TopTop
Begin typing your search above and press return to search.

കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും

കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും

പി കെ ശ്യാം

പ്ലസ്ടു ഇടപാടിൽ രഹസ്യരേഖകളും കോടികളുടെ കള്ളക്കളികളും പുറത്തു പറഞ്ഞതിന് വിദ്യാഭ്യാസ മന്ത്രിയുടെ വിശ്വസ്‌തനടക്കം രണ്ട് സ്റ്റാഫംഗങ്ങളെ മുസ്‌ലിംലീഗ് നേതൃത്വം തെറിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അൻസാരി, പബ്ലിക് റിലേഷൻസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സജീദ്ഖാൻ പനവേലി എന്നിവരെയാണ് അടിയന്തരമായി ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയുടെ തീരുമാനം അറിഞ്ഞയുടൻ ഇരുവരും മന്ത്രിക്ക് രാജിസമർപ്പിക്കുകയായിരുന്നു. പ്ലസ്ടു വിവാദം കത്തിപ്പടരുന്നതിനിടെ സ്റ്റാഫംഗങ്ങളുടെ രാജി വിദ്യാഭ്യാസമന്ത്രിയേയും വകുപ്പിനേയും കൂടുതൽ പ്രതിരോധത്തിലാക്കി. എന്നാൽ വ്യക്തപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

മന്ത്രിയാകും മുൻപുതന്നെ അബ്‌ദുറബ്ബിന്റെ മനസാക്ഷിസൂക്ഷിപ്പുകാരനാണ് മുഹമ്മദ് അൻസാരി. സെക്രട്ടേറിയറ്റിലെ പൊതുമരാമത്ത് വകുപ്പിൽ സെക്ഷൻ ഒാഫീസറായിക്കുമ്പോഴാണ് എം.എൽ.എയായിരുന്ന റബ്ബ് അൻസാരിയെ പഴ്സണൽ അസിസ്റ്റന്റാക്കിയത്. മന്ത്രിയായപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കി ഹയർസെക്കൻഡറി വിഭാഗത്തിന്റെ സുപ്രധാന ചുമതലയും നൽകി. ആറുമാസം മുൻപ് ജോയിന്റ് സെക്രട്ടറിയായി അൻസാരിക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും മാതൃവകുപ്പിലേക്ക് മടങ്ങാതെ മന്ത്രിയുടെ സ്റ്റാഫംഗമായി തുടരാൻ റബ്ബ് ഉത്തരവിറക്കിയിരുന്നു. പക്ഷേ പ്ലസ്ടു ഇടപാടിൽ അൻസാരിക്കെതിരേ ലീഗിന്റെ ഉന്നതനായ നേതാവും കരുത്തനായ ഒരു മന്ത്രിയും രംഗത്തിറങ്ങിയതോടെ റബ്ബിന് തടയാനായില്ല. മന്ത്രിയ്ക്കും വിദ്യാഭ്യാസ വകുപ്പിനുമെതിരെയുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനത്തെതുടർന്നാണ് സജീദ്ഖാന് പുറത്തു പോകേണ്ടിവന്നത്.ഹയർ സെക്കൻഡറിയിൽ ശനിയാഴ്‌ചത്തെ അവധി, ക്ലാസുകളുടെ സമയമാറ്റം എന്നിവയെച്ചൊല്ലി ഉടലെടുത്ത ഭിന്നത പ്ലസ്ടു വിവാദത്തോടെ മൂർച്ഛിക്കുകയായിരുന്നു. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അൻസാരി ലീഗ് നേതൃത്വത്തിന്റെയും സ്റ്റാഫിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പിനിരയായിരുന്നു. സംഘടനാചുമതലയുളള നേതാവിന്റെ അപ്രീതിയ്ക്കിരയായതോടെ അൻസാരിയെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കാൻ ലീഗ് നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചയുടനെ അൻസാരി രാജിക്കത്ത് നൽകുകയായിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് അൻസാരിയെ തിരിച്ചയച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പൊതുഭരണ വകുപ്പിന് ഇന്നലെ കത്തുനൽകി.

മന്ത്രിയുടെ ഓഫീസിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ചുമതലയുണ്ടായിരന്ന മുഹമ്മദ് അൻസാരിക്ക് കോൺഗ്രസ് അനുകൂല സംഘടനയോടാണ് ബന്ധമെന്നും കോൺഗ്രസിന്റെ ചാരനായാണ് പ്രവർത്തിക്കുന്നതെന്നും മുസ്ലിംലീഗ് അധ്യാപക സംഘടന നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തുടർച്ചയായി പരാതികളുണ്ടായിട്ടും അൻസാരിയെ മന്ത്രി സംരക്ഷിക്കുകയായിരുന്നു. പ്ലസ്ടു ഇടപാടിലെ പല നിർണായക വിവരങ്ങളും ഉപസമിതിയിലെ കോൺഗ്രസ് മന്ത്രിമാർക്ക് കൈമാറിയെന്ന് അൻസാരിക്കെതിരെ ചില ലീഗ് നേതാക്കൾ ആരോപണമുന്നയിച്ചു. പ്ലസ്ടു അനുവദിക്കാനുള്ള ഹയർസെക്കൻഡറി ഡയറക്‌ടർ അദ്ധ്യക്ഷനായ സംസ്ഥാന സമിതിയുടെ ശുപാർശ തയ്യാറായ ഉടൻ ഉപസമിതിയിലെ മന്ത്രിമാർക്ക് നൽകിയെന്നും ആരോപണമുണ്ടായി. ഉന്നതനായ ലീഗ് നേതാവും ഒരു മന്ത്രിയും ഇടപെട്ട് അൻസാരിയെ ഒഴിവാക്കണമെന്ന് മന്ത്രി അബ്‌ദുറബ്ബിന് നിർദ്ദേശം നൽകുകയായിരുന്നു. പ്ലസ് ടു കോഴ വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ സ്റ്റാഫംഗത്തെ ഒഴിവാക്കുന്നത് ഉചിതമാകില്ലെന്ന നിലപാടിലായിരുന്നു മന്ത്രി. പക്ഷേ ഒഴിവാക്കാനുള്ള നിർദ്ദേശമറിഞ്ഞയുടൻ അൻസാരി രാജിസമർപ്പിക്കുകയായിരുന്നു.

പ്ലസ് ടു വിഷയത്തില്‍ അഴിമുഖം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍

ബാറാണോ പ്ലസ്-ടുവാണോ ലാഭം?
പ്ലസ് ടു: കേശവേന്ദ്ര കുമാറിനെ തെറിപ്പിച്ച 500 കോടി അഴിമതിക്ക് പിന്നില്‍
ഒരു കോടി അല്ലെങ്കില്‍ നാല് തസ്തികകള്‍; പ്ലസ് ടു കോഴ വഴികളിലൂടെ
മുൻഗണന പോയിതുലയട്ടെ; ഞങ്ങള്‍ക്ക് പഥ്യം വീതം വെപ്പ്


വിദ്യാഭ്യാസ വകുപ്പിനേയും ലീഗിനേയും സംശയത്തിന്റെ മുനയിലാക്കി ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശാ റിപ്പോർട്ട് ചോർന്നതും ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകാത്തതുമാണ് പി.ആ.ഒ സജീദ്ഖാന് വിനയായത്. മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ ചേരിതിരിഞ്ഞുള്ള ശീതസമരത്തിന്റെ തുടർച്ചയായാണ് മുഹമ്മദ് അൻസാരിയുടെ അടുപ്പക്കാരനായ സജീദ്ഖാൻ രാജിവച്ചത്. യു.എ.ഇയിൽ ഖലീജ് ടൈംസിൽ ലേഖകനായ സജീദ്ഖാൻ അവിടേക്ക് മടങ്ങിപ്പോകാനാണ് രാജിവയ്ക്കുന്നതെന്നാണ് ഔദ്യോഗികമായി എഴുതി നൽകിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രിയുടെ മറ്റൊരു അഡി.പ്രൈവറ്റ് സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് രണ്ടു മാസം മുൻപ് രാജിവച്ചിരുന്നു. മുസ്ലിംലീഗിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ചെറിയ മുഹമ്മദ്. നിയമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി എച്ച്.നസീർ ഹുസൈനെ ചെറിയ മുഹമ്മദിന് പകരം നിയമിച്ചിട്ടുണ്ട്.അതേസമയം ഇരുവരുടേയും രാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിദ്യാഭ്യാസമന്ത്രിയുടെ ഒാഫീസ് നിഷേധിച്ചു. അഞ്ചുമാസം മുൻപ് ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തന്നെ അൻസാരി സെക്രട്ടേറിയറ്റ് സേവനത്തിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണ്. ഗൾഫിൽ മാധ്യമ മേഖലയിൽ സജീവമാകാൻ സജീദ്ഖാനും അനുമതി തേടിയിരുന്നു. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാണ് രാജിയെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വി.പി.അബ്‌ദുൾറസാഖ് പറഞ്ഞു.

ഇന്റലിജൻസ് റിപ്പോർട്ട് ?
പ്ലസ്ടു കോഴയിടപാടിൽ മന്ത്രിയുടെ ചില സ്റ്റാഫംഗങ്ങൾക്ക് പങ്കുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതായി അറിയുന്നു. കോഴ ഇടപാടിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉന്നതർ അന്വേഷണം തുടങ്ങിയിരുന്നു. എല്ലാ ജില്ലകളിലേയും ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിലും അദ്ധ്യാപക നിയമനത്തിലുമടക്കമുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്ന് ഇന്റലിജൻസ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണോ മന്ത്രിയുടെ രണ്ട് സ്റ്റാഫംഗങ്ങൾ രാജിവച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്ളസ് ടു അനുവദിക്കാൻ ഭരണകക്ഷിയിലെ ചിലർ ഒരു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഓമന ശ്രീറാമിൽ നിന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിവരം ശേഖരിച്ചു കഴിഞ്ഞു. സാമ്പത്തിക ഇടപാടായതിനാൽ വിജിലൻസ് നിരീക്ഷണം കർശനമാക്കണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories