TopTop
Begin typing your search above and press return to search.

അറുപത് വയസ്സു തികഞ്ഞ കേരളം വായിക്കേണ്ട പൊടിയന്റെ കഥ

അറുപത് വയസ്സു തികഞ്ഞ കേരളം വായിക്കേണ്ട പൊടിയന്റെ കഥ

മരത്തിന്റെ തോക്കു കൊണ്ട് പുലിയെ വെടിവയ്ക്കുന്ന വേട്ടക്കാരൻ. പൊടിയനെ കുറിച്ചുള്ള എന്റെ ഓർമ ആരംഭിക്കുന്നത് ഈ വേട്ടക്കാരനിൽ നിന്നാണ്. ഓണക്കാലത്തെ പ്രധാന ആഘോഷമായിരുന്നു പുലികളി. തൃശൂരിലെ വർണാഭമായ, വയറിൽ മുഖമുള്ള പുലി അല്ല വയലാറുകാരുടെ പുലി. ശരീരം മുഴുവൻ ഞങ്ങണംപുല്ല് കൊണ്ട് കെട്ടി, മുഖത്ത് ഒരു പുലിയുടെ മുഖം മൂടിയും ഫിറ്റ് ചെയ്ത പുലി. ഓരോ വീട്ടിലുമെത്തി പുലി അവിടെയും ഇവിടെയും ഓടിയും ചാടി പരാക്രമം കാട്ടും. ശിക്കാരി ശംഭുവിന്റേത് പോലെ കോട്ടും പച്ചത്തൊപ്പിയും കൈലിമുണ്ടും ധരിച്ചു ചുണ്ടത്തു കാജാ ബീഡിയുമായി വേട്ടക്കാരനായി പൊടിയൻ രംഗ പ്രവേശം ചെയ്യും. 'പുലിയെ വെടിവെയ്ക്കൂ' എന്ന് പറഞ്ഞ് കുട്ടികൾ അലറും. ആഞ്ഞാഞ്ഞു വലിച്ചു അവസാന ബീഡിപ്പുക വരെ എടുത്ത ശേഷം തോക്കു കൊണ്ട് പുലിയെ ഉന്നം വയ്ക്കും. പോയിന്‍റ് ബ്ലാങ്കിൽ നിന്നും പുലി തെന്നി മാറുന്നതോടെ പൊടിയൻ പിന്നെ ഒരു ഓട്ടമാണ്. തെങ്ങിനും ചെടികൾക്കും ഇടയിൽ നിന്നും ഉന്നം പിടിക്കും. ഈ സമയം സഹായികൾ ആരെങ്കിലും ഓലപ്പടക്കം പൊട്ടിക്കും. വെടിയൊച്ച കേട്ട പുലി ചത്തു മലക്കും. കുട്ടികൾ അത്ഭുതത്തോടെ, വീരപരിവേഷത്തോടെ ആയിരിക്കും പൊടിയനെ നോക്കുന്നത്.

ഓണക്കാലത്തു മാത്രമാണ് പൊടിയന്റെ പുലിവേഷം. ബാക്കിയുള്ള സമയത്തു പലവേഷത്തിലാണ്. മരം വെട്ടുകാരനാകും. ഔഷധ സസ്യങ്ങളുടെ ഇലയും കമ്പും കിഴങ്ങുമൊക്കെ പറിച്ചു ചേർത്തല ഉണ്ടമൂപ്പന്റെ കടയിൽ കൊടുക്കുകയും കടക്കാരൻ നിശ്ചയിക്കുന്ന തുകയും വാങ്ങി മടങ്ങിപ്പോരുകയും അതിലൊരു ഭാഗം പാഞ്ചാലി ഷാപ്പിൽ നൽകുകയും ചെയ്യും (നേരത്തെ അഞ്ചു ഷാപ്പുകളുടെ കൂട്ടായ്‌മ ആയിരുന്നത് കൊണ്ടാകാം ഇങ്ങനെ ഒരു പേര് വീണത്). വയലാർ കോയിക്കൽ അമ്പലപ്പറമ്പിൽ ഇരുന്ന്, ആറുമാസം മുൻപാണ് തെങ്ങുവെട്ടിന്റെ കഥ പൊടിയൻ പറയുന്നത്.

പതിനാലാം വയസിലാണ് മരം വെട്ടാൻ തുടങ്ങിയത്. അമ്മാവൻ വേലായുധൻ ആയിരുന്നു ഗുരു. വെട്ടാൻ ഏറെയും ഉണ്ടായിരുന്നത് തെങ്ങായിരുന്നു. അന്നത്തെ തെങ്ങുകൾ ഇന്നത്തെപോലെ കുഞ്ഞൻ തെങ്ങുകൾ ആയിരുന്നില്ല. ആകാശത്തേക്ക് തല ഉയർത്തി ഒരു കുലയിൽ മാത്രം നാൽപതു മുതൽ അറുപതു വരെ തേങ്ങാ ഉണ്ടായിരുന്ന കാലം. ഇന്നത്തെ പോലെ റോഡിനായി തോടുകൾ നികത്തിയിരുന്നില്ല. തോടിലൂടെ വള്ളത്തിൽ ആയിരുന്നു മണ്ണിറക്കുന്നതും സാധനങ്ങൾ കൊണ്ടുവരുന്നതും. കുംഭച്ചൂടിൽ ചെളി കോരി തെങ്ങിൻ ചുവട്ടിൽ ഇടും, മട്ടൽ വെട്ടി തൂമ്പകൊണ്ട് തേച്ചുപിടിപ്പിക്കും. ഇടവഴിയിലും വെള്ളം നിറയുന്ന ഇടവപ്പാതിയും തെങ്ങിന് ഗുണം തന്നെ. സമൂഹത്തിലെ സാമ്പത്തികമായി ഉയർന്ന വിഭാഗത്തിലുള്ളവർക്കു മാത്രമാണ് തെങ്ങിൻ തടി ഉപയോഗിച്ചുള്ള വീട് ഉള്ളത്. തടി അറുത്തു നൽകുന്ന മില്ലുകൾ ഇല്ലാത്തതിനാൽ വെട്ടിയിട്ട തെങ്ങിൻ തടികൾ പിളർന്നു ചെറിയ പട്ടികകൾ ആക്കി കൈക്കോടാലി കൊണ്ട് ചേറു തട്ടികളഞ്ഞു ചിന്തേരിടാവുന്ന പരുവത്തിൽ ആശാരിമാർക്കു നൽകുമ്പോൾ മാത്രമാണ് പൊടിയന്റെ പണി അവസാനിക്കുന്നത്.സമ്പന്നർക്ക് മാത്രം തടികൊണ്ടുള്ള വീട് പണിതാൽ മതി എന്നതിനാൽ കാര്യമായ പണിയും ഉണ്ടായിരുന്നില്ല. ആമ പിടിച്ചും ജീവിതം മുന്നോട്ടുകൊണ്ടു പോയി. ഭൂപരിഷ്കരണ നിയമം നടപ്പിലായതും ഓടിട്ട വീടുകൾ നിരനിരയായി ഉയരാൻ തുടങ്ങിയതും പൊടിയന്റെ തെങ്ങുവെട്ടിന്റെ സുവർണകാലം ആരംഭിച്ചു. കോടാലി നിലത്തു വയ്ക്കാൻ പോലും സമയമില്ലാതെ വെട്ടോടു വെട്ട്. പൊടിയനെ കൂടാതെ കുഞ്ഞപ്പൻ, ഗോപാലകൃഷ്‍ണൻ, ചക്രൻ, ശാന്തൻ കുട്ടൻ, ഷാജി തുടങ്ങി വിവിധ ജാതി, മതത്തിൽപ്പെട്ടവർ മരംവെട്ടു മേഖലയിലേക്ക് കടന്നു വന്നു. (തെക്കൻ വയലാറിലെ വെട്ടുകാരനായ മുറിച്ചി പുരുഷൻ മരത്തിനു മുകളിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തി മരത്തിൽ നിന്നും പുരുഷനെ ഇറക്കുകയായിരുന്നു.)

ആളെണ്ണം കൂടിയെങ്കിലും വൈദ്യുതി കമ്പിയിൽ തൊടാതെ മരത്തിന്റെ കമ്പ് മുറിച്ചു ഇറക്കണമെങ്കിൽ പൊടിയൻ തന്നെ ശരണം. വഴങ്ങാതെ നിൽക്കുന്ന ഏതു മരത്തെയും അസാധാരണ മെയ്‌വഴക്കത്തോടെ മെരുക്കിയെടുക്കും. കുട്ടികൾ ഉറക്കത്തിൽ ഭയന്ന് നിലവിളിക്കുകയാണെങ്കിൽ ഒന്നുകിൽ ആനവാൽ മോതിരം അല്ലെങ്കിൽ പൊടിയന്റെ കാൽപ്പാടിലൂടെ നടത്തുക എന്നതായിരുന്നു നാട്ടിൽ പറഞ്ഞു കേട്ടിരുന്ന മറുമരുന്ന്.

പൊടിയന്റെ മൂത്തകുട്ടി ചെറുപ്പത്തിലേ മരിച്ചു. മകൾ സീന പ്രസവത്തോടെയും മരിച്ചു. പേരക്കുട്ടിയും ഭാര്യ അല്ലിയുമായിട്ടാണ് ചെറിയ വീട്ടിൽ താമസിച്ചിരുന്നത്.

ഓടിൽ നിന്നും കോൺക്രീറ്റിലേക്കു മേൽക്കൂര മാറിയപ്പോൾ അടിയിൽ ഉഷ്ണിച്ചു കിടക്കുകയും ഈ ഉഷ്ണം ശമിപ്പിക്കാൻ ഫാൻ മുറിയിൽ പിടിപ്പിക്കുകയും ചെയ്തതോടെ മരത്തിന്റെ ഉപയോഗം വാതിലിലും ജനലിലും ഒതുങ്ങി. ഇതോടെ പണി കുറഞ്ഞ പൊടിയൻ വളരെ അടുത്ത് ചോദിയ്ക്കാൻ സ്വാതന്ത്ര്യം ഉള്ളവരോട് ഇടയ്ക്കു പണം വാങ്ങും. 30 രൂപ മാത്രമായിരിക്കും ആവശ്യപ്പെടുക. 50 നൽകിയാലും പൊടിയൻ 20 രൂപ ബാക്കി നൽകും. സത്യസന്ധതയിൽ പാക്കനാരുടെ പിന്മുറക്കാരൻ. പണി കുറഞ്ഞതോടെ പഞ്ചായത്തിൽ നിന്നും അനുവദിച്ച പശുവിനെ വളർത്താൻ തുടങ്ങി. ഉള്ളാട സമുദായത്തിലെ പൊടിയൻ കൊടുക്കുന്ന പാല് വാങ്ങാൻ പുറത്തു പറയാത്ത അയിത്തം അനുവദിച്ചില്ല. നാട്ടുകാരുടെ നിസ്സഹരണം മൂലം പശുവിനെ വിൽക്കേണ്ടി വന്നു.

അടുത്ത ഘട്ടം തെങ്ങിന് ആവശ്യം വന്നത് ഒരു മീറ്റർ നീളത്തിൽ മുറിച്ചു കൊടുക്കാനായിരുന്നു. വിറകിനായിട്ടായിരുന്നു ഈ മുറിത്തെങ്ങുകൾ ഉപയോഗിച്ചത്. ഏറ്റവും ഒടുവിൽ മുറിക്കാതെ നീളൻ തെങ്ങുകൾ വലിയ ലോറികളിൽ കയറ്റി എറണാകുളത്തേക്കു കൊണ്ടുപോകുന്നു. ബഹുനില ഫ്‌ളാറ്റുകളുടെ അടിത്തറക്കു ബലം കൂട്ടാനായി ഭൂമിയിലേക്ക് അടിച്ചു താഴ്ത്താൻ വേണ്ടിയാണീ തെങ്ങുകടത്തൽ.

വില്ലന്നൂർ പുരയിടത്തിൽ നിന്നും ശതാവരി കിഴങ്ങു കുഴിച്ചെടുക്കുന്നതിനിടയിൽ പൊടിയനു ഹൃദയ സ്തംഭനം ഉണ്ടായി കുഴഞ്ഞു വീണു. മദ്യപിച്ചു കിടക്കുകയാണെന്ന ധാരണയിൽ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഉച്ചകഴിഞ്ഞ് വിവരമറിഞ്ഞു പൊടിയന്റെ ഭാര്യ അല്ലി എത്തി. ഛര്‍ർദ്ദിച്ചു അവശനായി കിടക്കുന്ന പൊടിയനെ ഹോസ് ഉപയോഗിച്ച് വെള്ളം ചീറ്റിച്ചു കുളിപ്പിച്ച് ഓട്ടോറിക്ഷയിൽ ചേർത്തല ആശുപത്രിയിൽ എത്തിച്ചു. പതിവ് പോലെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. ആലപ്പുഴയിൽ എത്തുന്നതിനു മുൻപേ ഗോപി പൊടിയൻ മരണത്തിന് കീഴടങ്ങി. കുഴഞ്ഞു വീണ ആദ്യ മണിക്കൂറുകൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ, കൃത്യസമയത്തു വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ പൊടിയന്റെ ജീവിതം രക്ഷപ്പെടുമായിരുന്നു. മരണ വിവരം അറിഞ്ഞു നൂറുകണക്കിന് ആളുകളാണ് വടകരശ്ശേരി കോളനിയിലേക്ക് ഒഴുകിയത്.

സഞ്ചയനത്തിനു അടുത്ത വീട്ടിൽ തിളപ്പിച്ചുകൊണ്ടുവന്ന ചായ ആയിട്ട് പോലും പൊടിയന്റെ വീട്ടിൽ നിന്നും പലരും കുടിക്കാൻ തയാറായില്ല. (പൊടിയന്റെ വീട്ടിൽ തിളപ്പിച്ചാലുള്ള കാര്യം പറയണോ) ഭജന ചൊല്ലാൻ വന്ന കളരിക്കൽ കുട്ടൻ ദക്ഷിണ കിട്ടിയ കാശുകൊണ്ട് സുഹൃത്തുക്കൾക്ക് മദ്യം വാങ്ങി കൊടുത്തു. ചായയോട് മാത്രമേ അയിത്തമുള്ളു, ചാരായത്തിനോടില്ല; സ്വത സിദ്ധമായ പൊട്ടിച്ചിരിയോടെ കുട്ടൻ പറഞ്ഞു.'നാട്ടുകാർ' എന്ന ഈ കോളത്തിലേക്കു എഴുതാൻ വേണ്ടിയാണ് പൊടിയനോട് ആദ്യം സംസാരിച്ചിരുന്നത്. ചിത്രത്തിനായി കോളനിയിലെത്തി. ചിത്രം നോക്കാൻ പേരക്കുട്ടി ടോർച്ചു തെളിച്ചു വീടിനുള്ളിൽ പരതുന്നു. മുറിയിൽ കയറിച്ചെന്നപ്പോൾ ജനലിന്റെ പടിയിൽ കത്തിത്തീർന്ന നിരവധി മെഴുകുതിരികളുടെ കടഭാഗം കാണാം. വൈദ്യുതി ബിൽ കുടിശിക ആയതിനാൽ ഒരുവർഷം മുൻപ് കെഎസ്ഇബി വൈദ്യുതി ബന്ധം വിഛേദിച്ചു. മെഴുകുതിരി വെട്ടത്തിലാണ് ആ പത്താം ക്ലാസുകാരി പഠിക്കുന്നത്. വിവരം അറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം യു.ജി ഉണ്ണിയും കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥനുമായ സജിലാലും മുൻകൈയെടുത്ത് രാമവർമ്മ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പി ടി എ യുടെ സാമ്പത്തിക സഹായത്തോടെ വൈദുതി പുനഃസ്ഥാപിച്ചു. ഇന്ന് പൊടിയന്റെ വീട്ടിൽ വെളിച്ചം നിറഞ്ഞു.

പട്ടികവർഗത്തിൽപ്പെട്ട ആളാണ് പൊടിയൻ. സംവരണം നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ ഗുജ്ജാറും പട്ടേൽമാരും പ്രക്ഷോഭം നടത്തുമ്പോഴാണ് തുച്ഛമായ ബിൽ അടക്കാൻ പണമില്ലാതെ പൊടിയന്റെ വീട്ടിലെ വിളക്കണഞ്ഞു പോകുന്നത്. എഴുത്തും വായനയും അറിയാത്ത അല്ലി പലതവണ സർക്കാർ ഓഫിസുകളിൽ കയറി ഇറങ്ങി. മരണ സർട്ടിഫിക്കറ്റു വാങ്ങുന്നത് എങ്ങനെ ആണെന്നോ വിധവാ പെൻഷനു അപേക്ഷ പൂരിപ്പിച്ചു നൽകുന്നത് എങ്ങനെ എന്നോ അല്ലിയ്ക്കു അറിയില്ല. പലരോടു കടം വാങ്ങിയ തുകയുമായിട്ടാണ് സർക്കാർ ഓഫീസിൽ എത്തുന്നത്. നീട്ടിയും കുറുക്കിയും ഉള്ള സംസാരം തുടങ്ങുമ്പോൾ തന്നെ 'അടുത്ത ആഴ്ച വാ' എന്ന് പറഞ്ഞു തള്ളി വിടും; ആഴ്ചകൾ നീണ്ടുകൊണ്ടേയിരിക്കും. എങ്ങനെ ജീവിക്കണം എന്ന് പോലും അറിയാതെ ആണ് അല്ലി ഓരോ ദിവസവും തള്ളി നീക്കുന്നത് . അടച്ചുറപ്പില്ലാത്ത വീട്ടിൽ കിടക്കുമ്പോഴും പൊടിയൻ എന്ന ഉറപ്പ് അല്ലിക്കു ഇതുവരെ ഉണ്ടായിരുന്നു. ഇനി ആ ഉറപ്പു ഇല്ലാത്തതിനാൽ പതിനഞ്ചുകാരിയുമായി താമസിക്കാൻ അത്രയ്ക്ക് ധൈര്യം പോരാ. ബന്ധുവീടുകളിൽ മാറി മാറി താമസിച്ചു കൊണ്ടേയിരിക്കുന്നു. സംവരണ വിരുദ്ധരുടെ മുന്നിൽ പൊടിയന്റെ കുടുംബം ഒറ്റപ്പെട്ട സംഭവമല്ല. പഠനമികവില്ലെന്ന പേരിൽ ഐഐ ടി യിൽ നിന്നും പുറത്താക്കപ്പെടുന്ന ദളിത് വിദ്യാർത്ഥികളും ഈ പാതയിലാണ്. നമുക്ക് ജാതിയില്ലാ വിളംബരം നാടൊട്ടുക്കും ആഘോഷിക്കുമ്പോഴും ജാതി ഒരു യാഥാർഥ്യമായി അല്ലിയെ പോലുള്ളവരെ തുറിച്ചു നോക്കികൊണ്ടേയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories