TopTop
Begin typing your search above and press return to search.

മംഗളൂരു സംഘപരിവാറിനു മാത്രമല്ല കേരളത്തിലെ കോൺഗ്രസിനും ഒരു മുന്നറിയിപ്പാണ്

മംഗളൂരു സംഘപരിവാറിനു മാത്രമല്ല കേരളത്തിലെ കോൺഗ്രസിനും ഒരു മുന്നറിയിപ്പാണ്

സംഘപരിവാര്‍ ഭീഷണി തൃണവല്‍ഗണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ മംഗളൂരു പ്രവേശനത്തെയും അവിടെ തടിച്ച് കൂടിയ വന്‍ ജനാവലിയെയും അഭിനന്ദിച്ച് ഒട്ടു മിക്ക മാധ്യമങ്ങളും രംഗത്ത് വന്നതായി കണ്ടു. നല്ലത് തന്നെ. പലരും ഇതിനെ പിണറായിയുടെയും സിപിഎമ്മിന്റെയും വന്‍ വിജയമായും എഴുതിയും പറഞ്ഞും പ്രചരിപ്പിച്ചും കണ്ടു. അതിനോട് അത്ര പൂര്‍ണമായും യോജിക്കാന്‍ എന്തുകൊണ്ടോ എനിക്ക് മനസ്സുവരുന്നില്ല. പോര്‍നിലങ്ങളില്‍ അടിപതറാതെ മുന്നോട്ടു പോകുന്ന ഒരു പാര്‍ട്ടി തന്നെയാണ് സിപിഎം എന്ന ഒറ്റ ചിന്തയില്‍ നിന്നും ഈ വന്‍ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ആ പാര്‍ട്ടിക്കും സഖാവ് പിണറായി വിജയനും മാത്രം നല്‍കി കര്‍ണാടക സര്‍ക്കാരിനേയും അവിടത്തെ പൊലീസ് സംവിധാനത്തെയും അതിനുമേറെ അവിടുത്തെ ജനതയെയും നമ്മള്‍ എങ്ങനെ കാണാതിരിക്കും എന്ന ചോദ്യമാണ് തലയില്‍ ഉദിക്കുന്നതും മുന്നോട്ടു വയ്ക്കുന്നതും.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പിണറായിക്ക് ഭോപ്പാല്‍ സന്ദര്‍ശനം സാധ്യമായില്ല എന്ന ചോദ്യത്തിന് മറുപടി കിട്ടേണ്ടതായുണ്ട്. അതിനായി കാത്തിരുന്നു മുഷിയേണ്ടതില്ലെന്ന് ഇന്നലെ തന്നെ പിണറായി വ്യക്തമാക്കി കഴിഞ്ഞു. പ്രശ്‌നസാധ്യത പറഞ്ഞ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ മടങ്ങിപ്പോന്നു എന്നാണ് അദ്ദേഹം ഇന്നലെ നല്‍കിയ വിശദീകരണം. ശരിയാണ്; അത് തന്നെയാണ് ശരിയും. ഒരു അന്യ സംസ്ഥാനത്ത് ചെന്ന്, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഗുണ്ടായിസം കാട്ടേണ്ട കാര്യമില്ല. എങ്കിലും അന്നും ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിയെ വിലക്കാന്‍ സംഘപരിവാറിന് എന്ത് അവകാശം എന്ന് നേരത്തെ ഞാന്‍ ചില ആശങ്കകള്‍ പങ്ക് വെച്ചിരുന്നു. ഇതിപ്പോള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത് സംഘികളുടെ അറിവിലേക്കാണ്. എല്ലാ മനുഷ്യരും രാഹുല്‍ ഈശ്വര്‍മാരോ പരകായ പ്രവേശം സാധ്യമാക്കുന്നവരോ അല്ലല്ലോ. അതുകൊണ്ട് കൂടിയാണ്.

പിണറായിയുടെ മംഗളൂരു പ്രവേശനം സാധ്യമാക്കിയതിനുള്ള ക്രെഡിറ്റില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും അവിടുത്തെ പൊലീസ് സംവിധാനത്തിനുമുള്ളതാണെന്ന് കരുതുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. മംഗളൂരുവില്‍ മാത്രമല്ല, കര്‍ണാടകത്തില്‍ ആകമാനം സംഘപരിവാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് മടുത്ത ഒരു കോണ്‍ഗ്രസ് സംവിധാനം ഏറ്റവും ഒടുവിലായി കണ്ടെത്തിയ ഒരു പുതിയ ഉപാധിയായി ഇതിനെ വായിക്കാനാണ് എനിക്കേറെ ഇഷ്ടം. അവിടുത്തെ കോണ്‍ഗ്രസുകാരന്റെ ബുദ്ധിയും വിവേകവും ഇനി എന്നാണ് കേരളം ഭരിച്ച് മുടിച്ച ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കുക എന്ന ചോദ്യം ഒരാവര്‍ത്തി കൂടി ഉന്നയിക്കുന്നതാണ് മംഗളൂരു സംഭവങ്ങള്‍.

പിണറായി മംഗളൂരുവില്‍ പറഞ്ഞതില്‍, ബ്രണ്ണന്‍ കോളേജിന്റെ വരാന്തകളില്‍ അദ്ദേഹം കാട്ടി എന്ന് പറയുന്ന ധൈര്യ-ധാര്‍ഷ്ട്യങ്ങളെക്കുറിച്ച് നേരറിവ് ഇല്ലെങ്കിലും എഴുപത്തിഒന്നിലെ തലശ്ശേരി കലാപകാലത്ത് അദ്ദേഹം കാട്ടിയ നെഞ്ചുറപ്പിനെക്കുറിച്ച് പഴയ തലൈവര്‍ എംവിആര്‍ പല തവണ പറഞ്ഞു കേട്ടിട്ടുണ്ട്.

ഗുജറാത്തില്‍ സംഘികള്‍ പൂര്‍ണതയില്‍ എത്തിച്ച വംശഹത്യയുടെ ഒരു പ്രാഗ് രൂപം ആയിരുന്നു പഴയ തലശ്ശേരി കലാപം. മാപ്പിളമാരെ ലക്ഷ്യമിട്ട് നടത്തിയ ഒരു ആക്രമണം. ഭീതി വിതയ്ക്കുക എന്നതിനപ്പുറം വര്‍ഗീയ ധ്രുവീകരണവും മുഖ്യ ലക്ഷ്യമായിരുന്നു എന്ന് ഇത് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നുണ്ട്.

കലാപം മുഖ്യ അജണ്ടയായി കൊണ്ട് നടക്കുന്ന സംഘികള്‍ കേരളത്തില്‍ സാധ്യമാകാത്ത ചില കാര്യങ്ങള്‍ കേരളത്തിന് പുറത്ത് പ്രചരിപ്പിച്ചു മേനി ചമയുന്നത് എന്തിനെന്ന് ചുരുങ്ങിയ പക്ഷം കണ്ണൂരുകാര്‍ക്കെങ്കിലും അറിയാം. അറുപതുകള്‍ക്കൊടുവില്‍ യുദ്ധം പ്രഖ്യാപിച്ച കണ്ണൂരിന്റെ മണ്ണില്‍ ഒന്നുമില്ലാതെ ശുഷ്‌കിച്ചു പോകുന്നതിന്റെ ജാള്യതയും വ്യക്തമാണ്. സംസ്ഥാനം ആകമാനം 2.5 ശതമാനത്തില്‍ നിന്ന് പതിനാറു ശതമാനത്തിലേക്ക് എത്തുമ്പോഴും കണ്ണൂരില്‍ വേരറ്റു പോകുന്നതിന്റെ വേവലാതി അതിലേറെ പ്രകടം.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും പതിനാറ് ശതമാനം വോട്ടും ലഭിച്ചതിന്റെ നെഗളിപ്പ് സംഘപരിവാറിനെ വല്ലാത്തൊരു ഉന്മാദത്തിലേക്കാണ് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത് (സത്യത്തില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടായ അന്തഃഛിദ്രം കൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് ഇങ്ങനെയൊരു നേട്ടം കൈവന്നതെന്ന യാഥാര്‍ഥ്യം അവര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു). അതിന്റെ പ്രതിഫലനമാണ് ഇന്നലെ മംഗളൂരുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയാന്‍ നടത്തിയ ശ്രമവും നേരത്തെ പിണറായിയെ ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ ഇരുന്നതും.

മംഗളൂരു പണ്ട് തന്നെ സംഘപരിവാര്‍ തട്ടകം ആയിരുന്നു. കണ്ണൂരിലേക്കും അന്നൊക്കെ പണം ഒഴുകിയെത്തിയിരുന്നത് അവിടെ നിന്ന് തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ പറയുന്ന ഒരു ബീഡി കമ്പനിയില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല അത്. ബീഡി, സിഗാര്‍ എല്ലാം വിട്ട് ഖനി മുതലാളിമാരിലേക്കും ഗോവന്‍ അധോലോകത്തിലേക്കും വ്യാപിച്ച ഒരു വന്‍ ശൃംഖലക്ക്, വ്യാപാരകേന്ദ്രങ്ങള്‍ക്കപ്പുറം അധികാര കേന്ദ്രങ്ങള്‍ കൂടി വേണ്ടിവന്നു എന്നിടത്ത് നിന്ന് തന്നെയാണ് സംഘികളുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ വളര്‍ച്ചയും പണമൊഴുക്കും. അതൊക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.

അവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന പുതിയൊരു ഏര്‍പ്പാടിന് കേരളത്തില്‍ ഇന്ന് തുടക്കമായിട്ടുണ്ട്. പാലക്കാട് സിപിഎം - ബിജെപി സംഘട്ടനവുമായി ബന്ധപ്പെട്ട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ച വിമല ദേവിയുടെയും രാധാകൃഷ്ണന്റെയും ചിതാഭസ്മം പേറി കൊണ്ടുള്ള രണ്ടു യാത്രകളാണ് ഇത്. ഒന്ന് തിരുവനന്തപുരത്തേക്കും മറ്റൊന്ന് മഞ്ചേശ്വരത്തേക്കുമാണ്. കേരളത്തില്‍ സമാധാനം ആവശ്യപ്പെട്ട് ഇന്ത്യയില്‍ ആകമാനം മുഖ്യമന്ത്രിയെ തടയല്‍ പ്രഖ്യാപിച്ച ഇവര്‍ കാംഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ സമാധാനമോ അതോ കലാപമോ എന്ന് ചോദിച്ചു പോകുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories