TopTop
Begin typing your search above and press return to search.

പ്ലസ് ടു: നിങ്ങൾക്ക് വേറേ പണിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇനി എന്തുപറയും?

പ്ലസ് ടു: നിങ്ങൾക്ക് വേറേ പണിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇനി എന്തുപറയും?

പി കെ ശ്യാം

ഹയർ സെക്കൻഡറി ഡയറക്‌‌ടർ അദ്ധ്യക്ഷനായ സംസ്ഥാനതല സമിതിയുടെ ശുപാർശകൾ മറികടന്ന് മന്ത്രിസഭാ ഉപസമിതി നൂറിലേറെയിടത്ത് പ്ലസ് ടു സ്‌കൂളും പുതിയ ബാച്ചും അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയത് സ‌‌‌ർക്കാരിന് തലയ്ക്കടിയായി. ഹയർ സെക്കൻഡറി പഠന സൗകര്യമില്ലാത്ത പഞ്ചായത്തുകളിൽ പ്ലസ്ടു സ്കൂളുകൾ അനുവദിക്കുകയെന്ന സദുദ്ദേശത്തോടെ തുടങ്ങിയ സർക്കാർ നടപടികളാണ് കോഴ ആരോപണത്തിൽ മുങ്ങിത്താണ് ഒടുവിൽ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനത്തിനും നടപടിക്കും വിധേയമായത്. പുതിയ പ്ളസ് ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ച് ജൂലായ് 31ന് സർക്കാർ പുറപ്പെടുവിച്ച പട്ടിക ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയ ജസ്‌റ്റിസ് പി.ആർ.രാമചന്ദ്രമേനോൻ, ഹയർ സെക്കൻഡറി ഡയറക്‌ടർ ശുപാർശ ചെയ്യാത്ത സ്കൂളുകളിൽ പുതുതായി പ്‌ളസ് ടുവും അധിക ബാച്ചും അനുവദിക്കുന്നത് വിലക്കുകയായിരുന്നു.

ഡയറക്‌ടർ ശുപാർശ ചെയ്‌തിട്ടും പുറന്തള്ളപ്പെട്ട സ്‌കൂളുകൾക്ക് പ്‌ളസ് ടുവിന് താത്‌കാലിക അനുമതി നൽകണമെന്നും അടിസ്‌ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകളെ ഒഴിവാക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി ഡയറക്ടർ ചെയർമാനായ ആറംഗ സമിതി ശുപാർശ ചെയ്‌ത 640 സ്കൂളുകൾക്കു മാത്രമേ പ്രവർത്തനാനുമതിയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.ഹയർ സെക്കൻഡറി ഡയറക്ടറുടേതെന്നല്ല, ഏത് ശുപാർശയേയും മന്ത്രിസഭയ്ക്ക് മറികടക്കാമെന്ന അഹങ്കാരം നിറഞ്ഞ സമീപനമായിരുന്നു വിദ്യാഭ്യാസ വകുപ്പും സർക്കാരും പുലർത്തിയിരുന്നത്. പുതിയ സ്‌കൂൾ അനുവദിക്കാൻ തന്നോട് ഒരു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് വിദേശ മലയാളിയായ സ്‌കൂൾ മാനേജർ വെളിപ്പെടുത്തിയിട്ടും അന്വേഷണം പ്രഖ്യാപിക്കാൻ പോലും സർക്കാർ തുനിഞ്ഞില്ല. മാധ്യമങ്ങളിൽ നിരന്തരം ആരോപണമുയർന്നപ്പോഴെല്ലാം തെളിവ് തരൂ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. നിങ്ങൾക്ക് വേറേ പണിയില്ലേ എന്നുവരെ ഒരു ഘട്ടത്തിൽ അദ്ദേഹം ചോദിച്ചു. ഇപ്പോൾ ഹൈക്കോടതി പ്ലസ്ടു അനുവദിച്ചതു സംബന്ധിച്ച ഫയലുകളും രേഖകളും ശുപാർശകളും പഠിച്ച് പുറപ്പെടുവിച്ച വിധി സർക്കാരിന് ഇത്രമേൽ പ്രഹരമേൽപ്പിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.

ക്രമക്കേടുകളുടെ ചുരുളഴിയുന്നു
626 കുട്ടികൾക്ക് പഠനത്തിന് അവസരമില്ലാത്ത മഞ്ചേശ്വരത്തെ ഹൈസ്കൂളിനും ആദിവാസി മേഖലയിലെ സ്‌കൂളിനുമുള്ള ശുപാർശ തള്ളിയ ഉപസമിതി, ആവശ്യമില്ലാത്തിടത്ത് പോലും സ്കൂളും ബാച്ചും അനുവദിക്കുകയായിരുന്നു. കൃത്യസമയത്ത് അപേക്ഷ നൽകാത്ത പത്തിലേറെ സ്‌കൂളുകൾക്ക് പ്ലസ്ടുവും അമ്പതിലേറെ സ്‌കൂളുകൾക്ക് അധിക ബാച്ചും അനുവദിച്ച് വൻ ക്രമക്കേടാണ് ഉപസമിതിയും സർക്കാരും കാട്ടിയത്. സ്‌കൂളും ബാച്ചും അനുവദിച്ചതിൽ ഉപസമിതി നടത്തിയ ക്രമക്കേടുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ പുറത്തായതോടെ സർക്കാരിനെതിരേ 93 മാനേജ്മെന്റുകൾ ഒന്നിനുപിറകേ ഒന്നായി ഹൈക്കോടതിയിയെ സമീപിക്കുകയായിരുന്നു. ഹയർ സെക്കൻഡറി ഡയറക്‌ടറുടെ ശുപാർശയില്ലാതെ അന്തിമപട്ടികയിൽ ഇടംപിടിച്ച 104 സ്‌കൂളുകളിലേയും പ്ലസ്ടു റദ്ദാക്കണമെന്ന് പൊതുതാത്പര്യ സ്വഭാവത്തോടെ എം.ഇ.എസും ഹർജി നൽകി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്‌കൂളുകളുടെ അപേക്ഷകൾ പരിശോധിച്ച് ഹയർ സെക്കൻഡറി ഡയറക്‌ടർ അദ്ധ്യക്ഷനും ജോയിന്റ് ഡയറക്ടർ കൺവീനറും പരീക്ഷാ ഡയറക്‌ടർ, സീ മാറ്റ് ഡയറക്‌ടർ, എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ എന്നിവർ അംഗങ്ങളുമായ സംസ്ഥാനതല സമിതി തയ്യാറാക്കിയ വിശദമായ ശുപാർശയാണ് സർക്കാർ തള്ളിക്കളഞ്ഞത്.ഓരോ സ്‌കൂളിന്റേയും വിദ്യാഭ്യാസ ആവശ്യകത, ഒന്നിലധികം സർക്കാർ സ്‌കൂളുണ്ടെങ്കിൽ കുട്ടികളുടെ എണ്ണം, അടുത്ത സ്കൂളിലേക്കുള്ള ദൂരം, വി.എച്ച്.എസ്.ഇ ഇല്ലാത്ത സ്‌കൂൾ, പട്ടികജാതി-പട്ടികവർഗ്ഗം, ഒ.ബി.സി തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ തോത്, അഞ്ച് വർഷത്തെ അക്കാഡമിക് നേട്ടങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുള്ളതായിരുന്നു സമിതിയുടെ ശുപാർശ. അപേക്ഷകരിൽ സർക്കാർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോർപ്പറേറ്റ്, ട്രസ്റ്റ്, വ്യക്തി എന്ന രീതിയിൽ മുൻഗണന നൽകുമെന്നും സർക്കാർ സ്‌കൂളുണ്ടെങ്കിൽ അവിടെ മാത്രം പുതിയ പ്ലസ് ടു തുടങ്ങിയ മാനദണ്ഡങ്ങൾ മന്ത്രിസഭാ ഉപസമിതി വകവച്ചതേയില്ല. എറണാകുളത്ത് ഒന്‍പതാം ക്ളാസ് വരെയുള്ള സ്‌കൂളിനും കോഴിക്കോട്ടെ സ്വാശ്രയ സ്കൂളിനും പ്ലസ്ടു അനുവദിച്ച ഉപസമിതി 626 സീറ്റുകൾ ആവശ്യമുള്ള മഞ്ചേശ്വരം എസ്.എ.ടി ഹൈസ്കൂളിനേയും 550 സീറ്റുകളുടെ കുറവുള്ള മധൂർ കുഡ്‌ലു ശ്രീ ഗോപാലകൃഷ്‌ണ സ്കൂളിനേയും ഒഴിവാക്കി.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉത്തരക്കടലാസ് വ്യാജമായി കൂട്ടിച്ചേർത്ത് മൂല്യനിർണയത്തിനയച്ച് ഗുരുതരമായ ക്രമക്കേട് കാട്ടിയ കൊല്ലം തലവൂർ ദേവീവിലാസം സ്‌കൂളിന് പ്ലസ്ടു നൽകിയത് മുൻമന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ ശുപാർശയിലായിരുന്നു. സ്‌കൂൾ അനുവദിച്ചത് എം.എൽ.എമാരുടെ അഭിപ്രായം പരിഗണിച്ചാണെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞെങ്കിലും മന്ത്രിമാരായ അനൂപ് ജേക്കബ്, സി.എൻ.ബാലകൃഷ്‌ണൻ, എം.എൽ.എമാരായ വി.പി.സജീന്ദ്രൻ, ഡൊമനിക് പ്രസന്റേഷൻ, ഹൈബി ഈഡൻ, ജോസഫ് വാഴയ്ക്കൻ, എം.രാഘവൻ എം.പി എന്നിവരുടെയടക്കം ശുപാർശകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. മികച്ച വിജയം നേടിയ സർക്കാർ സ്‌കൂളുകളെ തഴഞ്ഞ് പലേടത്തും സ്വകാര്യ മാനേജ്മെന്റിന്റെ സ്‌കൂളിന് ഹയർസെക്കൻഡറി അനുവദിച്ചു.

രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരം കിട്ടില്ലെന്ന വാദമുയർത്തി 700 ബാച്ചുകൾ അനുവദിച്ച ശേഷം ഒഴിവുവന്ന 1.88 ലക്ഷം സീറ്റുകളിൽ പ്രവേശനം തേടുന്നത് വെറും 86,829 അപേക്ഷകർ മാത്രമാണെന്ന കണക്കും പുറത്തുവന്നു. ഇതോടെ ഒഴിവുള്ള സീറ്റുകളുടെ കണക്ക് ഹൈക്കോടതിയിൽ പറയുന്നത് ഒഴിവാക്കാൻ പുതുതായി അനുവദിച്ച 700 ബാച്ചുകളിലേക്കുള്ള പ്രവേശന നടപടി മൂന്നുവട്ടം സർക്കാർ മാറ്റിവച്ചു. പക്ഷേ ഹയർ സെക്കൻ‌റി ഡയറക്‌ടറുടെ ശുപാർശയടക്കമുള്ള രേഖകൾ ഫയൽ സഹിതം ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകുകയായിരുന്നു. എന്നിട്ടും എം.എൽ.എമാരുടേതടക്കമുള്ളവരുടെ ശുപാർശകൾ സർക്കാർ പുറംലോകം കാണിച്ചിട്ടില്ല.

അമ്പരപ്പിക്കുന്ന ക്രമക്കേടുകൾ
ഹയർ സെക്കൻഡറി ഡയറക്‌ടറുടെ ശുപാർശ മറികടന്ന് സ്‌കൂളുകൾ അനുവദിച്ചതിനെ നേരത്തേ ഹൈക്കോടതി വിമർശിക്കുകയും മാനദണ്ദങ്ങൾ പാലിക്കാതെ അങ്കമാലി തുറവൂർ മാർ അഗസ്റ്റിൻസ് ഹൈസ്‌കൂളിന് അനുവദിച്ച ഹയർ സെക്കൻഡറിയും പ്ളസ് വൺ പ്രവേശനവും തടയുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിൽ ഒരു പഞ്ചായത്തിൽ ഒരു സ്കൂളെന്ന മാനദണ്ഡം മറികടന്ന് കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്കൂൾ, മണ്ണടി വി.എച്ച്.എസ്.സി സ്‌കൂൾ എന്നിവിടങ്ങളിലാണ് പ്ലസ്ടു അനുവദിച്ചത്. ഏറ്റവുമധികം കുട്ടികൾ പാസായ വി.എച്ച്.എസ് ഗേൾസ് സ്കൂളിന് പ്ലസ്ടു നൽകാനുള്ള ഡയറക്ടറുടെ ശുപാർശ തള്ളി. കോട്ടാങ്ങൽ പഞ്ചായത്തിൽ സെന്റ്ജോർജ്ജ് ഹൈസ്കൂളിനുള്ള ഡയറക്ടറുടെ ശുപാർശ പരിഗണിക്കാതെ വായ്‌പൂർ എൻ.എസ്.എസ്.എച്ച്.എസിന് പ്ലസ്ടു നൽകി. പെരിങ്ങരയിൽ കുട്ടികളില്ലാത്തതിനാൽ അനാദായകരമെന്ന വിഭാഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയ ജി.ജി.എച്ച്.എസിനാണ് പ്ലസ്ടു നൽകിയത്. അവിടത്തെ എസ്.എൻ.ഡി.പി എച്ച്.എസിനേയും പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിനേയും തഴഞ്ഞു. തോട്ടാപ്പുഴശേരിയിൽ കുറിയന്നൂർ മാർത്തോമ സ്കൂളിനുള്ള ഡയറക്ടറുടെ ശുപാർശ തഴഞ്ഞ് രണ്ടര കിലോമീറ്ററടുത്ത് മറ്റൊരു സ്‌കൂളുള്ള മരാമൺ എം.എം.എ.എച്ച്.എസിന് പ്ലസ്ടു നൽകി. വടശേരിക്കരയിൽ രണ്ട് സർക്കാർ സ്കൂളുകളെ തഴഞ്ഞ് ഗുരുകുലം ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചു.മുഖ്യമന്ത്രിയുടെ നാട്ടിൽ എങ്ങനെയുമാവാം
മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽപ്പെടുന്ന അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കര എച്ച്.എസ്, ചെങ്ങളം സെന്റ്ആന്റണീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്ലസ്ടു നൽകി. വളരെ കുറവ് കുട്ടികൾ മാത്രമുള്ള ചെങ്ങളം സെന്റ്ആന്റണീസ് ഹൈസ്കൂളിനെ പരിഗണിക്കരുതെന്നാണ് ഡയറക്ടർ ശുപാർശ ചെയ്തത്. ഇതിലും മികച്ച സെന്റ്അലോഷ്യസ് സ്കൂളിനേയും തഴഞ്ഞു. മറ്റക്കര ഹൈസ്കൂളിൽ മാത്രം പ്ലസ്ടു നൽകാനായിരുന്നു ഡയറക്ടറുടെ ശുപാർശ.എറണാകുളത്ത് ഹയർസെക്കൻഡറി ഡയറക്ടർ നൽകരുതെന്ന് പറഞ്ഞ സ്കൂളിനു തന്നെ പ്ലസ്ടു അനുവദിച്ചാണ് ഉപസമിതി ധാർഷ്ട്യം കാട്ടിയത്. കാഞ്ഞൂർ പഞ്ചായത്തിൽ എസ്.എസ്.എൽ.സി പാസായവരുടേയും അടുത്ത രണ്ടുവർഷത്തെ കുട്ടികളുടേയും കണക്ക് പരിശോധിച്ച് ചെങ്ങൽ സെന്റ് ജോസഫ്സ് സ്കൂളിന് പ്ലസ്ടു നൽകാനായിരുന്നു ഡയറക്ടറുടെ ശുപാർശ. പക്ഷേ ഉപസമിതിക്ക് ബോധിച്ചത് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിനെ. കറുകുറ്റിയിൽ ഒന്‍പതാം ക്ലാസുവരെ മാത്രമുള്ള പാലിശേരി ഹൈസ്കൂളിനാണ് രണ്ടു ബാച്ചുകളോടെ പ്ലസ്ടു നൽകിയത്. സെന്റ് ജോസഫ്സ് ഗേൾസ്, സ്റ്റാർ ജീസസ് തുടങ്ങിയ സ്കൂളുകളെ തഴഞ്ഞു. കുന്നുങ്കരയിൽ കുട്ടികളുടെ എണ്ണം പരിശോധിച്ച ശേഷം ഡയറക്ടർ ശുപാർശ ചെയ്ത കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് ഹൈസ്കൂളിനെ തഴഞ്ഞ് അയിരൂർ സെന്റ് തോമസിന് ഉപസമിതി പ്ലസ്ടു അനുവദിച്ചു. മഞ്ഞള്ളൂരിൽ കുട്ടികളുടെ എണ്ണം പരിഗണിച്ച് കദളിക്കാട് വിമലാ മാതാ സ്കൂളിനെയാണ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തതെങ്കിലും കിട്ടിയത് വാഴക്കുളം ഇൻഫന്റ് ജീസസിന്. ഈ സ്കൂളിനെ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കൂടുതൽ യോഗ്യതയുള്ളത് വിമലാ മാതയ്ക്കാണെന്ന് ഡയറക്ടർ ഉപസമിതിയെ പ്രത്യേകം അറിയിച്ചിരുന്നു.പോത്താനിക്കാട്ട് പുളിന്താനം സെന്റ്ജോൺസിനുള്ള ശുപാർശ തള്ളി സെന്റ്മേരീസിനോട് ഉപസമിതി കനിഞ്ഞു. വരാപ്പുഴയിൽ മൂന്ന് ഹയർസെക്കൻഡറി സ്കൂളുകളുടെ ചുറ്റുവട്ടത്തുള്ള പുത്തൻപള്ളി സെന്റ്ജോർജ്ജ് സ്കൂളിനെ പരിഗണിക്കരുതെന്ന് ഡയറക്ടർ അറിയിച്ചെങ്കിലും ഉപസമിതി ആ സ്കൂളിനുതന്നെ പ്ലസ്ടു നൽകുകയായിരുന്നു. എറണാകുളം മുതൽ വടക്കോട്ടുള്ള അപ്ഗ്രഡേഷനിലും വൻക്രമക്കേടുകളാണുണ്ടായത്.

ഇടുക്കിയും പത്തനംതിട്ടയും സര്‍ക്കാരിന് പുലിവാലാകും
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വാരിക്കോരി ബാച്ചും സ്കൂളും അനുവദിച്ചതാണ് പ്രധാനമായും സർക്കാരിനെ കുഴക്കുന്നത്. പതിനൊന്ന് സ്‌കൂളുകളും ഒമ്പത് ബാച്ചുകളിലുമായി 1550 സീറ്റുകളാണ് ഇടുക്കിയിൽ പുതുതായി അനുവദിച്ചത്. 351 മെറിറ്റ് സീറ്റുകൾ അപേക്ഷകരില്ലാതെ കാലിയായി. ഇങ്ങനെ അവശേഷിച്ച 1901 സീറ്റുകളിലേക്ക് ജില്ലയിലുടനീളമുള്ള അപേക്ഷകർ വെറും 1141 മാത്രമാണ്. പത്തനംതിട്ടയിൽ 17 സ്‌കൂളുകളും ഒമ്പത് ബാച്ചുകളുമാണ് പുതുതായി അനുവദിച്ചത്. മെറിറ്റിൽ കാലിയായ 490 സീറ്റുകളടക്കം ശേഷിക്കുന്ന 2640 സീറ്റുകളിലേക്ക് ആകെയുള്ള അപേക്ഷകർ 804 പേർ മാത്രമാണ്. മൂന്നിരട്ടിയിലധികം സീറ്റുകൾ കാലിയായ ഇവിടങ്ങളിൽ കുട്ടികളെ എങ്ങനെ കണ്ടെത്തുമെന്ന് ഹയർസെക്കൻഡറി ഡയറക്‌ടറേറ്റിന് യാതൊരു ധാരണയുമില്ല. ഈ കണക്കുകൾ കോടതിയിലെത്തിയിരുന്നെങ്കിൽ സർക്കാരിന് ഇതിലും കനത്ത പ്രഹരം ഏൽക്കേണ്ടിവരുമായിരുന്നു.

എറണാകുളത്ത് എല്ലാം കുളമായി
എറണാകുളം തിരുമാറാടിയിൽ എസ്.എസ്.എൽ.സി വിജയിച്ച 164 കുട്ടികൾക്ക് 300 സീറ്റ് ലഭ്യമായിരിക്കേ സെന്റ്ജോൺസ് സിറിയൻ സ്കൂളിന് അധികബാച്ച് നൽകി. രായമംഗലത്ത് 800 സീറ്റുകളിൽ പഠിക്കാൻ വെഫും 436 പേർ മാത്രം ഉണ്ടായിരിക്കേ കുറുപ്പുംപടി എം.ജി.എം, പുല്ലുവഴി ജയകേരളം എന്നീ സ്കൂളുകൾക്ക് അധികബാച്ച് നൽകി. മുന്നോറോളം സീറ്റുകൾ അധികമായ പിറവത്ത് എം.കെ.എം സ്‌കൂളിനും കിട്ടി അധികബാച്ച്. തൃക്കാക്കരയിൽ കാർഡിനൽ സ്കൂളിനും തൃപ്പൂണിത്തുറയിലെ രണ്ട് സ്കൂളുകൾക്കും ഇതേരീതിയിൽ അധികബാച്ച് നൽകി. തൃശൂരിൽ അടാട്ട് ശ്രീ ശാരദാ ഗേൾസ്, ചൂണ്ടൽ എം.ഐ.സി അൽ അമീൻ, മുള്ളൂർക്കര എൻ.എസ്.എസ്, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.സി, വേളൂക്കര എൽ.ബി.എസ്.എം.എച്ച് എന്നിവിടങ്ങളിൽ ശുപാർശ മറികടന്ന അധികബാച്ച് നൽകി. പാലക്കാട്ട് കോങ്ങാട് കെ.പി.ആർ.പി സ്കൂൾ, പെരുവെമ്പ് സി.എ.എച്ച.എസ്, എസ്, തെങ്കര ദാറുന്നജാത്ത് നെല്ലിപ്പുഴ, വെള്ളിനേഴി ശബരി പിടിബിഎച്ച്എസ് എന്നിവിടങ്ങളിലാണ് ശുപാർശ മറികടന്ന് ബാച്ച് നൽകിയത്.കോഴിക്കോട്ട് അരിക്കുളം എടപ്പലം കെ.പി.എംവൈ.എച്ച്.എസ്, കീഴരിയൂർ വാസുദേവ ആശ്രമം സ്കൂൾ,പനങ്ങാട് എ.എം.സ്കൂൾ, തലക്കുളത്തൂർ സി.എം.എം. സ്കൂൾ, തുറയൂർ ബാഫഖി തങ്ങൾ സ്‌മാരകസ്കൂൾ എന്നിവിടങ്ങളിൽ മാനദണ്ഡം ലംഘിച്ച് അധികബാച്ച് നൽകി. കൂരാച്ചുണ്ടിൽ കുട്ടികളുടെ എണ്ണം കുറവാണെങ്കിലും പിന്നാക്ക പ്രദേശമെന്ന പരിഗണനയിൽ സെന്റ്തോമസ് ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്തതിന് പുറമേ കല്ലാനോട് സെന്റ്മേരീസിന് അധികബാച്ചും കൊടുത്തു. വടകരയിൽ ബി.ഇ.എം സ്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള ശുപാർശ മറികടന്ന് വി.എച്ച്.എസ്.സി സ്കൂളിന് പ്ലസ്ടുകൂടി നൽകി. കക്കൂരിൽ സ്വാശ്രയ സ്കൂളായ കുട്ടമ്പൂർ സ്കൂളിന് ഉപാധികളോടെ പ്ലസ്ടു സ്കൂൾ അനുവദിച്ചു. മലപ്പുറത്ത് അപേക്ഷിച്ച മിക്ക സ്കൂളുകൾക്കും അധികബാച്ചും കോഴ്സും അനുവദിച്ചിട്ടുണ്ട്. എടക്കരയിൽ 619 കുട്ടികൾക്ക് 850 സീറ്റുണ്ടെന്ന് ഡയറക്ടർ അറിയിച്ചിട്ടും പാലമേട് ശ്രീവിവേകാനന്ദാ സ്കൂളിന് അധികബാച്ച് കൊടത്തു. വയനാട്ടിൽ 250ലേറെ സീറ്റുകളുടെ കുറവുള്ള നെന്മേനി ചീരാൽ ഗവ.സ്കൂളിന് അധികബാച്ചിനുള്ള ശുപാർശ തള്ളി.

കണ്ണൂരിൽ ഡയറക്ടർ തള്ളിയ ചെറുപുഴ സെന്റ്മേരീസ് ഹൈസ്കൂളിനും എരുവുശേരി മേരിക്യൂൻസ് ഹൈസ്കൂളിനും പ്ലസ്ടു സ്കൂൾ അനുവദിച്ചു. അഞ്ചരക്കണ്ടി ഗവ.സ്കൂൾ ചൊക്ളി രാമവിലാസം സ്കൂൾ, മട്ടന്നൂർ എച്ച്.എസ്.എസ്, മാടായി പുതിയങ്ങാടി ജമാഅത്ത് സ്കൂൾ, എന്നിവിടങ്ങളിൽ ബാച്ചിനും കൂത്തുപറമ്പ് ഹൈസ്കൂളിൽ പ്ലസ്ടു അനുവദിക്കാനുമുള്ള ശുപാ‌ർശ തള്ളി, ഡയറക്ടർ വെട്ടിയ തലശേരി എം.എം.എച്ച്.എസ്, വേങ്ങോട് മമ്പറം സ്കൂൾ എന്നിവയ്ക്ക് അധികബാച്ച് കിട്ടി. കാസർകോട്ട് 550 സീറ്റുകളുടെ കുറവുള്ള മധൂരിൽ കുഡ്‌ലു ശ്രീ ഗോപാലകൃഷ്‌ണ സ്കൂളിന് പ്ലസ്ടു നൽകാനുള്ള ശുപാർശ തള്ളി. 626 സീറ്റുകൾ ആവശ്യമാണെന്ന് കണ്ടെത്തി മഞ്ചേശ്വരം എസ്.എ.ടി ഹൈസ്കൂൾ പ്ലസ്ടുവാക്കാനുള്ള ശുപാർശയും തള്ളിക്കളഞ്ഞു.വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബിന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ.ബാബു, പി.ജെ.ജോസഫ് എന്നിവരുൾപ്പെട്ട ഉപസമിതിയാണ് 225 പുതിയ പ്ലസ് ടു സ്കൂളുകളും 427 അധികബാച്ചുകളുമടക്കം 700ബാച്ചുകൾ അനുവദിച്ചത്.

അൽപ്പം ചരിത്രം
148 ഗ്രാമ പഞ്ചായത്തുകളിലായി പുതിയ സ്കൂളുകളും അധിക ബാച്ചുകളും അനുവദിക്കാനുള്ള ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് വിധേയമായാണ് അപേക്ഷ ക്ഷണിക്കാൻ സർക്കാർ ഹയർ സെക്കൻഡറി ഡയറക്ടറോട് നിർദ്ദേശിച്ചത്. നിലവിൽ പ്ളസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾക്ക് പ്ളസ് ടുവും, ഹയർസെക്കൻഡറി സ്കൂളുകൾക്ക് അധിക ബാച്ചും നൽകാനായിരുന്നു തീരുമാനം. സ്‌കൂളിന് 1.2 ഹെക്ടർ സ്ഥലം, ക്ളാസ് മുറികൾക്ക് നിശ്‌ചിത വിസ്തീർണം, ലബോറട്ടറി സൗകര്യങ്ങൾ എന്നിവയും നിഷ്‌കർഷിച്ചിരുന്നു. പുതിയ പ്ളസ് ടുവും, അധിക ബാച്ചുകളും അനുവദിക്കുമ്പോൾ പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം, പഞ്ചായത്തിൽ എത്ര സ്കൂളുണ്ട്, ജനസാന്ദ്രത തുടങ്ങിയവ പരിശോധിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. അപേക്ഷകൾ പരിശോധിച്ച് ലിസ്‌റ്റ് തയ്യാറാക്കാൻ ഹയർ സെക്കൻഡറി ഡയറക്ടർ ചെയർമാനും, രണ്ട് ജോയിന്റ് ഡയറക്ടർമാർ, സി-മാറ്റ് ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ അംഗങ്ങളുമായ വിദഗ്‌ദ്ധ സമിതിയെ ചുമതലപ്പെടുത്തി. ഇവർ മേയ് 14ന് സമർപ്പിച്ച ലിസ്‌റ്റ് മന്ത്രിസഭ ഉപസമിതിക്ക് വിട്ടു. ഉപസമിതി ഈ ശുപാർശകൾ മറികടന്ന് പുതിയ ചില സ്കൂളുകളെ തിരുകിക്കയറ്റുകയും, ചില സ്കൂളുകളെ ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ കേസ് വാദിക്കുന്നതിലെയും രേഖകൾ ഹാജരാക്കുന്നതിലെയും വിമുഖതയ്‌ക്ക് സർക്കാരിനെ പലതവണ കോടതി രൂക്ഷമായി വിമർശിച്ചു. രേഖകൾ ഹാജരാക്കാത്ത സർക്കാർ നിലപാട് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.കോടതി നടപടികള്‍ വൈകിക്കാനുള്ള പാളിയ ശ്രമങ്ങള്‍
പ്ലസ്ടു അനുവദിച്ചതിന് പരിഗണിച്ച രേഖകൾ ഫയൽസഹിതം ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ തന്നെ വിദ്യാഭ്യാസവകുപ്പ് അപകടം മണത്തിരുന്നു. രണ്ടുദിവസം മുൻപ് ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട യോഗത്തിനിടെ ഹയർസെക്കൻഡറി ഡയറക്‌ടർ കെ.എൻ.സതീശ്, വിദ്യാഭ്യാസവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എ.ഷാജഹാൻ, ജോയിന്റ് ഡയറക്ടർമാർ എന്നിവരുമായി മന്ത്രി പി.കെ.അബ്‌ദുറബ്ബ് കൂടിയാലോചന നടത്തിയിരുന്നു.

രേഖകൾ ഹാജരാക്കാൻ അഡ്വക്കേറ്റ് ജനറൽ കോടതിയോട് അധികം സമയം ആവശ്യപ്പെട്ടതും വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ്. കൂടുതൽ സമയം നൽകാനാവില്ലെന്നും അടുത്തദിവസം തന്നെ ഫയലുകൾ സഹിതം മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയതോടെ കേസ് പരിഗണിക്കുന്നത് വൈകിക്കാനുള്ള നീക്കം പാളി.

ഇതിനിടെ പുതിയ 700 ബാച്ചുകളിലേക്കുള്ള പ്രവേശന നടപടികൾ സർക്കാർ മൂന്നുതവണ മാറ്റിവച്ചു. ഒഴിവുള്ള സീറ്റുകളുടെ കണക്ക് ഹൈക്കോടതിയിൽ ഹാജരാക്കുന്നത് ഒഴിവാക്കാൻ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒഴിവുള്ള സീറ്റുകളുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടെ ആഗസ്റ്റ് 20ന് പ്രവേശനം പൂർത്തീകരിക്കുമെന്ന് അറിയിപ്പ് ഇറക്കി പുതിയ ബാച്ചുകളിലേക്ക് പ്രവേശന നടപടി തുടങ്ങിയതായി ഹൈക്കോടതിയെ ബോധിപ്പിക്കാനും സർക്കാർ ശ്രമിച്ചു.

പ്ലസ് വൺ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളുടെ കണക്ക് ഹൈക്കോടതിയിൽ പറയുന്നത് ഒഴിവാക്കാൻ പുതുതായി അനുവദിച്ച 700 ബാച്ചുകളിലേക്കുള്ള പ്രവേശനനടപടി മൂന്നു തവണയാണ് സർക്കാർ മാറ്റിവച്ചത്. മൂന്ന് പ്രധാന അലോട്ട്മെന്റുകളും മൂന്ന് സപ്ലിമെന്ററി അലോട്ട്മെന്റും നടത്തിയ ശേഷവും ഔദ്യോഗിക കണക്ക് പ്രകാരം മെറിറ്റിൽ മാത്രം 6900 സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, അൺഎയ്ഡഡ് ക്വാട്ടയിലും വൻതോതിൽ സീറ്റുകൾ കാലിയാണ്. അൺഎയ്ഡഡ് മേഖലയിലെ 65,550 സീറ്റുകളിൽ വെറും 29,000 കുട്ടികൾ മാത്രമാണുള്ളത്. ഇതിൽ നിന്നും ധാരാളം കുട്ടികൾ പുതിയ പ്ലസ്ടു സ്കൂളുകളിലേക്ക് പോകുന്നുണ്ട്. ചിലയിടങ്ങളിൽ ബാച്ചോടെ കുട്ടികൾ പുതിയ പ്ലസ്ടു സ്‌കൂളുകളിലേക്ക് മാറുന്നുണ്ട്. രണ്ടാം സപ്ലിമെന്ററിയിൽ പ്രവേശനം നേടിയ പതിനായിരത്തോളം കുട്ടികൾ പുതിയ സ്‌കൂളുകളിലേക്ക് മാറാനായി ടി.സി വാങ്ങിയിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് പുതുതായി അനുവദിച്ച സ്‌കൂളുകളിലും ബാച്ചുകളിലുമായി കാൽലക്ഷത്തോളം മെറിറ്റ് സീറ്റുകൾ. ഇത്രയും സീറ്റുകൾ ചേർത്താണ് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്താൻ നിശ്‌ചയിച്ചത്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും ഇത് കോടതിയിലെത്തിയാലുള്ള അപകടം മനസിലാക്കി മണിക്കൂറുകൾക്കകം പട്ടിക പിൻവലിക്കുകയായിരുന്നു.

പ്ലസ് ടു വിഷയത്തില്‍ അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ബാറാണോ പ്ലസ്-ടുവാണോ ലാഭം?
പ്ലസ് ടു: കേശവേന്ദ്ര കുമാറിനെ തെറിപ്പിച്ച 500 കോടി അഴിമതിക്ക് പിന്നില്‍
ഒരു കോടി അല്ലെങ്കില്‍ നാല് തസ്തികകള്‍; പ്ലസ് ടു കോഴ വഴികളിലൂടെ
മുൻഗണന പോയിതുലയട്ടെ; ഞങ്ങള്‍ക്ക് പഥ്യം വീതം വെപ്പ്
കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും

തിരക്കിട്ട കൂടിയാലോചനകള്‍; അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍
പ്രതികൂല വിധി വന്നതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും കൊച്ചിയിലും തിരക്കിട്ട ചർച്ചകളാണ് ഇന്നലെ നടന്നത്. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ സാജുദ്ദീൻ സെക്രട്ടേറിയറ്റിലെത്തി ഉന്നതഉദ്യോഗസ്ഥരെ കണ്ടു. ഇതിനിടെ വിധിപ്പകർപ്പ് അഡ്വക്കേറ്റ് ജനറൽ സെക്രട്ടേറിയറ്റിലേക്ക് ഫാക്സ് വഴി അയച്ചു. വിധി പരിശോധിച്ച സെക്രട്ടറിയും ജോയിന്റ് ഡയറക്ടറും മന്ത്രി പി.കെ.അബ്ദുറബ്ബുമായി സംസാരിച്ചു. മലപ്പുറത്തുള്ള വിദ്യാഭ്യാസ മന്ത്രി ബുധനാഴ്‌ചയേ തലസ്ഥാനത്തെത്തൂ. മുഖ്യമന്ത്രി കൊച്ചിയിലാണ്. ഇരുവരും മുഖ്യമന്ത്രിയുമായും ലീഗ് നേതൃത്വവുമായും ഫോണിൽ ചർച്ചനടത്തി. മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങളായ കെ.ബാബു, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി.ജെ.ജോസഫ് എന്നിവരും വിദ്യാഭ്യാസമന്ത്രിയുമായും എ.ജിയുമായും സംസാരിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുൻവിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീർ, ലീഗ് സംസ്ഥാനജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയ നേതാക്കളെല്ലാം കൂടിയാലോചന നടത്തി. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകുന്നത് പരിശോധിക്കാൻ അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകി. ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗവും ഇക്കാര്യം ചർച്ചചെയ്യും.


Next Story

Related Stories