Top

ദേശീയ പാത: ശ്രീധരന്‍ പിള്ള സാഡിസ്റ്റെന്ന് പിണറായി വിജയന്‍, 'കേരള വികസനത്തിന് ഒന്നും ചെയ്യാത്തവരാണ് ബിജെപി '

ദേശീയ പാത: ശ്രീധരന്‍ പിള്ള സാഡിസ്റ്റെന്ന് പിണറായി വിജയന്‍,
ദേശീയ പാത വികസനത്തിനെതിരെ നിലപാടെടുത്ത ബിജെപി അധ്യക്ഷന്റെ ഇടപെടല്‍ സാഡിസ്റ്റ് നിലപാട് മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാകാലവും ഗതാഗത കുരുക്കില്‍പെട്ട് കഴിയട്ടെ എന്ന തോന്നലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കത്തയച്ചത് വളരെ രഹസ്യമായിട്ടാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തയ്യാറാകണമായിരുന്നു. അല്ലെങ്കില്‍ എന്തുകൊണ്ട് ദേശിയപാത വികസനം ആവശ്യമില്ലെന്ന കാര്യം പരസ്യമായി പറയാന്‍ ബിജെപി അധ്യക്ഷന്‍ തയ്യാറാകണമായിരുന്നു. അത് ചെയ്യാതെ രഹസ്യമായി കത്തയച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചത് കേരളത്തിനെതിരായ നീക്കമാണ്. ബിജെപി സര്‍ക്കാര്‍ പിന്തുടരുന്ന സമീപനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത വികസനത്തിന്റെ പേരില്‍ സെസ്സ് വഴി കേരളത്തില്‍ നിന്ന് പിരിച്ചെടുത്ത തുകയുണ്ട്. എന്നാല്‍ ഇതില്‍ എത്ര പണം കേരളത്തില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തോടുള്ള സമീപനത്തിന്റെ ഭാഗാമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം.

ഓഖി, കാലവര്‍ഷകെടുതി എന്നിവ ഉണ്ടായപ്പോഴും ഇതേ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം തരുന്നില്ലെന്ന് മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍നിന്നുള്ള സഹായം നിഷേധിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രതിസന്ധി ഘട്ടത്തിലും കേന്ദ്രം സഹായിച്ചിട്ടില്ല.

സാലറി ചാലഞ്ചിലുടെ പണം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ അത് തടയാനും ബിജെപി ശ്രമിച്ചു. കേരളം നേടിയെടുത്ത നവോത്ഥാനത്തിന്റെയും മതനിരപേക്ഷത്തിന്റെയും നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഒറ്റക്കെട്ടായി നിന്ന ജനതയെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്.

കേരളത്തിന്റെ എല്ലാ മുന്നേറ്റങ്ങളെയും തകര്‍ത്ത് കേരളത്തെ തന്നെ ഇല്ലാതാക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഇതിനെ തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെിന്റെ വികസനത്തില്‍ ഒന്നും ചെയ്യാത്ത സംഘടന ഏതെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം സംഘ്പരിവാറാണെന്നും അദ്ദേഹം പറഞ്ഞു. കേരള വികസനത്തെ തുരങ്കം വെയ്ക്കുന്ന സംഘ്പരിവാര്‍ സമീപനം ഏത് അളവുവരെ എത്താമെന്നതിന്റെ തെളിവാണ് ബിജെപി അധ്യക്ഷന്റെ കത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘ്പരിവാര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് യുഡിഎഫ് അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ദേശിയപാത വികസനം തടഞ്ഞപ്പോള്‍ അതിനെതിരെ നിലാപാടെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വികസനത്തിന് സഹായമായ നിലപാട് സ്വീകരിക്കുന്നവരുമായി യോജിച്ചുപോകുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

Related Stories