UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസിന് വേണ്ടത് മതനിരപേക്ഷ യോഗ, വര്‍ഗീയ യോഗ വേണ്ട: പി ജയരാജന്‍

ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്.

സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് യോഗ പരീശിലനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. എന്നാല്‍ പൊലീസുകാരെ യോഗ പരിശീലിപ്പിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഇപ്പോഴത്തെ യോഗ സിലബസ് അംഗീകരിക്കാനാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്.

സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹാവുമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്.ഇത് ആശാസ്യമല്ല – ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരള പൊലീസില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ദ്ധിക്കുന്നതായും സംഘപരിവാര്‍ പരാതികളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും പൊലീസ് വേട്ടയാടുന്നതായുള്ള പരാതി വര്‍ദ്ധിക്കുന്നതിനും ഇടയിലാണ് ജയരാജന്‌റെ ഫേസ്ബുക്ക് പോസ്റ്റ്


ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം:


യോഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ്.പ്രകൃതിയുമായി സമരസപ്പെടുന്ന ആശയമാണ് അതിന്റെ പിന്നിലുള്ളത്.എന്നാല്‍ ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്. സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹാവുമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്.ഇത് ആശാസ്യമല്ല.

പോലീസ് സേനയില്‍ മതനിരപേക്ഷതയാണ് പഠിപ്പിക്കേണ്ടത്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ട പോലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പോലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്ന് ആശങ്കപ്പെടുന്നവര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ട്. പോലീസ് സേനാംഗങ്ങള്‍ക്ക് വര്‍ഗ്ഗീയ മനസല്ല മതനിരപേക്ഷ മനസാണ് വേണ്ടത്. അത് കൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് പോലീസ് മേധാവിയോട്
അഭ്യര്‍ഥിക്കുകയാണ്.

പി ജയരാജന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍