, രാഷ്ട്രീയ നേതാക്കന്മാര്‍ സത്യസന്ധമായ ചില ആത്മപരിശോധനകള്‍ നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തിന്റെ മനോഹരമായ കായല്‍ത്തീരങ്ങളും പെഷവാറും തമ്മില്‍ അത്ര അകലമില്ല. അധഃപതിച്ച ഇസ്ലാമിന്റെയും അമേരിക്കയുടെയും സൗദി അറേബ്യയുടെയും പണക്കൊഴുപ്പിന്റെയും പല സര്‍ക്കാരുകളുടെയും ഔദ്യോഗിക അംഗീകാരത്തിന്റെയും മാരക മിശ്രിതത്തില്‍ നിന്നാണ് ഇന്ന് കാണുന്ന താലിബാന്റെ ജനനം. സോവിയറ്റ് പിന്തുണയുണ്ടായിരുന്ന അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ റിപ്പബ്ലിക്കിനെ പുറത്താക്കുന്നതിനായി, അമേരിക്കയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഒഴുകിയ പണത്തിന്റെ പിന്‍ബലത്തോടെ പാകിസ്ഥാന്റെ ഐഎസ്‌ഐ, ലോകത്തെമ്പാടുമുള്ള മുജാഹിദീനുകളെ അണിചേര്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീടുള്ള നിരവധി വര്‍ഷങ്ങളില്‍, ആയിരങ്ങള്‍ കശാപ്പ് ചെയ്യപ്പെട്ട ചോരക്കളമായി അഫ്ഗാന്‍ മാറുകയും ഒസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള ആധുനിക ലോകത്തിലെ കുപ്രസിദ്ധരായ പല ഭീകരവാദികളും അഗ്നിയില്‍ ജ്ഞാനസ്‌നാനപ്പെടുകയും ചെയ്തു.

ആ യുദ്ധം കുട്ടികളോട് എന്താണ് ചെയ്തതെന്നറിയണമെങ്കില്‍, ഡല്‍ഹിയില്‍ സൗത്ത് ബ്ലോക്കില്‍ നിന്നും ഏതാനും വാര അകലെ പേരില്ലാത്ത ഒരു ഔദ്യോഗിക ബംഗ്ലാവില്‍, ആ ദിവസങ്ങള്‍ സമ്മാനിച്ച ഭീതിയില്‍ ജീവിതം നയിച്ച ഒരു വിധവയുടെയും അവരുടെ മക്കളുടെയും കഥ മനസിലാക്കണം. ആ വിധവയുടെ ഭര്‍ത്താവായിരുന്ന അഫ്ഗാനിസ്ഥാന്റെ കമ്മ്യൂണിസ്റ്റ് പ്രസിഡന്റ് മൊഹമ്മദ് നജീബുള്ളയെ 1996ല്‍ താലിബാന്‍ പരസ്യമായി തൂക്കിലേറ്റി. ആ വിധവയും കുട്ടികളും ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ജീവിതം തുടര്‍ന്നു. അവര്‍ പ്രസിഡന്റിന്റെ മക്കളായിരുന്നെങ്കിലും, യുദ്ധം നല്‍കിയ ഭീതി അവരുടെ ബാല്യത്തെ കാര്‍ന്ന് തിന്നുകയായിരുന്നു.ചൊവ്വാഴ്ച പെഷവാറില്‍ സ്‌കൂള്‍ കുട്ടികളെ നിഷ്ഠൂരമായി കശാപ്പ് ചെയ്ത പാകിസ്ഥാന്‍ താലിബാന്റെ വേരുകള്‍, ആ അഫ്ഗാന്‍ യുദ്ധ ദിവസങ്ങളിലാണ് ആഴ്ന്ന് കിടക്കുന്നത്. മാത്രമല്ല, അവരെ പോറ്റുകയും പരിശീലിപ്പിക്കുകയും ചെയ്തതാകട്ടെ പാകിസ്ഥാന്റെയും സൗദി അറേബ്യയുടെയും യുഎസിന്റെയും ഔദ്യോഗിക സംവിധാനങ്ങളും!

വികൃതമായ മതങ്ങള്‍ ഒരു കാരണം കണ്ടെത്തിയപ്പോള്‍, പണവും ഔദ്യോഗിക പിന്തുണയും ഉപയോഗിച്ച് അവര്‍ രാക്ഷസരൂപികളെ സൃഷ്ടിച്ചു. കേരളത്തില്‍ ഇപ്പോള്‍ നമുക്ക് ചുറ്റും അരങ്ങേറുന്ന എന്തെങ്കിലും സംഭവവികാസങ്ങളുമായി ഇതിന് സാദൃശ്യം തോന്നുന്നുണ്ടോ? കലോഷ്‌നിക്കോവുകളും ഗ്രനേഡുകളും ഇനിയും വരാനിരിക്കുന്നതേയുള്ളു. പക്ഷെ മറ്റെല്ലാം ഇവിടെ എത്തിക്കഴിഞ്ഞു. പ്രതിലോമകരമായ മത ആശയങ്ങളും അധികാരത്തെ കുറിച്ച് മിഥ്യാധാരണകളുമുള്ള നമ്മുടെ ഒരു പറ്റം മതനേതാക്കളെ, നമ്മുടെ പ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാര്‍ സംരക്ഷിക്കുന്നു. അവരുടെ വഴിയിലേക്ക് ധാരാളം പണം ഒഴുകുകയും ചെയ്യുന്നു.


നമ്മുടെ കേരളത്തില്‍ അടുത്ത കാലത്ത് നടന്ന മിക്ക പ്രധാന സംഭവവികാസങ്ങളുടെയും പിന്നില്‍, ചീത്ത മതത്തിന്റെയും അഴിമതി നിറഞ്ഞ രാഷ്ട്രീയത്തിന്റെയും പൊതുജനങ്ങളുടെ കുറ്റകരമായ മൗനത്തിന്റെയും വിഷലിപ്തമായ ഒരു മിശ്രിതം പ്രവര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കും. അത് സംസ്ഥാന സര്‍ക്കാരിനെതിരായ ഭീഷണിയായിക്കോട്ടെ, പരിസ്ഥിതിക്കുള്ള ഭീഷണിയായിക്കോട്ടെ, മദ്യ നിരോധനമായിക്കോട്ടെ, വിനോദ സഞ്ചാരം, വിവാഹം, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിക്കോട്ടെ, എന്തിലും ഈ മിശ്രിതം പ്രവര്‍ത്തിക്കുന്നതായി കാണാന്‍ സാധിക്കും. ഏത് വിഷയവും എടുത്ത് പരിശോധിച്ചോളു. എവിടെയെങ്കിലും ഏതെങ്കിലും മതനേതാക്കള്‍ അതിനെ കുറിച്ച് വിഷലിപ്തമായ പ്രസ്താവനകള്‍ നടത്തുന്നതായി കാണാന്‍ സാധിക്കും. അതിലും പ്രധാനമായി, രാഷ്ട്രീയ നേതാക്കളുടെ കുറ്റകരമായ മൗനം നിങ്ങള്‍ക്ക് കേള്‍ക്കാനും സാധിക്കും.

ചരിത്രത്തില്‍, മനുഷ്യ പുരോഗതി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്കായി മതങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. ചാവറ കുര്യാക്കോസ് ഏലിയാസിനെയും ശ്രീനാരായണഗുരുവിനെയും പോലുള്ളവര്‍, ജ്ഞാനോദയത്തിനും വിദ്യാഭ്യാസത്തിനും സമത്വത്തിനും ദരിദ്രര്‍ക്കായിട്ടുള്ള മറ്റ് മാനുഷിക പാരിതോഷികങ്ങള്‍ക്കുമായി മതത്തെ വിദഗ്ധമായി ഉപയോഗിച്ചു. കേരള ചരിത്രം പരിശോധിച്ചാല്‍, പുരോഗതിക്കുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമായി മതത്തെ ഉപയോഗിച്ചതായി കാണാം. അതുകൊണ്ടാണ് ഇസ്ലാം കേരളത്തെ കീഴടക്കാന്‍ എത്തുന്നതിന് പകരം വ്യാപാരത്തിനായി എത്തിയത്. അതുകൊണ്ടാണ് ജൂതന്മാര്‍ക്ക് കേരള തീരങ്ങള്‍ സുരക്ഷിതമായി തോന്നിയത്. അതുകൊണ്ടാണ് മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നതിനേക്കാള്‍ പ്രാധാന്യം ദരിദ്രര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നല്‍കിയത്.പക്ഷെ, ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോള്‍ മാറിമറിയുകയാണ്. ഈ പുരോഗമനാത്മക ഗുണപാഠങ്ങള്‍ മാഞ്ഞുപോകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. വിവിധ സ്രോതസുകളില്‍ നിന്നും മതസ്ഥാപനങ്ങളിലേക്കുള്ള സമ്പത്തിന്റെ കുത്തൊഴുക്കാണ് ഇതിലൊന്ന്. സ്വാര്‍ത്ഥ താല്‍പര്യക്കാരായ രാഷ്ട്രീയക്കാരും ജീവിതത്തിന്റെ മറ്റ് തുറയില്‍ പെട്ടവരും പ്രതിലോമകാരികളായ മതനേതാക്കള്‍ക്ക് കല്‍പ്പിച്ച് നല്‍കുന്ന വമ്പിച്ച അധികാരമാണ് മറ്റൊരു പ്രധാന കാരണം.

ഈ അധികാരം കുടിച്ച് മത്തരായ മതനേതാക്കള്‍, തങ്ങളുടെ അനുയായികളോട് വിഡ്ഡിത്തങ്ങള്‍ വിളമ്പുന്നു. അവിടെയാണ്, കേരളവും പെഷവാറും തമ്മിലുള്ള ദൂരം നാടകീയമായി കുറയുന്നത്. ഇത്തരം അധഃപതിച്ച, അശാസ്ത്രീയമായ മതജല്‍പനങ്ങള്‍ തള്ളിക്കളയാന്‍ കേരള സമൂഹത്തിന് കഴിയുന്നില്ലെങ്കില്‍, രക്ഷകര്‍ത്താക്കളുടെയും നമ്മുടെ ഭാവിയുടെ തന്നെയും ആഹ്ലാദം തട്ടിപ്പറിച്ചുകൊണ്ട്, സ്‌കൂളുകളില്‍ ആക്രമണങ്ങള്‍ നടത്താന്‍ തന്റെ തോക്കുധാരിയായ ഏതെങ്കിലും അനുയായിയെ ഈ ഭ്രാന്തരായ മതനേതാക്കള്‍ നിയോഗിച്ചു എന്ന് വരും. നിരവധി വിഷയങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തിക്കൊണ്ട്, ഇപ്പോള്‍ തന്നെ ഇത്തരം നേതാക്കള്‍ നമ്മുടെ കുട്ടികളുടെ ഭാവി തട്ടിയെടുക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം ആശയങ്ങളും സംഘങ്ങളും തങ്ങളുടെ തന്നെ കുട്ടികളെ തിന്ന് തീര്‍ക്കുകയാണ്.

ഈ മതനേതാക്കളുടെ ജീര്‍ണ്ണിച്ച പ്രസംഗവേദികളില്‍ നിന്നും പരിശുദ്ധ ഗര്‍ഭഗൃഹങ്ങളില്‍ നിന്നും നമുക്ക് പുറത്ത് കടക്കേണ്ടിയിരിക്കുന്നു. ബൈബിളിന്റെയും ഗീതയുടെയും ഖുറാന്റെയും അധഃപതിച്ച വ്യാഖ്യാനങ്ങള്‍ അംഗീകരിക്കുന്ന പതിവ് നമ്മള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരിശുദ്ധ ഗ്രന്ഥങ്ങള്‍ക്ക് സമാധാനത്തിന്റെയും പുരോഗതിയുടേയും പ്രേമത്തിന്റെയും സമ്മേളനത്തില്‍ അധിഷ്ഠിതമായ ഒരൊറ്റ വ്യാഖ്യാനം മതി.


Next Story

Related Stories