സിനിമ

ആണുങ്ങളുടെ പെണ്‍ സിനിമകള്‍; ഒപ്പം ആങ്ങളമാരായ കാണികളും

A A A

Print Friendly, PDF & Email

ഷരീഫ് സി.എം 

പലേപ്പോഴും സമൂഹമധ്യത്തില്‍ തീര്‍പ്പുകളായി കല്‍പ്പിക്കപ്പെടുന്നത് ആണിന്റെ സ്വാതന്ത്ര്യ ബോധങ്ങളാണ്. ഭരണഘടനായുക്തികള്‍ പോലും അതിന് തടസ്സമാവാറില്ല. അമിതാഭ് ബച്ചന്റെ വക്കീല്‍ കഥാപാത്രത്തിലൂടെ ‘പിങ്ക്” മുഖ്യധാരയില്‍ പുതിയൊരു കാര്യം പറഞ്ഞു വെയ്ക്കുന്നു; പെണ്ണിനെ ‘വ്യക്തി’യായി പരിഗണിക്കണമെന്ന്. ‘സ്ത്രീ NO എന്നു പറഞ്ഞാല്‍ അതിനര്‍ധം NO എന്നാണ്. അവിടെ അവളുടെ വസ്ത്രധാരണം പ്രശ്‌നമല്ല. അവളിനി മദ്യപിച്ചിട്ടുണ്ടെങ്കിലും ശരി’; ഇത് പോലെ മുഖ്യധാരക്ക് പരിചിതമല്ലാത്ത കാഴ്ചകളാണ് സിനിമ തുറന്നുവെക്കുന്നത്. ‘പ്രമുഖ മാധ്യമങ്ങളുടെയെല്ലാം പിങ്ക് വിലയിരുത്തലുകള്‍ എല്ലാം ഇങ്ങിനെയാണ്. പിങ്കിലൂടെ ഹിന്ദി സിനിമ, മാറ്റത്തിന്റെ പാതയിലാണെന്നാണ് ഏറ്റവും അവസാനത്തെ ചാനല്‍ ചര്‍ച്ചയും പറഞ്ഞു വെക്കുന്നത്. പടത്തിന്റെ പോസ്റ്റര്‍ ശ്രദ്ധിക്കുമ്പോള്‍ പോസ്റ്ററിന്റെ രണ്ടിലൊന്ന് ഭാഗത്ത് വിശാലനായി നില്‍ക്കുന്ന ബച്ചനെ കാണാം.

വളരെ സാധാരണമായ കഥ പറയല്‍ രീതിയാണ് പിങ്കിനു വേണ്ടി അനിരുദ്ധ ചൗധരി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമായും യുവതികളുടേതും യുവാക്കളുടേതുമായ രണ്ടു കൂട്ടം കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. മൂന്ന് യുവതികള്‍ ഒരു വൈകുന്നേരം സൂരജ്കുണ്ട് റിസോര്‍ട്ടില്‍ നിന്നും സൗത്ത് ഡല്‍ഹിയിലുള്ള വീട്ടിലേക്കു രക്ഷപെടുന്നു. മൂന്നു പുരുഷമാര്‍ അവരെ പിന്തുടരുന്നുമുണ്ട്. ആ വൈകുന്നേരത്തില്‍ സൂരജ്കുണ്ടില്‍ നടന്നതെന്ത് എന്നതാണ് സിനിമയുടെ അന്വേഷണം. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഫ്രെയിം ചെയ്തിട്ടുള്ളത്. മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. മീനാല്‍ (താപ്‌സീ പന്നു), ഫലക് (കീര്‍ത്തി കുല്‍ഹാരി), ആന്‍ഡ്രിയ (ആന്‍ഡ്രിയ തെറിയാങ്ക). മൂവരും ഡല്‍ഹിയിലെ മധ്യവര്‍ഗ വര്‍ക്കിംഗ് വിമെന്‍ ആണ്. വിദ്യാഭ്യാസമുള്ള, ചിലപ്പോളെല്ലാം മദ്യപിക്കുന്ന, ആണ്‍ സുഹൃത്തുക്കളുള്ള യുവതികള്‍. യുവാക്കളായ മറ്റ് മൂന്നു കഥാപാത്രങ്ങള്‍ പൊതുവെ ഹിന്ദി സിനിമയിലെ ‘വില്ലന്മാര്‍’ തന്നെയാണ്. രാഷ്ട്രീയ ബന്ധങ്ങളുള്ള, തന്നിഷ്ടക്കാരായ മൂന്നു യുവാക്കള്‍. മീനല്‍, രാജ് വീര്‍ സിങ്ങിനെതിരെ ലൈഗിക പീഡനത്തിനു പരാതി നല്‍കുന്നു, എന്നാല്‍ അയാള്‍ തിരിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിനു കേസ് ഫയല്‍ ചെയ്യുന്നു. തുടര്‍ന്നങ്ങോട്ട് സിനിമ കോടതി മുറിയിലെ നിയമ കുരുക്കുകളുടെ പിരിമുറുക്കത്തില്‍ പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. അവിടെയാണ് ‘നായക’ വേഷത്തില്‍, സര്‍വീസില്‍ നിന്ന് വിരമിച്ച അഭിഭാഷകനായി ദീപക് സേഗല്‍ (ബച്ചന്‍) എത്തുന്നത്. മറ്റൊരു അഭിഭാഷക വേഷത്തില്‍ പൊതുസമൂഹത്തിലെ മുഴുവന്‍ ആണ്‍കോയ്മ വാദങ്ങളും എഴുന്നള്ളിക്കുന്ന കഥാപാത്രമായി പീയുഷ് മിശ്രയും എത്തുന്നു കോടതിയില്‍; അയാള്‍ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നു. അങ്ങനെ അയാള്‍ ‘അപ്പന്മാരും ആങ്ങളമാരുമായ’ പ്രേക്ഷകരുടെ വെറുക്കപ്പെട്ട കഥാപാത്രമായി മാറുന്നു. പ്രേക്ഷകരുടെ കണ്മുന്നില്‍ നിന്നുകൊണ്ട് ഉത്തരം പറയാന്‍ ആകാതെ വിയര്‍ക്കുന്ന പെണ്‍കുട്ടിയോടാണ് നര ബാധിച്ച ദീപക് സേഗല്‍ വിറയാര്‍ന്ന സ്വരത്തില്‍ കന്യകാത്വം നഷ്ടപ്പെട്ടതിനെപ്പറ്റി ചോദിക്കുന്നത്.

 

ഒട്ടുമിക്ക കഥാപാത്രങ്ങളും സ്വാഭാവിക പെരുമാറ്റങ്ങള്‍ കൊണ്ടും ചലനങ്ങള്‍ കൊണ്ടും സിനിമയെ ‘നാച്വറല്‍’ എന്ന തലക്കെട്ടിനു താഴെ വെക്കുന്നു. കുറച്ചെങ്കിലും അസ്വാഭാവികതയുള്ളത് ബച്ചന്‍ ചെയ്തിട്ടുള്ള വക്കീല്‍ കഥാപാത്രത്തിനാണ്. മിന്നിമറയല്‍ നിഗൂഢതയാണ് അയാളുടെ സ്വഭാവം തന്നെ. ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കഥാപാത്രങ്ങളെ ഒരു മുഖ്യധാര ഭാഷയില്‍ പറഞ്ഞു വെക്കുന്നുണ്ട് സിനിമ. പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിനാലും ഫലകും ആന്‍ഡ്രിയയുമെല്ലാം ഡല്‍ഹിയുെട സ്ഥിരം കാരക്ടെഴ്സാണ്. മറ്റൊരു ശ്രദ്ധേയ വിഷയം ഡല്‍ഹി പശ്ചാത്തലമാകുന്ന ഒരു സ്ത്രീപക്ഷ സിനിമയില്‍ നോര്‍ത്ത് ഈസ്‌റ് പ്രതിനിധ്യമുണ്ടായി എന്നുള്ളതാണ്. സിനിമ ‘archive’ ആവുന്നത് ഇങ്ങനെയെല്ലാമാണ്.

 

 

ഒരു പ്രത്യേക സമയത്തെ പ്രതിപാദിക്കുന്ന കലാസൃഷ്ടി ആ പ്രസ്തുത കാലത്തിന്റെ കഥാപാത്രങ്ങളെ ആര്‍ക്കൈവ് ചെയ്യുന്നു . ഡല്‍ഹിയുടെ സ്ത്രീ അനുബന്ധ ചര്‍ച്ചകളില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് സ്ത്രീ അനുഭവങ്ങളെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. രാഷ്ട്രീയ ഭൂപടത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഇപ്പോഴും ഒരു തുരുത്താണ്. അവരുടെ അനുഭവങ്ങളെയോ സാന്നിധ്യത്തെയോ പൊതുവെ ആരും ചര്‍ച്ചക്കെടുക്കാറില്ല. ഡല്‍ഹി പശ്ചാത്തലമാകുന്ന, ഫെമിനിസം വിഷയമാകുന്ന ഒരു സിനിമയിലെ നോര്‍ത്ത് ഈസ്റ്റ് പ്രധിനിധ്യമുണ്ടാകുന്നത് കാലികമാണ്. ഒരു മെട്രോപ്പൊലീറ്റന്‍ ഫെമിനിസ്റ്റ് അനുഭവമാണ് സിനിമയെ നയിക്കുന്നത് എങ്കിലും മുഖം കാണിക്കുന്നതിലൂടെ പോലും ചില പ്രാതിനിധ്യങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

 

പിതാവിന്റെ മുഖവും ലിംഗ ചര്‍ച്ചയും ഡോക്ടര്‍ കശ്യപ് അദ്ദേഹത്തിന്റെ ‘Psychology of Rape in India ‘എന്ന ലേഖനത്തില്‍ ഡല്‍ഹിയുടെ പൊതു ജെന്‍ഡര്‍ അവസ്ഥയെ ഇങ്ങനെ വിലയിരുത്തുന്നു ”പുരുഷനാണ് ആജ്ഞാശക്തി. ഇങ്ങനെയുള്ള പരിപൂര്‍ണ്ണമായ പ്രിവിലേജിലാണ് പുരുഷന്‍ ജീവിക്കുന്നത്. സ്ത്രീകള്‍ പുരുഷന്റെ പ്ലാനിങ്ങിലെ ഒരു വസ്തുമാത്രമാണ്. അങ്ങനെയുള്ള സമൂഹത്തില്‍ നിന്നാണ് പൊതുവെ വയലന്‍റ് റേപ് ഉണ്ടാകാറുള്ളത് ”. ഇങ്ങനെ ഒരു ശ്രേണിയാണ് നില്‍ക്കുന്നത് എന്നിരിക്കെ ചര്‍ച്ചയാവണ്ടത് പിങ്ക് സിനിമയുടെ കാഴ്ചയാണ്. പ്രിവിലേജ്ഡ് ആയ ഒരു പുരുഷന്റെ കാഴ്ചയാണോ അതോ പീഡനമനുഭവിക്കുന്ന പെണ്‍ അനുഭവത്തിന്റെ കാഴ്ചയാണോ സിനിമ എന്നുള്ളതാണ്. സിനിമയില്‍ ബച്ചന്‍ കഥാപാത്രം ഉള്‍കാഴ്ചയുള്ള ഒരു അഡ്വക്കേറ്റ് ആണ്. അയാളുടെ കാഴ്ച്ചകള്‍ തന്നെയാണ് സിനിമയെ നയിക്കുന്നതും. മിനാല്‍ നടന്നു പോകുന്നതിനിടെ കിഡ്‌നാപ് ചെയ്യപ്പെടുന്നത് ദീപക് സൈഗാള്‍ ഇപ്പുറം നിന്ന് കാണുകയാണ്. തൊട്ടടുത്ത സീനില്‍ വാഹനത്തിനുള്ളില്‍ വെച്ച് അവള്‍ പീഡിപ്പിക്കപ്പെടുന്നു. എവിടെയെല്ലാം ബച്ചന് മുന്‍പ് നോക്കി വെച്ച പിതാവ്/പുരുഷന്‍ പെര്‍സ്പെക്ടീവ് കാണിയെ പിന്തുടരുന്നുണ്ട്.

 

സിനിമയുടെ പ്രധാന വഴിത്തിരുവുകളെല്ലാം പെണ്‍ അനുഭവത്തിലേക്കുള്ള ആണ്‍ നോട്ടങ്ങളാണ്.
സിനിമയുടെ അവസാന ഘട്ടത്തില്‍ കടന്നുവരുന്ന രണ്ടു സീനുകളില്‍ ഇത് കൃത്യമായി കാണാം. ബച്ചന്‍ വാദിച്ചു കയറുന്ന ഒരു കോടതി മുറിയില്‍ കൂടി നില്‍ക്കുന്ന ആണ്‍ കാണികള്‍ക്കു മുന്നില്‍ മിനാല്‍ പൊട്ടിത്തെറിച്ചു പറയുന്നുണ്ട്  ‘ഞങ്ങള്‍ക്കിവിടം ഇങ്ങനെയാണ് ‘ എന്ന് ബച്ചന്‍ ഉള്‍പ്പെടുന്ന ആണ്‍സദസിനെ നോക്കി, ക്യാമറയില്‍ നോക്കിയാണ് ഇത് പറയുന്നത്. രണ്ടാമത്തേത് കോടതിയിലെ കേസില്‍ ജയിച്ചു നില്‍ക്കുന്ന സന്തോഷകരമായ ഒരു സീനില്‍ പെണ്‍കുട്ടികളെല്ലാം ദീപക് സെഗാളിന്റെ കാല്‍ തൊട്ടു നമസ്കരിക്കുന്നു. സിനിമ ഡല്‍ഹിയുടെ പകര്‍പ്പാണ്. പിതാവിന്റെ ഇമേജ് പൊതുവെ ജെന്‍ഡര്‍ സംവാദങ്ങളില്‍ ഇടം പിടിച്ചിട്ടില്ല. അത് ചര്‍ച്ചകള്‍ക്കെല്ലാം മുകളില്‍ നില്‍ക്കുന്ന തൊടാന്‍ പോലും ആകാത്ത ഒരു ചിഹ്നമാണ്. അങ്ങനെയിരിക്കെ പിങ്ക് സിനിമ സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട ജെന്‍ഡര്‍ പ്രശ്‌നങ്ങളെ മാത്രമേ ചര്‍ച്ചക്ക് വെക്കുന്നുള്ളു എന്നു പറയേണ്ടി വരും.

 

 

ബച്ചന്റെ ഫാദര്‍ ഇമേജ് പിങ്ക് സിനിമയിലെ പ്രത്യേക വിഷയം ആകുന്നത് അപ്പോഴാണ്. കഥാപാത്രത്തിന്റെ, കഥയില്‍ ഉടനീളമുള്ള ചലനങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും ഒരു പിതാവിന്റെ ഇമേജും മറ്റുള്ള കഥാപാത്രങ്ങള്‍ക്കെല്ലാം പൊതുവെ പുത്രസ്വഭാവവും കൊടുക്കുന്ന രീതി അനിരുദ്ധ ചൗധരിയും ആവര്‍ത്തിക്കുന്നത് എന്ത്‌കൊണ്ടാണ്? എന്നാല്‍ കഥയില്‍ ഇടപെടാതെ സമാന്തരമായി, മൂകയായി കടന്നു പോകുന്ന ഒരു കഥാപാത്രമുണ്ട് സിനിമയില്‍; ബച്ചന്‍ കഥാപാത്രത്തിന്റെ പ്രായമായ, തളര്‍ച്ച ബാധിച്ച ഭാര്യ. അവിവാഹിതകളായ യുവതികള്‍ ഇരകളായ ഒരു ജെന്‍ഡര്‍ കേസിലേക്കാണ് പക്വതയുള്ള, നര ബാധിച്ച പുരുഷനായ അഭിഭാഷകന്‍ കടന്നു വരുന്നത്. പെണ്ണിന്റെ കാഴ്ചയിലൂടെയാണ് അയാള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്. എന്നാല്‍ പിതാവിന്റെ കാഴ്ച അവളിലേക്കാണ്. മകളും പെണ്ണും രണ്ടാണല്ലോ. ഒരുപക്ഷെ ‘പിതാവി’ന്റെ മധ്യസ്ഥതയില്‍ സ്ത്രീ പ്രശ്‌നങ്ങള്‍ ഒതുങ്ങി എന്ന് വരില്ല. പിതാവും പുത്രിയും എന്ന പതിവ് ‘സംരക്ഷണ നാടക’ങ്ങളില്‍ നിന്ന് ഒട്ടും അകലെയല്ല പിങ്കും മാലോകരെ! ‘അമ്മയും പെങ്ങളു’മുള്ള സഹോദരന്മാരെയും പിതാക്കന്മാരെയുമാണ് പിങ്ക്, കാണികളായി പ്രതീക്ഷിക്കുന്നത് എന്നു സാരം.

 

സാങ്കേതികമായി വളരെ സാധാരണത്തം സൂക്ഷിച്ച സിനിമയാണ് പിങ്ക് എന്ന് പറയേണ്ടി വരും. സങ്കീര്‍ണങ്ങളായ കാമറ ചലനങ്ങള്‍ ഒന്നും കാണിക്ക് അനുഭവപ്പെടില്ല. മറ്റു സിനിമകളെ അപേക്ഷിച്ച് വളരെ കുറച്ചു ലൊക്കേഷനുകളാണ് സിനിമയില്‍ ഉള്‍പ്പെടിത്തിയിട്ടുള്ളത്. എന്നാല്‍ പ്ലോട്ടുകളുടെ ആവര്‍ത്തനം കാണികളില്‍ വിരസത ഉണ്ടാക്കുന്നതായി തോന്നുന്നില്ല. പൊതുമനോഭാവത്തിന്റെ ആണ്‍ മുഖങ്ങളെ തുറന്നു വെക്കുന്നുണ്ട് സിനിമ. മാസ് ഓഡിയന്‍സ് ആശ്രയിക്കുന്നതും പൊതുബോധ പങ്ക് വഹിക്കുന്നതുമായ മുഖ്യധാരയിലേക്ക് യുക്തിരഹിതമായ പാരമ്പര്യ ബോധ്യങ്ങളെ ചര്‍ച്ചക്ക് വെക്കുന്നത് ആശാവഹമായ മുന്നേറ്റമാണ്. പൊതുവെ പിങ്ക് ഒരു ‘കളര്‍ഫുള്‍ പാതി ഫെമിനിസ്റ്റ് ‘ സിനിമയാണ്.

 

(ജെഎന്‍യുവില്‍ ആര്‍ട്ട് ആന്‍ഡ്‌ എസ്തെറ്റിക്സ്‌ വിഭാഗത്തില്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍