TopTop
Begin typing your search above and press return to search.

പിണറായിയുടെ ഗള്‍ഫ് സന്ദര്‍ശനം; പ്രതീക്ഷയോടെ പ്രവാസികള്‍, അകമ്പടിക്ക് വിവാദങ്ങളും

പിണറായിയുടെ ഗള്‍ഫ് സന്ദര്‍ശനം; പ്രതീക്ഷയോടെ പ്രവാസികള്‍, അകമ്പടിക്ക് വിവാദങ്ങളും

2003 ജനുവരി മാസം കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കേരളത്തെ ഉദാഹരിച്ചത് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ വരവേല്‍പ്പ് (1989) എന്ന സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ബസ് മുതലാളി മുരളിയുടെ കഥ പറഞ്ഞുകൊണ്ടാണ്.

“അയാള്‍ (മുരളി) വലിയ പ്രതീക്ഷകളോടെ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണം ഒരു കൊച്ചു ബിസിനസില്‍ നിക്ഷേപിച്ചു. ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കൊടുവില്‍ അയാള്‍ക്ക് തന്റെ സംരംഭത്തില്‍ നിന്നു പിന്‍വാങ്ങേണ്ടി വന്നു” വാജ്പേയി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മലയാള സിനിമയെ പരാമര്‍ശിച്ചു കൊണ്ട് സംസാരിച്ചപ്പോള്‍ മധ്യവര്‍ഗ്ഗ മലയാളിക്ക് നന്നായി സുഖിച്ചു. അതേ സമയം ഇടതുപക്ഷം വാജ്പേയിയുടെ പ്രസംഗത്തിലെ തൊഴിലാളി വിരുദ്ധതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. “കേരളം ബിസിനസ് സൌഹൃദ പ്രദേശമല്ല എന്ന തോന്നലാണ് പൊതുവേയുള്ളത്. പുറത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമല്ല. ഇവിടെയുള്ള നിക്ഷേപകര്‍ക്കും അത് തന്നെയാണ് അവസ്ഥ. ഉയര്‍ന്ന വരുമാനക്കാര്‍ ഏറെയുള്ള ഈ സംസ്ഥാനത്ത് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പറ്റിയ നല്ല അന്തരീക്ഷമാണുള്ളത്. എന്നാല്‍ വ്യവസായ സ്ഥാപനങ്ങളോ വാണിജ്യ സ്ഥാപനങ്ങളോ തുടങ്ങാന്‍ പറ്റിയ സാഹചര്യം ഇവിടെയില്ല.” വാജ്പേയിയുടെ പ്രസംഗം ഇങ്ങനെ തുടര്‍ന്നു.

2003നു ശേഷം കേരളവും ഇന്ത്യയും ലോകവും ഒരുപാട് മാറി. 2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖല കൂടുതല്‍ കൂടുതല്‍ സംഘര്‍ഷ ഭരിതമായിക്കൊണ്ടിരുന്നു. അതിന്റെ ദുരിതങ്ങള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികളും അനുഭവിച്ചു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവും ഗള്‍ഫ് മേഖലയെ നന്നായി ബാധിച്ചു. പിന്നീട് 2014ല്‍ നിതാഖത്തും പ്രവാസികളുടെ ജീവിതത്തെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. ഡോ. മന്‍മോഹന്‍ സിംഗിന്റെ കാര്‍മ്മികത്വത്തില്‍ നടപ്പിലാക്കിയ ആഗോളവത്ക്കരണ നയങ്ങള്‍ സ്വകാര്യമേഖലയ്ക്ക് ആക്കം കൂട്ടി. ഇന്ത്യയില്‍ നീണ്ട 10 വര്‍ഷത്തെ കോണ്‍ഗ്രസ്സ് മുന്നണിയുടെ ഭരണത്തിനെ തകര്‍ത്തെറിഞ്ഞുകൊണ്ട് ബി ജെ പി പ്രബല ശക്തിയായി ആധികാരത്തില്‍ കയറി. അതിന്റെ ഗുണഫലങ്ങള്‍ ചുരുക്കം ചില പ്രവാസികളായ ബിസിനസുകാരിലൂടെ കേരളത്തിലും എത്തി. യൂസഫലി, രവി പിള്ള തുടങ്ങിയ ബിസിനസ് വ്യക്തിത്വങ്ങള്‍ ഇക്കൂട്ടത്തില്‍ തിളങ്ങുന്ന താരങ്ങളായി. എന്നാല്‍ ഗല്‍ഫിലെ ബഹുഭൂരിപക്ഷം പ്രവാസികളും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയിലൂടെ തന്നെ ആയിരുന്നു ഈകാലങ്ങളിലെല്ലാം കടന്നുപോയ്ക്കൊണ്ടിരുന്നത്. നാട്ടിലെ സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നില്ലെന്ന് ഇവര്‍ നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു. യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും കൊണ്ട് നിലംപരിശായ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയ നഴ്സുമാരെ നാട്ടില്‍ തിരിച്ചു കൊണ്ട് വരുന്നത് സംസ്ഥാന സര്‍ക്കാരിന് പലപ്പോഴും തലവേദനായി മാറി. ലിബിയയില്‍ നിന്നും യെമനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്കു തിരിച്ചെത്തി. ഇപ്പോള്‍ എണ്ണ പ്രതിസന്ധിയില്‍ അകപ്പെട്ട ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. സൌദിയിലെ ഏറ്റവും വലിയ കമ്പനിയായ ഓജറില്‍ നിന്നു തൊഴില്‍ നഷ്ടപ്പെട്ടവരെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപ്പെട്ട് നാട്ടിലെത്തിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്.

ഈ സാഹചര്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ നടത്തിയ സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ഏറെ പ്രാധാന്യമാര്‍ഹിക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബായ് ഹോള്‍ഡിംഗ്സുമായുള്ള ചര്‍ച്ച ഈ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട ആയിരുന്നെങ്കിലും പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി നടത്തിയ ചില പ്രഖ്യാപനങ്ങളാണ് അതിലേറെ പ്രധാനപ്പെട്ടത്.

ചില പ്രഖ്യാപനങ്ങള്‍ ചുവടെ കൊടുക്കുന്നു;

1. കേരളത്തില്‍ വലുതും ചെറുതുമായ എല്ലാ നിക്ഷേപങ്ങള്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി.

2. തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നും മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കും.

3. അസുഖം ബാധിച്ച പ്രവാസികളെ അടിയന്തര ചികിത്സക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുക്കും.

4. കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ രൂപികരിക്കും.

5 . നോര്‍ക റൂട്ട്സ് ഭരണ സമിതി പുനഃക്രമീകരിക്കും.

6 . എന്‍ ആര്‍ ഐ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും.

7. പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും.

8. പ്രവാസി നിക്ഷേപകര്‍ക്ക് നേരിട്ടു ബന്ധപ്പെടാന്‍ മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ഓഫീസില്‍ പ്രത്യേക സംവിധാനം ഒരുക്കും.

gulf

എന്തായാലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെ സാധാരണക്കാരായ പ്രവാസികളും വ്യവസായികളും ഒരുപോലെ സ്വാഗതം ചെയ്തതായാണ് ആദ്യ പ്രതികരണങ്ങള്‍. സ്മാര്‍ട്ട് സിറ്റി, ആയുര്‍വേദ-വിനോദ സഞ്ചാര മേഖലയിലെ പദ്ധതികള്‍, ഗള്‍ഫ് മലയാളികള്‍ക്ക് ടൌണ്‍ഷിപ് മാതൃകയിലുള്ള വീട് നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ചു തരാന്‍ ഷാര്‍ജ ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചത് തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളുടെ കൂട്ടത്തില്‍ സാധാരണക്കാരായ പ്രവാസികളെ കൂടി ഉള്‍ക്കൊള്ളിച്ച് അതിനു ഒരു മാനുഷിക മുഖം സാധിച്ചു എന്നതാണ് പിണറായി മുഖ്യമന്ത്രി ആയതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിന്റെ പ്രത്യേകത. അതോടൊപ്പം പ്രഖ്യാപനങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.

മലയാളിയുടെ ഗള്‍ഫ് പ്രവാസത്തെ കുറിച്ച് ഏറെ ആധികാരികമായി പഠനം നടത്തിയിട്ടുള്ള തിരുവനന്തപുരം സി ഡി എസിലെ അദ്ധ്യാപകന്‍ ഡോ. ഇരുദയ രാജന്‍ പറയുന്നതു പോലെ വേണ്ടത് ‘വിദഗ്ധ ചികിത്സയാണ്. പ്രാഥമിക ചികിത്സയല്ല.’ നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല ഭരണാധികാരികളും നടത്തുന്നത് പ്രാഥമിക ചികിത്സ മാത്രമാണ്.

“എണ്ണയുടെ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കടുത്ത ക്ഷീണം ഏല്‍പ്പിക്കുമ്പോള്‍ അവര്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കും. സ്വന്തം പൗരന്മാരുടെ കാര്യത്തിലായിരിക്കും സ്വാഭാവികമായും അവര്‍ ഉത്കണ്ഠപ്പെടുന്നത്. വിദേശികളായവരെ പുറന്തള്ളാനും നിര്‍ബന്ധിതരാകും. നിതാഖത്ത് പോലുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. കാരണം അവരെ കാത്തിരിക്കുന്നതു വലിയ പ്രശ്‌നങ്ങളാണ്.” ഇരുദയ രാജന്‍ അഴിമുഖത്തിന് അനുവദിച്ച അഭിമുഖത്തില്‍ (ഗള്‍ഫ് പ്രതിസന്ധി; പോകേണ്ടത് മന്ത്രിയല്ല, വിദഗ്ദ സംഘം) ഇങ്ങനെ പറയുകയുണ്ടായി.

24 ലക്ഷത്തോളം മലയാളികള്‍ പ്രവാസികളായിട്ടുണ്ടെന്നാണ് 2014 ലെ കണക്ക് പറയുന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും, ഏതാണ്ട് 20 ലക്ഷത്തിനടുത്ത്, മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഗള്‍ഫ് രാജ്യത്ത് സംജാതമായിരിക്കുന്ന പ്രതിസന്ധി ഇവരുടെയൊക്കെ ജീവിതങ്ങളെ ആശാന്തമാക്കിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു പോരുന്ന ആയിരം പേരെ കുറിച്ച് മാത്രം ഇനി സര്‍ക്കാരുകള്‍ വേവലാതിപ്പെട്ടാല്‍ പോര. 20 ലക്ഷം പേരും തിരിച്ചു വരും എന്ന സാഹചര്യത്തെ എങ്ങിനെ നേരിടണം എന്നതായിരിക്കണം ചിന്ത. മറ്റൊരു ജോലി കണ്ടെത്തുന്നതുവരെ 6 മാസത്തെ ശമ്പളം കൊടുക്കുന്നത് ഒരു പ്രാഥമിക ചികിത്സ മാത്രമേയുള്ളൂ. ലക്ഷക്കണക്കിനു ആളുകള്‍ തിരിച്ചു വരേണ്ടുന്ന സാഹചര്യം ഉണ്ടായാല്‍ അതും സാധ്യമാകില്ല. അപ്പോള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുണ്ട് എന്നു സാരം.

“ഗള്‍ഫില്‍ നിന്നടക്കം തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഇവിടേക്ക് ആകര്‍ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ വ്യാവസായിക, വാണീജ്യ മേഖലകള്‍ തുറക്കേണ്ട നയപരിപാടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അവ പരിസ്ഥിതിക്ക് ഹാനികരമല്ല എന്നും വന്‍ തോതിലുള്ള റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നതുമൊക്കെ ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയല്ല ഐ.ടി മേഖല. അപ്പോള്‍, ഡയമണ്ട് പോളിഷിംഗ്, സൂപ്പര്‍ കണ്ടക്‌ടേഴ്‌സ്, ഹാര്‍ഡ്‌വേര്‍ അസംബ്ലി ലൈന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങി പുതുനിര വ്യവസായ സംരംഭങ്ങള്‍ക്കുള്ള ആലോചനകളാണ് വേണ്ടത്. അതിന് തായ്‌വാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ പഠിക്കുകയും ഏതൊക്കെ മേഖലകളാണ് വികസിപ്പിച്ചെടുക്കാന്‍ കഴിയുക എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.” ഒരു മുന്‍ എഡിറ്റോറിയലില്‍ (ഗീത ഗോപിനാഥ് വരട്ടെ) ഞങ്ങള്‍ എഴുതിയാണിത്.

പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ സമഗ്രമായ അര്‍ത്ഥത്തില്‍ പ്രശ്നനങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെങ്കിലും ഭാവി സാധ്യതകളിലേക്കുള്ള വഴി തുറക്കലായി അതിനെ കാണേണ്ടതുണ്ട്. ദുബായില്‍ പിണറായിയെ കാണാനെത്തിയ ജനക്കൂട്ടം വലിയൊരു പ്രതീക്ഷയോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കാണുന്നത്. അനാവശ്യ വിവാദങ്ങളില്‍ വലിച്ചിഴച്ച് അതിന്റെ മെറിറ്റ് നഷ്ടപ്പെടുത്തുന്നതിന് പകരം പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനം പ്രവാസികളെയും കേരള സമൂഹത്തെയും ഏതെങ്കിലും തരത്തില്‍ ഉദ്ദീപിപ്പിക്കുമോ എന്നാണ് നമ്മള്‍ നോക്കേണ്ടത്. ഒപ്പം ചില താര മുതലാളിമാരുടെ വാണിജ്യ വ്യവസായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഒന്നായി അതു മാറാതെ നോക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനുമുണ്ട്.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories