TopTop
Begin typing your search above and press return to search.

പിണറായി, താങ്കള്‍ മല്ലു മോദി ആകരുത്

പിണറായി, താങ്കള്‍ മല്ലു മോദി ആകരുത്

ഡി ധനസുമോദ്

ആദ്യമന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു പത്രസമ്മേളനം നടത്തുകയായിരുന്നു. 'എല്ലാ ബുധനാഴ്ചയും തന്നെ അല്ലേ ക്യാബിനറ്റ്' എന്ന് പാതി കുശലവും പാതി ഗൗരവത്തിലും ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. എല്ലാ മന്ത്രിസഭായോഗത്തിനു ശേഷവും നിങ്ങളെ നേരിട്ടു കാണണമെന്നില്ലല്ലോ എന്ന മറുചോദ്യമായിരുന്നു ഉത്തരം. പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ക്യാബിനറ്റ് ബ്രീഫിംഗ് അവസാനിപ്പിക്കുകയാണോ എന്ന് അന്ന് തന്നെ തന്നെ മാധ്യമ പ്രവര്‍ത്തകരില്‍ സംശയം ഉണ്ടായിരുന്നു. പിണറായിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതായിരുന്നു അതുകഴിഞ്ഞുള്ള ഓരോ ബുധനാഴ്ചകളും. മന്ത്രിസഭ യോഗം ഉണ്ടെങ്കിലും ഇതൊന്നും പത്രസമ്മേളനം നടത്തി അറിയിക്കാന്‍ മുഖ്യമന്ത്രി ഉണ്ടായില്ല. മുന്‍കാലങ്ങളിലും മുഖ്യമന്ത്രിക്ക് അസൗകര്യമുള്ളപ്പോള്‍ മറ്റു മന്ത്രിമാര്‍ പകരം എത്തുമായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പബ്ലിക് റിലേഷന്‍ മന്ത്രി കെ സി ജോസഫ് ആയിരുന്നു പത്രസമ്മേളനത്തില്‍ എത്തിക്കൊണ്ടിരുന്നത്. ഇത്തവണ ആരുമുണ്ടായില്ല. ഓരോ മന്ത്രിസഭാ യോഗം കഴിയുമ്പോഴും ഒരു പത്രക്കുറിപ്പ് ഓരോ മാധ്യമ സ്ഥാപനങ്ങളിലേക്കും അയക്കും. അങ്ങേയറ്റം മെലിഞ്ഞുണങ്ങിയ ഈ കുറിപ്പില്‍ സംസ്ഥാനത്തെ നിര്‍ണായകമായ തീരുമാനങ്ങള്‍ പോലും ഉണ്ടാകില്ല. ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്, സ്ഥലം മാറ്റം തുടങ്ങിയ കാര്യങ്ങള്‍ മാത്രമായിരിക്കും. പല നിര്‍ണായക തീരുമാനവും കുറിപ്പില്‍ വിഴുങ്ങും. അടച്ചുപൂട്ടാന്‍ ഹൈക്കോടതി വിധിച്ച മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ സ്ഥിരീകരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ നന്നേ ബുദ്ധിമുട്ടി. ഒടുവില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പ്രതികരണം വഴിയില്‍വച്ചു പിടിച്ചു വാങ്ങുകയായിരുന്നു. കാലിയായ ഖജനാവിന്റെ നിജസ്ഥിതി ബോധ്യപെടുത്താന്‍ ധവള പത്രം ഇറക്കാന്‍ തീരുമാനിച്ചതും ഇക്കാര്യം ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിനെ ഏല്‍പ്പിച്ചതുമൊക്കെ പാര്‍ട്ടി രഹസ്യം ചോര്‍ത്തി എടുക്കുന്നത് പോലെ സംഘടിപ്പിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം നിഷേധിക്കുന്നതല്ല ഇവിടെ പ്രശ്‌നം. മന്ത്രിസഭ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിക്കുക കൂടിയാണ്. പൂര്‍ണ സമയവാര്‍ത്ത ചാനലുകളുടെ എണ്ണം പെരുകിയതോടെ ഓരോ ബുധനാഴ്ചയും നടക്കുന്ന പത്രസമ്മേളനം ലൈവ് ആയി ടെലികാസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിമാരായിരുന്ന അച്യുതമേനോന്‍, പികെവി, ഇ.കെ നായനാര്‍, കെ. കരുണാകരന്‍ ഏ. കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഓരോരുത്തരും ഓരോ തരത്തിലാണ് പത്രസമ്മേളനം മുന്നോട്ടു കൊണ്ടുപോയിരുന്നത്.

തമാശയുടെ മേമ്പൊടിയോടെ നായനാരും തന്ത്രപൂര്‍വ്വം പെരുമാറിയും കണ്ണിറുക്കി കാട്ടി കരുണാകരനും ക്രൂരമായ ചോദ്യങ്ങളെ സൗമ്യതയോടെ നേരിട്ട് ആന്റണിയും വ്യത്യസ്തരായി. പത്രസമ്മേളനം കഴിഞ്ഞു പോകുന്ന വഴി ഒടുവിലത്തെ കസേരയില്‍ പിടിച്ചു മുനയുള്ള ഉത്തരം പറഞ്ഞിട്ട് വിഎസ് പോകാന്‍ തുടങ്ങിയതോടെ അദ്ദേഹം ഒടുവില്‍ തിരിഞ്ഞു നില്‍ക്കുന്ന സ്ഥലത്തിനു 'വിവാദമൂല' എന്ന പേര് പോലും ലഭിച്ചു. അഴിമതി മുതല്‍ ലൈംഗിക ആരോപണം വരെ പൂ പറിക്കുന്ന ലാഘവത്തോടെ ആണ് ഉമ്മന്‍ചാണ്ടി നേരിട്ടത്. കേട്ടിട്ടും കേട്ടില്ലെന്നു നടിച്ചു വീണ്ടും ചോദ്യം വരുമ്പോള്‍ ശ്രദ്ധിക്കുന്ന പോലെ അഭിനയിച്ചു ഉത്തരം ആലോചിച്ചു മറുപടി പറയും. ഉത്തരം പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ഉണ്ടാകുന്ന ആത്മവിശ്വാസം ലൈവ് ആയി കാണുമ്പോള്‍ അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ തെറ്റാണോ എന്ന് പോലും സാധാരണക്കാര്‍ക്ക് ചില സമയങ്ങളില്‍ എങ്കിലും തോന്നിപ്പോകും. രാഷ്ട്രീയയുദ്ധങ്ങള്‍ക്ക് വി എസ് പത്രസമ്മേളനത്തിലൂടെ വാള്‍ വീശുമ്പോള്‍ ആരോപണങ്ങള്‍ക്ക് നേരേ പരിച എടുക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. രാഷ്ട്രീയ ആരോപണങ്ങളുടെ പുകമറയില്‍ സുപ്രധാനമായ പല മന്ത്രിസഭ യോഗ തീരുമാനങ്ങളും ബ്രീഫിംഗിനിടയില്‍ ഉമ്മന്‍ ചാണ്ടി മറച്ചുവച്ചിട്ടുണ്ട്. മെത്രാന്‍ കായല്‍ പതിച്ചു നല്‍കുന്നതടക്കമുള്ള കടുംവെട്ട് കാബിനറ്റ് തീരുമാനങ്ങളാണ് പൂഴ്ത്തിവയ്ക്കപ്പെട്ടത്.അഴിമതി രഹിത ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയത്. ജി സുധാകരന്‍ മുതല്‍ പിണറായി വിജയന്‍ വരെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് ആണയിടുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് പൂഴ്ത്തിവയ്‌ക്കേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നു. മടിയില്‍ കനമില്ലാത്താവന് വഴിയില്‍ ഭയക്കേണ്ട എന്നു പറയുന്നതുപോലെ അഴിമതിരഹിത ഭരണം മുന്നോട്ടുവയ്ക്കുന്ന പിണറായി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ എന്തിനു ഭയക്കണം?

മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ ആ ആഴ്ചയില്‍ നടക്കുന്ന രാഷ്ട്രീയവിവാദങ്ങള്‍ മാത്രം വാര്‍ത്തയാകുകയും യോഗതീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. ബ്രീഫിംഗിന്റെ സാംഗത്യത്തെപ്പോലും ചോര്‍ത്തിക്കളയുന്നതാണ് ഇതുപോലെയുള്ള റിപ്പോര്‍ട്ടിംഗ്. ഈ പ്രശ്‌നം നിലനില്‍ക്കെ തന്നെ രാഷ്ട്രീയപ്രശ്‌നങ്ങളിലേക്ക് കടക്കാതെ മന്ത്രിസഭയോഗ തീരുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് താനിവിടെ എത്തിയിരിക്കുന്നത് എന്ന ഒറ്റവാക്യത്തില്‍ രാഷ്ട്രീയവിവാദം മാത്രം ലക്ഷ്യംവച്ച് എത്തുന്ന ചോദ്യങ്ങളുടെ മുനയൊടിക്കാന്‍ കഴിയും. ഇതിനു മുമ്പും പിണറായി ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഉത്ഘാടനം ചെയ്യാനെത്തിയപ്പോള്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് ചോദ്യമുയര്‍ന്നു. താനിപ്പോള്‍ ഇവിടെയെത്തിയത് അതിനെക്കുറിച്ച് സംസാരിക്കാന്‍ അല്ലല്ലോ എന്ന് തിരിച്ചു ചോദിച്ചാണ് അടുത്ത പ്രഭാതത്തില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന തലക്കെട്ടുകളെ മറികടന്നത്. ഇത്തരം തന്ത്രങ്ങള്‍ അധികനാള്‍ പുലര്‍ത്തിപ്പോരാന്‍ സാധിക്കില്ലെന്നും ചില ചോദ്യങ്ങള്‍ക്കു മുന്നില്‍ പിണറായി സ്വയമൊരുക്കുന്ന കവചം പൊളിഞ്ഞു വീഴുമെന്നും അദ്ദേഹത്തിനു തന്നെ ചിലപ്പോള്‍ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടു കൂടിയാവും ബ്രീഫിംഗ് നിരോധനം നടപ്പിലാക്കിയത്.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ കുടുങ്ങി നടപടി നേരിട്ട അനുഭവം പിണറായി മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെയാവണം അദ്ദേഹം ചോദ്യങ്ങളെ ഭയപ്പെടുന്നത്. മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പിണറായി സ്ഥിരമായി പറയുന്ന കാലം. അന്നൊരിക്കല്‍ വിഎസിനെതിരെ വാര്‍ത്ത വന്നു. മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്നു പറയുന്നവര്‍ തന്നെ മാധ്യമ സിന്‍ഡിക്കേറ്റിനെ ഉപയോഗിക്കുന്നതായി മുഖ്യമന്ത്രി ആയിരിക്കെ രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഎസ് തുറന്നടിച്ചു. മണിക്കൂറുകള്‍ക്കകം എ.കെ.ജി സെന്ററില്‍ പിണറായി വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തു. വിഎസിന്റെ പേരെടുത്തു പറയാതെ കുറ്റപ്പെടുത്തിയാണ് തുടങ്ങിയത്. സിന്‍ഡിക്കേറ്റ് വിഷയം വീണ്ടും എടുത്തിട്ടത് മാധ്യമങ്ങള്‍ അല്ല സഖാവ് വിഎസ് തന്നെ ആണെന്ന് ഇന്ത്യാവിഷന്‍ പ്രതിനിധി പറഞ്ഞതോടെ പിണറായിയുടെ സകല നിയന്ത്രണവും വിട്ടു. പാര്‍ട്ടി അച്ചടക്കചട്ടക്കൂടില്‍ ഒതുങ്ങി നിന്ന് സംസാരിച്ച സംസ്ഥാന സെക്രട്ടറിയേയല്ല പിന്നീട് മാധ്യമങ്ങള്‍ കണ്ടത്. ഒരു പിബി അംഗം മറ്റൊരു പിബി അംഗത്തോട് പുലര്‍ത്തേണ്ട മാന്യത ഉണ്ടായില്ലന്നൊക്കെ പിണറായി വിളിച്ചു പറഞ്ഞു. ഇതോടെ മുതിര്‍ന്ന രണ്ടു നേതാക്കന്മാരെയും പാര്‍ട്ടി പിബിയുടെ പുറത്തിരുത്തി. മറ്റൊരു സംഭവം മാറാട് കലാപം അന്വേഷണ കമ്മിഷന്‍ റിപോര്‍ട്ട് പുറത്തുവന്ന സമയത്ത് മുസ്ലീം ലീഗിനെ കുറ്റപ്പെടുത്താന്‍ പിണറായി വിളിച്ചു കൂട്ടിയ യോഗത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചത്, റിപോര്‍ട്ടില്‍ കമ്മിഷന്‍ കുറ്റപ്പെടുത്തുന്ന സിപിഎം ഭാഗത്തെ കുറിച്ചായിരുന്നു. ചോദ്യം കേട്ടതോടെ കരണ്‍ ഥാപ്പറുടെ മുന്നിലിരുന്ന് ഉത്തരം മുട്ടി മൈക്ക് വലിച്ചൂരി പോയ നരേന്ദ്ര മോദിയെ പോലെ പിണറായിയും പത്രസമ്മേളനം അവസാനിപ്പിച്ചു.

വിഎസിനെതിരെ പ്രമേയം നിലനില്‍ക്കുന്നുണ്ട് എന്ന് തെരഞ്ഞെടുപ്പിന് മുന്‍പേ പിണറായി പറഞ്ഞു കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പത്തോളം ജില്ലകളില്‍ നടത്താനിരുന്ന പത്രസമ്മേളനങ്ങളും മാറ്റിവച്ചു. പത്രസമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ 'തുപ്പല്‍ അകലത്തില്‍' ഇരിക്കാന്‍ മത്സരിക്കുന്ന പത്രപ്രവര്‍ത്തകരെക്കുറിച്ച് നിരവധി തമാശകള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഉയരാറുണ്ട്. ഇതു കേവലം തമാശ മാത്രം. മാധ്യമപ്രവര്‍ത്തകര്‍ എല്ലാ ബുധനാഴ്ചയും ബ്രീഫിംഗില്‍ പങ്കെടുക്കാന്‍ സമയം മാറ്റിവയ്ക്കുന്നത് സംസ്ഥാനത്തെ നിര്‍ണായകമായ തീരുമാനം ജനങ്ങളില്‍ എത്തിക്കാന്‍ തന്നെയാണ്. വാര്‍ത്തയ്ക്കുള്ളിലെ വാര്‍ത്തയ്ക്കുവേണ്ടി തൊടുത്തുവിടുന്ന ചോദ്യങ്ങളില്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സുതാര്യഭരണമെന്ന് അവകാശപ്പെടാന്‍ കഴിയില്ല.
മുഖ്യമന്ത്രി ആയശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവയൊക്കെ വിശദീകരിച്ച പിണറായിയോട് സത്യപ്രതിജ്ഞ ദിവസം ലക്ഷക്കണക്കിന് രൂപ മുടക്കി ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കടക്കം പരസ്യം നല്‍കിയതിനെക്കുറിച്ചും ഇതിലെ ധൂര്‍ത്തിനെ കുറിച്ച് ചോദ്യം ഉയര്‍ന്നു. 'എന്താ നിങ്ങള്‍ക്ക് പരസ്യം വേണ്ടേ ?, വേണ്ടെങ്കില്‍ ഇനി മുതല്‍ തരുന്നില്ല' എന്നായി പിണറായി. സര്‍ക്കാര്‍ പരസ്യം കൂടി നഷ്ടപ്പെട്ടു പോയാല്‍ വെള്ളത്തിലാകുന്ന ചില പത്രപ്രതിനിധികള്‍ പിണറായിയെ പിന്തിരിപ്പിച്ചു.

ലൈക് ചെയ്യാനും ഫോളോ ചെയ്യാനും മാത്രമാണ് മോദി അനുവദിക്കുന്നത്. ഇത്തരത്തില്‍ ഇരുമ്പുകൈ ഉപയോഗിക്കാതെ കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിന് കാബിനെറ്റ് ബ്രീഫിംഗ് പുന:സ്ഥാപിക്കണം. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മിഷന്റെ ഉത്തരവ് നിലവില്‍ ഉണ്ട്. ഈ ഉത്തരവിന്റെ ചുവട് പിടിച്ച് യോഗതീരുമാനത്തിന്റെ മിനിട്‌സ് അടക്കം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. രേഖകള്‍ മാത്രമല്ല, തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളും അനന്തരഫലങ്ങളും ജനങ്ങള്‍ക്ക് അറിയണമെങ്കില്‍ തുറന്നുള്ള സംവാദം തന്നെയാണ് ആവശ്യം. അല്ലാതെ ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ കഴിയാതെ ഒളിച്ചോടുകയും പത്രക്കാരെ ശത്രുക്കളായി കണക്കാക്കുകയും ചെയ്യാതെ ബ്രീഫിംഗ് ഒരു സാധ്യതയായി കണ്ട് അടച്ചിട്ട വാതിലുകള്‍ തുറന്നു കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

പിന്നില്‍കുത്ത്: തിരുവനന്തപുരത്ത് വാര്‍ത്താ ഏജന്‍സിയിലെ ലേഖകന്‍ കൂര്‍ത്ത്, മൂര്‍ച്ചയുള്ള ചോദ്യം ചോദിക്കുന്ന ആളാണ്. പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന പത്ര സമ്മേളനത്തില്‍ വെടിയുണ്ട പോലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ലേഖകന്റെ ചേതക് സ്‌കൂട്ടര്‍ വെടി പോയി ഇരിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories