TopTop
Begin typing your search above and press return to search.

കാശ്മീരില്‍ എല്ലാം ശാന്തമെന്ന അവകാശവാദവുമായി പോലീസ്; വിദേശ മാധ്യമങ്ങളുടേത് താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണം

കാശ്മീരില്‍ എല്ലാം ശാന്തമെന്ന അവകാശവാദവുമായി പോലീസ്; വിദേശ മാധ്യമങ്ങളുടേത് താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണം
കാശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന നിലപാടുമായി പൊലീസും. സംശയത്തിന്റെ പേരില്‍ പിടികുടുന്ന അഞ്ചില്‍ ഒരാളെ മാത്രമെ തടവില്‍വെയ്ക്കുന്നുള്ളുവെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിംങ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ്  ക്രമസമാധാന നിലയെക്കുറിച്ചുള്ള അവകാശ വാദം

ജമ്മു കാശ്മീരിലെ ഏറ്റവും പ്രശ്‌നബാധിതമെന്ന് കരുതുന്ന  പ്രദേശങ്ങളാണ് ഏറ്റവും ശാന്തമായിട്ടുതെന്ന് അദ്ദേഹം പറഞ്ഞു. തെക്കന്‍ കാശ്മീരില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ കാര്യമായ കുറവുണ്ടായി. ശ്രീനഗറിലാണ് ചില സംഭവങ്ങളുണ്ടായാത്. ഇതുമായി ബന്ധപ്പെട്ട് ചില താല്‍പര്യങ്ങളോടെയുള്ള പ്രചാരണമാണ് വിദേശ മാധ്യമങ്ങളില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞവര്‍ഷം ഡെപ്യുട്ടി സുപ്രണ്ട് കൊല്ലപ്പെട്ട ശ്രീനഗറിലെ സഫാകണ്ഡല്‍ പ്രദേശമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ശാന്തമാണ്. അവിടെ താന്‍ ജനങ്ങളുമായി സംസാരിച്ചെന്നും ദില്‍ബാഗ് സിംങ് പറഞ്ഞു.

'ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നുണ്ട്. കടകള്‍ അടഞ്ഞുകിടക്കുകയാണ്. കടകള്‍ തുറപ്പിക്കുകയെന്നത് പൊലീസിന്റെ ജോലി അല്ലാത്തതുകൊണ്ട് അത് ചെയ്യുന്നില്ല. കട തുറന്നതുകൊണ്ട് മാത്രം ഒരാള്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണ്. 92 പൊലീസ് സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ നീക്കി. ഇപ്പോള്‍ 13 സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളത്' അദ്ദേഹം പറഞ്ഞു.

എത്രപേര്‍ തടവിലുണ്ടെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. എണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നു മാത്രമായിരുന്നു മറുപടി. വീട്ടു തടങ്കലിലാക്കിയവരുടെ എണ്ണം 35 ല്‍ കൂടില്ല. അവരുടെ കൂടി സുരക്ഷ പരിഗണിച്ചാണ് അവരെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശ വാദം.

ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ രോഷ പ്രകടനം നടത്തുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഇതൊന്നും ഒരു കുറ്റകൃത്യമായി കണക്കാക്കുന്നില്ല. മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങളൊന്നും ഇപ്പോഴുണ്ടാകുന്നില്ലെന്നും പൊലീസ് മേധാവി അവകാശപ്പെട്ടു.
സാമുഹ്യമായ ഇടപെടലുകളിലൂടെ പ്രശ്‌നക്കാരെ കണ്ടെത്താന്‍ കഴിഞ്ഞു. 300 ഓളം സംഭവങ്ങള്‍ ഇങ്ങനെ ഉണ്ടായി. മൂവായിരത്തോളം ആളുകളെ ഇങ്ങനെ കണ്ടെത്തിയതിന് ശേഷം വിട്ടയച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പാകിസ്താനും അവരുടെ നിയന്ത്രണത്തിലുള്ള സംഘങ്ങളും സാമൂഹ്യമാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം അപകടകരമായ കാര്യങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മൊബൈലുകള്‍ക്ക് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത് ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കച്ചവട സ്ഥാപനങ്ങള്‍ തുറക്കാതിരിക്കാന്‍ തീവ്രവാദികള്‍ വ്യാപാരികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ കാശ്മീരില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് പറയുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നുവോ എന്ന ചോദ്യത്തിന് ഒരു സൈനികന്‍ അറിയാതെ ഒരു കുട്ടിയുടെ തലയില്‍ ഇടിച്ചുപൊകുകയാണുണ്ടായതെന്നായിരുന്നു പൊലീസ് മേധാവിയുടെ വിശദീകരണം. പീഡിപ്പിക്കുകയെന്ന രീതി ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. ജനങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പാകിസ്താന്റെ സ്വഭാവത്തിനനുസരിച്ചാണ് അവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ പറഞ്ഞത്. 370-ാം വകുപ്പ് നീക്കം ചെയ്തതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും അത് വികസനം കൊണ്ടുവരുമെന്നുമുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്


Next Story

Related Stories