മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് എന്ന പ്രാര്‍ത്ഥനാ സംഘത്തിന്റെ അധ്യക്ഷന്‍ ടോം സ്കറിയക്കെതിരെ പോലീസ് കേസെടുത്തു. സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ടോം സ്കറിയക്കെതിരെയാണ് ശാന്തന്‍പാറ പോലീസ് കേസെടുത്തത്.
സര്‍ക്കാര്‍ ഭൂമി അതിക്രമിച്ച് കയ്യേറിയതിനാണ് കേസ്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവില്‍ പോയതായി പോലീസ് വ്യക്തമാക്കി. ടോം സ്കറിയക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ എംകെ ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് ടോം സ്കറിയക്കെതിരെ കേസെടുത്തത്.
പാപ്പാത്തിച്ചോലയില്‍ കഴിഞ്ഞ ദിവസമാണ് സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറിയ ഭൂമിയിലെ കുരിശും ഷെഡുകളും ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിച്ചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.