കേരളസര്‍ക്കാരും പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് കൂട്ടു നില്‍ക്കുന്നോ?

Print Friendly, PDF & Email

ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള കേസില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നു

A A A

Print Friendly, PDF & Email

പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള കേസില്‍ തുടര്‍ നടപടികള്‍ നീണ്ടുപോവുന്നു. പോലീസ് മന:പൂര്‍വ്വം കേസ് വൈകിക്കുകയാണെന്നാണ് പരാതികാരുടെ ആരോപണം. കമ്പനിക്കെതിരേ മീനാക്ഷിപുരം പോലിസ് പട്ടികജാതി/വര്‍ഗ (അതിക്രമ നിരോധനം) നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷമായി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബഹുരാഷ്ട്ര കമ്പനിക്കെതിരെ പട്ടികജാതി/വര്‍ഗ വകുപ്പനുസരിച്ച് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്ലാച്ചിമടയിലെ കോള കമ്പനിക്കു സമീപമുള്ള വിജയനഗര്‍ കോളനിവാസികള്‍ 2015 ഏപ്രിലിലായിരുന്നു പരാതി നല്‍കിയത്.

തുടര്‍ന്ന് പാലക്കാട് എസ് പിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയും മീനാക്ഷിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്ലാച്ചിമടയില്‍ സമരം തുടങ്ങി 14 വര്‍ഷം പിന്നിട്ടപ്പോഴാണ് കമ്പനിക്കെതിരെ ഈ കേസു കൂടി വന്നിരിക്കുന്നത്. നോയിഡ ആസ്ഥാന പ്രവര്‍ത്തിക്കുന്ന കമ്പിനിയുടെ അഖിലേന്ത്യ മേധാവി, കൊച്ചിയിലെ റീജിയണല്‍ മേധാവി, പ്ലാച്ചിമട പ്ലാന്റ് മേധാവി തുടങ്ങിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. വിജയനഗര്‍ കോളനിനിവാസികളെ കൂടാതെ കോള കമ്പനിക്കെതിരെ പെരുമാട്ടി ഗ്രാമ പഞ്ചായത്തും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

പട്ടികജാതി/വര്‍ഗ നിയമത്തിലെ 3(13) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാകുകയും വേണം. എന്നാല്‍ പോലിസ് ഇവര്‍ക്കെതിരെ കേസെടുത്തതല്ലാതെ മറ്റൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്നാണ് കോള വിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും പറയുന്നത്. പട്ടികജാതി/വര്‍ഗക്കാര്‍ ഉപയോഗിച്ച് വന്ന ജലസ്രോതസുകള്‍ മലിനപ്പെടുത്തി ഉപയോഗശൂന്യമാക്കി എന്നാണ് പരാതി. 2000 മുതല്‍ 2004 വരെ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ച കമ്പനി കാരണം ജലസ്രോതസുകള്‍ മലിനപ്പെട്ടു. സമീപത്തെ കൃഷിഭൂമികള്‍ ഉപയോഗശൂന്യമായെന്നും പരാതിയില്‍ പറയുന്നുണ്ട്.

2009-ല്‍ കോള കമ്പനി മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍ ഉന്നതാധികാര സമിതി രൂപികരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കമ്പനി 216 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു. ഇതിനായി കേരള നിയമസഭ, പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ ഉണ്ടാക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് അത് രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതു വരെ ഈ ബില്ലിന് അംഗീകാരം ലഭിച്ചിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ബില്ല് തിരിച്ചയ്ക്കുകയും ചെയ്തു.

കോള കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിയ ഇടതു പാര്‍ട്ടികള്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിട്ടും ഇതുവരെയും കേസിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറായിട്ടില്ല. ഇത് കമ്പനിയെ സഹായിക്കാനാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഞ്ചിക്കോട്ടെ പെപ്സി കമ്പനിക്കെതിരെയും നടപടിയെടുക്കാത്ത കേരളസര്‍ക്കാരിന്റെ സമീപനം അത് കൂടുതല്‍ വ്യക്തമാക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍