TopTop
Begin typing your search above and press return to search.

ബാലകൃഷ്ണ പിള്ള എല്‍ഡിഎഫിലേക്ക് വരുമോയെന്ന കാര്യം 28 ന് ശേഷം അറിയാമെന്ന് പിണറായി വിജയന്‍

ബാലകൃഷ്ണ പിള്ള എല്‍ഡിഎഫിലേക്ക് വരുമോയെന്ന കാര്യം 28 ന് ശേഷം അറിയാമെന്ന് പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

ബാലകൃഷ്ണ പിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാലകൃഷ്ണ പിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം യുഡിഎഫിന്റെ തീരുമാനം ആറിഞ്ഞശേഷമെന്നാണ് പിണറായി പറഞ്ഞത്. ബാലകൃഷ്ണ പിള്ള അഴിമതി ആരോപണം ഉന്നയിച്ചാല്‍ അതെങ്ങനെ തെറ്റാകുമെന്ന് പിണറായി ചോദിച്ചു. പിള്ള തെറ്റുചെയ്‌തെന്നു യുഡിഎഫില്‍ പറഞ്ഞാല്‍ അതുശരിയാകുമോയെന്നും പിണറായി.

യുഡിഎഫില്‍ നിന്ന് പുറത്തുവന്നു പിള്ളയും മകന്‍ ഗണേശ് കുമാറും ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. ഈ കൂടുമാറ്റവാര്‍ത്ത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നതിനിടയിലാണ് പിണറായിയുടെ പുതിയ പ്രസ്താവന വരുന്നതെന്നത് കേരള രാഷ്ട്രീയത്തിന് പുതിയമാനങ്ങള്‍ നല്‍കുകയാണ്. എന്നാല്‍ പിള്ളയെ മുന്നണിയിലെടുക്കണമെന്ന് പിണാറായിക്കോ ഔദ്യോഗിക പക്ഷത്തിനോ ആഗ്രഹമുണ്ടായാലും വി എസ് അച്യുതാനന്ദന്റെ നിലപാട് ഇവര്‍ക്ക് പ്രതിസന്ധിയാകും. അഴിമതിക്കേസില്‍ ബാലകൃഷ്ണ പിള്ളയെ ജയിലില്‍ കിടത്തിയ അച്യുതാനന്ദന് അതേ പിള്ളയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുക എന്നത് ആലോചിക്കാനെ ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും.

അതേസമയം 28 ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ബാലകൃഷ്ണ പിള്ള പങ്കെടുക്കേണ്ടതില്ലെന്നു യുഡിഎഫ് ഔദ്യോഗികമായി അറിയിച്ചു. കണ്‍വീനര്‍ പി പി തങ്കച്ചന്‍ പിള്ളയെ നേരിട്ട് ഇക്കാര്യം വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ പിള്ള യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന കാര്യത്തില്‍ തീരുമാനം ആയിരിക്കുകയാണ്. ഇങ്ങനെയൊരു തീരുമാനം മുന്‍കൂട്ടി മനസ്സിലാക്കി തന്നെയാണ് പിള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഇന്ന് രാജിവച്ചത്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ബാലകൃഷ്ണ പിള്ളയുടെ ഭാഗത്തു നിന്നു കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബാര്‍ ഉടമകളെ കൂടാതെ മറ്റുള്ളവരില്‍ നിന്നും മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന് ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഈ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് മാണിയും യുഡിഎഫും കൂടുതല്‍ പ്രതിരോധത്തിലായത്.

ഇതിനു പിന്നാലെ തന്നെ ബാലകൃഷ്ണപിള്ളയെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് മാണി ഗ്രൂപ്പും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ശക്തമായി ആവശ്യമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പിള്ള പുറത്തുപോകുന്നതിനോടാണ് താല്‍പര്യം. ബാര്‍ കോഴയെക്കുറിച്ച് താന്‍ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നതായി പിള്ള പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം നിരാകരിച്ച മുഖ്യമന്ത്രി താന്‍ പിള്ളയെ കണ്ടിട്ടേയില്ലെന്നാണ് പറഞ്ഞത്. പറഞ്ഞൊഴിഞ്ഞെങ്കിലും പിള്ളയുടെ ആരോപണം ഉമ്മന്‍ ചാണ്ടിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു.

എന്നാല്‍ ബാലകൃഷ്ണ പിള്ളയെ പിന്തുണച്ചു രംഗത്തുവരുമെന്നു കരുതിയ എന്‍എസ്എസ് പിള്ളയെ തഴഞ്ഞ് മാണിയെ പിന്തുണയ്ക്കുന്ന കാഴ്ച്ചയും ഇന്നുണ്ടായി. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് മാണി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. മാണി എന്‍എസ്എസിന്റെ നല്ലബന്ധുവാണ്, അഴിമതി തെളിയാതെ അദ്ദേഹത്തെ കുരിശില്‍ തറയ്‌ക്കേണ്ടതില്ല, യുഡിഎഫ് അഞ്ചുവര്‍ഷവും ഭരിക്കണമെന്നാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. അതേസമയം ബാലകൃഷ്ണ പിള്ള രാജിവച്ചാലും ഇല്ലെങ്കിലും എന്‍എസ്എസിന് ഒന്നുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ബാലകൃഷ്ണ പിള്ളയക്ക് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നേടിക്കൊടുത്തത് എന്‍എസ്എസ് അല്ല. പിള്ളയുടെ തീരുമാനത്തില്‍ സമുദായ സംഘടനയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ സിഎസ്‌ഐ സഭ ബാര്‍ കോഴക്കേസില്‍ മാണിയെ പരിഹസിച്ചു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നാണ് സിഎസ്‌ഐ സഭ പറഞ്ഞത്.


Next Story

Related Stories