TopTop
Begin typing your search above and press return to search.

മിസ്റ്റര്‍ പിണറായി, മുഖ്യമന്ത്രിയായുള്ള അങ്ങയുടെ വരവും കാത്ത് കേരളമക്കള്‍

മിസ്റ്റര്‍ പിണറായി, മുഖ്യമന്ത്രിയായുള്ള അങ്ങയുടെ വരവും കാത്ത് കേരളമക്കള്‍

ചത്താല്‍ കുഴിച്ചിടണം. അല്ലെങ്കില്‍ ദഹിപ്പിക്കണം. അതുമല്ലെങ്കില്‍ കുന്നിന്‍മുകളില്‍ പക്ഷികള്‍ക്കു ഭക്ഷണമാകാന്‍ പരുവത്തില്‍ വച്ചുകൊടുക്കണം. ഇല്ലെങ്കില്‍ ശവം അഴുകും. പുഴുക്കും. നാറും. ആരുടെ ശവമാണെങ്കിലും. ഏതു വിശ്വാസത്തിന്റേതായാലും. ഏതു പ്രസ്ഥാനത്തിന്റേതായാലും.

ഈ സാമാന്യമായ തിരിച്ചറിവ് ഇല്ലാതെ പോയതുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തം ശേഷക്രിയയ്ക്ക് പകരം ജന്മദിനം ആഘോഷിക്കുന്നത്.

70 കൊല്ലം കമ്മ്യൂണിസ്റ്റ് ചിന്താധാരയില്‍ വളര്‍ന്നുവികസിച്ച സോവിയറ്റ് യൂണിയനാണ് ഒറ്റ രാത്രി കൊണ്ട് തകര്‍ന്നുവീണത്. ലോകമുതലാളിത്ത രാജ്യങ്ങള്‍ പതിയിരുന്നാക്രമിച്ച് തകര്‍ത്തതായിരുന്നില്ല സോവിയറ്റ് യൂണിയനെ. അഴിമതി നടത്താനും ഏതു കുറ്റകൃത്യം ചെയ്യാനുമുള്ള ലൈസന്‍സായും പാര്‍ട്ടി എന്ന അപ്പാരറ്റസ് മാറിയപ്പോള്‍, നേതാക്കളും കമ്മിസാര്‍മാരും ധാര്‍ഷ്ട്യം ചീറ്റുന്ന വിഷസര്‍പ്പങ്ങളായി. ജനം അതോടെ പാര്‍ട്ടിയില്‍ നിന്നകന്നു. നേതാക്കളുടെ പ്രതിമകള്‍ തകര്‍ത്തു. പാര്‍ട്ടി സഖാക്കള്‍ക്ക് പാര്‍ട്ടി ഓഫീസ് തുറക്കാന്‍ പോലും വയ്യാത്ത അവസ്ഥയുണ്ടായി. സി.പി.എസ്.യു. ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടി പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തി.

ബംഗാളില്‍ നടന്നതും ഇതൊക്കെ തന്നെ. പാര്‍ട്ടി ഓഫീസിലേക്ക് പോയ ഒരു ട്യൂബ് മമത ബാനര്‍ജി ഒന്നു വെറുതേ പിടിച്ചു വലിച്ചതേയുള്ളു. അതോടെ, സ്വന്തം ജനതയ്ക്കു നേരെ, വന്‍കിട മുതലാളിമാര്‍ക്കു വേണ്ടി, തോക്കു ചൂണ്ടിയ പാര്‍ട്ടിയുടെ ശ്വാസം നിലച്ചു. അപ്പോഴാണ് മനസ്സിലായത് പാര്‍ട്ടി ഏറെ വര്‍ഷങ്ങളായി വെന്റിലേറ്ററില്‍ ആയിരുന്നുവെന്ന്. അതോടെ, മുന്‍കാല പ്രാബല്യത്തോടെ, ജഡം അഴുകി മണ്ണില്‍ ലയിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഖനനമല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല.

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെത്തന്നെ. അഴുകിയ ജഡം അപകടകാരിയാണ്. അത് നമ്മുടെ ലോജിക്കിന് പുറത്തു വളരും. നിനച്ചിരിയ്ക്കാത്തതൊക്കെ ആ ജഡം പുറത്തുവിടും. അതുകൊണ്ടാണ് വി.എസ്. പോളിറ്റ്ബ്യൂറോയ്ക്കയച്ച കത്തിന്‍മേല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കി, നാളിതുവരെ കാണാത്ത രീതിയില്‍ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം വിളിച്ചുകൂട്ടി പത്രക്കാരുടെ മുന്നില്‍ വായിക്കുന്നത്. സംസ്ഥാന സെക്രട്ടറി പ്രമേയം വായിച്ചശേഷവും അങ്ങനയൊരു കത്ത് പി.ബി. ഇതുവരെ വായിച്ചിട്ടില്ല എന്ന് യെച്ചൂരിയും രാമചന്ദ്രന്‍പിള്ളയും കാരാട്ടും പറയുന്നത്. പിണറായി വിജയന്റെ പത്രസമ്മേളനം കഴിഞ്ഞ ഉടന്‍ അയാള്‍ എനിയ്‌ക്കെതിരെ എന്തൊക്കെയോ നടപടികള്‍ എടുത്തു എന്നു പറയുന്നു, പക്ഷെ ഞാനതൊക്കെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് വി.എസ്. പറയുന്നത്. പാര്‍ട്ടി വിരുദ്ധന്റെ മനോനിലയിലേക്കു താണു എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ വിശേഷിപ്പിച്ച അതേ വി.എസ്. അടുത്ത ദിവസം സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയര്‍ത്തുന്നതും സമ്മേളനം നിയന്ത്രിയ്ക്കാനുള്ള പ്രസീഡിയത്തില്‍ ഇരിക്കുന്നതും. അതുകൊണ്ടാണ് സമ്മേളനത്തില്‍ നിന്ന് വി.എസ്. ഇറങ്ങിപ്പോകുന്നതും.1996 കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ വാട്ടര്‍ഷെഡ് ആണ്. ഒരു കൂട്ടക്കുരുതിയുടെ തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചു. മൂന്നാമതൊരങ്കത്തിനു കൂടി ബാല്യമുണ്ട് എന്ന് സ്വപ്നം കണ്ടിരുന്ന ഇ.കെ.നായനാര്‍ ഒരു ദുഃസ്വപ്നം കണ്ടവനെപ്പോലെ ഞെട്ടിഉണര്‍ന്നു. അതുവരെ അറിയപ്പെട്ടിരുന്ന നായനാര്‍ ഗ്രൂപ്പില്‍ നിന്നും നായനാര്‍ ഔട്ട്. നായനാരെ മുന്നില്‍ നിര്‍ത്തി ഗ്രൂപ്പ് കളിച്ചിരുന്ന സി.ഐ.ടി.യു. ഗ്രൂപ്പ് മറനീക്കി പുറത്തുവന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സുശീലാ ഗോപാലനേയും പാര്‍ട്ടി സെക്രട്ടറിയായി കെ.എന്‍.രവീന്ദ്രനാഥിനെയും സി.ഐ.ടി.യു. നിര്‍ദ്ദേശിച്ചു.

അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാര്‍ക്ക് ഒരു കാര്യം വ്യക്തമായി. ഭരണത്തില്‍ നിന്നും പാര്‍ട്ടി തലപ്പത്തു നിന്നും താന്‍ പുറത്താകാന്‍ പോകുന്നു. തന്റെ അനുയായികള്‍ എന്നു താന്‍ കരുതിയിരുന്നവര്‍ തന്നെ പിന്നില്‍ നിന്നു കുത്തുന്നു. സെക്രട്ടേറിയേറ്റിലെ തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ വച്ചു പാസാക്കേണ്ട ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറിയായ നായനാര്‍ പക്ഷെ, അന്നു രാത്രി ബദ്ധശത്രു എന്നു കരുതിയിരുന്ന വി.എസുമായി ചര്‍ച്ച നടത്തി. സംസ്ഥാന കമ്മിറ്റിയില്‍ നായനാര്‍ മുഖ്യമന്ത്രിയാകാനുള്ള സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. വി.എസ്. ഗ്രൂപ്പിനൊപ്പം നായനാര്‍ ഗ്രൂപ്പിലെ സി.ഐ.ടി.യു. അംഗങ്ങള്‍ ഒഴിച്ചുള്ളവര്‍ നായനാര്‍ക്ക് വോട്ട് ചെയ്തു. സുശീലാഗോപാലന്‍ തോറ്റു. പാര്‍ട്ടി സെക്രട്ടറിയായി ചടയന്‍ ഗോവിന്ദന്‍ ജയിച്ചു. രവീന്ദ്രനാഥ് തോറ്റു.

ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയും ഭരണവും കൈക്കലാക്കാമെന്ന സി.ഐ.ടി.യു. ഗ്രൂപ്പിന്റെ നീക്കത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ഇ.എം.എസ്. ആയിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയ ശേഷം ഇ.എം.എസ്. കേരളത്തിലെ പാര്‍ട്ടിയുടെ സി.ഐ.ടി.യു. ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രബലരായ സി.ഐ.ടി.യു. നേതാക്കള്‍ക്കാര്‍ക്കും ജനസ്വാധീനമില്ലായിരുന്നു. അതുകൊണ്ടാണ് ഭരണരംഗത്ത് വട്ടപ്പൂജ്യമായിരുന്നെങ്കിലും ജനപ്രിയനായകനായ നായനാരെ സി.ഐ.ടി.യു. ഗ്രൂപ്പ് മുന്നില്‍ നിര്‍ത്തിക്കളിച്ചത്. അരങ്ങില്‍ വരാന്‍ നേരമായി എന്ന് ഇ.എം.എസ്. കവടിനിരത്തി കണ്ടെത്തിയ സമയം പക്ഷെ, തെറ്റി. ഒന്നു തളളിയാല്‍ താനേ മാറിക്കൊള്ളും എന്നു കരുതിയിരുന്ന നായനാര്‍ മാറിയില്ല എന്നു മാത്രമല്ല, എതിര്‍ഗ്രൂപ്പിന്റെ നേതാവായ വി.എസുമായി ധാരണയിലെത്തി സി.ഐ.ടി.യു. ഗ്രൂപ്പിന്റെ മോഹങ്ങളേയും ഇ.എം.എസിന്റെ കണക്കുകൂട്ടലുകളേയും തെറ്റിച്ചു.

പകരം വി.എസ് ഒരു കാര്യം നായനാരില്‍ നിന്നും ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ഗ്രൂപ്പിന്റെ കൂട്ടക്കുരുതിയ്ക്ക് നായനാരുടെ മൗനാനുമതി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സി.ഐ.ടി.യു. നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടിയ്ക്കു പുറത്തായി. അല്ലെങ്കില്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയരായി. ഏതു നടപടിയ്ക്ക് മുമ്പും ഒരന്വേഷണ കമ്മീഷന്‍ ഉണ്ടാകും. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ട് കമ്മീഷനു നല്‍കിയിരിക്കും. (അത് അന്നും ഇന്നും ഒരുപോലെ തന്നെ.) പിന്നീട്, ജനാധിപത്യരീതിയില്‍ സഖാവിന്റെ കഥ കഴിയ്ക്കും. അന്ന് വി.എസിന്റെ വലംകൈയ്യായി പ്രവര്‍ത്തിച്ചവരായിരുന്നു പിണറായിയും കോടിയേരിയും എം.എ.ബേബിയും. വി.എസിന്റെ നീക്കങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ചാവേറുകളെപ്പോലെയായിരുന്നു മൂവര്‍ സംഘം പ്രവര്‍ത്തിച്ചത്. ഏറ്റവും പ്രിയപ്പെട്ട ചാവേര്‍ പിണറായി. ആ പ്രിയമാണ് ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് (1998) പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പിണറായിയെ പരിഗണിയ്ക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതും. (ആ തീരുമാനത്തെ ഓര്‍ത്ത് വി.എസ്. പിന്നീട് ഒത്തിരി വേദനിച്ചിട്ടുണ്ടാകും.)

വി.എസിന്റെ തന്ത്രങ്ങള്‍ നല്ല പോലെ അറിയാമായിരുന്ന പിണറായി ആ തന്ത്രങ്ങള്‍ ഉപയോഗിച്ചുതന്നെ വി.എസ് ഗ്രൂപ്പിനെ വെട്ടിവീഴ്ത്തുന്നതാണ് പിന്നീട് കാണുന്നത്. അതോടെ, സി.ഐ.ടി.യു. ഗ്രൂപ്പിനു പിറകെ വി.എസ് ഗ്രൂപ്പും ഇല്ലാതായി. പാര്‍ട്ടിയില്‍ ഒറ്റ ശബ്ദം മാത്രം. പിണറായി.എല്ലാ പാര്‍ട്ടി മീറ്റിംഗുകളിലേയും പ്രധാന അജണ്ട വി.എസ്. വിരോധമായി മാറി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കണ്ട എന്ന പിണറായിയുടെ തീരുമാനത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കെല്‍പ്പില്ലായിരുന്നു. പക്ഷെ, ആ തീരുമാനവും പിന്നീട് വി.എസിനെ മുഖ്യമന്ത്രിയാക്കണ്ട എന്ന തീരുമാനവും അഞ്ചുകൊല്ലം കഴിഞ്ഞ് (2011) വി.എസ്. മത്സരിക്കേണ്ടതില്ല എന്ന തീരുമാനവും പോളിറ്റ് ബ്യൂറോ ഇടപെട്ടു മാറ്റി. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പരിചയമുള്ളതായിരുന്നില്ല ഇത്തരം തിരുത്തലുകള്‍. 'പാര്‍ട്ടി വിരുദ്ധന്‍' എന്ന് മുദ്രകുത്തിയ വി.എസിനെ മാറ്റിനിര്‍ത്താന്‍ പി.ബി.യ്ക്ക് കഴിയാതിരുന്നതിനു കാരണം വി.എസിന്റെ ജനസ്വാധീനത്തേക്കാള്‍ പി.ബി. അംഗങ്ങളുടെ ജനസ്വാധീനമില്ലായ്മയായിരുന്നു.

ബംഗാളി ഘടകത്തിന്റെ കാര്യങ്ങള്‍ ബംഗാള്‍ ഘടകവും കേരള ഘടകത്തിന്റെ കാര്യങ്ങള്‍ കേരള ഘടകവും തീരുമാനിയ്ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഈ രണ്ടു ഘടകങ്ങളില്‍ നിന്നുള്ള പി.ബി. അംഗങ്ങള്‍ക്കുപോലും വലിയ ജനസ്വാധീനമില്ല. പിന്നീടുള്ളതാണ് അവൈലബിള്‍ പി.ബി. എന്ന പേരില്‍, അറിയപ്പെടുന്ന, ദില്ലിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള, രാജ്യത്തിന്റെ ഒരിടത്തും വേരോട്ടമില്ലാത്ത നാലു പി.ബി.അംഗങ്ങള്‍ - പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട്, സീതാറാം യെച്ചൂരി, എസ്.രാമചന്ദ്രന്‍പിള്ള.

ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ. പ്രവര്‍ത്തനത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങളിലൂടെ, വര്‍ഗസമരങ്ങളിലൂടെ വളര്‍ന്നുവന്നവരല്ല കാരാട്ടും യെച്ചൂരിയും. വിമല രണദിവയ്‌ക്കോ, കെ.ആര്‍.ഗൗരിയ്‌ക്കോ എത്താന്‍ കഴിയാതിരുന്ന പി.ബി.യില്‍ എങ്ങനെയാണ് ബൃന്ദാകാരാട്ട് എത്തിയത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. രാമചന്ദ്രന്‍പിള്ളയാകട്ടെ, ഈ നാട്ടില്‍ നടക്കുന്നതൊന്നും അറിയുന്നയാളല്ല. അറിഞ്ഞാല്‍ തന്നെ അതേക്കുറിച്ച് ചര്‍ച്ച ചെയ്ത് അദ്ദേഹം കാലംകഴിക്കും. ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ രാമചന്ദ്രന്‍പിള്ളയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ചര്‍ച്ചയാണ്.

ഈ നാലുപേരാണ് എല്ലാ ദിവസവും പാര്‍ട്ടി ആസ്ഥാനത്ത് ഒരുമിച്ചുകൂടി കാര്യങ്ങള്‍ വിലയിരുത്തുന്നത്. കാരാട്ടിനെ ബംഗാള്‍ ഘടകത്തിന് സ്വീകാര്യമല്ല. നന്ദിഗ്രാമിന്റെ കാലത്തു തുടങ്ങിയതാണ് ഈ എതിര്‍പ്പ്. അതുകൊണ്ടു തന്നെ, കാരാട്ടിന് കേരള ഘടകത്തെ കൂടെ നിര്‍ത്തിയേ പറ്റൂ. കേരള ഘടകം എന്നാല്‍ പിണറായി വിജയനാണ്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കാരാട്ടിന് ലാവ്‌ലിന്‍ കേസില്‍ പിണറായിക്കൊപ്പം നിന്നേ മതിയാവൂ; വസ്തുതകള്‍ പിണറായിയ്‌ക്കെതിരെയാണെങ്കിലും ടി.പി.വധക്കേസില്‍ പിണറായിയ്‌ക്കൊപ്പമേ നില്‍ക്കാന്‍ കഴിയൂ; സംശയത്തിന്റെ മുന നീളുന്നത് പിണറായി ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന് നേരെയാകുമ്പോള്‍ പോലും. സെക്രട്ടേറിയറ്റ് സമരം ചീറ്റിപ്പോയതിന്റെ കാരണം അന്വേഷിക്കാന്‍ കഴിയില്ല; കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും കാരണം അറിയാമെങ്കിലും. പാര്‍ട്ടിയുടെ ആലപ്പുഴ സംസ്ഥാന സമ്മേളനം എന്തുകൊണ്ട് വി.എസ്. വിരോധം എന്ന ഒറ്റ അജണ്ടയായി എന്ന് ചോദിക്കാന്‍ കഴിയില്ല. അതു പാര്‍ട്ടിയുടെ എല്ലാ മര്യാദകളേയും തകര്‍ക്കുന്നതാണെന്നറിയാമെങ്കിലും. പിണറായി വിജയന്‍ തെളിച്ചുകൊണ്ടുവന്ന സമ്മേളന പ്രതിനിധികള്‍ വി.എസിനെ വെട്ടിക്കളയണമെന്നും ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണം എന്നു പറയുമ്പോള്‍, സ്വന്തം വശം വ്യക്തമാക്കാനുള്ള വി.എസിന് ഒരുക്കി കൊടുക്കുന്നതിനുള്ള സംഘടനാപരമായ മര്യാദ പോലും കാരാട്ട് മറന്നുപോയി.

സംഘടനാ റിപ്പോര്‍ട്ട് വി.എസിനെതിരെയുള്ള കുറ്റപത്രമാണ്. ഒഞ്ചിയത്തെ റോഡിലിട്ട് 51 വെട്ടുവെട്ടിയാണ് പാര്‍ട്ടി ടി.പി.യെ കൊന്നതെങ്കില്‍ സംസ്ഥാനസമ്മേളനത്തില്‍ അതിലേറെ വെട്ടുകള്‍ കൊടുത്താണ് വി.എസിനെ ഇല്ലാതാക്കുന്നത്. അതില്‍ പ്രതിഷേധിച്ചാണ് വി.എസ്. സമ്മേളന ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയ്ക്കും പിടിച്ചുപറി യ്ക്കുമെതിരെ പ്രതികരിക്കുന്നതിനു പകരം പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സമ്മേളനത്തിനെ കൊണ്ടെത്തിക്കുമ്പോഴും പിണറായി വിജയന്‍ ചില കണക്കുകള്‍ കൂട്ടുകയാണ് കഴിഞ്ഞ 15 വര്‍ഷമായി വി.എസിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി താന്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന വേളയിലെങ്കിലും തിരുത്തിയേ പറ്റൂ. പാര്‍ലമെന്ററി രംഗത്തേയ്ക്കു കടക്കുന്ന തന്റെ മുന്നില്‍ ഒരു അപശകുനം പോലെ വി.എസ്. ഉണ്ടാകാന്‍ പാടില്ല. ഈ സമ്മേളനത്തിലൂടെ വി.എസിനെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി അതിനു കഴിയില്ല. കാരണം, ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ തന്റെ ചൊല്പടിയ്ക്കു നിന്നിരുന്ന കാരാട്ട് സ്ഥാനം ഒഴിയും. പകരം വരുന്ന യെച്ചൂരിയ്ക്കാകട്ടെ തന്നെ അത്ര പിടുത്തമില്ല. എന്നതു മാത്രമല്ല, വി.എസിനെക്കുറിച്ച് മതിപ്പുള്ളയാളുമാണ്.ഈ കാരണങ്ങള്‍ കൊണ്ടാണ് സമ്മേളനം തുടങ്ങുന്നതിന് തലേന്നാള്‍, പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരായി, വി.എസിനെതിരായി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയതും എല്ലാ പാര്‍ട്ടി കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട് പ്രമേയം പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചതും. പാര്‍ട്ടി സമ്മേളനം നാണക്കേടിന്റെ തിരക്കഥയാക്കി മാറ്റിയതും.

അപ്പോഴും പാര്‍ട്ടിയോ പാര്‍ട്ടി സംഘടനയോ ഈ 16 വര്‍ഷം കൊണ്ട് പാര്‍ട്ടിയ്ക്കും ഇടതുമുന്നണിയ്ക്കും പിണറായി വിജയന്‍ ഉണ്ടാക്കിയ അവമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല.

ആദ്യം പറയേണ്ടത് ലാവ്‌ലിന്‍ കേസു തന്നെ. വെറും ഒന്നരക്കൊല്ലം മന്ത്രിയായിരുന്ന കാലയളവിനുള്ളിലാണ് പിണറായി വിജയന്‍ 374 കോടി രൂപയുടെ അഴിമതി ഉണ്ടെന്ന് പറയപ്പെടുന്ന ലാവ്‌ലിന്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ആരോപണം. ലാവ്‌ലിന്‍ കമ്പനി നല്‍കാമെന്ന് ഏറ്റ കമ്മീഷനെ കുറിച്ച് പിണറായി ആ സമയത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു. ഇ.എം.എസ്. കൂടി ഉള്‍പ്പെട്ട കമ്മറ്റിയാണ് കമ്മിഷന്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. കമ്മീഷന്‍ തുക കിട്ടിയ സമയത്താണ് എ.കെ.ജി. സെന്റര്‍ മോടിപിടിപ്പിച്ചതും, അതിനടുത്തായി സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കായി ഫ്‌ളാറ്റ് പണിതതും കൈരളി ചാനല്‍ തുടങ്ങിയതും എന്ന് ഓര്‍ക്കുക. കമ്മീഷന്‍ തുകയുമായി പാര്‍ട്ടിയെ ബന്ധിപ്പിച്ച ശേഷം ബാക്കിയുള്ള 90 കോടിയിലേറെ രൂപയുടെ കണക്ക് അദൃശ്യമായി മാറുകയായിരുന്നു. പണം മുഴുവന്‍ തന്നു എന്ന് ലാവ്‌ലിന്‍ കമ്പനി പറയുമ്പോഴും പണം എത്തിയതായി തെളിവുകള്‍ ഇല്ല. ആദ്യഗഡുവായ പത്തു കോടി എത്തിയ വഴിയാകട്ടെ ചരിത്രത്തില്‍ നിന്നേ മാഞ്ഞുപോയിരിക്കുന്നു. (ടെക്‌നികാലിയ എന്ന സ്ഥാപനം വഴിയാണ് 10 കോടി രൂപ എത്തിയത്. പക്ഷെ, ഇന്ന് ടെക്‌നികാലിയ ഇല്ല. അതിന്റെ അടയാളങ്ങള്‍ പോലും മായ്ക്കപ്പെട്ടിരിക്കുന്നു.) കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കോടതി വിചാരണ കൂടാതെ തന്നെ കുറ്റപത്രം തള്ളിക്കളഞ്ഞതോടെ സാങ്കേതികമായി വിജയന്‍ പ്രതിസ്ഥാനത്തില്ല. പക്ഷെ, രാഷ്ട്രീയത്തില്‍ സാങ്കേതികത്വത്തിന് എന്താണ് പ്രസക്തി? തീരെ കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു നടപടിയ്ക്ക് കോടതി എന്തിനു തുനിഞ്ഞുവെന്ന് കേരളത്തിലെ ഒരു മാധ്യമവും ചോദിക്കുന്നില്ല. (സമാനമായ സാഹചര്യത്തില്‍ ഗുജറാത്ത് ഹൈക്കോടതി അമിത്ഷായ്‌ക്കെതിരെയുള്ള കുറ്റപത്രം റദ്ദുചെയ്തതിനെ കുറിച്ച് ഒട്ടേറെ സംശയങ്ങള്‍ 'ഔട്ട് ലുക്ക്' കവര്‍‌സ്റ്റോറി ചെയ്ത കാര്യം ഇവിടെ ഓര്‍ക്കണം).

കൈരളി ചാനല്‍ തുടങ്ങുന്നത് ലാവ്‌ലിന്റെ കോഴപ്പണം ഉപയോഗിച്ചാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചാനല്‍ തുടങ്ങി ഒന്നോ രണ്ടോ വര്‍ഷം കഴിയും മുമ്പ് കുറേ തൊഴിലാളികളെ പിരിച്ചുവിട്ടതിനെ ന്യായീകരിച്ചുകൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചത്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയ്ക്ക് മുതലാളിയുടെ ശബ്ദം നന്നേ ഇണങ്ങുന്നുണ്ടല്ലോ എന്ന് അന്നാദ്യമായാണ് കേരളം തിരിച്ചറിഞ്ഞത്. തീര്‍ന്നില്ല, ആ ചാനല്‍ ഉപയോഗിച്ചുകൊണ്ടാണ് പിണറായി വിജയന്‍ തന്റെ വിശ്വസ്തനായ ജോണ്‍ ബ്രിട്ടാസിനെ ഉപയോഗിച്ച് വി.എസിനെ നിരന്തരം അടിച്ചുകൊണ്ടിരുന്നത്. അതില്‍ ഏറ്റവും മാരകമായത് 'വെറുക്കപ്പെട്ടവന്‍' എന്ന് വി.എസ്. വിശേഷിപ്പിച്ച ഫാരീസ് അബൂബക്കറെകൊണ്ട് കൈരളി ചാനലിലൂടെ വി.എസിനെ അധിക്ഷേപിച്ചതാണ്. ഓര്‍ക്കണം, വി.എസ്. അന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നു. പാര്‍ട്ടിയുടെ പി.ബി.അംഗമായിരുന്നു. (വി.എസിനെ തള്ളി ഫാരീസിനെ കൊള്ളാന്‍ ചാനലിനെയും പാര്‍ട്ടിയേയും സ്വാധീനിച്ച ഘടകങ്ങള്‍ എന്തായിരുന്നു?). ഏറെ വിചിത്രമായി തോന്നിയത് ഒരു സുപ്രഭാതത്തില്‍ ജോണ്‍ബ്രിട്ടാസ് വിപ്ലവപാര്‍ട്ടി ചാനലില്‍ നിന്ന് രാജിവച്ചതും പിണറായി വിജയന്‍ നേരിട്ടു വന്ന് തന്നെ വിടപറയല്‍ സമ്മേളനത്തില്‍ പ്രസംഗിച്ചതും ബ്രിട്ടാസ് നല്ല ഒന്നാംതരം ബൂര്‍ഷ്വാ മാധ്യമരാജാവിന്റെ ഏഷ്യാനെറ്റ് ചാനലില്‍ ചേര്‍ന്നതും പിന്നീട്, വിപ്ലവചാനലില്‍ പഴയ ആ സ്ഥാനത്ത് തന്നെ തിരിച്ചെത്തിയതുമാണ്. (അത്തരം സൈദ്ധാന്തികപരമായ വ്യത്യാസങ്ങളില്‍ നിന്ന് സഖാക്കള്‍ എന്നേ മുക്തി നേടിയിരിക്കുന്നു.)

മറ്റൊന്ന് ടി.പി.വധമാണ്. പാര്‍ട്ടി ക്വട്ടേഷന്‍ കൊടുത്ത് മുന്‍ പാര്‍ട്ടി മെമ്പറെ കൊല്ലുക. അതിന്റെ ചരട് പാര്‍ട്ടി സഖാക്കള്‍ തന്നെ വലിയ്ക്കുക. നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തന്നെ എത്തുക. കോടതിശിക്ഷിച്ച പ്രതികള്‍ തന്നെ ജില്ലാ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെടുക. ഗൂഢാലോചന അന്വേഷിച്ചിരുന്നെങ്കില്‍ കുറ്റവാളികളായി മാറുമായിരുന്നവര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി തുടരുക... അങ്ങനെ അവിശ്വസനീയമായ എത്രയെത്ര അസംബന്ധ നാടകങ്ങളാണ് ടി.പി.വധവുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്നത്?

ലാവ്‌ലിന്‍ കേസ് വിശദമായി റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് മാതൃഭൂമി പത്രം ചെയ്ത തെറ്റ്. അതുകൊണ്ടാണ് പത്രാധിപരെ 'എടോ ഗോപോലകൃഷ്ണാ' യെന്ന് പിണറായി മീറ്റിംഗില്‍ വച്ച് വിളിച്ചുപറഞ്ഞത്. അതുകൊണ്ടാണ് എം.പി.വീരേന്ദ്രകുമാറിനെ അധിക്ഷേപിച്ച് മുന്നണിയ്ക്ക് പുറത്താക്കിയത്. (ഇതേ രീതിയാണ് ഇപ്പോള്‍ വി.എസിനോടും ചെയ്യുന്നത്.)

മറ്റൊരു ഘടകകക്ഷിയായ ആര്‍.എസ്.പി.യെ പുകച്ചു പുറത്തുചാടിച്ചു. 'പരനാറി' പ്രയോഗത്തിലൂടെ പാര്‍ട്ടി പി.ബി.അംഗത്തിന്റെ തിരഞ്ഞെടുപ്പു പരാജയത്തിന് വഴിതെളിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചാല്‍ വി.എസ്. വീണ്ടും അധികാരത്തിലെത്തുമോ എന്ന് ഭയന്ന് നാലോ അഞ്ചോ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കി. മ അദനിയുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിയുടെ വര്‍ഗീയ വിരുദ്ധമുഖത്തിന് കളങ്കം ചാര്‍ത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ച്, കുഞ്ഞാലിക്കുട്ടിയുടെ, മുസ്ലീംലീഗിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തി. കിട്ടുന്ന അവസരത്തിലൊക്കെ ആകെ മിച്ചമുള്ള ഘടകകക്ഷിയായ സി.പി.ഐ.യെ അപമാനിച്ചു. സഖാക്കളെ കൊന്ന കേസുകളിലെ സൂത്രധാരരായ ആര്‍.എസ്.എസുകാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് രക്തസാക്ഷികളുടെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പി. പാര്‍ട്ടിയുടെ ബഹുജന അടിത്തറ ഇളക്കി. ഉള്‍ക്കാമ്പിന്റെ ശോഭ കെടുത്തി. പാര്‍ട്ടിയുടെ ശക്തിയായിരുന്ന സി.ഐ.ടി.യു.വിനെ നിര്‍വീര്യമാക്കി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്കു വേണ്ടാതായി. പാര്‍ട്ടിയുടെ ഉറ്റവര്‍ ഫാരീസ് അബൂബക്കറും യൂസഫ് അലിയും രവി പിള്ളയും ലീലാ കൃഷ്ണന്‍ നായരുമൊക്കെയായി.പാര്‍ട്ടിയെ പ്രത്യേകമായും ഇടതുമുന്നണിയെ പൊതുവായും ദുര്‍ബലപ്പെടുത്തിയ പിണറായി വിജയന്റെ ചെയ്തികളെ പാര്‍ട്ടി ചോദ്യം ചെയ്തില്ല. സ്വന്തം ഇഷ്ടക്കാരെ പാര്‍ട്ടിയുടെ ഭാരവാഹികളാക്കി. എതിര്‍ത്തവരെ ഇല്ലാതാക്കി. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി. പാര്‍ട്ടിയില്‍ പിണറായി വിജയന്‍ ഉണ്ടാക്കിവച്ച Fear Psychosis വ്യക്തമാക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട എം.പി.യായ സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ മാത്രം മതിയാകും. ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു: ''പിണറായി വിജയനെ, വാസ്തവത്തില്‍ എനിക്കു പേടിയാണ്.'' ഒരുവന്‍ മറ്റൊരുവന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കുന്ന കാലം ഉണ്ടാകാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവിനെയാണ് അതേ പാര്‍ട്ടിയിലുള്ള ഒരു ലോകസഭാംഗം ഭയപ്പെടുന്നത്.

16 വര്‍ഷത്തെ സെക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയന്‍ പടിയിറങ്ങുന്നത് മുഖ്യമന്ത്രിയാകാനാണ്. അങ്ങനെയാണ് പറഞ്ഞുകേള്‍ക്കുന്നത്. സുനാമി മുന്നറിയിപ്പ് കേട്ടതുപോലെ മലയാളികള്‍ ഭയന്നിരിക്കുകയാണ്. എപ്പോഴാണാവോ ആ മഹാദുരന്തം വരാന്‍ പോകുന്നത്?

മിസ്റ്റര്‍ പിണറായി വിജയന്‍, അങ്ങയുടെ വരവും കാത്ത് ഞങ്ങള്‍ ഇരിക്കുന്നു. ഞങ്ങളുടെ മുഖത്തു നോക്കി കൊലച്ചിരി ചിരിച്ചുകൊണ്ട്, ഞങ്ങളെ 'നികൃഷ്ട ജീവി', 'കുലംകുത്തി', 'പരനാറി' തുടങ്ങിയ മാര്‍ക്‌സിയന്‍ പദങ്ങള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതും ഉമ്മന്‍ചാണ്ടിയും കൂട്ടരും കട്ടുമുടിച്ച സമ്പത്തില്‍ അങ്ങയുടെ ലാവ്‌ലിന്‍ കരങ്ങള്‍ വീഴുന്നതും കാത്ത് ഞങ്ങള്‍, കേരളീയര്‍, പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത ഇരിക്കുന്നു.

അപ്പോഴും ഒരു അപേക്ഷയുണ്ട്. അങ്ങയുടെ വെളിപാടുകള്‍ക്ക് സൈദ്ധാന്തിക പരിവേഷം നല്‍കി അവതരിപ്പിക്കാന്‍ അങ്ങ് ഭാസുരേന്ദ്രബാബു, എന്‍.മാധവന്‍കുട്ടി, ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളെ നിയോഗിക്കരുത്. അതുംകൂടി താങ്ങാനുള്ള ത്രാണി ഞങ്ങള്‍ക്കില്ല.

കാരണം ഇതാണ്. അങ്ങ് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി ജഡമാണ്. അഴുകി തുടങ്ങിയ ജഡം. അതിന്മേലാണ് ഈ ബുദ്ധിജീവികള്‍ വേഴ്ച നടത്തിവരുന്നത്. ഒരുതരം Political necrophilia. അതങ്ങ് തടയണം. ഇതൊരപേക്ഷയാണ്.


Next Story

Related Stories