TopTop
Begin typing your search above and press return to search.

പിണറായി വിജയന്‍: രണ്ട് അധ്യായങ്ങളുള്ള ഒരു രാഷ്ട്രീയജീവിതം

പിണറായി വിജയന്‍: രണ്ട് അധ്യായങ്ങളുള്ള ഒരു രാഷ്ട്രീയജീവിതം

തൊണ്ണൂറുകള്‍ തൊട്ട് കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ തുടങ്ങി, യുവാക്കളെ രാഷ്ട്രീയ പ്രവര്‍ത്തനം ആകര്‍ഷിക്കാതെയായി തുടങ്ങിയ വിമര്‍ശനങ്ങളൊക്കെ ഭാഗികമായി ശരിയാണ്. പക്ഷേ അതിനര്‍ത്ഥം തൊണ്ണൂറുകള്‍ക്ക് ശേഷം ജനശ്രദ്ധ ആകര്‍ഷിച്ച നേതാക്കള്‍ ഉണ്ടായിട്ടില്ല എന്നോ പൊതുസമൂഹം രാഷ്ട്രീയക്കാരെ വേര്‍തിരിച്ചറിയാത്ത അവസ്ഥയായി എന്നോ അല്ല. പ്രശസ്തിയെക്കുറിച്ച് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയാതെ ഒരു മലയാളി കുഞ്ഞും മൂന്ന് വയസ്സ് തികയ്ക്കില്ല എന്ന് പറയുന്നത്ര ഉറപ്പോടെ പറയാവുന്ന നാല് രാഷ്ട്രീയ നേതാക്കളെങ്കിലും ഈ കാലഘട്ടത്തിലൂടെ തങ്ങളുടെ സാന്നിദ്ധ്യം ആബാലവൃദ്ധം ജനങ്ങളിലും എത്തിച്ച് ജീവിച്ചിരുന്നു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അവര്‍ വ്യത്യസ്ത തലങ്ങളിലാണെങ്കിലും നിത്യഹരിതത്വം അവകാശപ്പെട്ടു കൊണ്ടുതന്നെ ഇന്നും ജീവിച്ചിരിപ്പുണ്ട്; വി എസ് അച്ചുതാനന്ദന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നിവര്‍.


1996-ലെ നായനാര്‍ മന്ത്രിസഭയ്ക്ക് ശേഷം അധികാരത്തില്‍ വന്ന മുഖ്യമന്ത്രിയാണ് ആന്റണി. അത് അദ്ദേഹത്തിന്റെ ആദ്യ മുഖ്യമന്ത്രി പദവും ആയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പദം ഉമ്മന്‍ ചാണ്ടിക്ക് കൈമാറി കേന്ദ്രത്തിലേക്ക് പോയ അദ്ദേഹം പ്രതിരോധ വകുപ്പ് മന്ത്രിയും യു പി എ സര്‍ക്കാരിലെ രണ്ടാമനും ഒക്കെ ആയി. ഉമ്മന്‍ ചാണ്ടി രണ്ടുതവണ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവും ആയിരുന്നെങ്കില്‍ വി എസ് രണ്ട് തവണ പ്രതിപക്ഷ നേതാവും ഒരു തവണ മുഖ്യമന്ത്രിയും ആയി. എന്നാല്‍ പിണറായി വിജയനാകട്ടെ 1996 മുതല്‍ 1998 വരെ രണ്ട് വര്‍ഷക്കാലം വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആയിരുന്നതൊഴിച്ചാല്‍ പിന്നീടുള്ള ഒന്നര പതിറ്റാണ്ട് പാര്‍ലമെന്ററി രംഗത്തേ ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എങ്ങനെ ഇവര്‍ക്കൊപ്പം വാര്‍ത്താ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ നേതാവായി?

രണ്ട് അധ്യായങ്ങളുള്ള ഒരു രാഷ്ട്രീയ ജീവിതം - അധ്യായം ഒന്ന്
പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത് അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ഒരു രാഷ്ട്രീയ ജീവിതത്തിന് ശേഷമാണ് എന്ന് അറിയാവുന്നവര്‍ക്കൊക്കെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സവിശേഷമാം വണ്ണം വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളും ഓര്‍മ്മയുണ്ടാകും. ആ പൊതുജീവിതത്തെ അങ്ങനെ രണ്ടായി തിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ രാഷ്ട്രീയത്തിലോ ഇടയ്ക്ക് വന്ന മാറ്റങ്ങളല്ല, അദ്ദേഹത്തോടുള്ള കേരളീയ പൊതുബോധത്തിന്റെ സമീപനത്തില്‍ വന്ന മാറ്റങ്ങളാണ്. അതാവട്ടെ പതിറ്റാണ്ടുകള്‍ നീണ്ട ഒരു പ്രക്രിയയിലൂടെ നിര്‍മ്മിച്ചെടുത്തതും.

1944-ല്‍ ജനിച്ച വിജയന്‍ ഇരുപതാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടുകയും തുടര്‍ന്ന് തന്റെ ഇരുപത്തിയേഴാം വയസ്സില്‍ (1970) ആദ്യമായി കേരളാ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീട് 77-ലും 91-ലും 96-ലും വിജയം ആവര്‍ത്തിച്ച ഈ യുവനേതാവ് തന്റെ അന്‍പത്തിരണ്ടാം വയസ്സില്‍ ആദ്യമായി മന്ത്രി സ്ഥാനത്ത് എത്തുന്നു. എന്നാല്‍ കേവലം രണ്ട് കൊല്ലം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം 1998-ല്‍ പാര്‍ട്ടി സെക്രട്ടറിയായ ചടയന്‍ ഗോവിന്ദന്റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ച് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നു.

1971-ല്‍ നഗ്‌നമായ നുണപ്രചരണത്തിലൂടെ സംഘപരിവാര്‍ കൊളുത്തിവിട്ട സാമുദായിക കലാപത്തില്‍ നിന്ന് പ്രകോപിതരായി മെരുവമ്പായി മുസ്ലീം പള്ളിയെ ആക്രമിക്കാന്‍ എത്തിയ പരിവാര പ്രവര്‍ത്തകരെ തടഞ്ഞ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയ സഖാവ് കുഞ്ഞിരാമനെ ഒരുപക്ഷേ ഇന്നും പലരും ഓര്‍ക്കുന്നുണ്ടാവണം. എന്നാല്‍ പ്രസ്തുത കലാപം ശമിപ്പിക്കാന്‍ കുഞ്ഞിരാമന്‍ സഖാവിനൊപ്പം കയ്യുംമെയ്യും മറന്ന് പരിശ്രമിച്ച മറ്റ് നിരവധി കമ്യൂണിസ്റ്റുകാര്‍ക്ക് നേതൃത്വം നല്‍കി ഒപ്പം നിന്ന ഒരു യുവ സിപിഐഎം എംഎല്‍എ ഉണ്ടായിരുന്നു എന്ന കാര്യം പുതുതലമുറയുടെ ചരിത്രജ്ഞാനത്തില്‍ നിന്ന് മറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ യുവാവിന്റെ പേര് പിണറായി വിജയന്‍ എന്നായിരുന്നു.

അതൊന്നും വേണ്ടത്ര ഓര്‍മ്മിക്കപ്പെട്ടില്ലെങ്കിലും എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങള്‍ വരെയെങ്കിലും അയാള്‍ അവമതിക്കപ്പെട്ടിരുന്നില്ല. സദാ ചിരിക്കാത്ത മുഖം മുതല്‍ സാദാ ചീപ്പിനും ഒതുങ്ങുന്ന മുടി വരെ അടിമുടി ധാര്‍ഷ്ട്യമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നില്ല. അത് ആ ജീവിതത്തിലെ വേറൊരു ഘട്ടമായിരുന്നു. അതിവിടെ തീരുന്നു.അധ്യായം രണ്ട്: പാര്‍ട്ടി സെക്രട്ടറി
സഖാവ് പിണറായി വിജയന്റെ ജീവിതത്തിലെ ഒന്നാം അധ്യായം രാജിയോടെ സെക്രട്ടേറിയേറ്റില്‍ അവസാനിക്കുകയും നിര്‍ണ്ണായകമായ രണ്ടാം അധ്യായം പിന്നെ എ കെ ജി സെന്ററില്‍ തുടങ്ങുകയും ചെയ്യുന്നു. 1996-ല്‍ ഒരു ഒത്തുതീര്‍പ്പ് സമവാക്യത്തിലൂടെ മുഖ്യമന്ത്രിയായി ഉപതെരഞ്ഞെടുപ്പിലൂടെ വന്ന സഖാവ് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2001-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും തുടര്‍ന്ന് അദ്ദേഹം വാര്‍ദ്ധക്യവും അനാരോഗ്യവും നിമിത്തം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും 2004-ല്‍ നിര്യാതനാവുകയും ചെയ്തു. 1996-ല്‍ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ അച്ചുതാനന്ദന്‍ 2001-ല്‍ ജയിച്ച് പ്രതിപക്ഷ നേതാവാകുകയും ചെയ്തു. നായനാരുടെ കാലം മുതല്‍ക്കേ പരോക്ഷമായി സിപിഐഎമ്മില്‍ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്ന വിഭാഗീയതയില്‍ അച്ചുതാനന്ദപക്ഷം എന്ന് എണ്ണപ്പെട്ടിരുന്ന പിണറായി ഇതോടെ പുതിയ ദ്വന്ദ്വത്തിന്റെ ഒരു തലയ്ക്കായി. പിണറായി -അച്ചുതാനന്ദന്‍ ദ്വന്ദ്വം പക്ഷേ നായനാര്‍ - അച്ചുതാനന്ദന്‍ ദ്വന്ദ്വം പോലെ പരോക്ഷവും നിശബ്ദവുമായിരുന്നില്ല. അതിന് കാരണങ്ങളും ഉണ്ട്.

ഇടത് രാഷ്ട്രീയത്തിന്റെ ബദല്‍ വികസന, സാമ്പത്തിക നയങ്ങളെ വലത് രാഷ്ട്രീയ യുക്തികള്‍ കൊണ്ട് മാത്രം ഫലപ്രദമായി നേരിടാനാവില്ല എന്ന് കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികേന്ദ്രങ്ങള്‍ മനസിലാക്കി. ഇടത് രാഷ്ട്രീയത്തിന് ബദല്‍ യുക്തികള്‍ സാധ്യമാകണമെങ്കില്‍ അവ അതിനുള്ളില്‍ നിന്ന് തന്നെ സൃഷ്ടിച്ചെടുക്കണം എന്ന അവരുടെ തിരിച്ചറിവിന് പിന്നില്‍ ഒരു വിശാലമായ ചരിത്രാനുഭവം തന്നെയുണ്ട്. ആ പശ്ചാത്തലത്തില്‍ ഇടത് സഖ്യത്തിലെ നിര്‍ണ്ണായക ശക്തികേന്ദ്രമായ സംഘടന എന്ന നിലയ്ക്ക് സിപിഐഎമ്മിനുള്ളില്‍ തന്നെ അത്തരം ഒരു സാധ്യത വീണുകിട്ടുകയാണെങ്കില്‍ ചരിത്രപരമായ ആ ആനുകൂല്യം അവര്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ആവില്ല. ചാനല്‍ വിപ്‌ളവം തുറന്നിട്ട സാധ്യതകള്‍ മറ്റൊരു ചരിത്രപരമായ ആനുകൂല്യമാണ്.

ആ ആനുകൂല്യങ്ങള്‍ ആവോളം ഉപയോഗിച്ച് ഔദ്യോഗിക സിപിഐഎം എന്ന ഭൗതിക യാഥാര്‍ത്ഥ്യത്തെ അതിന്റെ ഒരു അയഥാര്‍ത്ഥ കാല്‍പനിക മാതൃക കൊണ്ട് തകര്‍ക്കുക എന്നതായിരുന്നു തന്ത്രം. അതിന് മുന്നില്‍ വയ്ക്കാന്‍ മൂര്‍ത്തമായൊരു രൂപം വേണം. അതായിരുന്നു പിണറായി എന്ന മുടിയിഴയില്‍ വരെ ധാര്‍ഷ്ട്യം പുരട്ടിയ ജനാധിപത്യ വിരുദ്ധനായ ഏകാധിപതി. ആ അധ്യായം അദ്ദേഹം പാര്‍ട്ടി സെക്രട്ടറി പദം വിട്ടിട്ടും തുടരുകയാണ്.

എന്തിനീ പിണറായി വിരോധം?
എന്തിന് വലത് രാഷ്ട്രീയം അവരുടെ പ്രതിരോധങ്ങള്‍ക്കൊക്കെയും പിണറായി എന്ന ഒരു വ്യക്തിയെ കേന്ദ്രമാക്കുന്നു എന്നത് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു എന്ന് കരുതുന്നു. അനുകൂലമായ ചരിത്ര ഘട്ടത്തില്‍ അവര്‍ നടത്തിയ സ്ഥിരനിക്ഷേപത്തിന്റെ പലിശയാണ് കേരളീയ പൊതുബോധത്തില്‍ ഇന്നും നിലനില്ക്കുന്ന യഥാര്‍ത്ഥ ഇടതനായ അച്ചുതാനന്ദനും ഇടതിലെ വലതന്മാരുടെ പിണറായിയും എന്ന ദ്വന്ദ്വം. ഇത് പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കോ വിശാലമായ അര്‍ത്ഥത്തില്‍ വര്‍ഗ്ഗതാല്‍പര്യത്തിന് തന്നെയുമോ ഗുണകരമാകില്ല എന്ന് വി എസ്സും പിണറായിയും തിരിച്ചറിഞ്ഞിട്ടും അത് പൊതുസമൂഹത്തിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഈ അനുകൂലഘടകങ്ങള്‍ അവര്‍ ഫലപ്രദമായി ഉപയോഗിച്ചതോടെ പുതിയ നൂറ്റാണ്ടില്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ പക്ഷത്തിന് ഭൂരിപക്ഷമുള്ളത് എന്ന് പറയപ്പെടുന്ന ഔദ്യോഗികപക്ഷവും 'ഇടത്' അല്ലാതെയായി. അത് പ്രചരിപ്പിക്കുന്നത് വലത് മാധ്യമങ്ങളും, അതിന് ആധികാരികത നല്‍കുന്നത് വലത് രാഷ്ട്രീയസംഘടനകളും ആണെന്ന് ഓര്‍ക്കണം. കൂടാതെ കാലാകാലങ്ങളില്‍ പല കാരണങ്ങളാല്‍ സിപിഐഎമ്മില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നവരുടെ ഒരു കൂട്ടായ്മയും. നാലാം ലോകവാദം മുന്നോട്ട് വച്ച് പുറത്ത് പോയ സൈദ്ധാന്തികനായ എം പി പരമേശ്വരനെ ഓര്‍ക്കുക. അദ്ദേഹം ഈ പാനലില്‍ ഇല്ല. പലതരം പിണക്കങ്ങളിലൂടെ പുറത്ത് പോയി സിപിഐഎം വിരുദ്ധതയിലൂടെ ബുദ്ധിജീവിപ്പട്ടം നേടിയവരും മാധ്യമ സര്‍വ്വശ്രീ ആയവരുമാണ് ഈ പട നയിക്കുന്നത്.

ഇവരില്‍ പലരും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറി എന്ന വ്യക്തിയുടെ തീരുമാനവും താല്‍പര്യവുമായി വായിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആ സെക്രട്ടറി എന്ന വ്യക്തിയോട് തീര്‍ത്താല്‍ തീരാത്ത വിരോധമുള്ളവരും. ഇത് വ്യക്തികളുടേത് എന്നതില്‍ ഉപരി മലയാളിയുടെ ഒരു പൊതുമനോനിലയാണെന്ന് തോന്നുന്നു. ഇടതുപക്ഷത്തിന്റെ ഭാഗമാണ് താനെന്ന് ഏകപക്ഷീയമായി പറഞ്ഞുനടന്ന ഒരാളാണ് പി സി ജോര്‍ജ്. ഒടുവില്‍ ഇടതുമുന്നണി അദ്ദേഹത്തിന് അംഗത്വം കൊടുക്കണ്ട എന്ന് തീരുമാനിച്ചു. (അദ്ദേഹത്തിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തി ചരിത്രം അറിയാവുന്ന ആരും അത്തരം ഒരു അപകടത്തില്‍ അറിഞ്ഞുകൊണ്ട് തലവയ്ക്കില്ല എന്നത് വേറെ കാര്യം). പക്ഷേ അതിനും വിരോധം സിപിഐഎം കാരനായ പിണറായി വിജയനോടാണ്. അതായത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ലമെന്ററി കക്ഷി നേതാവല്ല, പാര്‍ട്ടി നേതാവാണ്. പുള്ളി ഇപ്പൊ മുഖ്യമന്ത്രി ആകുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ട്ടി സെക്രട്ടറി അല്ല, പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്!

ഇത് നേരത്തെ പറഞ്ഞ ഏകാധിപതി ഇമേജിന്റെ തുടര്‍ച്ചയാണ്. ഇതിനെ നിലനിര്‍ത്തിക്കൊണ്ട് വേണം സിപിഐഎം ഒരു ഫാസിസ്റ്റ് സംഘടനയാണെന്നും അവര്‍ക്ക് മേല്‍ക്കൈ ഉള്ള ഒരു സര്‍ക്കാര്‍ വന്നാല്‍ എതിരഭിപ്രായം പറയുന്നവരോക്കെയും തല്‍ക്ഷണം വെടിയേറ്റ് വീഴുമെന്നും ഉള്ള പ്രതീതി നിലനിര്‍ത്താന്‍.

യഥാര്‍ത്ഥ ലക്ഷ്യം
ഇടതിന്റെ വലത് വ്യതിയാനമാണ് ചര്‍ച്ച. വലത് രാഷ്ട്രീയത്തെ കുറിച്ച് മിണ്ടാട്ടമില്ല. അത് ചര്‍ച്ചയാകുമ്പൊഴെല്ലാം വ്യക്തിഗത രാഷ്ട്രീയ തന്ത്രജ്ഞതയിലും കൗശലത്തിലും പൊതിഞ്ഞ് അതിന്റെ ഉള്ളടക്കത്തെ അവര്‍ വിദഗ്ധമായി കടത്തിക്കൊടുക്കുന്നു; വലത് തന്നെ ഭരണപക്ഷവും പ്രതിപക്ഷവും ആയ ഈ കാലത്ത് പോലും. അപ്പോള്‍ ഈ കണ്ട ചാനലുകളും കോണ്‍ഗ്രസ്സും ബിജെപി തന്നെയും എന്തുകൊണ്ട് ചിലരെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചില വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ മാത്രം ഇടതിനെ വിമര്‍ശിക്കുന്നു എന്ന നാട്യത്തില്‍ വലതിനെ സാധൂകരിക്കുന്നു? എല്ലാം കണക്കാണെന്ന് പറഞ്ഞാലുള്ള ഗുണം രണ്ടാണ്. വലത് രാഷ്ട്രീയം സാധൂകരിക്കപ്പെടും എന്നതാണ് അവരുടെ പ്രാഥമിക ലക്ഷ്യം; ഒപ്പം ഇടതര്‍ എന്തൊക്കെ പറഞ്ഞാലും ഇത്രയൊക്കെയേ നടക്കൂ എന്ന് സ്ഥാപിക്കലും.

യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് വിളിക്കപ്പെടുന്ന കാല്‍പനികരുടെ കൂട്ടായ്മയ്ക്ക് വ്യക്തിഗത നിലനില്‍പ്പിനും ബുദ്ധിജീവിപ്പട്ടത്തിനും അപ്പുറത്ത് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ലെങ്കിലും യഥാര്‍ത്ഥ/അയഥാര്‍ത്ഥ വകഭേദങ്ങളില്ലാത്ത ഒരു ഭൗതിക യാഥാര്‍ത്ഥ്യമായ 'യഥാര്‍ത്ഥ' വലതുപക്ഷത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. അത് സ്വന്തം നിലനില്‍പ്പിനെതിരെ ഉണ്ടാകുന്ന ഭൗതിക വെല്ലുവിളികളെ ഫലപ്രദമായി നേരിടേണ്ടതുണ്ട് എന്ന കാര്യത്തിലാണ്. അതില്‍ അവര്‍ സദാ ജാഗരൂകരായിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. പക്ഷേ അവര്‍ ഉപയോഗിക്കുന്ന യുദ്ധമുറ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റേതായിരിക്കില്ല. നാളുകളായി പയറ്റി വിജയിച്ച തന്ത്രം തന്നെയാവും ആവര്‍ത്തിക്കപ്പെടുക. യഥാര്‍ത്ഥ ഇടതുപക്ഷം എന്ന അവര്‍ നിര്‍മ്മിച്ച വലത് കുഴലൂത്തുകാരെ മുന്‍നിര്‍ത്തി ഇടത് രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യത്തെ പിറകില്‍ നിന്ന് ആക്രമിക്കുക എന്നതാണത്.

2016 മെയ് 25, ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ 'പിണറായി' വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനും അയാളുടെ നേതൃത്വത്തില്‍ നിലവില്‍ വരാന്‍ പോകുന്ന മന്ത്രിസഭയും നേരിടാന്‍ പോകുന്ന മുഖ്യ വെല്ലുവിളി പ്രത്യക്ഷ വലത് രാഷ്ട്രീയത്തിന്റെയല്ല; പ്രച്ഛന്ന വലത് രാഷ്ട്രീയമെന്ന യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ ആയിരിക്കും.

പരോക്ഷ വലതുപക്ഷം എന്നത് അതി സങ്കീര്‍ണ്ണമായ ഒരു സംവര്‍ഗ്ഗമാണ്. സ്വത്വരാഷ്ട്രീയ വാദികള്‍ മുതല്‍ അരാജകവാദികളും സാക്ഷാല്‍ വലത് രാഷ്ട്രീയത്തിന്റെ പ്രച്ഛന്ന രൂപങ്ങളും ഒക്കെ ചേരുന്ന ഒരു വിശാല മുന്നണിയാണത്. വിഭാഗീയത കത്തിനിന്ന കാലത്ത് വന്‍ പ്രതീക്ഷകളുമായി പാര്‍ട്ടി വിട്ടവരും മറ്റൊന്ന് കണ്ടുകൊണ്ടുള്ള സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാക്കിയവരും ആയ ബുദ്ധിജീവികളും സാഹിത്യകാരന്മാരും/കാരികളും ആക്റ്റിവിസ്റ്റുകളും ഒക്കെ ചേര്‍ന്ന ഈ ഐക്യ മുന്നണിയിലെ പോരാളികളുടെ പരിമിതികള്‍ എന്തൊക്കെ ആയാലും, പരസ്പര വൈരുദ്ധ്യങ്ങളാല്‍ എത്രകണ്ട് വിഭജിക്കപ്പെട്ടതാണ് അവരുടെ താല്‍പര്യങ്ങളെങ്കിലും സിപിഎം വിരുദ്ധതയുടെ വിശാലമായ ഒരു പ്ലാറ്റ്‌ഫോമില്‍ അവര്‍ ഒന്നാണ്. അവരൊക്കെയും ഓരോ സ്വയം പ്രഖ്യാപിത സിവില്‍ പ്രസ്ഥാനങ്ങളാണ്. അവരുടെ സഞ്ചയമാണ് 'യഥാര്‍ത്ഥ കേരളീയ' സിവില്‍ സമൂഹമെന്ന് ആണയിടാന്‍ അവര്‍ക്ക് ഈ ജനവിധിയ്ക്ക് ശേഷവും മാധ്യമങ്ങളുണ്ട്. അത്തരമൊരു സിവില്‍ സമൂഹത്തെയാണ് മുമ്പോട്ട് നയിക്കേണ്ടതും.

സുഗമമാവില്ലെന്നത് ഉറപ്പ്. പക്ഷേ കാലം പ്രതീക്ഷിക്കുന്നത് ഒരു രക്തസാക്ഷിയെ അല്ല. അതുകൊണ്ട് മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ക്ക് വിജയിക്കുകയല്ലാതെ വേറെ ഒത്തുതീര്‍പ്പ് സമവാക്യങ്ങളില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories