TopTop
Begin typing your search above and press return to search.

മോട്ടി ലെര്‍ണര്‍; ഇസ്രായേലിലെ 'ജനശത്രു'വായ നാടകക്കാരന്‍

മോട്ടി ലെര്‍ണര്‍; ഇസ്രായേലിലെ

പീറ്റര്‍ മാര്‍ക്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു സൈനികനായി 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തില്‍ പങ്കെടുത്തതിലെ ആത്മസംഘര്‍ഷങ്ങള്‍ പരസ്യമാക്കണമെന്ന് മോട്ടി ലെര്‍ണര്‍ക്ക് തോന്നി. അയാള്‍ ജറുസലേമിലെ ഹീബ്രൂ സര്‍വകലാശാലയിലെ 30 സഹപാഠികളെയും കൂട്ടി ഇസ്രയേല്‍ പാര്‍ലമെന്‍റായ ക്നെസെറ്റിന്‍റെ പടികളിലെത്തി. വെച്ചുകെട്ടിയ മുറിവുകളുമായുള്ള വേഷം കെട്ടി അവരവിടെ ‘മരിച്ചവരുടെ നാടകം’ എന്ന പേരില്‍ ഒരു യുദ്ധവിരുദ്ധ തെരുവുനാടകം നടത്തി.

പ്രതികരണങ്ങള്‍ ഒട്ടും ആവേശകരമായിരുന്നില്ല. “ഒരു ഫലവും ഉണ്ടായില്ല,”നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം 66-കാരനായ ലെര്‍ണര്‍ ആ സംഭവം ഓര്‍ക്കുന്നു. “ഞങ്ങള്‍ ഉച്ചനേരത്ത് രണ്ടുതവണ അത് ചെയ്തു. കാണാന്‍ നിന്നവര്‍ വെറുതെ ചുമലും കുലുക്കി പോയി.”

എന്നാലും, ഒരു ഗണിതശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ച, എന്നാല്‍ നാടകകൃത്തായി മാറിയ ഈ മുന്‍ പട്ടാള ക്യാപ്റ്റന് അതൊരു വലിയ അനുഭപാഠമായിരുന്നു. തന്റെ രാഷ്ട്രീയനിലപാടുകള്‍ പ്രകടിപ്പിക്കരുതെന്നായിരുന്നില്ല ആ പാഠം. മറിച്ച് ഇടതുപക്ഷത്തുനിന്നുള്ള ഒരു ശക്തമായ വിമത നാടകശബ്ദമായി തീര്‍ക്കുകയായിരുന്നു അതയാളെ.

ഓരോ നാടകത്തിലും അധിനിവേശ പ്രദേശങ്ങളിലെ പലസ്തീന്‍കാരോടുമുള്ള ഇസ്രയേല്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങളെ ഒരു ദേശീയ അധാര്‍മികതയായി അയാള്‍ തുറന്നുകാണിച്ചു.

ഇതിന് വില കൊടുക്കേണ്ടിയും വന്നു. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ഇസ്രയേല്‍ നാടകവേദികളൊന്നും അയാളുടെ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വാഷിംഗ്ടണ്‍ ഡി സി പോലെയുള്ള പലയിടത്തും അയാള്‍ സജീവമായി കലാകാരന്മാരുടെ പങ്കാളിത്തം നേടി. വാഷിംഗ്ടണ്‍ ഡി സിയിലെ സംവിധായകന്‍ അരി റോത്തിന് ഈ പങ്കാളിത്തത്തിന്റെ പേരില്‍ പല നഷ്ടങ്ങളും ഉണ്ടായി.

1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ സൈനികര്‍ പലസ്തീന്‍ ഗ്രാമീണരെ കൂട്ടക്കൊല നടത്തിയത് പ്രമേയമാക്കിയ ‘The Admission” എന്ന ലെര്‍ണറുടെ പ്രകോപനപരമായ നാടകം അവതരിപ്പിക്കാനുള്ള റോത്തിന്റെ തീരുമാനത്തെ ഡി.സി ജൂത കേന്ദ്രം എതിര്‍ത്തു. ഇതിനെത്തുടര്‍ന്ന് ഡിസംബര്‍ 2014-ല്‍ ജൂതകേന്ദ്രത്തിന്റെ സഹായം ലഭിച്ചിരുന്ന തിയറ്റര്‍ ജെ-യുടെ തലപ്പത്തുനിന്നും റോത്തിനെ ഒഴിവാക്കി.

ഇപ്പോള്‍ റോത്തിന്റെ സ്വതന്ത്ര നാടക വേദി മൊസൈക് തിയ്യറ്റര്‍, ലെര്‍ണര്‍-റോത്ത് സഖ്യത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അവരുടെ പുതിയ നാടകം “After the War” അരങ്ങിലെത്തുന്നു. “എന്റെ നാടക ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കൂട്ടുകെട്ടാണിത്,”റോത്ത് പറയുന്നു.


മോട്ടി ലെര്‍ണര്‍

“ഞങ്ങള്‍ ഒരേ ലക്ഷ്യങ്ങള്‍ പങ്കുവെക്കുന്നു,” ലെര്‍ണര്‍ റോതിനെക്കുറിച്ച് പറഞ്ഞു. “രാഷ്ട്രീയ നാടകവേദിയെക്കുറിച്ച് ഞങ്ങള്‍ക്ക് സമാനമായ ധാരണയാണുള്ളത്. നാടക രീതികളും ഞങ്ങള്‍ ഒരേ പോലെ ഉള്‍ക്കൊള്ളുന്നു. ഇസ്രയേലിനെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ച്ചപ്പാടും ഒന്നാണ്.”

ലെര്‍ണറുടെ പല നാടകങ്ങളും ഇസ്രയേലിന്റെ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വെസ്റ്റ് ബാങ്ക് കുടിയേറ്റങ്ങളെ സംബന്ധിച്ച ‘Pangs of Messiah’, 1994-ല്‍ ഒരു അമേരിക്കക്കാരനായ ജൂതന്‍ ഹെബ്രോനില്‍ പാല്‍സ്തീന്‍കാരെ കൂട്ടക്കൊല നടത്തിയതിനെപ്പറ്റിയുള്ള ‘Hastening of the End’ എന്നിവയെപ്പോലെ ‘After the War’-ഉം കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ സംഘര്‍ഷങ്ങള്‍ ഇസ്രയേല്‍ സമൂഹത്തില്‍ ഉണ്ടാക്കിയ ആഘാതങ്ങളെയും സ്വാധീനത്തെയും കുറിച്ചാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ലെര്‍ണര്‍ ഈ നാടകത്തിന്റെ പണിപ്പുരയിലാണ്. തികച്ചും വ്യക്തിപരമായ അനുഭവങ്ങളുമുണ്ടിതില്‍. അറബുകളുമായി സമാധാനം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു ഇടതുപക്ഷക്കാരനായ കലാകാരന്‍ അയാളുടെ വീട്ടില്‍ ഉണ്ടാക്കുന്ന ഭിന്നതകളെക്കുറിച്ചാണീ നാടകം. നാടകത്തിലെ കേന്ദ്രകഥാപാത്രമായ ഒരു അന്താരാഷ്ട്ര പിയാനോ സംഗീതജ്ഞന്‍ ജോയല്‍ നേരിടുന്ന ഒറ്റപ്പെടല്‍ ആത്മകഥാംശം ഉള്ളതാണ്.

“ഞാന്‍ ‘ജനശത്രുവായി’ എന്നത് വ്യക്തമായിരുന്നു.” മാന്‍ഹട്ടനില്‍ ഹെന്‍റിക് ഇബ്സന്റെ ഒരു നാടകത്തെ ഓര്‍മ്മിച്ചുകൊണ്ടു ലെര്‍ണര്‍ പറഞ്ഞു. ഇബ്സനെയും അതിലേറെ തന്റെ ഇഷ്ട നാടകകൃത്ത് ആര്‍തര്‍ മില്ലറെയും ചൂണ്ടിക്കാണിച്ചുകൊണ്ട് നാടകക്കാരന്‍ വെറും നിരീക്ഷകന്‍ മാത്രമല്ല എന്നു ലെര്‍ണര്‍ ഉറപ്പിച്ചുപറയുന്നു. അയാളൊരു ഉത്തേജകമാകണം. അത്തരം നാടകക്കാരന് പറയുന്ന നിര്‍ണായക സംഭാഷണം, അയാള്‍ തുടങ്ങിവെക്കുന്ന സംവാദമാണ്.

“എനിക്കു സൃഷ്ടിക്കാന്‍ കഴിയുന്ന സംവാദങ്ങളാണ് എന്റെ ലക്ഷ്യം. കൂടുതല്‍ മാനവികമായ ചര്‍ച്ചകളിലേക്ക് വഴിതുറക്കുന്ന ഒരു പൊതുചര്‍ച്ച സൃഷ്ടിക്കല്‍.”

ഒരു സമാധാന കരാറില്‍ ഒപ്പുവെക്കാനാകുന്ന വിധത്തില്‍-അതിനു സാധ്യതയുണ്ടെന്ന് അദ്ദേഹം ഇപ്പൊഴും കരുതുന്നു-ഇസ്രയേല്‍, പലസ്തീന്‍ അതോറിറ്റി നേതൃത്വങ്ങളില്‍ മാറ്റം വരുത്താനുള്ള സംവാദങ്ങളാണ് അദ്ദേഹം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. “ഈ വാദത്തിന് സാംസ്കാരിക അടിത്തറ ഉണ്ടാക്കാനാണ് ഞാന്‍ ശ്രമിച്ചത്.”

നാടകകൃത്തിന്റെ ജോലി എന്നത്, “പ്രേക്ഷകനിലും സമൂഹത്തിലും ചില തിരുത്തല്‍ സ്വാധീനം ഉണ്ടാക്കുകയാണെന്ന് “ ലെര്‍ണര്‍ കരുതുന്നു. ‘നാടകകൃത്തിന്റെ ഉദ്ദേശം’ എന്ന 76 പുറം വരുന്ന ഒരു ആത്മഭാഷണം അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. മില്ലര്‍, ഇബ്സന്‍, യൂജിന്‍ ഒനീല്‍, ബെര്‍ത്തോല്‍ ബ്രെഹത്ത് എന്നിവരുമായി തനിക്കുള്ള പൊതുഘടകങ്ങള്‍ ലെര്‍ണര്‍ പറയുന്നുണ്ട്””കഴിഞ്ഞ 30 വര്‍ഷത്തെ എന്റെ എഴുത്തില്‍ സമാനമായ ലക്ഷ്യങ്ങള്‍ ഞാന്‍ കാണുന്നുണ്ട്-ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ തിരുത്തുക, മാറ്റങ്ങള്‍ വരുത്തുക, അതിനെ പരിവര്‍ത്തിപ്പിക്കുക.”

എന്നാല്‍ അതല്‍പം ത്യാഗം വേണ്ട പണിയാണ്. ഇടതുപക്ഷവും സമാധാന മുന്നേറ്റവും ഇസ്രയേലില്‍ ശക്തമായിരുന്ന പോയ കാലത്തില്‍പ്പെട്ട ആളാണ് ലെര്‍ണരെന്ന് ‘After the War’ സംവിധായകന്‍ സീനായ് പീറ്റര്‍ പറഞ്ഞു. ഇപ്പോള്‍ യാഥാസ്ഥിതികരും വലതുപക്ഷക്കാരുമാണ് ഇസ്രയേലില്‍ ശക്തികള്‍. ലെര്‍ണറുടെ നാടകങ്ങള്‍ ഇസ്രയേലില്‍ അവതരിപ്പിക്കാന്‍ ഏറെ പണിപ്പെടണം.’The Admission’ ഇപ്പോള്‍ മാത്രമാണു ഇസ്രായേലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒരു ചെറിയ നാടകസംഘം. അതിനുള്ള പണവും കണ്ടെത്താന്‍ അദ്ദേഹം തന്നെ സഹായിച്ചു.

“ഇസ്രയേലില്‍ നാടകം നടത്താനാകാത്തതും കുടുംബത്തിന്റെയും രാജ്യത്തിന്റെയും സ്നേഹം കിട്ടാത്തതും-മോട്ടിക്ക് ഏറെ പ്രധാനമായ പ്രശ്നങ്ങളാണ്,” പീറ്റര്‍ പറഞ്ഞു.


ദി അഡ്മിഷന്‍

ജൂത സ്വദേശമെന്ന സ്വപ്നവുമായി 1880-കളില്‍ റോമാനിയയില്‍ നിന്നും-ഇന്ന് മോള്‍ഡോവ-പലസ്തീനിലേക്ക് കുടിയേറിയ ജൂതന്മാരുടെ പിന്മുറക്കാരനായി മധ്യ ഇസ്രായേലിലെ ഒരു മുന്തിരിത്തോട്ടത്തിലാണ് ലെര്‍ണര്‍ ജനിച്ചുവളര്‍ന്നത്. ഈജിപ്തടക്കം ഇസ്രയേലിന്റെ മറ്റ് അയല്‍രാജ്യങ്ങളുമായി നടന്ന 76-ലെ യുദ്ധത്തിലാണ് സൈന്യത്തിന്റെ തെക്കന്‍ മുന്നണിയില്‍ അയാള്‍ സേവനമനുഷ്ഠിച്ചത്. മില്ലറെ പോലുള്ള നാടകകൃത്തുക്കള്‍ അയാള്‍ക്ക് പ്രചോദനമായി. “എന്റെ ജീവിതത്തെ മാറ്റിമറിച്ച നാടകങ്ങളിലൊന്ന് “All My Sons” ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു തിരിച്ചെത്തുന്ന ഒരാള്‍ തന്റെ അച്ഛന്‍ യുദ്ധസംബന്ധമായ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കിയ ആളാണെന്ന് കടുത്ത ലജ്ജയോടെ തിരിച്ചറിയുന്നതാണ് മില്ലറുടെ ഈ നാടകത്തിന്റെ പ്രമേയം.

ലെര്‍ണറുടെ പല രാഷ്ട്രീയ നാടകങ്ങളിലും മില്ലറുടെ സ്വാധീനം കാണാം. ‘After the War’-ല്‍ ജോയല്‍ തന്റെ സംഗീത പരിപാടിയില്‍ നിന്നും കിട്ടിയ തുക ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പരിക്കേറ്റ ലെബനീസ് കുട്ടികളെ സഹായിക്കാനായി നല്കാന്‍ തീരുമാനിക്കുന്നതോടെ അയാളുടെ കുടുംബത്തില്‍ അതുവരെ പുകഞ്ഞ അസംതൃപ്തിയെല്ലാം പരസ്യമാവുകയാണ്.

പരിശീലന സമയത്ത് ലെര്‍ണര്‍ തങ്ങളോടൊപ്പം ചെലവഴിച്ച സമയം വിലപ്പെട്ടതായിരുന്നു എന്നു ജോയലിന്റെ വേഷം അഭിനയിച്ച നടന്‍ പോള്‍ മോറെല്ല പറയുന്നു. “അദ്ദേഹവുമായി നാടകപരിശീലത്തിനുശേഷം ഒരു ദിവസം ഞാന്‍ അത്താഴം കഴിച്ചു. അത് ആ മനുഷ്യനെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ എന്നെ സഹായിച്ചു.”

നാടകത്തിന്റെ പണിപ്പുരയില്‍ മാറ്റങ്ങളും തിരുത്തലുകളുമായി റോതും ലെര്‍ണറും വഴക്കടിച്ചും ഒത്തുപോയുമെല്ലാം ഏറെക്കാലമായി പണിയെടുക്കുന്നു. ലെര്‍ണരെ സംബന്ധിച്ച് നാടകം സംഭാഷണവും സംവാദവുമാണ്. “ഉദാര സമൂഹത്തിന്റെ പ്രതിസന്ധികള്‍, അത് നേരിടുന്ന വെല്ലുവിളികള്‍, അതിന്റെ തകര്‍ച്ച എന്നിവയൊക്കെയാണ് മോട്ടിയുടെ വിഷയം,” റോത്ത് കരുതുന്നു.

നാടകകൃത്തിന്റെ ലക്ഷ്യം റോത്ത് മനസിലാക്കുന്നു എന്നതില്‍ ലെര്‍ണര്‍ക്ക് സന്തോഷമുണ്ട്. നാടകങ്ങളില്‍ ഇസ്രയേലിനെതിരായ വിമര്‍ശം രാജ്യത്തിന് ഭീഷണിയാണെന്ന് കരുതുന്നവരോട് ലെര്‍ണര്‍ പറയുന്നു, “എന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ദേശസ്നേഹികളിലൊരാളാണ് ഞാനെന്നാണ് എന്റെ പ്രതികരണം. അതിനെ കൂടുതല്‍ മെച്ചപ്പെട്ട ഒരിടമാക്കാന്‍ ഞാനെന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു.”


Next Story

Related Stories