TopTop
Begin typing your search above and press return to search.

'ജനം ആട്ടിപ്പുറത്താക്കുമെന്ന ഭയം' ഉണ്ടായിരിക്കണം; മുഖ്യമന്ത്രിയോടാണ്

ജനം ആട്ടിപ്പുറത്താക്കുമെന്ന ഭയം ഉണ്ടായിരിക്കണം; മുഖ്യമന്ത്രിയോടാണ്

അഴിമുഖം പ്രതിനിധി

ഭരണത്തിലേറി 60 ദിവസം തികയുന്നതിന് മുന്‍പ് വായടയ്‌ക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണം വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഇന്ത്യക്കാരന്റെ പോക്കറ്റില്‍ ഇട്ടുതരും എന്നുപറഞ്ഞ നരേന്ദ്ര മോദിയുടെ അതേ ഗതികേട്.

എഫ് ഡി ഐയും, പെട്രോള്‍ പാചകവാതക വിലവര്‍ദ്ധനവും, ആധാറും ആയുധമാക്കിയാണ് യുപിഎ സര്‍ക്കാരിനെ നരേന്ദ്ര മോദി ആക്രമിക്കുകയും ജനങ്ങളുടെ കൈയ്യടി നേടുകയും ചെയ്തത്. ആ കയ്യടികളെല്ലാം മോദിക്കിപ്പോള്‍ തിരിച്ചടികളായി. ഏതാണ്ട് ഇതേ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പിണറായിയും. മന്ത്രിസഭ യോഗ തീരുമാനം വികാരാവകാശ നിയമം അനുസരിച്ച് കൊടുക്കാതിരിക്കാന്‍ ഏതറ്റം വരെ പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറെടുക്കുന്നു. യുഡിഎഫ് ഭരണക്കാലത്ത് വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു എന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിട്ടു നാല് മാസം തികഞ്ഞിട്ടില്ല. പക്ഷെ ഭരണം മാറി പിണറായി മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ നയം തന്നെയാണ് ഇക്കാര്യത്തില്‍ തുടരുന്നത്.

'ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ അറിഞ്ഞാല്‍ ആട്ടി പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിക്കുന്ന വിജ്ഞാപനം ഇറക്കിയതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍,' ദേശാഭിമാനി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ മാര്‍ച്ച് 18 ന് ആയിരുന്നു. മുഖ്യമന്ത്രിയും പത്രവും ഇക്കാര്യം മറന്നെങ്കിലും ജനം മറന്നിട്ടില്ല.

മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള ഉന്നതരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം 'സുതാര്യത' പറയുന്ന മുഖ്യമന്ത്രിയുടെ ഒന്നാംതരം കാപട്യത്തിന് തെളിവാണെന്ന് പറഞ്ഞാണ് അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്.

മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം എന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതി കയറാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. ഇതിന് വിവിധ ന്യായങ്ങളും നിരത്തുന്നു.പണ്ട് പ്രസംഗിച്ച കാര്യങ്ങള്‍ ഇന്ന് മാറ്റി പറയുമ്പോള്‍ സ്ഥലവും തീയതിയും പടവും വെച്ചാണ് ട്രോളുകള്‍ വരുന്നത്. എന്താ മറവി രോഗം ബാധിച്ചോ എന്ന് പോലും ഇവര്‍ ചിന്തിച്ചിട്ടുണ്ടാവും. ഇതെന്തായാലും നേതാക്കന്മാര്‍ ഗൗരവപരമായി തന്നെ കാണണം.

ഭരണകക്ഷി കൊണ്ടു വരുന്ന എന്തിനെയും കണ്ണടച്ച് എതിര്‍ത്തശേഷം അധികാരത്തില്‍ എത്തുമ്പോള്‍ പഴയപടി ആവര്‍ത്തിക്കുന്നത് ജനാധ്യപത്യത്തോടുള്ള അവഹേളനമാണ് ; രാഷ്ട്രീയ നിരീക്ഷകന്‍ സിആര്‍ നീലകണ്ഠന്‍ അഴിമുഖത്തോട് പറഞ്ഞു.

തെരഞ്ഞെടുപ്പുകളെ വെറും പ്രഹസനമാക്കി മാറ്റുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും അദ്ദേഹം ആരോപിക്കുന്നു. 'തിരഞ്ഞെടുപ്പില്‍ ജനം തിരഞ്ഞെടുക്കുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെക്കുന്ന നയങ്ങളെയാണ്. എന്നാല്‍ ഇന്നു നയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടികള്‍ നയങ്ങള്‍ പഴയ പോലെ തന്നെ തുടരുകയാണ്. ഇത് തിരഞ്ഞെടുപ്പുകളെ തന്നെ അപ്രസക്തമാക്കും' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കള്ളപ്പണം തിരിച്ചു കൊണ്ടുവരും എന്നൊക്കെ പറഞ്ഞത് തെരഞ്ഞെടുപ്പു കാലത്തെ ജുംല ആയിരുന്നു എന്ന് എബിവിപി ക്യാമ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായി വാര്‍ത്ത പുറത്തു വന്നത് ഒരു കറുത്ത ഫലിതം ആയിരുന്നു. കാരണം വിദ്യാര്‍ഥി സംഘടന എന്ന രാഷ്ട്രീയ അംഗന്‍വാടിയില്‍ പ്രവേശിച്ച തുടക്കക്കാരോടാണ് തട്ടിപ്പിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയം എന്നത് ഭംഗിയായി ചിരിക്കുന്ന തെമ്മാടികളുടെ കൂട്ടം ആണെന്ന് പൊതുജനങ്ങള്‍ക്കു തോന്നാന്‍ മാത്രമായിരിക്കും ഇത്തരം ജുംലകള്‍ ഉപകരിക്കുന്നത്.തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാറുകയും രാഷ്ട്രീയം ദുഷിക്കുകയും ചെയ്തപ്പോള്‍ ഇതിനു ചെറുതായെങ്കിലും മാറ്റം വരുത്തിയത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം ആയിരുന്നു. ആദ്യം അധികാരത്തില്‍ ഇരുന്നത് 49 ദിവസം ആണെങ്കില്‍ പോലും ജലവിതരണം ഒരു പരിധിവരെ സൗജന്യം ആക്കിയും അഴിമതി ഇല്ലാതാക്കിയും മാതൃക സൃഷ്ടിച്ചു. കോര്‍പറേറ്റ് കമ്പനികളില്‍ വന്‍ ശമ്പളം കൈപ്പറ്റിയിരുന്ന അനില്‍ ശാസ്ത്രിയെ പോലുള്ളവര്‍ ജോലി ഉപേക്ഷിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ മുന്നേറ്റം ഇടയാക്കി. ആം ആദ്മിയില്‍ ഇപ്പോള്‍ പുഴുക്കുത്ത് ഉണ്ടെന്നതില്‍ സംശയമില്ല. പക്ഷെ വാഗ്ദാനങ്ങള്‍ പാലിക്കുന്ന കൂട്ടരാണ് എന്ന തോന്നല്‍ ഡല്‍ഹിക്കാര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കുറഞ്ഞകാലം കൊണ്ട് ആം ആദ്മിക്ക് കഴിഞ്ഞു.

യുഡിഎഫിന്റെ കൊള്ളരുതായ്മാകളെ സഹിക്കതെയാണ് എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചു സിപിഎമ്മിനെ കേരളം അധികാരം ഏല്‍പ്പിച്ചത്. വിവരാവകാശ നിയമത്തിനെതിരെ കോടതിയില്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹം ആണെന്ന് രമേശ് ചെന്നിത്തല ഇപ്പോള്‍ പറയുന്നതില്‍ ജനം വിശ്വസിക്കണം എന്നില്ല കാരണം സിപിഎം ഇപ്പോള്‍ ചെയ്തത് തന്നെ ആണ് മൂന്നുമാസം മുന്‍പ് വരെ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭ ചെയ്തിരുന്നത്.

ഒന്നുകില്‍ പറഞ്ഞതെല്ലാം ചെയ്യുക അല്ലെങ്കില്‍ ചെയ്യാന്‍ പറ്റുന്നത് മാത്രം പറയുക. നടക്കാത്ത കാര്യം പറഞ്ഞു ആളുകളെ വിഡ്ഢികള്‍ ആക്കരുത്. എല്ലാം പത്രക്കാര്‍ മാറ്റി എഴുതിയതാണ് എന്ന് പറഞ്ഞ് ഒഴിയാനോ ജനം എല്ലാം മറന്നു കാണും എന്നതൊക്കെ ആണ് ഇത്ര ആത്മവിശ്വാസം നല്‍കുന്നതെങ്കില്‍ ഓര്‍മിക്കുക ഇത് ഡിജിറ്റല്‍ യുഗമാണ്.

ഇക്കാര്യം നരേന്ദ്ര മോദി മാത്രമല്ല പിണറായി വിജയനും ഓര്‍ക്കുന്നത് നന്ന്.


Next Story

Related Stories