UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്; പരിക്കേറ്റത് സര്‍ക്കാരിനും കൂടിയാണ്

Avatar

കോഴിക്കോട് കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍ സംസാരിക്കുന്നു


ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അകാരണമായാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ ജഡ്ജിയുടെ നിര്‍ദേശാനുസരണമാണ് അറസ്റ്റ് ചെയ്തത് എന്ന എസ്‌ഐയുടെ വാദം പിന്നീട് ജഡ്ജി തന്നെ തിരുത്തിയിരുന്നു. മാവോവാദി നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്ന് മാത്രമാണ് താന്‍ നിര്‍ദേശിച്ചത് എന്നു ജഡ്ജി വെളിപ്പെടുത്തി.

ഇന്നത്തെ സംഭവത്തില്‍ നിയമ സംവിധാനത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കൊച്ചി ഹൈക്കൊടതിയിലോ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലോ നടന്നതു പോലെ ഇവിടെ അഭിഭാഷകരോ മറ്റുള്ളവരോ യാതൊരു തരത്തിലുമുള്ള പ്രകോപനം സൃഷ്ടിച്ചിട്ടില്ല. കൂടാതെ അറസ്റ്റ് ചെയ്യണം എന്ന നിര്‍ദേശം നല്‍കിയിട്ടില്ല എന്ന് ജഡ്ജിയും വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് കാരണം. പരസ്പര വിരുദ്ധമായ ഉദ്യോഗസ്ഥരുടെ അഭിപ്രായം പോലും ഇതിന് തെളിവാണ്. ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തത് എന്ന് എസ്‌ഐയും കമ്മിഷണറും പറയുമ്പോള്‍ സിഐ, ഡിവൈഎസ്പി എന്നിവര്‍ ഇതു പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴചയായും വിലയിരുത്തി. സി ഐ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. ഈ പരസ്പരവിരുദ്ധ നിലപാടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് സര്‍ക്കാരിനെ തരംതാഴ്ത്തി കാണിക്കാന്‍ മനപൂര്‍വം മിനഞ്ഞ തിരക്കഥയാണോ ഇന്ന് കോഴിക്കോട് അരങ്ങേറിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

സ്വന്തം പോലീസിന്റെ ഭാഗത്ത് നിന്നും ഇത്രയും ഗുരുതരമായ ഒരു വീഴ്ച ഉണ്ടായിട്ടും ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ അയഞ്ഞ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം വിഷയത്തെ കുറിച്ച് പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നു. അന്വേഷിക്കും എന്ന് തന്നെ പറഞ്ഞത് പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പായി ഉപയോഗിക്കുന്നു എന്ന സാഹചര്യത്തിലാണ്.

ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോഴിക്കോടുണ്ടായ അനുഭവം ഒരു ഭരണകക്ഷി എംഎല്‍എക്കാണ് സംഭവിച്ചതെങ്കില്‍ ഇത്ര ലാഘവമായി മുഖ്യമന്ത്രി ഇടപെടുമായിരുന്നോ? ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അറിവോടെയാണ് ഈ കൃത്യം നടന്നത് എന്ന് സംശയിക്കുന്നതിലും തെറ്റില്ല.

ഏത് വിധേനയാണെങ്കിലും സംഭവത്തില്‍ പരിക്കേറ്റിരിക്കുന്നത് സര്‍ക്കാരിനാണ്. അതിനാല്‍ അടിയന്തിരമായ തീരുമാനം ഈ വിഷയത്തില്‍ മുഖ്യമന്ത്രി കൈക്കൊള്ളും എന്നാണ് പ്രതീഷിക്കുന്നത്.

(എ സജീവനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍