TopTop

കെഎം ജോസഫിനെ നിരാകരിച്ച കേന്ദ്ര നടപടിക്കെതിരെ മുൻ ജഡ്ജിയുടെ പൊതുതാൽപര്യ ഹരജി

കെഎം ജോസഫിനെ നിരാകരിച്ച കേന്ദ്ര നടപടിക്കെതിരെ മുൻ ജഡ്ജിയുടെ പൊതുതാൽപര്യ ഹരജി
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം തീരുമാനത്തെ നിരാകരിച്ച കേന്ദ്ര തീരുമാനത്തെ തള്ളണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി. മഹാരാഷ്ട്രയിലെ റിട്ടയേഡ് ജില്ലാ ജ്ഡ്ജിയായ ജിഡി ഇനാംദാറാണ് ഹരജി നൽകിയിരിക്കുന്നത്.

കൊളീജിയം നിർദ്ദേശങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് നടപ്പാക്കാൻ സർക്കാരിന് കഴിയില്ലെന്ന് ഇന്ദു മൽഹോത്രയെ ജഡ്ജായി ഉയർത്തുന്നതിൽ‍ തീരുമാനമെടുത്തതിനെ പരാമർശിച്ച് പരാതിക്കാരൻ പറഞ്ഞു. കൊളീജിയം ഏകകണ്ഠമായി നിർദ്ദേശിച്ചതാണ് കെഎം ജോസഫിന്റെ പേരെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജായി ഉയർത്തുന്നത് സംബന്ധിച്ച കൊളീജിയം നിർദ്ദേശം കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. കൊളീജിയം നിലപാടിൽ ഉറച്ചു നിന്നാൽ കേന്ദ്രത്തിന് നിയമനം നടപ്പാക്കേണ്ടി വരും. എന്നാൽ രണ്ടുദിവസം മുൻപ് കൂടിയ കൊളീജിയം ജോസഫിന്റെ കാര്യത്തിലുള്ള തീരുമാനം പിന്നത്തേക്ക് മാറ്റി വെക്കുകയാണുണ്ടായത്. ഉത്തരാഖണ്ഡിൽ കേന്ദ്ര സർക്കാർ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയത് ജസ്റ്റിസ് കെഎം ജോസഫാണ് നീക്കം ചെയ്തത്. ഇത് ബിജെപിക്ക് ജോസഫിൽ അതൃപ്തി വളര്‍ത്തിയിരുന്നു.

കൊളീജിയം തീരുമാനങ്ങളിൽ ഒരു ഉന്നതാധികാരിയായി കേന്ദ്രസർക്കാരിന് അടയിരിക്കാനാകില്ലെന്ന് ഇനാംദാറുടെ പൊതുതാൽപര്യ ഹരജി ചൂണ്ടിക്കാട്ടി. പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ കേന്ദ്രം കൊളീജിയം തീരുമാനത്തെ വീറ്റോ ചെയ്തതായും ഹരജി പറഞ്ഞു. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കി ഉയർത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം ഉയർത്തുന്ന വാദങ്ങൾ വെറും ഒഴിവുകഴിവുകളാണെന്നും ഹരജി പറയുന്നുണ്ട്.

Next Story

Related Stories