TopTop

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കയ്യേറ്റം; ഒരാള്‍ ആശുപത്രിയില്‍; മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കയ്യേറ്റം; ഒരാള്‍ ആശുപത്രിയില്‍; മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍
മൂന്നാറില്‍ മന്ത്രി എംഎം മണിക്കെതിരെ സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ കയ്യേറ്റം. പോലീസ് നടപടിയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തോട്ടം തൊഴിലാളിയും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകനുമായ കുമാര്‍(44) അബോധാവസ്ഥയില്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. നല്ലതണ്ണി ഡിവിഷനിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകനാണ് ഇദ്ദേഹം.

പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ സമരക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ പോലീസ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കുമാറിനെ റോഡില്‍ വലിച്ചിഴയ്ക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇദ്ദേഹം അബോധാവസ്ഥയിലായി. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎം മണി നേരിട്ടെത്തി മാപ്പ് പറയാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവര്‍. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരത്തിനിടെയിലെ പരിപാടികള്‍ കാ്ട്ടിലായിരുന്നെന്നാണ് മണി ലൈംഗികച്ചുവയോടെ പറഞ്ഞത്.



തങ്ങള്‍ വേശ്യകളല്ലെന്നും തോട്ടം തൊഴിലാളികളാണെന്നും തങ്ങളുടെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്കറിയാമോയെന്നും സമര നായിക ഗോമതി മണിയോട് ചോദിച്ചിരുന്നു. വളരെ വൈകാരികമായാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മണിയുടെ പ്രസ്താവനയെ നേരിടുന്നത്. രാജിവച്ച് പുറത്തു വന്ന് തങ്ങളുടെ മുന്നിലെത്താന്‍ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.

മണിയുടെ വീട്ടിലുള്ള സ്ത്രീകളെയും അദ്ദേഹം ഇങ്ങനെയാണോ കാണുന്നത്. മൂന്നാറിലെ കയ്യേറ്റ പ്രശ്‌നങ്ങളില്‍ നിന്നും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് തങ്ങള്‍ക്കെതിരെ മണി അപമാനകരമായ പ്രസ്താവന നടത്തിയതെന്നും ഗോമതി അറിയിച്ചു. അതേസമയം നാട്ടുകാരുടെയും സമരക്കാരുടെയും ശക്തമാക്കിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പോലീസ് ഉപേക്ഷിച്ചു.


Next Story

Related Stories