TopTop
Begin typing your search above and press return to search.

ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്‍ട്രി: പിണറായി ജേക്കബ് തോമസിന്റെ കഴുത്തിലിട്ട കുരുക്ക്

ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്‍ട്രി: പിണറായി ജേക്കബ് തോമസിന്റെ കഴുത്തിലിട്ട കുരുക്ക്

പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനാണ്. സ്വന്തം കസേര ഭംഗിയായി ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുന്ന രാഷ്ട്രീയക്കാരന്‍. അതുകൊണ്ടാണ് വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോല്‍ ഏതു ചെറിയ കാര്യത്തിലും പാര്‍ട്ടിയെ ഇടപെടുത്തിയ സംസ്ഥാന സെക്രട്ടറി പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുടെ നിരന്തര ഇടപെടല്‍ വേണ്ടെന്ന് പാര്‍ട്ടിയെ കൊണ്ടുതന്നെ തീരുമാനമെടുപ്പിച്ചത്. (പാര്‍ട്ടി സെക്രട്ടറിയായി മറ്റൊരാള്‍ വന്നിട്ടും പാര്‍ട്ടി തന്റെ പോക്കറ്റിലാക്കി നടക്കാന്‍ കഴിയുന്നത് പിണറായിയുടെ കഴിവോ കോടിയേരിയുടെ കഴിവുകേടോ പാര്‍ട്ടിയുടെ ദുരന്തമോ എന്നു കാലം തെളിയിക്കും.)

അതുകൊണ്ടാണ് ബ്യൂറോക്രസിയുടെ തലപ്പത്ത് നടന്ന പൊറാട്ടു നാടകത്തെക്കുറിച്ച് പാര്‍ട്ടി ഇതുവരെ അഭിപ്രായമൊന്നും പറയാത്തത്; ചാനല്‍ സഖാക്കള്‍ പിണറായിയുടെ ഇംഗിതം മാത്രം ഏറ്റുപറയുന്നത്. എല്ലാ ദിവസവും ഏതെങ്കിലും ചൂടുള്ള വാര്‍ത്ത നല്‍കി പത്രപ്രവര്‍ത്തകരെ സുഖിപ്പിക്കുന്ന വിജിലന്‍സ് വകുപ്പിനേയും ദിവസവും ഒരു ചാനലിലെങ്കിലും മുഖം കാണിക്കാതെ ഉറക്കംവരാത്ത വിജിലന്‍സ് ഡയറക്ടറേയും ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അയാള്‍ കണ്ടെത്തുന്ന ഓരോ ദിവസത്തേയും ആപ്തവാക്യങ്ങള്‍ പൊതുജനസമക്ഷം നിരത്തുന്ന അയാളുടെ ചീപ് പബ്ലിസിറ്റി ടെക്‌നിക്കിനേയും കൊള്ളണോ തള്ളണോ എന്നറിയാതെ ഉഴറിയല ചാനല്‍ സഖാക്കള്‍ക്ക്, ഒടുവില്‍ ദിശാബോധം വന്നു. പിണറായി വിജയന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി കൊടുത്തിരിക്കുന്നു. തന്റെ നിലയ്ക്ക് ചേരാത്തതൊന്നും ജേക്കബ് തോമസ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാന്‍ ചിലര്‍ ഗൂഢനീക്കം നടത്തുന്നുവെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു - കെ.എം. എബ്രഹാമിന്റെ വീടിന്റെ അളവെടുക്കാന്‍ വേണ്ടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പോയതില്‍ ശരികേടുണ്ട്. അതിനെക്കുറിച്ച് വിശദീകരണം ചോദിക്കും. അതായത്, മുകളില്‍ നിന്ന് പറഞ്ഞ പ്രകാരമാണ് താന്‍ ടേപ്പും കൊണ്ട് ഫ്‌ളാറ്റിന്റെ അളവെടുക്കാന്‍ പോയത് എന്നു പറഞ്ഞ വിജിലന്‍സ് സൂപ്രണ്ട് 'ഔട്ട്'; മുകളിലത്തെ ഡയറക്ടര്‍ 'ഇന്‍'.

കെ.എം. എബ്രഹാമിനെതിരെയുള്ള വിജിലന്‍സ് നീക്കവും ടോം ജോസിനെതിരെയുള്ള നീക്കവും കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണെന്നിരിക്കെ, എബ്രഹാമിനെതിരെയുള്ള നീക്കത്തില്‍ നെറ്റി ചുളിക്കുകയും ടോംജോസിനെതിരെയുള്ള നീക്കത്തില്‍ പിന്തുണ കൊടുക്കുകയും ചെയ്യുന്ന പിണറായിയുടെ നിലപാടിനു പിന്നിലെ 'ഗുട്ടന്‍സ്' എന്താണ്? പ്രത്യേകിച്ച്, ഇരുവരും നേരിടുന്ന ആരോപണം വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചു എന്നതായിരിക്കെ?

എബ്രഹാമിനെതിരെയുള്ള ആരോപണത്തില്‍ ത്വരിത പരിശോധന നടത്തണമെന്നും ടോംജോസിനെതിരെയുള്ള ആരോപണത്തില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിയ്ക്കണമെന്നുമാണ് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടത്. ത്വരിത പരിശോധനയുടെ ഭാഗമായി എബ്രഹാമിന്റെ ഫ്‌ളാറ്റിന്റെ അളവെടുത്തത് തെറ്റായിപ്പോയിയെന്നാണ് പിണറായി പറഞ്ഞതിന്റെ സാരം. താന്‍ വീട്ടിലില്ലാത്ത നേരത്ത്, വീട്ടില്‍ ഭാര്യ മാത്രമുള്ളപ്പോള്‍, പോയി വീടിന്റെ അളവെടുത്തു എന്നാണ് എബ്രഹാം പറയുന്നത്. അത് തെറ്റായിപ്പോയി എന്നാണ് പിണറായിയും വ്യക്തമാക്കുന്നത്. അപ്പോള്‍ മന്ത്രിയായിരിക്കെ കെ.എം. മാണിയുടെ വീടിനു മുന്നില്‍ പോയി വിജിലന്‍സ് ടേപ്പു പിടിച്ച് അളവെടുത്തതോ? മോഷണ ആരോപണക്കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ച്, അഞ്ചുദിവസത്തോളം അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുന്ന, ജനമൈത്രി പോലീസുള്ള നാട്ടിലാണ് താന്‍ വീട്ടില്‍ ഇല്ലാത്ത നേരത്ത് വിജിലന്‍സ് വീടിന്റെ അളവെടുത്തവെന്ന് എബ്രഹാം പരാതി പറയുന്നത്.

എബ്രഹാമിന്റെ പരാതിയില്‍ തീരുമാനമെടുത്തേ പറ്റൂ. കാരണം എബ്രഹാം ഇരുമുന്നണികള്‍ക്കും സ്വീകാര്യനായ ഐ.എ.എസുകാരനാണ്. സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാരനുപോലും സ്ഥാനചലനം ഉണ്ടാകുന്ന സെക്രട്ടേറിയറ്റില്‍ ഒരിക്കലും സ്ഥാനചലനം ഉണ്ടാകാത്ത ചില മിടുക്കന്‍മാരുണ്ട്. അവരിലൊരാളാണ് എബ്രഹാം. ടോംജോസ് അങ്ങനെയല്ല. അയാള്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ആളാണ്. കൊച്ചിയിലെ മെട്രോയുടെ ആദ്യനാളുകളില്‍ ഡി.എം.ആര്‍.സി.യെ കൊച്ചി മെട്രോയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എന്തൊക്കെ പരിശ്രമങ്ങളാണ് ടോം ജോസ് ചെയ്തത്! ഒക്കെ ഉമ്മന്‍ചാണ്ടിയ്ക്കുവേണ്ടിയായിരുന്നു എന്ന് ആര്‍ക്കാണ് അറിയാത്തത്? പക്ഷെ, ഡല്‍ഹിയിയിലെ തിമിംഗലങ്ങള്‍ക്കിടയിലൂടെ ക്ഷതമേല്‍ക്കാതെ നീന്തിനടന്ന ഇ.ശ്രീധരന്‍, ഒരു പക്ഷെ, ഒറ്റയ്ക്കുതന്നെ ടോം ജോസിനേയും ഉമ്മന്‍ചാണ്ടിയേയും കൈകാര്യം ചെയ്യുകയായിരുന്നു.

എങ്ങനെയാണ് ഒരു ഐ.എ.എസുകാരന്‍ മിടുക്കനും മറ്റൊരാള്‍ മിടുക്കില്ലാത്തവനുമാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എല്ലാ ഐ.എ.എസുകാരനും ചെയ്യുന്നത് ക്ലാര്‍ക്കിന്റെ പണി തന്നെയാണ്. ചീഫ് സെക്രട്ടറി പോലും ഒരു ഗ്ലോറിഫൈഡ് ക്ലര്‍ക്ക് മാത്രമാണ്. കാരണം, ഓരോ ഫയലിലും (പിണറായിയുടെ ഭാഷയില്‍, ഓരോ ജീവനും) തീര്‍പ്പു കല്‍പ്പിക്കുന്നത് ക്ലാര്‍ക്ക് മുതല്‍ പല തട്ടുകളിലുള്ള ഉദ്യോഗസ്ഥ വൃന്ദം കൊടുക്കുന്ന നിയമപ്രകാരവും ചട്ടപ്രകാരവുമുള്ള കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ്. ഒരു ഫയല്‍ വായിച്ച്, അതിന്മേല്‍ നിയമപ്രകാരവും ചട്ടപ്രകാരവും ഉള്ള കുറിപ്പുകളുടെ അഭിപ്രായം രേഖപ്പെടുത്താനും, തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാനും കഴിയാത്തവരെയാണോ മിടുക്കില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നു പറയുന്നത്? എങ്കില്‍, നമ്മുടെ സിവില്‍ സര്‍വ്വീസ് പരീക്ഷാ സമ്പ്രദായത്തിനു തന്നെ സാരമായ തകരാറുണ്ടെന്നുള്ളതാണ് വാസ്തവം.

ഇനി, ആരാണീ മിടുക്കരായ ഐ.എ.എസുകാര്‍? ഫയല്‍ വായിച്ചാല്‍ മനസ്സിലാകുന്നവരും അതിന്മേല്‍ നിയമപ്രകാരവും ചട്ടപ്രകാരവുമുള്ള കുറിപ്പ് എഴുതുന്നവരും തീരുമാനമെടുക്കുന്നവരുമോ? വാസ്തവം അതല്ല. മന്ത്രിയുടെ മനസ്സിലിരിപ്പ് മനസ്സിലാക്കി, നിയമങ്ങളും ചട്ടങ്ങളിലുമുള്ള ലൂപ് ഹോളുകള്‍ വ്യക്തമാക്കിക്കൊടുത്തുകൊണ്ട്, സ്വന്തം തടിയും മാറിമാറിവരുന്ന മന്ത്രിമാരുടെ തടിയും സംരക്ഷിയ്ക്കാന്‍ പരുവത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന ബ്യൂറോക്രാറ്റിക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുന്നവര്‍ എന്നാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരു മന്ത്രിയ്ക്കും അങ്ങനെയങ്ങ് അഴിമതി കാണിക്കാന്‍ കഴിയില്ല എന്ന ഭരണപരമായ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ, കെ.എം. മാണിക്കും തോമസ് ഐസക്കിനും സ്വീകാര്യനായ കെ.എം. എബ്രഹാം പിണറായിക്കും സ്വീകാരന്യാണ്. പക്ഷെ, എബ്രഹാമിനെതിരെ വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള പരാതിയില്‍ പറയുന്നതെന്താണ്? സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ആവശ്യപ്പെടുന്ന സ്വത്തിനെ സംബന്ധിച്ച വിവരം എബ്രഹാം നാളിതുവരെ നല്‍കിയിട്ടില്ല എന്നാണ്. മുംബെയിലും തിരുവനന്തപുരത്തുമുള്ള എബ്രഹാമിന്റെ ഫ്‌ളാറ്റുകളുടെ മാസ അടവ് അയാളുടെ മാസശമ്പളത്തിനു തുല്യമായ തുകയാണെന്നും അതുകൊണ്ടുതന്നെ അയാള്‍ എങ്ങനെയാണ് ജീവിതച്ചെലവുകള്‍ നടത്തുന്നത് എന്നു വ്യക്തമാക്കാന്‍ ബാധ്യതയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ഒരു വില്ലേജാഫീസിലെ ഗുമസ്തനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കാമെങ്കില്‍, എന്തുകൊണ്ടാണ് വളരെ വലിയ ഗുമസ്തനായ എബ്രഹാമിനെതിരെ കേസെടുത്തു കൂടാത്തത്? അന്വേഷിച്ചുകൂടാത്തത്? പ്രത്യേകിച്ച്, ത്വരിത പരിശോധന റിപ്പോര്‍ട്ട് നവംബര്‍ ഏഴിന് കോടതിയില്‍ സമര്‍പ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിയ്ക്ക്. കോടതി ആവശ്യപ്രകാരമുള്ള അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്റെ നടപടികളില്‍ ശരി - തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അവകാശം കോടതിക്കാണോ മുഖ്യമന്ത്രിക്കാണോ?

പക്ഷെ, ഇതൊന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കാര്യത്തില്‍ ബാധകമല്ല. സിവില്‍ സര്‍വ്വീസ് ചട്ടങ്ങളും ഭരണരംഗത്തെ ചട്ടങ്ങളും താന്‍ അനുസരിക്കേണ്ട കാര്യമില്ല എന്നാണ് ലോകത്തിനെ മുഴുവന്‍ ചട്ടവും നിയമവും പഠിപ്പിക്കാന്‍ നടക്കുന്ന ജേക്കബ് തോമസിന്റെ വാദം. അതുകൊണ്ട് ചട്ടവിരുദ്ധമായി, അവധിക്കാലത്ത് വേറെ പണിയെടുത്ത് ശമ്പളം വാങ്ങിയത്, ചട്ടവിരുദ്ധമാണെങ്കിലും പണം തിരിച്ചടച്ചതോടെ ആ കുറ്റം ഇല്ലാതായിക്കഴിഞ്ഞു എന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. മറ്റു നൂറു കേസുകള്‍ മുന്നിലുള്ളപ്പോള്‍ സി.ബി.ഐ. എന്തിനാണ് തന്റെ ഈ പഴയ കാര്യം അന്വേഷിക്കാന്‍ വ്യഗ്രത കാട്ടുന്നതെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സി.ബി.ഐ.യുടെ ഡയറക്ടര്‍ അറിഞ്ഞുകൊണ്ടാണോ എന്ന് അന്വേഷിച്ചുകൊണ്ട് ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയക്കുന്നു. കത്തിന്റെ പകര്‍പ്പ് അപ്പോള്‍ തന്നെ, പതിവുതെറ്റിക്കാതെ, ചാനലുകള്‍ക്കു പത്രങ്ങള്‍ക്കും എത്തിക്കുന്നു. പക്ഷേ, ജേക്കബ് തോമസും ചാനലുകാരും മറന്നുപോകുന്ന ഒരു കാര്യമുണ്ട് - സി.ബി.ഐയുടെ പ്രധാനജോലി കൊലക്കേസുകള്‍ അന്വേഷിക്കലല്ല. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1946 നെ തുടര്‍ന്നുണ്ടായ ഏജന്‍സിയാണ് നമ്മളീ പറയുന്ന സി.ബി.ഐ. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഇടയിലെ അഴിമതിയും കൈക്കൂലിയും അന്വേഷിക്കാന്‍ വേണ്ടിയാണ് ഈ നിയമം തന്നെ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെതിരെ അഴിമതി ആരോപണം ഉണ്ടായാല്‍ സി.ബി.ഐ. പ്രാധാന്യം കൊടുക്കേണ്ടത് അതിനാണ്. കാരണം, അയാള്‍ കേന്ദ്രസര്‍വ്വീസിലുള്ളയാളാണ്. അല്ലാതെ, കേരള സര്‍ക്കാരിനെ പൊലിസിനെക്കൊണ്ട് അന്വേഷിച്ച് തെളിവുകളെല്ലാം തേച്ചുമാച്ചുകളഞ്ഞ മാറാട് ഗൂഢാലോചക്കേസോ ടി.പി. വധക്കേസിന്റെ ഗൂഢാലോചനയോ അല്ല.

ഈ കേസില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്താല്‍, ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയേണ്ടിവരും. കാരണം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി.) സ്ഥാനത്തുനിന്ന് പി.ജെ. തോമസിന് മാറേണ്ടിവന്നത് പാമോലിന്‍ കേസില്‍ അയാള്‍ പ്രതിപട്ടികയില്‍ ഉള്ളതുകൊണ്ടാണ്. ഓര്‍ക്കുക, അയാള്‍ പ്രതിയായത് തീര്‍ത്തും സാങ്കേതിക കാരണങ്ങളാലാണ്; നേരിട്ട് പങ്കുള്ളതുകൊണ്ടല്ല. അന്ന് സുപ്രീംകോടതി നടത്തിയ പരാര്‍ശം ഇതാണ്. The CVC should be a man of inpeccable integrity.

വിജിലന്‍സ് ഡയറക്ടര്‍ ഒരു കൊച്ചു CVC ആണെന്ന്. അയാള്‍ക്കും വേണ്ടേ, ഒരു impeccable integrity? ചട്ടവിരുദ്ധമായി ശമ്പളം പറ്റിയ കേസിനു പുറമെ തുറമുഖ ഡയറക്ടറായിരിക്കെ നടത്തിയ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണ റിപ്പോര്‍ട്ടുകളുണ്ട്. നാളെയൊരാള്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് കോടതിയില്‍ പോയാല്‍, കോടതി ത്വരിത അന്വേഷണം നടത്താന്‍ വിജിലന്‍സിനേട് ആവശ്യപ്പെട്ടാല്‍ വിജിലന്‍സ് ആര്‍ക്കെതിരെയാണ് അന്വേഷണം നടത്തുക? അതിന്റെ ഡയറക്ടര്‍ക്കെതിരെയോ? അന്നു ജേക്കബ് തോമസ് ഗൂഗിള്‍ സെര്‍ച്ച് നടത്തി പുതിയൊരു ഭൂമിയുമായോ ഇന്നലത്തെ സത്യം ഇന്നത്തെ മിഥ്യയായോ അവതരിച്ചുകൂടെന്നില്ല.

ജേക്കബ് തോമസിന്റെ തലയ്ക്ക് മുകളിലുള്ള വാളാണ് ഈ കേസുകള്‍, അല്ലെങ്കില്‍ ആരോപണങ്ങള്‍. വാള്‍ പൊട്ടിവീഴുമോ എന്ന ഭയത്തില്‍ നിന്ന് അയാള്‍ക്ക് വിടുതല്‍ വേണം. അപ്പോള്‍ മാത്രമേ അയാള്‍ സ്വതന്ത്രനാകുകയുള്ളു. ലാവ്‌ലിന്‍ വാള്‍ തലയ്ക്കുമുകളിലുള്ള പിണറായിക്ക് ഈ വേവലാതിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ്, ശമ്പളക്കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തേണ്ട കാര്യമില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലം നല്‍കിയത്.

പക്ഷെ, എന്തിനാണ് പിണറായി വിജയന്‍ ഇങ്ങനെ ജേക്കബ് തോമസിനെ സംരക്ഷിക്കുന്നത്? അതിന്റെ ഉത്തരം തേടുമ്പോഴാണ് പിണറായി വിജയന്‍ എന്ന സ്വന്തം തടി രക്ഷിയ്ക്കുന്ന രാഷ്ട്രീയക്കാരന്റെ ഉദ്ദേശശുദ്ധി മനസ്സിലാവുകയുള്ളു.

ലാവ്‌ലിന്‍ അഴിമതിക്കറയുള്ള, എന്നാല്‍ അഴിമതിക്കെതിരെ പടപൊരുതാന്‍ തയ്യാറായി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുഖമാണ് അഴിമതിയ്‌ക്കെതിരെ ഒട്ടനേകം ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ട ജേക്കബ് തോമസ്. അഴിമതി മാത്രം ചെയ്യാനറിയാവുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്ത് മുറിവേറ്റ യോദ്ധാവാണ് ജേക്കബ് തോമസ്. യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനുള്ള അപേക്ഷ പോലും അദ്ദേഹം നല്‍കി. ഈ യോദ്ധാവിന്റെ ഇമേജാണ് അയാളെ മനോരമയുടെ ന്യൂസ്‌മേക്കര്‍ സ്ഥാനത്തിന് അര്‍ഹനാക്കിയത്. (ആ സ്ഥാനത്തിന് ജേക്കബ് തോമസ് ഈ വര്‍ഷവും അര്‍ഹനാണ്. കാരണം അദ്ദേഹം ഒരു real news maker ആണ്. എന്നും വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്ന ബ്രഹ്മാവ്.) അങ്ങനെയൊരാളെ അഞ്ചുവര്‍ഷം വിജിലന്‍സ് തലപ്പത്തിരുത്തുക എന്ന തീരുമാനം പിണറായി എടുത്ത ഏറ്റവും നല്ല image building strategy ആണ്.

പക്ഷേ, അപ്പോഴും ഒരു സംശയം ബാക്കിയുണ്ടായിരുന്നു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ആരോപണം വന്നാല്‍ ജേക്കബ് തോമസ് എന്തുചെയ്യും? എങ്ങനെയാണ് ജേക്കബ് തോമസില്‍ നിന്നൊരു ശങ്കര്‍ റെഡ്ഡിയെ രൂപപ്പെടുത്തിഎടുക്കാന്‍ കഴിയുക? ഇ.പി.ജയരാജന്റെ കാര്യത്തില്‍ ജേക്കബ് തോമസ് അവധാനതയോടെയാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനം എന്താകുമെന്നറിയുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു. അതിനുശേഷവും നേരിട്ട് എഫ്.ഐ.ആര്‍. എടുക്കാവുന്ന കേസില്‍ ത്വരിത പരിശോധനയ്ക്കുവേണ്ടി 42 ദിവസത്തെ സമയം അനുവദിച്ചു. അതിനിടയ്ക്കാണ് വി.ഡി. സതീശന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സതീശന്റെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ക്ക് സതീശന് വിവരമില്ല എന്ന സഖാക്കന്‍മാരുടെ പതിവു മറുപടി തന്നെയാണ് മേഴ്‌സിക്കുട്ടിയും പറഞ്ഞത്. പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍, അഴിമതി വിരുദ്ധ സമരം നടത്തുന്ന പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണ്ട എന്ന് തീര്‍പ്പ് കല്‍പ്പിച്ചു. സതീശന് ഇനി ശരണം വിജിലന്‍സ് കോടതിയാണ്. കോടതി പറഞ്ഞാല്‍ വിജിലന്‍സിന് ത്വരിത പരിശോധന നടത്തേണ്ടി വരും. ഒരു വിക്കറ്റു കൂടി വീണേക്കാം. ത്വരിത പരിശോധനയില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടാല്‍ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷണം നടത്തേണ്ടിവരും. അന്വേഷണം സത്യസന്ധമായി വന്നാല്‍ പ്രതി ശിക്ഷിയ്ക്കപ്പെടാം. അതുണ്ടാകാന്‍ പാടില്ല. ജയരാജനും മേഴ്‌സിക്കുട്ടിയുമെല്ലാം വലിയ സഖാക്കളാണ്. മാത്രമല്ല, ഇനിയും എത്ര സഖാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ വരാനിരിക്കുന്നു? അതിരപ്പള്ളിയില്‍ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആറന്‍മുളയ്ക്കുപകരം ഇടുക്കിയില്‍ വിമാനത്താവളം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നു. പിന്നെ, എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍. ഓരോ വികസന പ്രവര്‍ത്തനവും വിഭാവന ചെയ്യുന്നത് എത്ര കോടി നേതാക്കന്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടി വെട്ടാമെന്ന കരടു തയ്യാറാക്കിയശേഷമാണെന്ന് ആര്‍ക്കാണറിയാത്തത്? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടന്ന വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് വികസനമന്ത്രത്തിനു പിന്നിലുള്ള അഴിമതി തന്ത്രത്തിന്റെ ഏറ്റവും പുതിയ മുഖം. ഇത്തരം മുഖങ്ങള്‍ സനാതന വെട്ടിപ്പുകാരായ കോണ്‍ഗ്രസുകാര്‍ക്ക് മാത്രം കുത്തകയെടുക്കാനുള്ളതല്ല. നാട്ടിലെ സഖാക്കന്‍മാര്‍ക്കും അതിനുള്ള അവകാശമുണ്ട്. പ്രത്യേകിച്ച് ലാവ്‌ലിന്‍ കമ്മിഷനായ നൂറുകോടി രൂപ ആവിയാക്കി മാറ്റിക്കളഞ്ഞെന്ന ആരോപണം നേടിടുന്ന ആള്‍ മുഖ്യമന്ത്രിയായുള്ളപ്പോള്‍.

അപ്പോള്‍, അഴിമതിക്കെതിരെ ഫേസ്ബുക്ക് വിപ്ലവം നടത്തുന്ന ജേക്കബ് തോമസിന് കൊടുക്കുന്ന ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്‍ട്രി അയാള്‍ ഒരിക്കലും മറക്കില്ല. അയാള്‍ ഉപകാരസ്മരണയുള്ള കുഞ്ഞാടാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories