TopTop
Begin typing your search above and press return to search.

വുവുസേലയില്‍ നിന്ന്‍ പെറ്റേക്കയിലേക്ക്- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

വുവുസേലയില്‍ നിന്ന്‍ പെറ്റേക്കയിലേക്ക്- ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

ഫൈസല്‍ ഖാന്‍

ലോകകപ്പ് വേദികളില്‍ റൊണാള്‍ഡോയുടെയും മരിയോ ബാലട്ടെല്ലിയുടെയും അപരന്മാര്‍ കറങ്ങി നടക്കുന്നത് പോലെ, ബ്രസീലിലെ സ്മരണിക കമ്പോളത്തില്‍ വുവുസേലയുടെ നിരവധി കോപ്പികളും വിറ്റുപോകുന്നുണ്ട്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ കേട്ടതിന്റെ അത്ര ശക്തിയോടെയല്ലെങ്കിലും ചെവി തുളയ്ക്കാന്‍ ശേഷിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിവിധ തരം വുവുസേലകള്‍ ഇവിടെ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. വളഞ്ഞ കൊമ്പോട് കൂടിയവ, വായു നിറയ്ക്കാവുന്നവ, കൈവെള്ളയില്‍ ഒതുക്കാവുന്നവ ഇങ്ങനെ നിരവധി തരത്തിലുള്ളവ. എന്നാല്‍ ശബ്ദം സ്വയം ഉള്ളില്‍ നിറച്ച 'ലോകകപ്പ് വുവുസേല' കള്‍ക്കാണ് ബ്രസീലില്‍ പ്രിയം. 'നിരവധി ഫുട്ബോള്‍ പ്രേമികള്‍, പ്രത്യേകിച്ചും വിദേശത്തു നിന്നുള്ളവര്‍, ലോകകപ്പ് വുവുസേലയുടെ ആരാധകരാണ്,' 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കോപകാബനാ ബീച്ചില്‍ ലോകകപ്പ് സ്മരണികകള്‍ വില്‍ക്കുന്ന ജെര്‍സണ്‍ റെയ്‌സ് സാന്റോസ് പറയുന്നു. ഇവിടെയാണ് ഫിഫ ഫാന്‍ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഉച്ചസ്ഥായിയുടെ കാര്യത്തില്‍ ഒറ്റ ബ്രസീലിയന്‍ വുവുസേലയ്ക്കും ദക്ഷിണാഫ്രിക്കന്‍ മൂലരൂപത്തെ കവച്ചുവയ്ക്കാനാവുന്നില്ല. എന്നാല്‍, 2013ല്‍ ബ്രസീലില്‍ നടന്ന കോണ്‍ഫഡറേഷന്‍ കപ്പിനിടയില്‍ കാണികള്‍ മൈതാനത്തേക്ക് വുവുസേല വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇത്തവണ അത് സ്‌റ്റേഡിയത്തിനുള്ളില്‍ നിരോധിച്ചിരിക്കുകയാണ്.

ബ്രസീലുകാരും വിദേശികളുമായ ആരാധകര്‍ 'പെറ്റേക്ക' എന്ന മറ്റൊരു സ്മരണികയില്‍ കൂടി ആകൃഷ്ടരായിട്ടുണ്ട്. അധികവും ബ്രസീലിയന്‍ കൊടിയുടെ നിറങ്ങളോട് കൂടിയ, തോലും തൂവലും കൊണ്ട് നിര്‍മിച്ച പെറ്റേക്ക രണ്ട് കളിക്കാര്‍ക്കിടയില്‍ എറിഞ്ഞ് കളിക്കാവുന്ന ഒന്നാണ്. കളിയുടെ താളം മുറുകുന്നതിന് അനുസരിച്ച് പെറ്റേക്കയുടെ എണ്ണം ചിലപ്പോള്‍ രണ്ടായി വര്‍ദ്ധിച്ചേക്കാം. ഇക്വഡോറും മെക്‌സിക്കോയും തങ്ങളുടെ യൂറോപ്യന്‍ എതിരാളികളെ അപമാനിച്ചു വിട്ട ദിവസം, ക്രിസ്തുവുമായുള്ള അടുപ്പത്തിന് പേരു കേട്ട റിഡീമര്‍ സ്റ്റാച്ച്യുവിന്റെ നാടായ റിയോയുടെ പ്രാന്തത്തിലുള്ള കോസ്‌മോ വെല്‍ഹോയില്‍ അത് ലോകകപ്പിന്റെ ഒരു ചെറുകിട പതിപ്പായി മാറുന്ന രീതിയിലേക്ക് പെറ്റേക്കയുടെ ആരാധന വളര്‍ന്നു. താമസിയാതെ ജര്‍മ്മന്‍, ഫ്രഞ്ച് ആരാധകരും ഇതേ പാത പിന്തുടര്‍ന്നു.'ബ്രസീലിന്റെ പരമ്പരാഗത മഞ്ഞ, പച്ച നിറങ്ങളിലാണ് യഥാര്‍ത്ഥ പെറ്റേക്ക നിര്‍മ്മിക്കുന്നതെങ്കിലും ഇപ്പോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുടെ കൊടിയുടെ വര്‍ണങ്ങളിലും അത് ലഭ്യമാണ്,' യഥാര്‍ത്ഥ റൊണാള്‍ഡോയുടെ പേരിനോട് തന്റെ പേര് ചേര്‍ത്തുവയ്ക്കുന്ന പെറ്റേക്ക വില്‍പ്പനക്കാരന്‍ കോസ്‌മോ വെല്‍ഹോ പറയുന്നു. ആവേശോജ്ജ്വലരായ കാണികളുടെ മുന്നില്‍ പെറ്റേക്ക മത്സരങ്ങള്‍ കളിക്കുമ്പോള്‍ തങ്ങളുടെ ദേശീയ നിറങ്ങള്‍ ഉപയോഗിക്കാന്‍ വിദേശ ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്. 'ഞങ്ങള്‍ക്ക് ഫിഫ ലോകകപ്പ് ജയിക്കാന്‍ കഴിയില്ലായിരിക്കും, എന്നാല്‍ ഞങ്ങള്‍ പെറ്റേക്ക ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുപോകും,' മകന്‍ എറിക് ചിറിബോഗയുമായി ചേര്‍ന്ന് ഒരു ടീം തട്ടിക്കൂട്ടിയ ഇക്വഡോറില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധിക ഒഗ്ല എസ്പിന്‍ ചിരിക്കുന്നു.

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം 'ദ ഇക്കണോമിക് ടൈംസ്' ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

Next Story

Related Stories