TopTop
Begin typing your search above and press return to search.

പിങ്ക്: നിങ്ങളുടെ 'ഇന്ത്യന്‍ സംസ്കാരം' എന്താണെന്നറിയാന്‍ ഓരോരുത്തരും കാണേണ്ട സിനിമ

പിങ്ക്: നിങ്ങളുടെ ഇന്ത്യന്‍ സംസ്കാരം എന്താണെന്നറിയാന്‍ ഓരോരുത്തരും കാണേണ്ട സിനിമ

മലയാളത്തിൽ പിറക്കാതെ പോയൊരു നല്ല സിനിമയാണ് പിങ്ക്. സ്ത്രീപക്ഷ നിലപാടുകൾ വ്യക്തവും കൃത്യവുമായി പറയുന്ന ഒരു മികച്ച ചിത്രം. ഉത്തരേന്ത്യൻ ജാതി ചിന്തകൾക്കെതിരെയുള്ള ശക്തമായ പ്രമേയമായിരുന്നു മസാൻ എന്ന ഹിന്ദി സിനിമ എങ്കിൽ പിങ്ക് നമ്മോടു പറയുന്നത് ബഹിരാകാശത്തേക്ക് വരെ എത്താൻ സ്ത്രീ പ്രാപ്തി നേടിയ ഈ കാലത്തും അവൾ ഈ രാജ്യത്ത് അനുഭവിക്കുന്ന പരിമിതങ്ങളായ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും സ്ത്രീ സുരക്ഷയും ചർച്ചയാകുമ്പോൾ, ഇന്ത്യൻ വാല്യൂസിനെക്കുറിച്ച് വാതോരാതെ പറയുന്ന സമൂഹം ഇന്ത്യൻ സ്ത്രീകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ ചിത്രം കാണിച്ചു തരുന്നു. അവിടെ നമ്മുടെ കാഴ്ചകളിലെ വൈകല്യം ബോധ്യപ്പെടുത്തിത്തരിക എന്ന കടമ കൂടി സംവിധായകൻ അനിരുദ്ധാ റോയ് ചൗധരി നിർവഹിക്കുന്നുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ അമിതാബ് ബച്ചന്റെ ശക്തമായ കഥാപാത്രം കൂടിയാകുമ്പോൾ ഒരു മികച്ച ചിത്രം കണ്ടിറങ്ങിയ ചാരിതാർഥ്യം പ്രേക്ഷകർക്ക് ഉറപ്പു നൽകുന്ന പ്രമേയവും അവതരണവുമാണ് പിങ്ക്. പിക്കുവിലെ ബംഗാളിയായ ഭാഷ്കൊറിന് ശേഷം അമിതാബ് ബച്ചന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് പിങ്കിലെ ദീപക് സെയ്ഗാൾ എന്ന അഭിഭാഷകന്റെ റോൾ.

ഡല്‍ഹി നഗരത്തിന്റെ മായക്കാഴ്ചയിൽ അകപ്പെട്ട്, ചതികളിൽപെട്ട് ആരും സഹായിക്കാനില്ലാതെ വലയുന്ന മിനാൽ അറോറ, ഫലഖ് അലി, ആൻഡ്രിയ എന്നീ മൂന്നു പ്രൊഫഷണല്‍സിന് വേണ്ടി വക്കീൽ കുപ്പായം അണിയേണ്ടി വന്നയാളാണ് ദീപക് സെയ്ഗാൾ. നിർഭയയും സൗമ്യയും ജിഷയും ഒക്കെ ചർച്ചയാകുമ്പോഴും സൂര്യനസ്തമിച്ചു കഴിഞ്ഞാൽ സ്ത്രീകൾക്ക് വഴിനടക്കാൻ കഴിയാത്ത അവസ്ഥ സാക്ഷര കേരളത്തിലും മെട്രോ നഗരങ്ങളിലും ഒരു പോലെ. സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാകണം എന്ന് സമൂഹം പറയുമ്പോഴും പ്രതികരിക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ഹൃദയഭേദകമായ അവസ്ഥകളും നമ്മുടെ പോലീസിന്റെ കാര്യക്ഷമതയും എല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ് പിങ്ക്. പുരുഷനും സ്ത്രീക്കും തുല്യ അവകാശമുള്ള രാജ്യത്ത് എന്തുകൊണ്ട് ചില കാര്യങ്ങൾ സ്ത്രീ ചെയ്‌താൽ മാത്രം അവൾ മോശക്കാരി ആകുന്നു എന്ന ചോദ്യം കോടതിമുറിയിൽ ഉയരുമ്പോൾ യുക്തിഭദ്രമായ ഉത്തരം കണ്ടെത്താനാവാത്ത 'എന്തുകൊണ്ട്'? എന്ന ചിന്ത പ്രേക്ഷകരിലും ഉയർത്താൻ സംവിധായകന് സാധിക്കുന്നുണ്ട്.

ഏതു വസ്ത്രം ധരിക്കാനും എന്തും കഴിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യത്ത് അലിഖിത വിലക്കുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് സമകാലിക സംഭവങ്ങൾ നമ്മോടു പറയുന്നുണ്ട്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് വസ്ത്രധാരണ രീതി കൊണ്ടുകൂടിയാണ് എന്നാണ് ഇന്നും സമൂഹത്തിലെ ഭൂരിപക്ഷം പേരും ചിന്തിക്കുന്നത്. അതാണ് അമിതാഭിന്‍റെ ദീപക് സെയ്ഗാൾ എന്ന വക്കീല്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ഇത്തരം നിരവധി അൺറിയലിസ്റ്റിക് ആയ ചിന്തകളുടെ പൊളിച്ചെഴുത്ത് കൂടിയാണ് ഈ സിനിമ.

സിനിമയില്‍ മേഘാലയക്കാരിയായ ആൻഡ്രിയ വിസ്തരിക്കപ്പെടുന്ന കോടതി ദൃശ്യങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള പൊതു ഇന്ത്യന്‍ ബോധത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ്. വംശീയതയ്ക്കെതിരെ നില്‍ക്കുന്നവരുടെ ആത്മരോഷം ഇരട്ടിപ്പിക്കും ആൻഡ്രിയയുടെ പ്രതിക്കൂട്ടിൽ നിന്നുള്ള 'I have been molested in Indian streets than an average Indian women been molested' എന്നുള്ള വെളിപ്പെടുത്തല്‍.

പൊട്ടിത്തെറിക്കാൻ അവസരം കാത്തുനിൽക്കുന്ന സദാചാര ചിന്തകളുടെ ഒരു അഗ്നിപർവതമാണ് ഇന്ത്യൻ വാല്യൂസ് എന്ന ഹിപ്പോക്രസി. പ്രായപൂർത്തിയായ സ്ത്രീകൾ ഒരുമിച്ചു താമസിക്കാൻ പാടില്ല, സന്ധ്യമയങ്ങി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ല, ആൺകുട്ടികളുമായി ചങ്ങാത്തം കൂടാൻ പാടില്ല, അവരോടൊത്തു യാത്ര ചെയ്യാൻ പാടില്ല, അവരോടൊത് ഡ്രിങ്ക്സ് കഴിക്കാൻ പാടില്ല, അവരോടൊത്ത് ഭക്ഷണം കഴിക്കാനും പാർട്ടികളിൽ പങ്കെടുക്കാനും പാടില്ല. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ അവളെ കയറിപ്പിടിക്കാം, പീഡിപ്പിക്കാം എന്ന അബദ്ധധാരണ വച്ച് പുലർത്തുന്നവർക്കുള്ള ശക്തമായ മറുപടിയാണ് 'നോ... നഹി... നഥീ' എന്നീ വാക്കുകൾ എന്ന് അഭിഭാഷകൻ ദീപക് സെയ്ഗാൾ കോടതിയിൽ ഉച്ചത്തിൽ അലറി വിളിക്കുന്നുണ്ട്. ഇനിയെങ്കിലും 'നോ' എന്ന് കരഞ്ഞു പറഞ്ഞ ഒരു പെൺകുട്ടിയും നമ്മുടെ രാജ്യത്തു പീഡിപ്പിക്കപ്പെടാതിരിക്കാൻ ഈ സിനിമ കരണമാവുമെങ്കിൽ സംവിധായകൻ സിനിമയിലൂടെ പറയാനുദ്ദേശിച്ച സന്ദേശം ഫലപ്രാപ്തിയിലെത്തി എന്ന് കരുതാം.

ഓരോ പീഡനവാർത്ത കേൾക്കുമ്പോഴും നമ്മൾ നമ്മുടെ പെണ്‍കുട്ടികളെയല്ല പഠിപ്പിക്കേണ്ടത്, മറിച്ച് ഇനിയൊരു പെൺകുട്ടിയും നമ്മുടെ രാജ്യത്ത് പീഡിപ്പിക്കപ്പെടാതിരിക്കാൻ നമ്മുടെ ആണ്‍കുട്ടികൾക്കാണ് ബോധവൽക്കരണം വേണ്ടത് ദീപക് സെയ്ഗാൾ പറയുമ്പോൾ അത് ബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തിനെ തട്ടിയുണര്‍ത്തല്‍ കൂടിയാകുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories