TopTop
Begin typing your search above and press return to search.

പിണറായിയുടെ പടപ്പുറപ്പാട്

പിണറായിയുടെ പടപ്പുറപ്പാട്

ഒന്നര പതിറ്റാണ്ടുകൊണ്ടാണ് പിണറായി അതേ പേരുള്ള പാറപ്പുറത്ത് വച്ചു തുടങ്ങിയ പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടിയത്. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ശവക്കുഴിയില്‍ അവസാനത്തെ മണ്ണുകൂടി കോരിയിട്ടേ അടങ്ങൂ എന്ന വാശിയാണ് പിണറായിക്ക്. അതിനുള്ള പടപ്പുറപ്പാടാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ചടയന്‍ ഗോവിന്ദനെന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍ ഇരുന്നിടത്താണ് പിണറായി ഇരുന്നു തുടങ്ങിയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ശക്തനായി പിണറായി വളര്‍ന്നത് നൊടിയിടകൊണ്ടായിരുന്നു. വളര്‍ന്നത് പിണറായിയും അദ്ദേഹത്തിന്റെ സില്‍ബന്ധികളും മാത്രമായിരുന്നു. പാര്‍ട്ടിയല്ലായിരുന്നു. പാര്‍ട്ടി ക്ഷീണിക്കുകയും തളരുകയും രോഗശയ്യയിലാകുകയും ചക്രശ്വാസം വലിക്കുകയും ചെയ്യുമ്പോഴും പിണറായി വളരുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി ശവമായി. ഇനി കുഴിച്ചിടീല്‍. മണ്ണുമൂടല്‍. കഴിഞ്ഞു. പശ്ചിമബംഗാളിലെ അവസ്ഥയിലേക്ക് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്താന്‍ അധിക സമയം വേണ്ട (പ്ലീനത്തിന് പത്തു ലക്ഷം പേരെ കൊല്‍ക്കത്തയില്‍ അണിനിരത്തുമ്പോഴും പശ്ചിമബംഗാളില്‍ പാര്‍ട്ടിയെ കാണാനില്ല). അടുത്ത അഞ്ചുകൊല്ലത്തെ ഭരണം മാത്രം മതി.

ലാവ്‌ലിന്‍ എന്ന മോഷണത്തിന്റെ തൊണ്ടി ഒളിപ്പിച്ചുവച്ചുകൊണ്ടാണ് പാര്‍ട്ടി പിണറായിയെ സംസ്ഥാന സെക്രട്ടറിയാക്കുന്നത്. കള്ളമുതലിന്റെ ചെറിയൊരു അംശം പാര്‍ട്ടി രുചിച്ചിരിക്കാം. ബാക്കി പിണറായിയും. സത്യം പുറത്തായാല്‍ പിണറായി പിടിക്കപ്പെടും. പാര്‍ട്ടി നാറും. നാറുന്ന കൂട്ടത്തില്‍ സര്‍വനേതാക്കന്‍മാരും പെടും. വി.എസ്സും ഇ.എം.എസ്സും സുര്‍ജിത്തും പെടും. അതുകൊണ്ടുതന്നെ നൂറുരൂപയുടെ തിരിമറി നടത്തിയാല്‍ നടപടി ഉറപ്പായിരുന്ന പാര്‍ട്ടിക്ക് പിണറായിയെ പിന്താങ്ങേണ്ടിവന്നു. പോളിറ്റ് ബ്യൂറോ കൂടി. അന്വേഷണ കമ്മിഷനെ വച്ചു (ക്രിമിനല്‍ കുറ്റാരോപണം അന്വേഷിക്കേണ്ടത് പൊലീസാണെന്ന സത്യം നിലനില്‍ക്കെതന്നെ). കമ്മിഷന്‍ റിപ്പോര്‍ട്ട് എന്തായി എന്ന് ആര്‍ക്കും അറിയില്ല. അതു പൊതുജനത്തെ അറിയിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. പാര്‍ട്ടി പിണറായിക്ക് ക്ലീന്‍ ചിറ്റ് കൊടുത്തു.

പത്തുകൊല്ലം മുമ്പാണ് പിണറായി മുഖ്യമന്ത്രിയാകാനുള്ള നീക്കം തുടങ്ങിയത്. തനിക്കു ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും പിടിമുറുക്കി പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സിനെ നിയമസഭയില്‍ മത്സരിപ്പിക്കാനുള്ള അനുവാദം നിഷേധിച്ചുകൊണ്ടായിരുന്നു ആ തുടക്കം. അതു പക്ഷെ, പൊതുജനം തോല്‍പ്പിച്ചുകളഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടി തീരുമാനം പൊതുജനാഭിപ്രായത്തെ തുടര്‍ന്ന് തള്ളി. വി.എസ്. മത്സരിച്ചു. മുഖ്യമന്ത്രിയായി.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന അവസ്ഥ പിണറായി തന്നെ തള്ളിക്കളഞ്ഞത് പാര്‍ട്ടിക്ക് ഉറപ്പായ വിജയ സാധ്യതയുള്ള ആറിടങ്ങളിലെ പരാജയം ഉറപ്പാക്കിക്കൊണ്ടായിരുന്നു. അങ്ങനെയാണ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതും കേരളം അപമാനകരമായ അഞ്ചു വര്‍ഷങ്ങളിലൂടെ കടന്നുപോയതും.

ഇതിനു മുമ്പുതന്നെ പിണറായി ഇടതുമുന്നണിയെ ശിഥിലമാക്കിയിരുന്നു. ആദ്യം പുറത്തുപോകേണ്ടിവന്നത് പി.സി.ജോര്‍ജിന്. അന്നും ചില അപ്രീയ സത്യങ്ങള്‍ തുറന്നുപറഞ്ഞതാണ് രാഷ്ട്രീയം തീരെ അറിഞ്ഞുകൂടാത്ത ജോര്‍ജിന് വിനയായത്. പിന്നീട് ജോസഫ് ഗ്രൂപ്പ്. ഇടതുപക്ഷത്തിനോടൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ച ക്രിസ്ത്യാനികള്‍. അവരും പോയി. രണ്ടു മൂന്നു മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക സ്വാധീനമുള്ള ജനതാദളിനെ ചവിട്ടി പുറത്താക്കി. ആര്‍.എസ്.പി.യുടെ സീറ്റുകള്‍ ഒന്നൊന്നായി പിടിച്ചെടുത്തു. സി.പി.ഐ.യുടെ സെക്രട്ടറിമാരെ ഇടിച്ചുതാഴ്ത്തി സംസാരിച്ചു. വളരെ മോശമായ രീതിയില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന ചന്ദ്രപ്പനോട് സംസാരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ക്രിസ്ത്യന്‍ സഭാ നേതാക്കളെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തി. ഗതികെട്ട ആര്‍.എസ്.പി. പുറത്തുപോയി. പോളിറ്റ് ബ്യൂറോ മെമ്പര്‍മാരായ സ്വന്തം പാര്‍ട്ടി നേതാവിനെ എതിരാളിയോടുള്ള പരനാറി പ്രയോഗം കൊണ്ടു തോല്‍പ്പിച്ചു. പത്രാധിപന്‍മാരെ വെല്ലുവിളിച്ചു. പാര്‍ട്ടി ചാനലുപയോഗിച്ചു തന്നെ പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായിരുന്ന വി.എസ്സിനെ, 'വെറുക്കപ്പെട്ടവന്‍' എന്ന് വി.എസ്. വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറെ കൊണ്ട് പുലഭ്യം പറയിപ്പിച്ചു (ജോണ്‍ ബ്രിട്ടാസ് ചെയ്യുന്നതാണ് പത്രപ്രവര്‍ത്തനം എന്ന് കേരളത്തെയാകെ ബോധ്യപ്പെടുത്തി).

പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതും പാര്‍ട്ടി അംഗങ്ങള്‍ അംഗത്വം പുതുക്കാത്തതും പിണറായിക്ക് പ്രശ്‌നമല്ലായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയേറ്റിലും തന്റെ ശബ്ദത്തിന് എതിര്‍ ശബ്ദമുണ്ടാകരുത് എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. എതിര്‍പ്പിന്റെ നേരിയ ശബ്ദം പോലും അടിച്ചമര്‍ത്തപ്പെട്ടു. അങ്ങനെയാണ് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എയായിരുന്ന കൃഷ്ണപ്രസാദിനെ പേരെടുത്ത് പറഞ്ഞ് സംസ്ഥാന കമ്മിറ്റിയില്‍ ശാസിച്ചത്.

സംഹാരമൂര്‍ത്തിയുടെ വരവറിയിച്ചുകൊണ്ട് ഭൂതഗണങ്ങള്‍ വരാറുണ്ട്. അങ്ങനെ അഴിച്ചുവിട്ടിരിക്കുന്ന ഭൂതഗണങ്ങളാണ് ത്രിമൂര്‍ത്തികളായ ജയരാജന്‍മാരും ഇളമരം കരീമിനെപ്പോലുള്ള ചില ഇടനിലക്കാരും. ത്രിമൂര്‍ത്തികള്‍ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും രൂപം കൊണ്ടും ജനത്തിനെ ഭീഷണിപ്പെടുത്തുകയും കളിയാക്കുകയും മുറിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇടനിലക്കാര്‍ കച്ചവടം ഉറപ്പിച്ചിരിക്കും. കേരളത്തില്‍ ഭൂമാഫിയയും ക്വാറി മാഫിയയും ലോട്ടറി മാഫിയയും വേരുറപ്പിച്ചത് പിണറായിയുടെ കാലയളവിലാണ്. കേരളത്തിലെ ഭൂമി, റിയല്‍ എസ്റ്റേറ്റുകാര്‍ കൈവശപ്പെടുത്തിയപ്പോഴും ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിച്ചപ്പോഴും സ്റ്റാന്റിയാഗോ മാര്‍ട്ടിന്‍ ഒരു ജനതയെ മുഴുവന്‍ കബളിപ്പിച്ചപ്പോഴും നൂറുകണക്കിന് ആരോപണങ്ങള്‍ (കൊലപാതക ആരോപണം ഉള്‍പ്പെടെ) ചാക്കുരാധാകൃഷ്ണന്റെ നേര്‍ക്ക് നീണ്ടപ്പോഴും അവരൊക്കെ പിണറായിക്ക് വേണ്ടപ്പെട്ടവരായിരുന്നു. അവരൊക്കെയായിട്ട് പാര്‍ട്ടിക്ക് അവിഹിതമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു (പാര്‍ട്ടി എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ പിണറായി ആയിരുന്നു എന്നതോര്‍ക്കുക).

ലാവ്‌ലിന്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് വിധിച്ച ന്യായാധിപനെ പിണറായിയുടെ ഭൂതഗണങ്ങള്‍ പ്രതീകാത്മകമായി നാടുകടത്തി. അന്വേഷണത്തിന് അനുവാദം കൊടുത്ത ഗവര്‍ണറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി (വിദേശ വിനിമയ ചട്ടം ലംഘിച്ച ഒരു കേസില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ.യ്ക്ക് മാത്രമേ കഴിയൂ എന്ന വസ്തുത നിലനില്‍ക്കെയായിരുന്നു ഈ അസംബന്ധ നാടകങ്ങളൊക്കെ). ഒടുവില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ കുറ്റപത്രം വിചാരണയ്ക്ക് മുമ്പുതന്നെ കോടതി റദ്ദാക്കി. സമാനമായൊരു റദ്ദാക്കല്‍ അമിത് ഷായുടെ കാര്യത്തില്‍ മാത്രമാണ് സമീപകാലത്തെങ്കിലും നടന്നിട്ടുള്ളത് എന്ന വസ്തുത, ഇന്ത്യയിലെ 50 ശതമാനം ജൂഡീഷ്യല്‍ ഓഫീസര്‍മാരും അഴിമതിക്കാരാണെന്ന സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍, ധാരാളം അസുഖകരമായ ചിന്തകള്‍ ഉണര്‍ത്തുന്നു.

പാര്‍ട്ടി പദവികള്‍ക്ക് കാലപരിധി വരുത്തിയതാണ് പിണറായിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഒറ്റയടിക്ക് തന്റെ സ്ഥാനവും പി.ബിയില്‍ തന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചുപോന്ന കാരാട്ടിന്റെ സ്ഥാനവും ഇല്ലാതായി. പകരം വരാന്‍ സാധ്യതയുള്ള സീതാറാം യെച്ചൂരിയെ എന്തു വില കൊടുത്തും തടയാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നമഃശിവായം വക്കീലായ എസ്.ആര്‍.പി.യെ കുടിയിരുത്താനുമുള്ള നീക്കം പൊളിഞ്ഞതോടെ, ഉഗ്രപ്രതാപിയായ പിണറായി ഉള്‍ത്തടങ്ങളിലേക്ക് വലിഞ്ഞു. രാഷ്ട്രീയമായ ഇടം തീര്‍ത്തും ഇല്ലാതായി. കേരളത്തില്‍ നിന്നുള്ള ഒരു പി.ബി.അംഗം മാത്രം. പാര്‍ട്ടിക്കാര്യം പറയാന്‍ കോടിയേരിയുണ്ട്. പ്രതിപക്ഷ നേതാവായി വി.എസ്. തന്നെ തുടരുന്നു. അങ്ങനെയാണ് പിണറായി 'ഫേസ്ബുക്ക് വിജയ'നായി മാറിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പോലും ജനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വോട്ടുകൊടുത്തതോടെ പിണറായിയുടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു.

എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായിയെ ഫേസ്ബുക്കില്‍ നിന്നും പുറത്തിറക്കി. ഇപ്പോഴും വരവറിയിച്ചത് ഭൂതഗണങ്ങളിലൂടെയാണ്. കേരളത്തിലെ ജനങ്ങളുടെ ആശയാണ് പിണറായി മുഖ്യമന്ത്രിയാവുക എന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വി.എസിന് പ്രായമൊരു പ്രശ്‌നമാണെന്നു തോന്നുന്നില്ല എന്ന യെച്ചൂരിയുടെ പ്രസ്താവന 'ശരിയായില്ല' എന്നുതന്നെയാണ് പിണറായിയുടെ മാധ്യമ കുഴലൂത്തുകാരനായ ഭാസുരേന്ദ്ര ബാബു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് കേരളയാത്രയുടെ ക്യാപ്റ്റന്‍ ആകാന്‍ സംസ്ഥാന കമ്മിറ്റി പിണറായിയെ തിരഞ്ഞെടുത്തത്. യാത്ര സംസ്ഥാന സെക്രട്ടറി നടത്തുന്നതാണ് നല്ലതെന്ന കേന്ദ്രകമ്മിറ്റി അഭിപ്രായത്തെ മാനിക്കാതെയാണ് സംസ്ഥാന കമിറ്റി തീരുമാനമെടുത്തത്. പിണറായി പക്ഷത്തിന്റെ പ്രകടമായ സൂചനയാണ്; അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ. അവസാനത്തെ മണ്ണുകോരിയിടുന്ന കര്‍മ്മം കുഴിവെട്ടിയ ആള്‍ തന്നെ നടത്തും.

ഉടന്‍തന്നെ പിണറായി ഗള്‍ഫിലുള്ള വ്യവസായികളുടെ പ്രശ്‌നം പഠിക്കാന്‍ പോയി. നേതാവിന്റെ മഹത്‌വചനങ്ങള്‍ കുറിച്ചെടുക്കാന്‍ ജോണ്‍ ബ്രിട്ടാസും പോയി. നിയുക്ത മുഖ്യമന്ത്രി പലരുടേയും ആവലാതി കേള്‍ക്കാന്‍ ചെല്ലുന്നു.

തന്റെ ഭാഗത്ത് പിണറായിയും ചില മേക്ക് ഓവര്‍ നടത്തി. കമ്മ്യൂണിസ്റ്റുകാരന് ചേരാത്ത ആ പൊടിമീശ വടിച്ചുകളഞ്ഞു. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്റെ ഗൗരവമുള്ള മുഖത്തിനു പകരം ജനനേതാവിന്റെ, ഭാവിമുഖ്യമന്ത്രിയുടെ, പുഞ്ചിരിയ്ക്കുന്ന മുഖം ഫിറ്റുചെയ്തു. ടെലിവിഷന്‍ ചാനലുകള്‍ക്ക് തുടരെ അഭിമുഖം കൊടുത്തു. മയത്തില്‍ സംസാരിച്ചു. ചിരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പ് കിട്ടിയില്ല. കിട്ടി എന്ന് ഭാവിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം പാര്‍ട്ടിയിലെ അണ്ടര്‍സ്റ്റാന്‍ഡിംഗ് മറ്റൊന്നാണ്. വി.എസും പിണറായിയും മുഖ്യമന്ത്രിമാരാകുക. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം വി.എസ്. അതിനുശേഷം പിണറായി.

അതാണ്, വാസ്തവത്തില്‍, പാര്‍ട്ടിയുടെ അന്ത്യകൂദാശ. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഉള്ളില്‍ നിന്ന് ചീഞ്ഞുതുടങ്ങുന്നത് അവനില്‍ പാര്‍ലമെന്ററി വ്യാമോഹം ഉണ്ടാകുമ്പോഴാണ്. ഇവിടെയിതാ, രണ്ടു മുതിര്‍ന്ന നേതാക്കള്‍ ഒരേ പദവി സ്വപ്നം കാണുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അതിനു വേണ്ടി കടിപിടികൂടുന്നു. ഒടുവിലിതാ, പാര്‍ട്ടി തന്നെ ഇടപെട്ട് പാര്‍ലമെന്ററി വ്യാമോഹം ഇരുവര്‍ക്കുമായി ഇടപെട്ടുകൊടുക്കുന്നു.

ചീയല്‍ തുടങ്ങിയത് ഉള്ളില്‍ നിന്നാണ്. അത് ആദ്യമാരും അറിഞ്ഞില്ല. ഉള്ളുമുഴുവനും ചീഞ്ഞതിന്റെ ദുര്‍ഗന്ധമാണ്, വാസ്തവത്തില്‍, വി.എസ്-പിണറായി പോര് എന്ന് പാര്‍ട്ടിയിലെ കുഴലൂത്തുകാര്‍ക്കൊഴിച്ച് ബാക്കിയെല്ലാവര്‍ക്കും മനസ്സിലായി. ഒരുനാള്‍ പാര്‍ട്ടി താഴെ വീഴും. അവസാനത്തെ ശ്വാസം. പശ്ചിമബംഗാളിലും ഇതേ രോഗമായിരുന്നു. ഇനിയൊരിക്കലും നാമ്പുമുളയ്ക്കാന്‍ സാധ്യതയില്ലാത്ത വീഴ്ച്ച.

നമ്മള്‍ക്ക് കാത്തിരിക്കാം. കേരളത്തില്‍ പാര്‍ട്ടിയുടെ അവസാനത്തെ കോരുമണ്ണ് ഇടാന്‍ പോകുന്നതാരാണ്? വി.എസ്സോ? പിണറായിയോ? അതോ കോടിയേരിയോ? പിന്നീടുള്ളതാരൊക്കെയാണ്? എം.എ.ബേബി, തോമസ് ഐസക്ക്, ഇ.പി.ജയരാജന്‍, പി.ജയരാജന്‍, ഇളമരം കരീം,...

ഈശ്വരാ! എന്തൊരു ദുര്‍ഗ്ഗതി!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories