Top

വിക്ടര്‍ ജോര്‍ജിന്റെ ഗുരുവായ, ചരിത്ര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ പീറ്റേഴ്‌സ് ഇപ്പോഴെവിടെ?

വിക്ടര്‍ ജോര്‍ജിന്റെ ഗുരുവായ, ചരിത്ര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ പീറ്റേഴ്‌സ് ഇപ്പോഴെവിടെ?

ജെ. ബിന്ദുരാജ്

കേരളത്തില്‍ സിപിഎമ്മിന്റെ പ്രധാനപ്പെട്ട പാര്‍ട്ടി ഓഫീസുകളിലൊക്കെ തന്നെയും അപൂര്‍വമായ ഒരു ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആചാര്യന്മാരായ എ കെ ജിയും ഇ എം എസ്സും സുന്ദരയ്യയും ഒരുമിച്ചിരുന്ന് എന്തോ കാര്യമായി സംസാരിക്കുന്ന ചിത്രം. ജനമനസ്സുകളില്‍ ഇടംനേടിയ ഈ ചരിത്രനിമിഷം പകര്‍ത്തിയത് ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്നു. പീറ്റര്‍ അമ്പാട്ട് എന്ന എപി പീറ്റര്‍. നാല്‍പത്തിമൂന്നു വര്‍ഷം മുമ്പ്, 1973 ഏപ്രില്‍ 22നു കൊച്ചിയില്‍ നടന്ന സിഐടിയു രണ്ടാം അഖിലേന്ത്യാ സമ്മേളനത്തില്‍ വച്ചാണ് പീറ്റര്‍ ഈ ചിത്രം പകര്‍ത്തിയത്. സമ്മേളനത്തിന്റെ ആദ്യ ദിവസം മുതല്‍ ആ ഫ്രെയിമിനായി കാത്തിരുന്ന ഫോട്ടോഗ്രാഫര്‍ക്ക് അത് ലഭിച്ചത് സമാപന ദിവസം മാത്രം. പീറ്ററിന്റെ ക്യാമറയില്‍ മാത്രം പതിഞ്ഞ ആ അപൂര്‍വ ചിത്രത്തിന് പിന്നെ ആവശ്യക്കാര്‍ ഏറി. കൊച്ചി പ്രസ്സ് ക്ലബ് റോഡിലുണ്ടായിരുന്ന പീറ്റേഴ്‌സ് സ്റ്റുഡിയോയിലേക്ക് രാജ്യത്തെ ഒട്ടുമിക്ക സിപിഎം ഓഫീസിലുകളില്‍ നിന്നും പത്രമോഫീസുകളില്‍ നിന്നും ഫോട്ടോയുടെ കോപ്പി ചോദിച്ച് കത്തുകള്‍ വന്നു. എന്തിന്, കത്തെഴുതിയവരുടെ കൂട്ടത്തില്‍ സുന്ദരയ്യയുടെ ഭാര്യ ലൈല വരെ ഉണ്ടായിരുന്നു.
ഇടതുപക്ഷ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം നേടിയ ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പക്ഷേ ഇപ്പോള്‍ എവിടെയാണെന്ന് ആരും തിരക്കാറില്ല. ആരോരുമറിയാതെ, ഓര്‍മ്മകളില്‍ പരതിത്തിരിഞ്ഞ്, ക്യാമറ കൈകളില്‍ ഒന്നുയര്‍ത്താന്‍ പോലുമാകാതെ കൊച്ചിയുടെ ഒരു തുരുത്തില്‍ വാടക വീട്ടില്‍ കഴിയുന്നുണ്ട് പീറ്റര്‍. 2003-ല്‍ താജ് മലബാര്‍ ബോട്ടലില്‍ ഒരു പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തവേ തളര്‍ന്നു വീണ പീറ്റര്‍ പിന്നീടൊരിക്കലും ക്യാമറ ക്ലിക്ക് ചെയ്തിട്ടില്ല. ആഞ്ജിയോപ്ലാസ്റ്റിയും ആഞ്ജിയോഗ്രാമുമൊക്കെ പലവട്ടം ചെയ്തുവെങ്കിലും പത്ത് വര്‍ഷത്തിനുശേഷമാണ് പീറ്റര്‍ക്ക് കട്ടിലില്‍ ഒന്ന് എഴുന്നേറ്റിരിക്കാന്‍ പോലുമാകുന്ന അവസ്ഥയിലായത്. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്താല്‍ പതിയെ പതിയെ കഷ്ടിച്ച് നടക്കാനാകും. പക്ഷേ അപ്പോഴേക്കും വേദന തുടങ്ങും. പിന്നെ കസേരയിലേക്ക് മടങ്ങും.'ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു ഞാന്‍. അതിന്റെ ഫലമാണ് പിന്നീട് അനുഭവിച്ചത്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ ആരുടേയും സഹതാപമൊന്നും ഞാന്‍ തേടാറില്ല. പഴയതുപോലെ ഓടിനടക്കാനും കൗതുകത്തോടെ പല ചിത്രങ്ങളും ഫ്രെയിമിലാക്കാനുമൊന്നും എനിക്കിന്ന് കഴിയുന്നില്ലെന്ന വിഷമം മാത്രമേ ഇപ്പോഴുള്ളു. എന്റെ സ്വന്തം ദുഷ്പ്രവൃത്തി കൊണ്ട് വന്നുഭവിച്ച ദുരന്തം,' കൊച്ചി സീസാന്‍സ് ഐലണ്ട് എന്ന സ്വകാര്യ ദ്വീപിലെ ആളൊഴിഞ്ഞ ഒരു ഭാഗത്തുള്ള പഴയൊരു ഫ്ലാറ്റിന്റെ ഏറ്റവും താഴത്തെ നിലയിലാണ് പീറ്റര്‍ ഇന്ന് താമസം. സമീപകാലത്തായി അദ്ദേഹം ആരംഭിച്ച അംബ ആയുര്‍ ഹോം എന്ന ആയുര്‍വേദ പഞ്ചകര്‍മ്മ സെന്റര്‍ പ്രവര്‍ത്തിക്കുന്നതും ഈ മൂന്നു കിടപ്പുമുറികളുള്ള വീട്ടില്‍ തന്നെ. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ മലമൂത്രവിസര്‍ജ്ജനം പോലും കിടന്നുകൊണ്ട് നിര്‍വഹിക്കേണ്ടി വന്ന പീറ്ററിനെ ഇപ്പോഴത്തെ ശാരീരിക സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വന്നത് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സയായിരുന്നു.വര്‍ഷങ്ങളോളം തളര്‍ന്ന ശരീരവും മനസ്സുമായി കിടന്നിരുന്ന പീറ്റര്‍ മൂന്നുമാസത്തെ അവിടത്തെ ചികിത്സ കൊണ്ട് എഴുന്നേറ്റിരുന്നു. ഒരു സ്റ്റുഡിയോയില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റായിരുന്ന ഏകമകന്‍ ജോമോന്‍ അച്ഛനെ ശുശ്രൂഷിക്കുന്നതിനായി തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയവും സഹായത്തിനായി കൂടി. ഇപ്പോള്‍ ജോമോനും ആയുര്‍വേദ തെറാപ്പി കോഴ്‌സ് പഠിച്ചിരിക്കുന്നു. വൈദ്യഭൂഷന്‍ രാഘവന്‍ തിരുമുല്‍പ്പാടിന്റെ ശിഷ്യയായ ഡോക്ടര്‍ മിനി ജോര്‍ജ് പള്ളുരുത്തിയിലെ തങ്ങളുടെ വെളിപ്പറമ്പില്‍ ആയുര്‍വേദ നഴ്‌സിങ് ഹോമിലെ ഡ്യൂട്ടിക്കുശേഷം പീറ്ററിന്റെ അംബാ ആയുര്‍ ഹോമില്‍ മൂന്നു മണി മുതല്‍ ആറര വരെ രോഗികളെ നോക്കാനെത്തുകയും ചെയ്യുന്നു. 'ആയുര്‍വേദമാണ് എന്നെ ഇത്രയെങ്കിലും കാര്യങ്ങള്‍ ചെയ്യാനാകുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിച്ചത്. ആയുര്‍വേദത്തിന്റെ പ്രചാരത്തിനായി എന്നാല്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോള്‍,' പീറ്റര്‍ പറയുന്നു.

പീറ്റര്‍ പക്ഷേ, ഇടയ്‌ക്കൊക്ക തന്റെ ഭൂതകാലത്തിലേക്ക് അറിയാതെ ഇറങ്ങിപ്പോകും. അപ്പോഴെല്ലാം നിരാശ പടര്‍ന്ന ഒരു മുഖഭാവമാണ് അദ്ദേഹത്തിന്. ഏതാനും മാസങ്ങള്‍ക്കു മുമ്പ്, ലണ്ടനിലെ കൊഡാക്ക് സൊസൈറ്റിയില്‍ നിന്നും രണ്ടു ലക്ഷം രൂപയുടെ ഫെലോഷിപ്പ് പീറ്ററിനെ തേടിയെത്തിയിരുന്നു. പക്ഷേ തുക കൈപ്പറ്റണമെങ്കില്‍ ലണ്ടനിലേക്ക് പോകേണ്ടി വരുമെന്നതിനാല്‍ അത് ഇന്ത്യയില്‍ വച്ചു നല്‍കാന്‍ അവസരമൊരുക്കണമെന്ന് പീറ്റര്‍ അവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഫോട്ടോഗ്രഫി രംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫെലോഷിപ്പ് നല്‍കപ്പെട്ടത്. ഫോട്ടോഗ്രഫി രംഗത്ത് നിരവധി അന്താരാഷ്ട്ര, ദേശീയ പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുള്ള ആള്‍ക്ക് അതൊന്നും അത്ര വലിയ വിഷയമൊന്നുമല്ല. വലിയൊരു ശിഷ്യസമ്പത്തും പീറ്ററിന് ഫോട്ടോഗ്രഫി രംഗത്ത് ഉണ്ടായിരുന്നു. മഴയ്ക്കു പിന്നാലെ സഞ്ചരിച്ച് ഓര്‍മ്മയായി മാറിയ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജായിരുന്നു ആ ശിഷ്യഗണങ്ങളില്‍ ഒരാളെന്നും അറിയുക.

എല്‍ എല്‍ ബി ബിരുദം നേടിയെങ്കിലും അഭിഭാഷകവൃത്തിയല്ല തന്റെ ജോലിയെന്ന് തിരിച്ചറിഞ്ഞ പീറ്റര്‍ അറുപതുകളുടെ മധ്യത്തില്‍ മദ്രാസിലേക്ക് വണ്ടി കയറി അവിടെ സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് ജീവിതം ആരംഭിച്ചത്. പക്ഷേ അത്തരം ചിത്രങ്ങളോടുള്ള ത്വര അധികം വൈകാതെ കൊഴിഞ്ഞു. അങ്ങനെയാണ് കൊച്ചിയിലെ ആദ്യ ഫ്രീലാന്‍സ് ന്യൂസ് ഫോട്ടോഗ്രാഫറായുള്ള പീറ്ററിന്റെ രണ്ടാം വരവ്. 1970-കളുടെ തുടക്കത്തിലായിരുന്നു അത്. അക്കാലത്ത് ദിനപത്രങ്ങള്‍ക്കും മാസികകള്‍ക്കുമൊന്നും സ്വന്തം ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ കുറവായിരുന്നു. പീറ്ററിനാണെങ്കില്‍ ന്യൂസ് ഫോട്ടോഗ്രഫിയില്‍ കടുത്ത കമ്പവും കയറി. അങ്ങനെയാണ് 1973-ലെ സി ഐ ടി യു അഖിലേന്ത്യാ സമ്മേളനം ദേശാഭിമാനിക്കായി കവര്‍ ചെയ്യാന്‍ പീറ്റര്‍ ചുമതലപ്പെടുന്നതും അപൂര്‍വമായ എ കെ ജി, ഇ എം എസ്, സുന്ദരയ്യ ചിത്രം പകര്‍ത്തപ്പെടുന്നതുമെല്ലാം. പക്ഷേ അതുകൊണ്ടൊന്നും അവസാനിക്കുന്നതായിരുന്ന പീറ്ററിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളുടെ പട.

1987-ല്‍ കൊച്ചി കായലില്‍ വച്ചു നടന്ന ഇന്ദിരാഗാന്ധി ജലമേളയുടെ സമയത്തായിരുന്നു ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു ചിത്രം പീറ്ററിന്റേതായി വരുന്നത്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഭാര്യ സോണിയാ ഗാന്ധിയുമായിരുന്നു ചടങ്ങിലെ മുഖ്യാതിഥികള്‍. രാജീവ് ഗാന്ധിയേയും സോണിയയേയും കേരളീയ വേഷത്തില്‍ ജലമേള ഉത്ഘാടനച്ചടങ്ങിന് എത്തിച്ചാലെന്താണെന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഒരു തോന്നല്‍. അങ്ങനെ സോണിയ കസവു സാരിയും രാജീവ്, കെ കരുണാകരന്റെ ഒരു ജുബ്ബയും ധരിച്ച് ജലമേളയ്ക്കായി പ്രത്യേകം സജ്ജീകരിച്ച ബോട്ടില്‍ പുറപ്പെട്ടു. ലണ്ടന്‍ റോയല്‍ ഫോട്ടോഗ്രഫി ക്ലബില്‍ അംഗത്വമെടുത്തിരുന്ന ആളായിരുന്നു അന്ന് പീറ്റര്‍. രാജീവ് ഗാന്ധിക്കും അതേ ക്ലബ്ബില്‍ അംഗത്വമുണ്ടായിരുന്നതിനാല്‍ ബോട്ടില്‍ കയറിപ്പറ്റാന്‍ പീറ്ററിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. അങ്ങനെ മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ പശ്ചാത്തലത്തില്‍ പീറ്ററിനായി കേരള വേഷം ധരിച്ച സോണിയയും രാജീവും പോസ്സു ചെയ്തു. പിറ്റേന്നത്തെ മലയാള പത്രങ്ങളും ദേശീയ പത്രങ്ങളുമൊക്കെ പ്രധാനമന്ത്രിയുടേയും ഭാര്യയുടേയും ഈ വേഷപരിണാമത്തിന്റെ പീറ്റേഴ്‌സ് ചിത്രങ്ങളുമായാണ് പുറത്തിറങ്ങിയത്.പിന്നെയുമുണ്ട് ഏറെ കഥകള്‍. കൊച്ചിയില്‍ ദിവാന്‍സ് റോഡില്‍ താമസിച്ചിരുന്ന കുടുംബ സുഹൃത്തായ ഐഎഎസുകാരന്‍ പാലാട്ട് മോഹന്‍ദാസിന്റെ മകന്റെ ബാല്യകാല ചിത്രങ്ങള്‍ പകര്‍ത്തിയതും കുരുന്നിന്റെ നവരസങ്ങള്‍ എന്ന ക്യാപ്ഷനോടെ അത് ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും 1979-ലെ ലോക ശിശുവര്‍ഷം അനുബന്ധിച്ച് ജപ്പാനില്‍ സംഘടിപ്പിക്കപ്പെട്ട ഫോട്ടോഗ്രഫി മത്സരത്തില്‍ ഏറ്റവും മികച്ച ശിശു ചിത്രമായി അത് തെരെഞ്ഞെടുക്കപ്പെട്ടതുമൊക്ക ഇന്ന് പീറ്ററിന് മങ്ങിയ ഓര്‍മ്മകളായി മാറിയിരിക്കുന്നു. ഈ ചിത്രം കണ്ട് നടന്‍ ശിവാജി ഗണേശന്‍ പീറ്ററിനെ നേരിട്ടുവിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോയെടുത്ത് 22 വര്‍ഷങ്ങള്‍ക്കുശേഷം അന്നത്തെ ആ കുരുന്നു പയ്യന്‍ റോഷന്‍ മോഹന്‍ദാസ് എന്ന യുവാവായി പീറ്റേഴ്‌സിന്റെ സ്റ്റുഡിയോയിലെത്തിയതും പീറ്റര്‍ ആ പഴയ നവരസങ്ങള്‍ യുവാവിന്റെ മുഖത്തു നിന്നും ഒപ്പിയെടുക്കാന്‍ ശ്രമിച്ചതുമൊക്കെ കഥകള്‍.

വേറെയും എത്രയോ ചിത്രങ്ങള്‍. മരത്തടിയില്‍ കണ്ട പെയിന്റിങ്ങിനെ വെല്ലുന്ന നിറചാതുരി മുതല്‍ പ്രകൃതിയും മനുഷ്യനുമൊക്കെ ഒന്നിക്കുന്ന പല പല ഫ്രെയിമുകള്‍... പക്ഷേ പീറ്ററിന്റെ കൈയില്‍ ഇന്ന് പലതിന്റേയും പ്രിന്റുകള്‍ പോലുമില്ല. പലതും കംപ്യൂട്ടര്‍ പ്രിന്റുകളോ ഫോട്ടോ കോപ്പികളോ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പീറ്ററിനായി പോസ്സു ചെയ്ത ചിത്രവും മറ്റു അവശേഷിക്കുന്ന ചിത്രങ്ങളുമൊക്കെ വീട്ടിലെവിടെയൊക്കെയോ കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ് പീറ്റര്‍. അസുഖബാധിതനായി കിടക്ക വിടാനാകാതെ കിടന്ന കാലത്ത് നഷ്ടപ്പെട്ട ഫ്രെയിമുകളെപ്പറ്റിയാകും പീറ്റര്‍ ഇന്നും ചിന്തിക്കുന്നതെന്ന് തോന്നുന്നു.

പുഴയോരത്തെ വാടകവീട്ടില്‍ ആയുര്‍വേദ മരുന്നുകളുടെ ഗന്ധമാണെവിടേയും. കാറ്റ് അവയെല്ലാം താങ്ങി ഇടയ്ക്ക് പുറത്തെത്തിക്കും. വല്ലപ്പോഴുമെത്തുന്ന മാധ്യമസുഹൃത്തുക്കള്‍ക്കു മുന്നില്‍ പീറ്റര്‍ ഇടയ്ക്ക് പഴയ കാലത്തെപ്പറ്റി മനസ്സു തുറക്കും. അപ്പോള്‍ ഒരു നല്ല ഫ്രെയിം കണ്ട ഓര്‍മ്മകളില്‍ വിരഹിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ പഴയ തിളക്കം പ്രത്യക്ഷപ്പെടും. മറ്റാരും കാണാത്തത് തന്റെ വ്യൂഫൈന്‍ഡറിലൂടെ കാണുമ്പോഴുള്ള അതേ തിളക്കം തന്നെ!

(ഇന്ത്യാ ടുഡേ മുൻ അസിസ്റ്റന്റ് എഡിറ്ററും സ്മാർട്ട് ഡ്രൈവ് ഓട്ടോമൊബൈൽ മാസികയുടെ എഡിറ്ററുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories