TopTop
Begin typing your search above and press return to search.

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ താല്‍പര്യം ഒറ്റുകൊടുത്തത് ലാവ്‌ലിന്‍ കേസിന് വേണ്ടിയോ?

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ താല്‍പര്യം ഒറ്റുകൊടുത്തത് ലാവ്‌ലിന്‍ കേസിന് വേണ്ടിയോ?

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയും പിണറായി വിജയനും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് പറയാന്‍ കഴിയുന്ന കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ ജോണ്‍ ബ്രിട്ടാസ് ആണ്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ആദ്യസംഭാഷണത്തില്‍ ബ്രിട്ടാസിനെന്തു കാര്യം എന്ന് ചോദിക്കരുത്. ബ്രിട്ടാസ് എങ്ങനെ കേരളത്തെ പ്രതിനിധീകരിച്ചു എന്നു ചോദിക്കരുത്. എന്തുകൊണ്ട് മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറിയോ ദില്ലിയിലെ കേരളത്തിന്റെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനോ പോയില്ല എന്നും ചോദിക്കരുത്. എന്തുകൊണ്ട് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് എം.പിയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗമോ ഉണ്ടായില്ല എന്നും ചോദിക്കരുത്. തന്റെ പേരില്‍ താനറിയാത്ത അവതാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് പിണറായി വിമര്‍ശിച്ചത്. താന്‍ തീറ്റിപ്പോറ്റുന്ന അവതാരങ്ങളെക്കുറിച്ചല്ല. അവര്‍ എന്നും ഇതുപോലുള്ള നേതാക്കന്‍മാരോടൊപ്പം കാണും. ദല്ലാള്‍ നന്ദകുമാറായി. അല്ലെങ്കില്‍ ജോപ്പനോ ഡല്‍ഹിയിലെ കുരുവിളയോ ആയി. അതുമല്ലെങ്കില്‍, കരുണാകരന്റെ 'പാവം പയ്യ'നായി.

അതുകൊണ്ട് ഏതൊക്കെ വിഷയങ്ങളെക്കുറിച്ചാണ് പിണറായി - മോദി സംഭാഷണം നടന്നതെന്ന് വ്യക്തമായറിയില്ല. എങ്കിലും ചില നിഗമനങ്ങള്‍. ആ നിഗമനങ്ങളാകട്ടെ, പിണറായി - മോദി സന്ദര്‍ശനത്തിനു മുമ്പും പിമ്പും നടന്ന അസാധാരണമായ ചില വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.

അതിലേക്ക് കടക്കുന്നതിന് മുമ്പ് കുറച്ചു പശ്ചാത്തലവിവരണം അത്യാവശ്യമാണ്.

ഒന്ന്, 2006 മുതല്‍ പിണറായി കാത്തിരുന്നതാണ് ഈ മുഖ്യമന്ത്രിപദം. അതിനുവേണ്ടിയാണ് 2006-ല്‍ വി.എസിന് പാര്‍ട്ടി സെക്രട്ടേറിയറ്റ് ടിക്കറ്റ് നിഷേധിച്ചത്. പക്ഷെ, ജനരോഷത്തെ തുടര്‍ന്ന് വി.എസിന് ടിക്കറ്റ് കിട്ടി; മുഖ്യമന്ത്രിയായി. എന്നാല്‍, പാര്‍ട്ടി വി.എസിനെ ഭരിക്കാന്‍ അനുവദിച്ചില്ല. 2011ല്‍, തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍, വി.എസിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകാനുള്ള സാധ്യത തെളിഞ്ഞപ്പോള്‍ ആറിടത്തെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം വി.എസിന്റെ രണ്ടാംവരവ് തടഞ്ഞു. 2016 -ലെ തിരഞ്ഞെടുപ്പില്‍ വി.എസിനെക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ജയം നേടിയ ശേഷം, പിണറായി മുഖ്യമന്ത്രിയായി. അതോടെ, കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പിണറായിയുടെ മുഖ്യമന്ത്രി സ്വപ്നത്തിന് തടസ്സം നിന്ന വി.എസിനെ പിണറായി രാഷ്ട്രീയമായി ഉന്‍മൂലനം ചെയ്തു.

രണ്ട്, പിണറായിയുടെ രാഷ്ട്രീയ പടികയറ്റത്തിന് നിന്ന് അടുത്ത തടസ്സമായി ലാവ്‌ലിന്‍ കേസ്. അതില്‍ പിണറായിക്ക് പുറമെ പാര്‍ട്ടിക്കും പങ്കുണ്ട്. 1996 ആഗസ്റ്റ് 22-23ന് കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റാണ് ലാവ്‌ലിനുമായി സംസാരിക്കാന്‍ പിണറായിയോട് കാനഡയില്‍ പോകാന്‍ ആവശ്യപ്പെട്ടത്. പോയി സംസാരിച്ച വിവരം 1996 നവംബറില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചു. ഇ.എം.എസും നായനാരും വി.എസും ചടയന്‍ ഗോവിന്ദനുമൊക്കെ സെക്രട്ടേറിയറ്റംഗങ്ങളായിരുന്നു. ഈ സെക്രട്ടേറിയറ്റ് തന്നെയാണ്, ഹര്‍കിഷന്‍സിംഗ് സുര്‍ജ്ജിതിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, 1997 ഫെബ്രുവരി 10 ന് ലാവ്‌ലിന് കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ അനുമതി നല്‍കിയത്. 1996 സെപ്തംബര്‍ 19 ന് കേരള സര്‍ക്കാര്‍ നിയോഗിച്ച ബാലാനന്ദന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 1997 ഫെബ്രുവരി 17 ന് സമര്‍പ്പിക്കും എന്നിരിക്കെയാണ്, തിടുക്കത്തില്‍, അതിനു പത്തുദിവസം മുമ്പ് ലാവ്‌ലിനുമായി കരാര്‍ ഒപ്പിടുന്നത്. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനായി നൂറുകോടി രൂപയുടെ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിന് പത്തുദിവസം മുമ്പാണ് ഇതേ ആവശ്യത്തിനായി ലാവ്‌ലിന്‍ 374 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. ഇത്തരം ഒരു കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങണം എന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശത്തെ മറികടന്നുകൊണ്ടാണ് കരാര്‍ ഒപ്പിടുന്നതെന്ന് ഓര്‍ക്കണം. ഇതിനൊക്കെ അന്ന് താരതമ്യേന ജൂനിയറായിരുന്ന പിണറായിക്ക് ധൈര്യം വന്നത് ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും വ്യക്തമായ താല്‍പ്പര്യമുണ്ടായിരുന്നതുകൊണ്ടാണ്.മൂന്ന്, 2004 ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന് ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണ നല്‍കി. 2007 ജനുവരി 16 ന് ലാവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്കു വിട്ടുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ കേന്ദ്രത്തിലെ യു.പി.എ. ഭരണം ഇടതുപക്ഷത്തിന്റെ പിന്‍ബലത്തോടെയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ പോളിറ്റ് ബ്യൂറോ അംഗമായ പിണറായിയുടെയും സി.പി.ഐ.എം കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന്റെയും പങ്ക് സി.ബി.ഐ അന്വേഷണത്തില്‍ പുറത്താകുമോ എന്ന് പാര്‍ട്ടി ഭയന്നു. പക്ഷെ, സര്‍ക്കാരിനു നല്‍കിവന്ന പിന്‍തുണയുടെ വിഹിതമായി പലതും കൈപ്പറ്റിയതോടൊപ്പം ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഉറപ്പ് പാര്‍ട്ടി നേടിയെടുത്തു. അക്കാലത്ത് ആ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിണറായിയുടെ നല്ല സുഹൃത്തായ കേന്ദ്രമന്ത്രി വയലാര്‍ രവിയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിനെ വെട്ടിലാക്കി 2008-ല്‍ ഇടതുപക്ഷം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ പല സമവാക്യങ്ങളും ഇല്ലാതായി. അങ്ങനെയാണ് 2009 ഫെബ്രുവരി രണ്ടാം തീയതി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി സി.ബി.ഐ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്.

നാല്, സമര്‍ത്ഥമായ പല നീക്കങ്ങളിലൂടെ വാദം കേള്‍ക്കാതെ തള്ളിക്കളയുക എന്ന അസാധാരണ നിയമനടപടി നേടിയെടുക്കുന്നതില്‍ പിണറായി വിജയിച്ചെങ്കിലും അതിനോടുള്ള ചില സ്വതന്ത്രവ്യക്തികളുടെയും സി.ബി.ഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അപ്പീലുകള്‍ ഹൈക്കോടതി കേള്‍ക്കാനിരിക്കെയാണ്. പാമൊലിന്റെ വാള്‍ ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്കുമീതെ തൂങ്ങുന്നതിനേക്കാള്‍ അടുത്താണ് ലാവ്‌ലിന്റെ വാള്‍ പിണറായിയുടെ തലയ്ക്കുമീതെ തൂങ്ങുന്നത്. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ പിണറായിയും ആ വാളിനെ ഭയക്കുന്നു. ആ വാള്‍ നിര്‍ണ്ണായകമാണ്. ഹൈക്കോടതി വിധി പിണറായിക്കെതിരെ ആയാല്‍ അതോടെ എല്ലാം തീര്‍ന്നു. ആ തടസ്സം മാറ്റിക്കിട്ടിയാല്‍ പിന്നെ വഴിയില്‍ യാതൊരു തടസ്സവുമില്ല. ആ വാള്‍ മാറ്റിക്കിട്ടാന്‍ എന്തു ചെയ്യാനും പിണറായി തയ്യാറാണ്.

ഈ തയ്യാറെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പിണറായി മോദിയെ കാണാന്‍ ജോണ്‍ ബ്രിട്ടാസുമായി ഡല്‍ഹിയില്‍ പോയത്.

ഇതിനുമുമ്പ് ഏറെ കൗതുകകരമുണര്‍ത്തിയ ഒരു രാഷ്ട്രീയ സംഭവമുണ്ടായി. ഒ.രാജഗോപാല്‍ എ.കെ.ജി സെന്ററില്‍ പോയി പിണറായി വിജയനെ കണ്ടു. ''സഹായിക്കണം'' എന്ന് പിണറായി ആവശ്യപ്പെട്ടുവെന്നും താന്‍ സമ്മതിച്ചുവെന്നുമാണ് രാജഗോപാല്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞത്. സഹായം എന്നാല്‍, കേരളത്തിന്റെ വികസനത്തിനുവേണ്ടി കേന്ദ്രസഹായം എന്നാണ് പിണറായി ഉദ്ദേശിച്ചതെന്നാണ് പാര്‍ട്ടി വക്താക്കള്‍ പറയുന്നത്. അതു പക്ഷെ, വിചിത്രമായി തോന്നി. നാളിതുവരെ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുമായി ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോയവരാണ് കേരളത്തിലെ സഖാക്കള്‍. കോണ്‍ഗ്രസിനേക്കാള്‍ മെച്ചമാണോ ബി.ജെ.പി?

പിണറായി വിജയന്‍ ആവശ്യപ്പെട്ട സഹായം ലാവ്‌ലിന്‍ കേസിന്റെ വാദം നടക്കുമ്പോഴുള്ള സി.ബി.ഐയുടെ നിലപാടായിരുന്നു എന്നു വേണം അനുമാനിക്കാന്‍. കാരണം, അപ്പീലുകള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെയും സി.ബി.ഐയുടേതുമാണ്. (സ്വകാര്യവ്യക്തികളുടെ അപ്പീലുകള്‍ തള്ളിക്കളയണമെന്ന് സി.ബി.ഐ തന്നെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.) സംസ്ഥാന സര്‍ക്കാരിന്റെ വാദം എങ്ങനെയായിരിക്കും എന്നതിന്റെ സൂചന പുതിയ അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട എന്നതിന്റെ ഉപദേശത്തെ മറികടന്നുകൊണ്ടാണ് ഗവര്‍ണര്‍ അനുമതി കൊടുത്തതെന്നും അത് തെറ്റായിരുന്നുവെന്നും സുധാകര്‍ പ്രസാദ് വ്യക്തമാക്കി. (ഓര്‍ക്കുക, 2006-ലെ ഇടതുസര്‍ക്കാരിന്റെ കാലത്തും സുധാകര്‍ പ്രസാധായിരുന്നു അഡ്വക്കേറ്റ് ജനറല്‍. അത് പിണറായിയുടെ നോമിനിയായിരുന്നുവെന്ന് അന്നുതന്നെ വാര്‍ത്തയുണ്ടായിരുന്നു.) അതായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സമീപനമായിരിക്കില്ല ലാവ്‌ലിന്‍ കേസിന്റെ വാദത്തില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്. പഴയ ദണ്ഡപാണിയുടെ പണി പിണറായിയുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന വാളിന്റെ കയര്‍ അറുത്തുവിടാനായിരുന്നു എങ്കില്‍, പുതിയ ദണ്ഡപാണിയുടെ പണി വാളുതന്നെ അറുത്തുമാറ്റുക എന്നതാണ്.

പിന്നെയുള്ളത് വാദത്തില്‍ സി.ബി.ഐയുടെ സമീപനമാണ്. അക്കാര്യത്തില്‍ സഹായിക്കണമെന്നായിരിക്കാം പിണറായി രാജഗോപാലിനോട് ആവശ്യപ്പെട്ടത്. കേന്ദ്രത്തിലാണെങ്കില്‍ സി.ബി.ഐ മാത്രമല്ല എന്‍.ഐ.എ പോലും ബി.ജെ.പി.യുടെ താളത്തിനനുസരിച്ച് ചുവടുവയ്ക്കുന്നവരാണ്. ഇസ്രത് ജഹാന്‍ കേസില്‍ സി.ബി.ഐ ചെയ്തതെന്തോ അതൊക്കെതന്നെയാണ് മാലേഗാവ് സ്‌ഫോടനകേസില്‍ എന്‍.ഐ.എ ചെയ്തതും.ലാവ്‌ലിനു പുറമെ പിണറായിയെ അസ്വസ്ഥനാക്കുന്ന മറ്റു ചില സി.ബി.ഐ പ്രശ്‌നങ്ങളുമുണ്ട്. ഉറ്റതോഴന്‍ പി.ജയരാജന്‍ സി.ബി.ഐ. അന്വേഷണം നേരിടുകയാണ്. അന്വേഷണം സത്യസന്ധമായി നടന്നാല്‍ ജയരാജന്റെ തലയ്ക്കുമുകളില്‍ കുരുക്കു വീഴാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ടി.പി വധത്തിനു പിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കാമെന്ന് ഏറ്റാല്‍, വധത്തിനു മുമ്പും പിമ്പുമായി നടന്ന പിണറായി- ജയരാജന്‍-എളമരം കരീം ടെലിഫോണ്‍ സംഭാഷണങ്ങള്‍ മൂവരേയും കുരുക്കിനുള്ളിലാക്കും. (ഇതു കാട്ടിയാണ് സോളാര്‍ സമരം പൊളിച്ചത്).

ഇതില്‍ നിന്നൊക്കെ ശാശ്വതമായ ഒരു പരിഹാരമാണ് കേന്ദ്രസഹായം എന്നു തോന്നിപ്പിക്കുമാറ് രാജഗോപാലിനോട് സഹായം ആവശ്യപ്പെട്ടത്. രാജേട്ടന്‍ ഇത്തരം കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുന്നതില്‍ മിടുക്കനാണ്. പണ്ട് വെള്ളാപ്പള്ളിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടന്ന് പ്രശ്‌നം ഗുരുതരമായപ്പോള്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് രാജേട്ടനായിരുന്നു എന്ന് അക്കാലത്ത് കേട്ടിരുന്നു. പകരം സഹായം ബി.ജെ.പിയ്ക്കും വേണ്ടിയിരുന്നു പിണറായിയില്‍ നിന്നും. പ്രധാനമായും രണ്ട് രാഷ്ട്രീയ സഹായങ്ങള്‍. ഒന്ന്, കേരളത്തില്‍ നിയമസഭാംഗത്വം ലഭിച്ച സ്ഥിതിക്കും കോണ്‍ഗ്രസ് നട്ടെല്ലു പൊട്ടിക്കിടക്കുന്നതിനാലും ബി.ജെ.പിയ്ക്ക് വളരാന്‍ സ്‌കോപ്പ് ഉണ്ട്. അതിനുവേണ്ടി അടിപിടി രാഷ്ട്രീയക്കാര്‍ എന്ന ഇമേജ് മാറ്റി മാന്യന്‍മാരുടെ പാര്‍ട്ടി എന്ന ഇമേജുണ്ടാക്കുകയാണ്. വെള്ളാപ്പള്ളിയുമായുള്ള കച്ചവടം രണ്ടുഭാഗത്തിനും നഷ്ടമായ സ്ഥിതിക്ക്, സ്വന്തം നിലയില്‍ തന്നെയാണ് ബി.ജെ.പി കേരളത്തില്‍ ഇനി വളരേണ്ടത്. അതിന് ആദ്യം വേണ്ടത് അക്രമരാഷ്ട്രീയത്തില്‍ നിന്നുള്ള വിടുതല്‍ ആണ്. കേരളത്തില്‍ അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പോലും ഗുണകരമാകുന്നില്ല എന്ന തിരിച്ചറിവ് പാര്‍ട്ടിക്കു തന്നെയുണ്ടായിട്ടുണ്ട്. പാര്‍ട്ടി സഖാക്കള്‍ വഴി നടപ്പിലാക്കിയ രണ്ടു കൊലക്കേസുകളില്‍ പി.ജയരാജന്‍ പ്രതിയാണ്. കൂടാതെ ചില എം.എല്‍.എമാരും. അങ്ങനെയാണ് പാര്‍ട്ടി ക്വട്ടേഷന്‍ കൊടുത്ത് ടി.പി.യുടെ കഥ കഴിച്ചത്. പക്ഷെ, അതു തിരിഞ്ഞു കൊത്തുകയാണ്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയത്തില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പുറത്തുകടക്കണം.

എന്നാല്‍, അക്രമരാഷ്ട്രീയം വെടിയേണ്ടതിന്റെ കൂടുതല്‍ ആവശ്യകത ബി.ജെ.പിക്കാണ്. അതിനു കളമൊരുക്കേണ്ടത് കണ്ണൂരാണ്. അത് സാധ്യമാകണമെങ്കില്‍ പിണറായിയുടെ സഹായം വേണം. അങ്ങനെ സഹായം കൊടുക്കുന്നതില്‍ പിണറായിക്ക് പ്രശ്‌നമില്ല. കാരണം, കേരളത്തില്‍ ബി.ജെ.പി വളരാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ ശവശരീരത്തിലൂടെയായിരിക്കും എന്ന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കി കഴിഞ്ഞു.

കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് വളരണം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ ബ്രാഹ്മണസഭയ്ക്ക് വളരാനുള്ള വളമില്ല. ഈ തിരഞ്ഞെടുപ്പിലൂടെ അക്കാര്യം വീണ്ടും വ്യക്തമായി. വളരാനുള്ള വളം തമിഴ് മണ്ണില്‍ ബി.ജെ.പി തന്നെ നിക്ഷേപിക്കണം. അതിനവര്‍ക്കൊരു വൈകാരിക പ്രശ്‌നം വേണം. തമിഴ് മക്കളുടെ വൈകാരിക പ്രശ്‌നമാണ് മുല്ലപ്പെരിയാര്‍. അല്ലെങ്കില്‍, ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ, വളരെ സമര്‍ത്ഥമായി, ഒരു വൈകാരിക വിഷയമാക്കി മാറ്റി. എന്നാല്‍, ഇരു ദ്രാവിഡ പാര്‍ട്ടികള്‍ക്കും കഴിയാത്ത ഒരു വലിയ നേട്ടം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ബി.ജെ.പിക്കു നേടിക്കൊടുക്കാന്‍ കഴിഞ്ഞാലോ? അതായിരിക്കും ബി.ജെ.പിയുടെ ശരിക്കുള്ള പൊളിറ്റിക്കല്‍ എന്‍ട്രി.

ഈ രണ്ടു കാര്യത്തിലും ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുന്നയാളാണ് പിണറായി എന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ രാജഗോപാലിനു കഴിഞ്ഞു എന്നിടത്താണ് പിണറായിയുടെ ഡല്‍ഹിയാത്ര തുടങ്ങുന്നത്. അക്രമരാഷ്ട്രീയം നിര്‍ത്തുന്നതിനെക്കുറിച്ചോ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന സമീപനം എടുക്കുന്നതനെക്കുറിച്ചോ പിണറായി പാര്‍ട്ടിയുമായിട്ടോ, മന്ത്രിമാരുമായിട്ടോ ഇടതുഘടകകക്ഷികളുമായിട്ടോ കേരളത്തിലെ പൊതുസമൂഹമായിട്ടോ യാതൊരു ആശയവിനിമയവും നടത്തിയില്ല. ചര്‍ച്ചയ്ക്ക് ഔദ്യോഗിക തലത്തില്‍ നിന്ന് - പാര്‍ട്ടിയിലെയോ ഗവണ്‍മെന്റിലെയോ - ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. കൂടെ കൊണ്ടുപോയത് ജോണ്‍ ബ്രിട്ടാസിനെ. നടന്ന ചര്‍ച്ചകളുടെ തനതുരൂപം അറിയാവുന്ന ഒരേ ഒരു മലയാളി - പിണറായി കഴിഞ്ഞാല്‍ - ബ്രിട്ടാസ് മാത്രം.ചര്‍ച്ചയ്ക്കുശേഷം പിണറായി രണ്ടുകാര്യങ്ങള്‍ പറഞ്ഞു (മറ്റു പലതിനോടുമൊപ്പം.) ബി.ജെ.പിക്കാര്‍ തയ്യാറാണെങ്കില്‍ അക്രമരാഷ്ട്രീയം വേണ്ട എന്നു വയ്ക്കാന്‍ താന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാം. മുല്ലപ്പെരിയാറിനു ബലക്ഷയമില്ല എന്ന സുപ്രീംകോടതിയുടെ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ നിലനില്‍ക്കുന്നു. പുതിയ അണ കെട്ടുക എന്നത് എളുപ്പം നടക്കുന്ന കാര്യമല്ല.

ഇതില്‍ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള കാര്യങ്ങള്‍ തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.

ഇത് വ്യക്തമാക്കുന്ന രീതിയില്‍ സംഭവങ്ങള്‍ തുടര്‍ന്നുണ്ടായി. തമിഴ്‌നാട്ടില്‍ 500-ലേറെ ഫ്‌ളക്‌സുകള്‍ പിണറായി വിജയന്റെ സ്‌നേഹസ്പര്‍ശത്തെക്കുറിച്ചു വാഴ്ത്തി. എല്ലാത്തിന്റെയും പിന്നില്‍ തമിഴ്‌നാട്ടിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പിയുമായ പൊന്‍രാധാകൃഷ്ണന്‍ കേരളത്തിന്റെ പുതിയ നീക്കത്തെ പുകഴ്ത്തി സംസാരിയ്ക്കുന്നു. കേരളത്തിലാകട്ടെ, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ മാര്‍ക്‌സിസ്റ്റ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുന്നു.

ഇനി വരാനിരിക്കുന്നത് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ നിരപരാധിത്തത്തെക്കുറിച്ചുള്ള സി.ബി..യുടെ പുതിയ കണ്ടെത്തലും ഫസല്‍ - ഷുക്കൂര്‍ വധക്കേസുകളിലെ പി.ജയരാജന്റെ പങ്കിനെക്കുറിച്ചുള്ള സി.ബി.ഐയുടെ കണ്ടെത്തലുമാണ്. ടി.പി വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ ഏറ്റെടുക്കുകയുമില്ല. എല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന് അനുകൂലമായി വന്നാല്‍ തെല്ലും അത്ഭുതപ്പെടേണ്ട. ഇരുഭാഗത്തുമുള്ള രാഷ്ട്രീയ കച്ചവടം ഇരുകൂട്ടരും ഭംഗിയായി നടത്തി എന്നു മാത്രം. അതിനുവേണ്ടി നാളിതുവരെ പുലര്‍ത്തിവന്ന അക്രമരാഷ്ട്രീയം സി.പി.ഐ. എം വേണ്ടെന്നു വച്ചാല്‍ നന്ന്. പക്ഷെ, അതിനുവേണ്ടി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങളും അവകാശങ്ങളും ഒറ്റുകൊടുക്കണമായിരുന്നോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories