TopTop
Begin typing your search above and press return to search.

പിണറായിക്ക് വിജയനെക്കുറിച്ച് പറയാനുള്ളത്

പിണറായിക്ക് വിജയനെക്കുറിച്ച് പറയാനുള്ളത്

പിണറായി എന്ന ഗ്രാമത്തില്‍ വിജയന്‍ എന്ന പേരുള്ളത് ഒരാള്‍ക്കല്ല, ഒന്നില്‍ക്കൂടുതല്‍ വിജയന്‍മാര്‍ ഇവിടെയുണ്ട്. പക്ഷേ അവരുടെയൊന്നും പേരിനൊപ്പം ഈ നാടിന്റെ പേര് ചേര്‍ന്നിട്ടില്ല. അങ്ങനെയൊരാളെയുള്ളു, അതാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയന്‍.

പിണറായിക്ക് വറ്റാത്ത ചരിത്രത്തിന്റെ ആഴമുണ്ട്, തൊഴിലാളികളുടെ, കമ്യൂണിസത്തിന്റെ ചരിത്രം. ആ ചരിത്രത്തിന് അവകാശികള്‍ ഏറെയുണ്ട്. അതേപോലെ പിണറായിക്ക് പറയാന്‍ വിജയങ്ങളുടെ ചരിത്രവുമുണ്ട്, ആ ചരിത്രങ്ങള്‍ക്കും പങ്കാളികള്‍ പലരുമുണ്ടെങ്കിലും അതിന്റെ നെടുനായകത്വം വഹിച്ചൊരാള്‍ എന്ന നിലയില്‍ പിണറായി വിജയനു പ്രത്യേകമായൊരു സ്ഥാനമുണ്ട്. അതുകൊണ്ടു പിണറായിയുടെ വിജയമായാണ് അവര്‍ അവരുടെ വിജയേട്ടനെ കാണുന്നത്.

രാഷ്ട്രീയത്തിനപ്പുറം ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ പിണറായിയിലെ സഹകരണപ്രസ്ഥാനത്തെ കുറിച്ചാണ് പറയേണ്ടത്. കേരളത്തിനെന്നല്ല ഇന്ത്യക്കു തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നതും നടക്കുന്നതുമായ സ്ഥലം. ഈ ഗരമിയ്ക്ക് പിണറായിയെ സജ്ജമാക്കിയെടുത്തതില്‍ വിജയന്‍ വഹിച്ച പങ്ക് നിസ്ഥുലമാണ്.

തൊഴിലാളികളുടെ മണ്ണാണ് പിണറായി. ചെത്തുതൊഴിലാളികള്‍, ബിഡിത്തൊഴിലാളികള്‍. നെയ്ത്തു തൊഴിലാളികള്‍ എന്നിവരായിരുന്നു അടിസ്ഥാനവര്‍ഗങ്ങള്‍. ഈ തൊഴില്‍ മേഖലകള്‍ തന്നെയായിരുന്നു ഒരുകാലം വരെ പിണറായിയുടെ സാമ്പത്തികാവസ്ഥയെ നയിച്ചിരുന്നതും. പിന്നീട്, കാലത്തിന്റെ ഇടമുറിയലില്‍ ഒരോന്നിനും ഏനക്കേടുവന്നു. തൊഴിലും തൊഴിലാളികളും അപ്രസക്തരായി. ഇന്നു പലനാടുകള്‍ക്കും ഉള്ളതുപോലെ, പോയ കാലത്തിന്റെ ഊര്‍വരതയെക്കുറിച്ച് ഏതെങ്കിലും കടത്തിണ്ണയിലോ ഒറ്റമുറിയിരുട്ടിലോ ഇരുന്ന് പ്രായം ശോഷിപ്പിച്ച ഓര്‍മകള്‍ക്കു മുന്നില്‍ മെനക്കെടുന്ന വാര്‍ദ്ധക്യങ്ങള്‍ പിണറായിക്കും ഉണ്ടാകുമായിരുന്നു. അവിടെയാണ് തൊഴിലാളികളെ കൂട്ടിച്ചേര്‍ത്ത് കെട്ടിയുയര്‍ത്തിയ സഹകരണപ്രസ്ഥാനങ്ങള്‍ ഒരു നാടിന്റെ രക്തയോട്ടം കൂട്ടിയത്.

ഇന്നു കേരളത്തില്‍ ഇത്രയേറെ സഹകരണ സ്ഥാപനങ്ങള്‍ ഉള്ള മറ്റൊരു നാട് ഉണ്ടാവില്ല. സഹകരണഗ്രാമം എന്നാണ് പിണറായിയുടെ വിശേഷണം തന്നെ. ഇവിടെ തുടങ്ങിയ പലതും പിന്നീട് കേരളം ഏറ്റെടുക്കുകയായിരുന്നു. വെറുമൊരു വാചകത്തില്‍ പിണറായിയുടെ വിജയകഥയെഴുതാന്‍ പറ്റുമായിരിക്കും. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥീകരണത്തിന് നടന്ന ഇടപെടലുകള്‍ അത്ര പെട്ടെന്ന് പറഞ്ഞ് വിരാമം ഇടാന്‍ കഴിയില്ല. ഇന്നിപ്പോള്‍ ഈ നാട്ടിലെത്തി ഈ കാര്യങ്ങളുടെ വിശദീകരണം ആരാഞ്ഞാല്‍ നാട്ടുകാര്‍ എല്ലാ വിവരങ്ങളും ഉള്‍ച്ചേര്‍ന്നൊരു പദം പറയും; അത് പിണറായി വിജയന്‍ എന്നാണ്. പിണറായിലെ സഹകരണസ്ഥാപനങ്ങളുടെ രൂപീകരണത്തില്‍ അത്രത്തോളമുണ്ട് വിജയന്റെ പങ്ക്.

ആദ്യകാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന രണ്ടു സംഘങ്ങള്‍, ഐക്യനാണയസംഘവും ചെത്തുതൊഴിലാളി സംഘവുമായിരുന്നു. ഐക്യനാണയസംഘം കൊല്ലങ്ങളോളം അതേ പേരിലും രൂപത്തിലും പ്രവര്‍ത്തിച്ചശേഷം എഴുപതികളിലാണ് സര്‍വീസ് സഹകരണസംഘമായി മാറുന്നത്. ഇക്കാലത്ത് വിജയന്‍ രാഷ്ട്രീയപ്രവര്‍ത്തിന്റെ പ്രാരംഭദിശയിലായിരുന്നു. അദ്ദേഹത്തിന്റെ സഹകരണരംഗത്തുള്ള ചുവടുവയ്പ്പ് ഈ സഹകരണസംഘത്തിലൂടെയായിരുന്നു. ഈ സംഘം പിന്നീട് ബാങ്കായി ഉയര്‍ത്തി. ഇന്നു കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും വിജയകരമായി പ്രവര്‍ത്തിച്ചുപോരുന്ന എ ക്ലാസ് ബാങ്കാണ് പിണറായി സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്. വിജയന്റെ സഹകരണ വിജയങ്ങളുടെ ആദ്യ ഏട് ഈ ബാങ്കാണ്. പിണറായിയുടെ സാമ്പത്തികരംഗത്തെ വലിയൊരു സംഭാവനയാണ് ഈ കോപ്പറേറ്റീവ് ബാങ്ക്.

പിണറായിയെക്കുറിച്ച് പറയുമ്പോള്‍ ഇവിടുത്തെ ചെത്തുതൊഴിലാളികളുടെ ചരിത്രം പറയാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. ഒത്തിരി തൊഴിലാളികള്‍ ഈ രംഗത്തുണ്ടായിരുന്നു. വിജയന്റെ അച്ഛന്‍ രാമനും ജ്യേഷ്ഠന്‍ നാണുവുമെല്ലാം ചെത്തു തൊഴിലാളികളായിരുന്നല്ലോ. കള്ള് ഉത്പാദനത്തിന് നിരോധനം ഉണ്ടായിരുന്ന സമയത്ത്. കള്ളില്‍ നിന്നും ചക്കര ഉണ്ടാക്കി വില്‍ക്കലായിരുന്നു പ്രധാന വരുമാനമാര്‍ഗം. ചക്കര ഉത്പാദനത്തിന്റെയൊരു പുഷ്‌കലകാലം പഴയ തലമുറയുടെ ഓര്‍മ്മയില്‍ ഇന്നും മധുരിച്ചു നില്‍ക്കുന്നുണ്ട്. ആ ചക്കര കാലത്താണ് തൊഴിലാളികള്‍ ചേര്‍ന്ന് ആദ്യമൊരു സംഘമുണ്ടാക്കുന്നത്. പിണറായി തെങ്ങ് ചക്കര ഉത്പാദന വിപണന സഹകരണ സംഘം. രൂപീകരണകാലത്തു നിന്നും അധികം മുന്നോട്ട് സംഘം അതിന്റെ ഊത്സാഹത്തോടെയുള്ള യാത്ര നടത്തിയില്ല. അതിനു കാരണം ചക്കര ഉത്പാദനത്തില്‍ കുറവു വന്നതാണ്. അപ്പോഴേക്കും ഷാപ്പുകള്‍ തുറക്കുകയും ചക്കരവിട്ടു കള്ളിലേക്ക് എല്ലാവരും തിരിയുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനം നിര്‍ജീവമായി തുടങ്ങിയപ്പോള്‍ വിജയനടക്കമുള്ളവര്‍ ഇടപെട്ടു. സംഘത്തെ കൊണ്ട് റേഷന്‍ കടകള്‍ ഏറ്റെടുപ്പിച്ചു നടത്തിച്ചു. സംഘത്തിന്റെ ബൈലോയില്‍ അതിനാവശ്യമായ ചില മാറ്റങ്ങളൊക്കെ വരുത്തി. എന്നാല്‍ ആ പരീക്ഷണം അത്രകണ്ട് വിജയിച്ചില്ല. ഒടുക്കം നടത്തിപ്പുകാര്‍ക്ക് തന്നെ റേഷന്‍ ഷോപ്പുകള്‍ വിട്ടുകൊടുത്തു ആ സംരഭത്തില്‍ നിന്നും പിന്മാറി.

1967 കാലമായപ്പോഴേക്കും പിണറായിയില്‍ ഒന്നിലധികം സഹകരണസംഘങ്ങള്‍ രൂപീകൃതമാവുകയും നാടിന്റെ മുഖഛായ തന്നെ അത്തരത്തില്‍ മാറ്റപ്പെടുകയും ചെയ്യും. ഇതിന്റെയെല്ലാം പിന്നില്‍ വിജയനടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തിയ ശ്ലാഘനീയമായ പ്രവര്‍ത്തനം ഉണ്ടായിരുന്നു.

1980 ല്‍ രൂപീകൃതമായ പിണറായി എഡ്യുക്കേഷന്‍ കോപ്പറേറ്റീവ് സൊസൈറ്റിയാണ് വിജയന്‍ പ്രസിഡന്റായ ആദ്യ സംഘമെന്ന് പറയാവുന്നത്. ഒരു വര്‍ഷക്കാലമായിരുന്നു ആ സ്ഥാനത്ത് തുടര്‍ന്നത്. ആദ്യം പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംഘത്തിന്റെ കീഴില്‍ കോച്ചിംഗ് നല്‍കി. പിന്നീട് പ്രീഡിഗ്രിയിലേക്കു നീട്ടി. ഐ ടി സി കോഴ്‌സ് നടത്തി. പാരലല്‍ കോളേജ് സ്ഥാപിച്ചു. ഇതെല്ലാം ഇന്ന് നാട്ടില്‍ സര്‍വസാധരണമാണെങ്കിലും അതിനെല്ലാം എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പ് വിജയനും കൂട്ടരും നാടിന്റെ വിദ്യാഭ്യാസപുരോഗതിക്കായി യത്‌നിച്ചു തുടങ്ങിയെന്നു നോക്കി കാണുമ്പോഴാണ് അതിലെ മഹത്വം തിരിച്ചറിയുക. ഇപ്പോള്‍ ഈ എഡ്യുക്കേഷന്‍ സൊസൈറ്റി പിണറായിയില്‍ നിന്നും മാറി തലശേരിയിലാണ് പ്രവര്‍ത്തിക്കുന്നത്.

പിണറായിയുടെയും വിജയന്റെയും വിജയഗാഥകളില്‍ എടുത്തു പറയേണ്ടയൊന്നാണ് പിണറായി ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റി അഥവ PICOS. പികോസിന്റെ രൂപീകരണത്തിന്റെ വഴി ഇപ്രകാരമായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രവര്‍ത്തനം തുടങ്ങിയതാണ് തലച്ചേരി ടൈല്‍സ് ആന്‍ഡ് സോമില്‍. ഓട്ടുക്കമ്പനിയെന്നാണ് അതറിയപ്പെട്ടിരുന്നത് (ഓട്ടുക്കമ്പനി ഇന്നൊരു സ്ഥലപ്പേരായി ഇവിടെത്തനെയുണ്ട്). ഓടുകളും മരയുരുപ്പടികളുമായിരുന്നു പ്രധാന ഉത്പാദനം. അക്കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന സ്ഥാപനം. വെള്ളക്കാര്‍ പോയതിനു ശേഷം പാപ്പിനിശ്ശേരിയിലുള്ള ഒരു മാപ്പിളക്കുടുംബത്തിലേക്ക് കമ്പനി വന്നു ചേര്‍ന്നു. ആദ്യമൊക്കെ നന്നായി പോയി. മരത്തിനും കളിമണ്ണിനും ദൗര്‍ലഭ്യം ഇല്ലാതിരുന്ന കാലമായിരുന്നല്ലോ അത്. ഈ സ്ഥാപനം പിണറായിയുടെ സാമ്പത്തിക നിലവരെ നിശ്ചയിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ നടത്തിപ്പുകാരുടെ കുടുംബത്തില്‍ തലമുറ മാറ്റം വരുന്നതോടെ നോക്കിനടത്താനുള്ള ഉത്സാഹം നശിച്ചു തുടങ്ങി. ഒപ്പം കളിമണ്ണു കിട്ടാനുള്ള ബുദ്ധിമുട്ടും. എല്ലാം കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ തുടങ്ങി. തൊഴിലാളികള്‍ക്കവകാശപ്പെട്ട പ്രൊവിഡന്‍സ് ഫണ്ടും ഇഎസ് ഐയുമൊക്കെ കുടിശികയായി. ഒടുവില്‍ സര്‍ക്കാര്‍ കമ്പനി അറ്റാച്ച് ചെയ്യാന്‍ തീരുമാനമായി. ഏകദേശം അഞ്ചരലക്ഷത്തോളം രൂപയാണ് ബാധ്യത. പതിനാലര ഏക്കറിലാണ് കമ്പനി നില്‍ക്കുന്നത്. അന്ന് വൈദ്യുതിയിലല്ല, വലിയ ജനറേറ്ററുകളിലാണ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലവും യന്ത്രസാമഗ്രികളുമെല്ലാം കൂടി വിറ്റാല്‍ ബാധ്യത തീര്‍ക്കാവുന്നതേയുള്ളൂ. പക്ഷേ അതിനൊന്നും മെനക്കെടാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ തൊഴിലാളികള്‍ക്ക് കിട്ടേണ്ടത് കൊടുക്കാനായി ഓരോന്നായി ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമായി. ആ വഴി ചില യന്ത്രങ്ങളെല്ലാം ലേലത്തില്‍ വില്‍ക്കുകയും ചെയ്തു. എഴുപതുകളിലാണ് ഇത്. ഈ സമയത്ത് വിജയന്‍ ഒരു തീരുമാനം മുന്നോട്ടുവച്ചു. കമ്പനി ലേലത്തില്‍ പിടിക്കണം. എന്നിട്ട് അതൊരു സഹകരണ സ്ഥാപനമാക്കണം. ലേലത്തില്‍ പിടിക്കുക എന്നാല്‍ നല്ല പണം ചെലവാക്കേണ്ടി വരും. വിജയന്‍ തൊഴിലാളികളോട് പറഞ്ഞു, നിങ്ങള്‍ക്ക് കിട്ടാനുള്ളത് കിട്ടും, അത് അയ്യായിരമോ പത്തായിരമോ ആകട്ടെ. അതു സംഘത്തിനു നല്‍കുക. അതാണ് നിങ്ങളുടെ ഷെയര്‍. ഇത് നിങ്ങളുടെ കമ്പനിയാകും. അങ്ങനെ ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായി. വേറെയും ആള്‍ക്കാര്‍ വരും ലേലം പിടിക്കാന്‍. അവരാരൊക്കെയാണെന്നറിഞ്ഞ് തങ്ങളുടെ ഉദ്ദേശം അറിയിച്ചു. വന്നവര്‍ സന്തോഷത്തോടെ മടങ്ങി. അങ്ങനെ ലേലം വിളി നടന്നു. അവസാനത്തെ വിളി വിജയന്‍ തന്നെ വിളിച്ചു ലേലമുറപ്പിച്ചു. ഏതാണ്ട് മൂന്നരലക്ഷത്തിനാണ് കമ്പനിയിരിക്കുന്ന സ്ഥലവും അതിനകത്തെ സാമഗ്രികളുമടക്കം സ്വന്തമാക്കിയത്. അതാണ് പിന്നീട് പികോസ് ആയത്. ആദ്യകാലത്ത് പികോസിന്റെ ചീഫ് പ്രമോട്ടറും വിജയനായിരുന്നു. അഞ്ഞുറോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നു. സര്‍ക്കാരിന്റെ പൊതുമരാമത്ത് പണികളാണ് പ്രധാനമായും ചെയ്യുന്നത്. 1996 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കുന്ന സമയത്ത് വൈദ്യുത പോസ്റ്റുകള്‍ ഉണ്ടാക്കുന്ന കരാര്‍ പികോസിന് നല്‍കി. നിര്‍മാണ മേഖലയില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയ സൊസൈറ്റി പിന്നീട് വിവിധ ബ്രാഞ്ചുകളാക്കി തിരിച്ചു. ടൈല്‍സ് ഉത്പാദനം, ഫര്‍ണിച്ചര്‍ നിര്‍മാണം, ക്രഷര്‍ യൂണിറ്റ് അങ്ങനെ നാലഞ്ച് സംഘങ്ങള്‍ ഇതിനു കീഴിലായി തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പിണറായിയിലെ എന്നല്ല കണ്ണൂരിലെ തന്നെ കഥപറയുമ്പോള്‍ ദിനേശ് ബീഡിയെ കുറിച്ചും ബിഡിത്തൊഴിലാളി സംഘത്തെ കുറിച്ചും പറയാതിരിക്കാന്‍ കഴിയില്ലല്ലോ. പിണറായി, വേങ്ങാട്, എരഞ്ഞോളി പഞ്ചായത്തുകളിലൊക്കെയായി സംഘം വ്യാപിച്ചിരുന്നു. ഈ നാടിന്റെയെല്ലാം സാമ്പത്തിക നട്ടെല്ല് ബീഡിവ്യവസായമായിരുന്നു. പാണ്ട്യാലം ഗോപലനെപോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രധാന ഊര്‍ജമായിരുന്നു. അടിയാന്തരാവസ്ഥയും ജനസംഘത്തിന്റെ നുഴഞ്ഞു കയറ്റുവുമെല്ലാം ചേര്‍ന്ന് പിന്നീട് ബീഡി വ്യവസായത്തെ തകര്‍ച്ചയിലേക്ക് കൊണ്ടുപോയതിന്റെ കഥകളും ഇന്നു ചരിത്രം.

നഷ്ടപ്രതാപത്തിന്റെ കഥ പറഞ്ഞിരിക്കുകയല്ല വേണ്ടതെന്ന ഉപദേശവും ഇവിടെ വിജയന്‍ നല്‍കി. ബീഡി വ്യവസായം കൊണ്ട് നിലനില്‍പ്പില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കണം. പൂട്ടികിടക്കുന്ന യൂണിറ്റുകളുണ്ട്, അവിടെ കേന്ദ്രീകരിച്ച് കാറ്ററിംഗ് സര്‍വീസുകള്‍ ആരംഭിച്ചു. മൊബൈല്‍ കാറ്ററിംഗ് സര്‍വീസും തുടങ്ങി. ഭക്ഷണം നല്‍കുക എന്നത് തൊഴില്‍ മാത്രമല്ല, അതൊരു വൈകാരികപ്രവര്‍ത്തനം കൂടിയാണന്നും വിജയന്‍ മറ്റുള്ളവരെ ഓര്‍മിപ്പിച്ചു. നമ്മുടെ നാട്ടിലും ഭക്ഷണം കിട്ടാന്‍ ഗതിയില്ലാതെ പോകുന്നവരുണ്ട്, അവരെ കണ്ടെത്തി ആഹാരം നല്‍കണം. ഇതേ തുടര്‍ന്ന് ഒരു സര്‍വേ നടത്തി. ഭക്ഷണത്തിനു ദാരിദ്ര്യം അനുഭവിക്കുന്നവര്‍ നാട്ടില്‍ കുറവാണെന്ന് സര്‍വേ നടത്തിയവര്‍ പറഞ്ഞപ്പോള്‍ വിജയന്‍ അവരോട് പറഞ്ഞു; ഭക്ഷണം കഴിക്കാത്തവരുണ്ടെങ്കിലും അഭിമാനം കളയാതിരിക്കാന്‍ അവര്‍ അക്കാര്യം പറയണമെന്നില്ല. അങ്ങനെയുള്ളവരെ കണ്ടറിഞ്ഞ് കൊടുക്കുകയാണ് വേണ്ടത്. ഒരുപക്ഷേ ആ വാക്കുകള്‍ വിജയനെ കൊണ്ടു പറയിപ്പിച്ചത് സ്വന്തം ജീവിതാനുഭവങ്ങളായിരിക്കും.

ചെത്തും ബീഡിയും പോലെ തന്നെ പിണറായിയുടെ നാഡിയായിരുന്നു നെയ്ത്ത്. അടിയന്തരാവസ്ഥയക്കുശേഷം അന്ന് വ്യവസായ വകുപ്പ് ഭരിച്ചിരുന്നത് സിപിഐ ആയിരുന്നു. അവരാണ് ഹാന്‍ഡ്‌ലൂം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. കോര്‍പ്പറേഷന്റെ കീഴില്‍ കേരളത്തില്‍ പലയിടത്തായി വര്‍ക് ഷോപ്പ് മാതൃകയില്‍ സഹകരണസംഘങ്ങളും തുടങ്ങി. ഇതൊക്കെ സിപി ഐ നേതൃത്വത്തിലുള്ളവര്‍ക്കായിരുന്നു കൂടുതലായും നല്‍കിയിരുന്നത്. അതിന്റെ പിന്നിലൊരു രാഷ്ട്രീയം ഉണ്ടായിരുന്നു. സംഘങ്ങള്‍ എന്നാല്‍ നൂറു തറികള്‍ വരെ ഒരു യൂണിറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈലിയിലായിരുന്നു. നൂല്‍ നൂല്‍ക്കുന്നതു മുതല്‍ എല്ലാ ജോലികളും ഒരു കുടക്കീഴില്‍. നിര്‍മാണവും വിതരണവുമെല്ലാം ഒരിടത്തു നിന്നു തന്നെ. പിപി മുകുന്ദന്‍ എന്ന സിപിഐ നേതാവായിരുന്നു അന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ഈ സമയത്ത് വിജയന്‍ മുന്നിട്ടിറങ്ങി മാര്‍ക്‌സ്‌സിറ്റ് പാര്‍ട്ടിക്കും ഇവിടെ സംഘം തുടങ്ങാന്‍ അനുവാദം കിട്ടണമെന്നാവശ്യപ്പെട്ടു. അതിന്‍പ്രകാരം എഴുപത്തിയേഴില്‍ രജിസ്‌ട്രേഷന്‍ കിട്ടിയെങ്കിലും 80 ലാണ് പിണറായി വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നത്.

2011 ല്‍ അന്നത്തെ യൂപിഎ സര്‍ക്കാര്‍ നെയ്ത്ത് മേഖലയില്‍ 3,700 കോടിരൂപ അനുവദിച്ചു. കടങ്ങള്‍ എഴുതി തള്ളുന്നതിനുള്‍പ്പെടെയായിയിരുന്നു. ആര്‍ ആര്‍ ആര്‍ പാക്കേജ്. ഈ സൗകര്യം കേരളത്തില്‍ കിട്ടാതെ വന്നപ്പോള്‍ അന്നു പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ അതിനായി നടത്തിയ ശ്രമങ്ങള്‍ വാര്‍ത്തകളൊന്നുമായിട്ടില്ല. പാര്‍ട്ടിയുടെ എം പിമാരെ കൊണ്ട് ശക്തമായി പാര്‍ലമെന്റിലും മന്ത്രിയോടും ആവശ്യം ഉന്നയിച്ചു. അതിനായി നിരന്തരം ഇവിടെയുള്ളവരെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അത്തരം ശ്രമങ്ങളുുടെ ഫലമായി കേരളത്തിനും ലഭ്യമാകേണ്ട സാമ്പത്തികസഹായം കിട്ടി. കണ്ണൂരില്‍ തന്നെ ഇരുപത്തിരണ്ടോളം സംഘങ്ങള്‍ക്ക് 17 കോടിയുടെ സഹായം കിട്ടി. പിണറായി വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ഒന്നരക്കോടിയേളം കിട്ടി.

എല്ലാ മേഖലയിലും സഹകരണപ്രസ്ഥാനങ്ങള്‍ ആരംഭിക്കാനും അവ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്നു എന്നതാണ് പിണറായിയുടെ വിജയഗാഥ. പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ഇപ്പോള്‍ പിണറായിക്കുള്ളത്. അതുപോലെ ക്ഷീരകര്‍ഷര്‍ക്കായി സഹകരസംഘം, ഭക്ഷ്യസംസ്‌കരണ രംഗത്തെ സഹകരണപ്രസ്ഥാനം. കേരളത്തിലെ തന്നെ ആദ്യത്തെ വനിത കാന്റീന്‍ പ്രവര്‍ത്തനം തുടങ്ങിയത് പിണറായിയിലാണ്. ഇന്നിപ്പോള്‍ അതൊരു ഹോട്ടലായി പ്രവര്‍ത്തിക്കുകയാണ്. കുടുംബശ്രീ യൂണികളൊക്കെ ഈ രംഗത്തേക്ക് കടന്നു വരുന്നതിനും മുന്നേയാണിത്. പട്ടികജാതി സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ച് ആ വിഭാഗത്തിലുള്ളവരുടെ ക്ഷേമത്തിനാവശ്യമായ കാര്യങ്ങളും ഇവിടെ നടക്കുന്നു.

ഒരു കാലത്ത് വോള്‍ട്ടേജ് ക്ഷാമത്തിന്റെ സകല ദുരിതവും പിണറായിയും സമീപഗ്രാമങ്ങളും നേരിട്ടതാണ്. വിജയന്‍ വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വിവിധ കാറ്റഗറിയിലുള്ള സബ്‌സ്‌റ്റേഷനുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഒറ്റ യൂണിറ്റ് പിണറായിയില്‍ സ്ഥാപിച്ചത്. ഇന്നിവിടുത്തുകാര്‍ക്ക് വോള്‍ട്ടേജ് ക്ഷാമം പഴങ്കഥയാണ്.

ഇതിന്റെയെല്ലാം ഇടയ്ക്ക് ചെറിയൊരു നിരാശ എന്നു പറയാവുന്നത് 2006 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച ഹൈടെക് വീവിംഗ് മില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാവാത്തതാണ്. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ നിന്നുമെടുത്ത് രൂപീകരിക്കുന്ന സ്ഥാപനങ്ങളില്‍ പെടുത്തി അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പിണറായിയില്‍ അനുവദിച്ചതാണ് കേബിള്‍-ഹൗസ് വയറിംഗ് യൂണിറ്റും വീവീംഗ് മില്ലും. ഹൗസ് വയറിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് വീവിംഗ് മില്ലിന്റെ ഉത്ഘാടനം നടത്താന്‍ സാധിച്ചില്ല. അതൊരു നഷ്ടമായി ഇപ്പോഴും കിടക്കുന്നു. ഇനിയെല്ലാം ശരിയാകുമെന്ന് തന്നെയാണ് നാട്ടുകാരുടെ വിശ്വാസം.

സഹകരണപ്രസ്ഥാനമല്ലെങ്കിലും പിണറായിയിലെ ഹൈസ്കൂളിന്റെ പിന്നിലും വിജയന്റെ പങ്ക് വലുതാണ്. പ്രദേശത്ത് അടുത്തുള്ളതെന്നു പറയാന്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പെരളശ്ശേരി ഹൈസ്‌കൂള്‍ മാത്രമുള്ളപ്പോഴായിരുന്നു പിണറായിയിലും ഒരു ഹൈസ്‌കൂള്‍ വേണമെന്ന തോന്നലുണ്ടായത്. നാട്ടുകാരില്‍ നിന്നും വിജയന്റെ നേതൃത്വത്തില്‍ തന്നെ പണപ്പിരിവ് നടത്തി മൂന്നരയേക്കര്‍ സ്ഥലം വാങ്ങി സ്‌കൂളിന് അപേക്ഷിച്ചു. പക്ഷേ ഈ സമയത്താണ് അടിയന്തരാവസ്ഥ വരുന്നതും വിജയന്‍ ജയിലില്‍ ആയതും, അതോടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ മുടങ്ങി, മുടക്കിയതാണെന്നും പറയുന്നവരുണ്ട്. വിജയനോടുള്ള രാഷ്ട്രീയവിരോധം. അടിയന്തരവാസ്ഥ കഴിഞ്ഞിട്ടും പിണറായിയില്‍ സ്‌കൂള്‍ അനുവദിച്ചില്ല. പകരം എരഞ്ഞോളിക്ക് കൊടുത്തു. എന്നാല്‍ പിന്നെ പ്രൈവറ്റ് സ്‌കൂള്‍ ആയാല്ലോ എന്നു ചില നിര്‍ദേശങ്ങള്‍ വന്നപ്പോള്‍ വിജയന്‍ തന്നെ എതിര്‍ത്തു. അതുവേണ്ട, അധ്യാപകനിയമനം എന്നൊക്കെ പലതരത്തില്‍ പഴി കേള്‍ക്കേണ്ടി വരും, അതൊന്നും വേണ്ട. ഒടുവില്‍ എണ്‍പതില്‍ സ്‌കൂള്‍ കിട്ടി. ഇന്നിപ്പോഴത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.

കിട്ടിയതെല്ലാം പിണറായിയിലേക്കല്ലേ വിജയന്‍ കൊണ്ടു വന്നതെന്നു ചോദിക്കുന്നവരുണ്ട്. അങ്ങനാണെങ്കില്‍ മലബാര്‍ കാന്‍സര്‍ സെന്ററും ഇവിടല്ലേ വരേണ്ടതെന്ന് മറുചോദ്യം വരും. മലബാര്‍ കാന്‍സര്‍ സെന്റര്‍ ആദ്യം ആരംഭിക്കാന്‍ സ്ഥലം നോക്കിയത് പിണറായിയില്‍ ആയിരുന്നു. വിജയനാണത് വേണ്ടാന്ന് പറഞ്ഞത്. ഒള്ളതെല്ലാം ഇങ്ങോട്ട് കൊണ്ടുവരണെന്നുള്ള പേരുവേണ്ടല്ലോ എന്നതായിരുന്നു കാരണം.

പിണറായിയുടെ സഹകരണ വിജയകഥകള്‍ ഇനിയും പരത്തിപ്പറയാന്‍ കഴിയും, ഒട്ടും വെള്ളം ചേര്‍ക്കാതെ തന്നെ. ഈ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ പലപേരുണ്ടെങ്കിലും എല്ലാറ്റിനും നേതൃത്വം നല്‍കിയത് തങ്ങളുടെ വിജയേട്ടനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആളൊരു തൊഴിലാളിയായിരുന്നു, തൊഴിലാളികളെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാറ്റിനും വിജയേട്ടന് കൃത്യായ കണക്കൂട്ടലുണ്ടായിരുന്നു. മാറി നിന്ന് ഉപദേശം തരലല്ല, കൂടെ നിന്ന് പ്രവര്‍ത്തിച്ചും മറ്റുള്ളവരെ കൊണ്ട് പ്രവര്‍ത്തിപ്പിച്ചുമാണ് അദ്ദേഹം മുന്നോട്ടുപോയത്. ചെയ്യുന്ന കാര്യങ്ങളിലൊന്നും അലസത പാടില്ല, കള്ളത്തരവും. തടസങ്ങളുണ്ടെങ്കില്‍ പറയണം, അതു മാറ്റാനായി വേണ്ടതെന്താന്നുവച്ചാല്‍ ചെയ്യും. ഉത്തരവാദിത്തപ്പെട്ടവരുടെ അലംഭാവമാണ് കാരണമെങ്കില്‍ മുഖം നോക്കാതെ ശാസിക്കും, അക്കാര്യത്തില്‍ പാര്‍ട്ടിയും സൗഹൃദവുമൊന്നുമില്ല. ഏറ്റെടുത്തു നടത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി; സുഹൃത്തും സഹപ്രവര്‍ത്തകനുമായ രവി മാഷ് പറയുന്നു.

പിണറായി പാര്‍ട്ടി ഗ്രാമമാണെന്നു പറയുന്നവരുണ്ട്, പിണറായി ശരിക്കും ഒരു തൊഴിലാളി ഗ്രാമമാണ്. തൊഴിലാളികള്‍ തൊഴിലാളികളെ നയിക്കുന്ന ഗ്രാമം. ഇവിടെയവര്‍ സംഘടിച്ചു നില്‍ക്കുന്നു. ആ സംഘാടനത്തിനു മുഖ്യ പങ്കുവഹിച്ചുകൊണ്ടിരുന്നയാളാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറുന്നത്. രവിമാഷ് പറയുന്നതുപോലെ, വിജയേട്ടന്‍ മികച്ചൊരു സഹകാരിയാണ്, അത് പിണറായികാര്‍ക്കറിയാം. മറ്റുള്ളവര്‍ പഠിച്ചുവച്ചിരിക്കുന്ന വിജയനല്ല പിണറായിയിലെ വിജയന്‍.

വീവേഴ്‌സ് കോര്‍പ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചപ്പോള്‍ എല്ലാത്തിലുമുള്ളതുപോലെ ഇവിടെയും വിജയന്‍ ബോര്‍ഡ് മെംബര്‍ ആയി. ഇതറഞ്ഞപ്പോള്‍ വിജയന്‍ പറഞ്ഞൊരു കാര്യമുണ്ട്, എന്നെയെന്തിനാടോ ബോര്‍ഡ് മെംബറാക്കിയെ, ഞാനൊരു നെയ്ത്ത് തൊഴിലാളിയല്ലേ, തൊഴിലാളിയായിട്ടല്ലേ എന്ന കൂട്ടേണ്ടത്... പിന്നീട്ട ജീവിതത്തിന്റെ ഓരേടും ഓരത്ത് കളഞ്ഞിട്ടു പോരുന്നവനല്ല വിജയനെന്നു പിണറായിക്കാര്‍ക്ക് ഒരിക്കല്‍ കൂടി തെളിഞ്ഞ നിമിഷം.


Next Story

Related Stories