TopTop
Begin typing your search above and press return to search.

ദക്ഷിണ ചൈന സമുദ്രം ചൈനയുടേതല്ല; കേസില്‍ ഫിലിപ്പൈന്‍സിന് വിജയം

ദക്ഷിണ ചൈന സമുദ്രം ചൈനയുടേതല്ല; കേസില്‍ ഫിലിപ്പൈന്‍സിന് വിജയം

ദക്ഷിണ ചൈന സമുദ്ര മേഖലയില്‍ പവിഴപ്പുറ്റ് ദ്വീപുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട കേസില്‍ ഫിലിപ്പൈന്‍സിന് ജയം. ഹേഗിലെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിധി പൂര്‍ണ്ണമായും ഫിലിപ്പൈന്‍സിന് അനുകൂലമാണ്. ഇത് മേഖലയിലേക്ക് സൈനിക വ്യാപനം നടത്തുന്ന ബീജിംഗിന് മേല്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദം വര്‍ദ്ധിപ്പിക്കും.

ചൈനയുടെ അവകാശ വാദങ്ങള്‍ക്ക് പ്രവൃത്തികള്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ അടങ്ങുന്നതാണ് ട്രിബ്യൂണലിന്റെ വിധി. ചൈനീസ് നാവികരും മത്സ്യത്തൊഴിലാളികളും ചരിത്രപരമായി ഈ ദ്വീപ് സമൂഹങ്ങളും സമുദ്രവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ചൈനയ്ക്ക് ഏകപക്ഷീയമായ നിയന്ത്രണം ഉണ്ടായിരുന്നതിന് തെളിവുകള്‍ ഇല്ല.അതുകൊണ്ട് തന്നെ '9 ഡാഷ് ലൈന്‍' പരിധിയില്‍ വരുന്ന സമുദ്ര ഭാഗത്ത് ചൈനയ്ക്ക് നിയമപരമായ യാതൊരു അവകാശവുമില്ല.

വിധിയോട് ശക്തമായ പ്രതിഷേധമാണ് ചൈന രേഖപ്പെടുത്തിയത്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിധിയല്ല ഇത് എന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവാ പറഞ്ഞു.

ചൈന മേഖലയില്‍ നടത്തുന്ന ഭൂമി പുനഃസ്ഥാപന പദ്ധതിയെയും ഹേഗ് ട്രിബ്യൂണല്‍ ശക്തമായി വിമര്‍ശിച്ചു. ഇത് അവിടത്തെ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്ന് ട്രിബ്യൂണല്‍ വിശദീകരിക്കുന്നു.

യു എസ്, യു കെ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഈ വിഷയത്തില്‍ ഫിലിപ്പൈന്‍സിന് ഉണ്ട്. എന്തായാലും വിധി ദക്ഷിണ ചൈന സമുദ്ര മേഖലയെ സംഘര്‍ഷ ഭരിതമാക്കുക തന്നെ ചെയ്യും.


Next Story

Related Stories