TopTop
Begin typing your search above and press return to search.

ആരായിരിക്കണം പോലീസ്; കേരള പോലീസിനെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ നിരീക്ഷണങ്ങള്‍

ആരായിരിക്കണം പോലീസ്; കേരള പോലീസിനെക്കുറിച്ച് സുകുമാര്‍ അഴിക്കോടിന്റെ നിരീക്ഷണങ്ങള്‍

കേരള പോലീസില്‍ കാവിവത്കരണം നടക്കുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്. സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഈ ആക്ഷേപത്തിന് പോലീസ് എന്ത് മറുപടി നല്‍കുമെന്ന് അറിയില്ല. എങ്കിലും നമ്മുടെ പോലീസ സേനയും പൊലീസ് സംഘടനകളും സ്വയം വിമര്‍ശനത്തിന് തയ്യാറാവേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2010 കാലഘട്ടത്തില്‍ കേരള പോലീസ് അസോസിയേഷന്‍ ഒരു തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി 'മനുഷ്യാവകാശം, ജനാധിപത്യം, പോലീസ്' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുകയുണ്ടായി. സെമിനാറുകളില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രശസ്തരും പ്രഗത്ഭരുമായ ആളുകള്‍ നടത്തിയ പ്രഭാഷണങ്ങളും എഴുതി നല്‍കിയ ലേഖനങ്ങളും ചേര്‍ത്ത് ' മനുഷ്യാവകാശം, ജനാധിപത്യം, പോലീസ്' എന്ന പേരില്‍ അസോസിയേഷന്‍ ഒരു പുസ്തകവും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 'പോലീസും മാധ്യമങ്ങളും' എന്ന വിഷയവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ പോലീസ് ക്ലബ്ബില്‍ നടന്ന സെമിനാര്‍ ഉത്ഘാടനം ചെയ്തു കൊണ്ടു പോലീസ് സത്യത്തില്‍ എന്തായിരിയ്ക്കണം എന്ന്! ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ നിരീക്ഷണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. വിമര്‍ശനങ്ങള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മാന്യ പോലീസ് സേനാംഗങ്ങളും ഇതൊന്നു വായിക്കുന്നത് നന്നായിരിക്കും...

ഞങ്ങളെ സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ചവരാണ്. അന്നത്തെ വികാരം പോലീസിനെ ഭയപ്പെടുത്തുന്ന അവസ്ഥയായിരുന്നു. പോലീസ് വരുന്നു എന്നു പറഞ്ഞാല്‍ ഓടിക്കൊള്ളുക എന്നാണതിന്റെ അര്‍ത്ഥം. സ്വാതന്ത്ര്യസമരത്തില്‍ വരുന്നവരെ അടിച്ചമര്‍ത്താനും അവരെ തടവുകാരാക്കാനും ആണ് പോലീസിനെ അന്ന് ഉപയോഗിച്ചത്. വരുന്നു എന്ന് പറയുമ്പോള്‍ പൊയ്‌ക്കോ എന്നാണ് അതിനര്‍ത്ഥം. അത് നമ്മുടെ പാരതന്ത്ര്യ ഘട്ടത്തിലെ സ്ഥിതി ആയിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അത് നേരേ മറിച്ചാകേണ്ടതാണ്. പാരതന്ത്ര്യത്തിന്റെ വിപരീതമാണ് സ്വാതന്ത്ര്യമെങ്കില്‍ പാരതന്ത്ര്യഘട്ടത്തിലെ പെരുമാറ്റ രീതിക്ക് എതിരായിരിക്കണം സ്വാതന്ത്ര്യഘട്ടത്തിലെ പെരുമാറ്റരീതി. അത് വളരെ സരളമായ ഒരു യുക്തിയാണ്. നമ്മുടെ സ്വാതന്ത്ര്യസമ്പാദനത്തിന്റെ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തിന്റെ ഒരു പോരായ്മ നമ്മുടെ പഴയ പെരുമാറ്റ രീതികളെ വിപരീതമാക്കാന്‍ വേണ്ടത്ര സാധിച്ചിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ട് നമ്മളിപ്പോഴും സ്വാതന്ത്ര്യഘട്ടത്തില്‍ പാരതന്ത്ര്യമനോഭാവത്തില്‍ കഴിയുന്നു എന്ന ഒരു വൈവിധ്യം ഉണ്ട്. അത് ഭൗതികമായ അധികാര കൈമാറ്റമാണ്. അത് എളുപ്പത്തില്‍ സാധിക്കും. പക്ഷെ മനസില്‍ നിഴലുകള്‍ ബാക്കിയുണ്ടാകും. ഈ നിഴലുകള്‍ വസ്തുവിനെക്കാള്‍ ഏറെ നമ്മളെ സ്വാധീനിക്കും. ഇന്ത്യയുടെ ഇന്നത്തെ എല്ലാ രംഗങ്ങളിലുമുള്ള പിശക് സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉണ്ടായിരുന്ന കാലത്തുള്ള ചില വിവരങ്ങളുടെയും സ്വഭാവങ്ങളുടെയും പ്രവൃത്തികളുടെയും നിഴലുകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു എന്നുള്ളതാണ്.

ചരിത്രത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 1947 ആഗസ്റ്റ് 15-നാണ്. പക്ഷെ നമ്മുടെ സ്വഭാവം, നമ്മുടെ മനോഭാവം ഇതെല്ലാം മാറാന്‍ വളരെ കാലം പിടിക്കും. അതുകൊണ്ട് ഇന്ന് ജനത പാരതന്ത്ര്യത്തിന്റെ മനോഭാവവും സ്വാതന്ത്ര്യത്തിന്റെ മനോഭാവവും, വെളിച്ചവും വെച്ചുപുലര്‍ത്തുന്നു.

ഈ സംഘടനയുടെ ലക്ഷ്യം തന്നെ സ്വതന്ത്രരാഷ്ട്രത്തിലെ ഒരു സ്വതന്ത്ര പോലീസ് സംഘടന എന്നതാണ്. ഒരു സ്വതന്ത്രപൗരസമൂഹത്തിന്റെ രക്ഷയ്ക്കുള്ള ഒരു സ്വതന്ത്ര രക്ഷാഭടമോഹം ഉണ്ടാക്കുക. എന്നതാണ്. അങ്ങനെ ഉണ്ടാകുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ പൂര്‍ത്തീകരണമാണ്. അതുകൊണ്ട് ഞാന്‍ ഇതിനെ ഒരു വിശാലമായ അര്‍ത്ഥത്തില്‍ ചൂണ്ടിക്കാണിക്കുകയാണ്. കുറ്റപ്പെടുത്തുന്നത് പലപ്പോഴും ഒരു സമൂഹത്തിന് അരക്ഷിതബോധം വരുമ്പോഴാണ്. ഒന്നുകില്‍ ദൈവത്തെ വിളിക്കുക, അല്ലെങ്കില്‍ വിധിയെ പഴിക്കുക എന്നത് മാത്രമെ അവശേഷിക്കുന്നുള്ളു. അങ്ങിനെയുള്ള ഘട്ടം വരുമ്പോള്‍ അതിന്റെ ഉത്തരവാദിത്വമുള്ള ആളുകളെ അവര്‍ കുറ്റപ്പെടുത്തുന്നത് അവരുടെ നിസ്സഹായതയുടെ ഫലമാണ്.

sukumar

ശ്രീനാരായണന്റെ ഒരു പ്രാര്‍ത്ഥനയുണ്ട്. ദൈവകല്‍പിതം ഈശ്വരനോടുള്ള പത്ത് പദ്യങ്ങളിലുള്ള പ്രാര്‍ത്ഥനയാണ്. അത് സാധാരണ മനുഷ്യന്റെ വളരെ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. അതില്‍ ദൈവമേ എന്ന വിളി ഒരു പദ്യത്തിന്റെ ആദ്യത്തെ മൂന്ന് അക്ഷരമാണ്. ദൈവമേ കാത്തുകൊള്‍ക എന്നതാണ്. ഈ ലോകത്തിലെ സാധാരണ മനുഷ്യന്‍ അനേക ഭയങ്ങളുടെ ഇടയില്‍ കഴിയുകയാണ്. അപ്പോള്‍ പോലീസ് ഈ ഭയങ്ങളുടെ കൂട്ടത്തില്‍ ഒരു ഭയത്തെ വര്‍ദ്ധിപ്പിക്കുകയല്ല. ഇന്ന് നിലവിലുള്ള ഭയങ്ങളെ കുറയ്ക്കുയാണ് വേണ്ടത്. പോലീസ് ഭയം വരുത്തേണ്ടത് സാധാരണ മനുഷ്യരോടല്ല. സാധാരണ മനുഷ്യരില്‍ ഭയമുണ്ടാക്കുന്നവരില്‍ ഭയമാണ് ഉണ്ടാക്കേണ്ടത്.

അപ്പോള്‍ ദൈവം കഴിഞ്ഞുള്ള ഒരു ബന്ധുവായി ഈ പ്രര്‍ത്ഥന പോലീസിനു മുമ്പാകെ അവതരിപ്പിക്കുകയാണ്. 'പോലീസേ കാത്തുകൊള്‍ക' ലോകത്തിലെ ഒരു വലിയ സ്ഥാനമാണ് പോലീസിനുള്ളത്. ഒരു കൂട്ടം സമൂഹത്തെ രക്ഷിക്കാനുള്ള അവകാശം. അത് ദൈവത്തിന്റെ അവകാശത്തിന്റെ ഒരു പ്രതിഫലനമാണ്. അത് കൊണ്ട് പഴയ നാടകങ്ങളില്‍, സംസ്‌കൃതത്തില്‍ അന്ന് പോലീസുണ്ടായിരുന്നില്ല. രാജാക്കന്‍മാരുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ശാകുന്തളതത്തില്‍ കാളിദാസന്‍ ഉപയോഗിച്ച വാക്ക് 'രക്ഷാഭടന്‍മാര്‍' എന്നാണ് രക്ഷയ്ക്കുവേണ്ടി ഉപയോഗിക്കപ്പെടുന്ന ഭടന്‍മാര്‍. രക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്നത് കാത്തുരക്ഷിക്കുക എന്നതാണ്. ആരുടെ രക്ഷ എന്ന ചോദ്യമുണ്ട്. ആരാണോ ഏറ്റവും അരക്ഷിതരായിരിക്കുന്നത് അവരുടെ രക്ഷ. സമുദായത്തിലുള്ള ഭയം പോലീസ് രക്ഷയില്ലാത്തവരുടെ രക്ഷയ്ക്കല്ല ചിലപ്പോള്‍ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും സാധാരണ ജനങ്ങളുടെ രക്ഷയെ നശിപ്പിക്കുന്നവരുടെ രക്ഷയ്ക്കാണ് എന്നൊരു തെറ്റിദ്ധാരണ വരുന്നുണ്ട്. അത് നീക്കേണ്ടത് ഞാനല്ല, നിങ്ങളാണ്. എനിക്കിപ്പോള്‍ ചൂണ്ടിക്കാണിക്കാനേ സാധിക്കൂ. അതൊരു തെറ്റിദ്ധരണയാണ്. പക്ഷേ ആ തെറ്റിദ്ധാരണയ്ക്ക് എവിടെയെങ്കിലും ഒരു കാരണമുണ്ടായിരിക്കും. അത് കൊണ്ട് ഇവിടെ സാധാരണ ജനങ്ങളുടെ, പാവങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പോലീസ് അവരുടെ, അരക്ഷിതമുണ്ടാക്കുന്നവരുടെ രക്ഷയ്ക്കായിട്ട് നില്‍ക്കരുത്. ചിലപ്പോള്‍ ട്രാക്ക് മാറിപ്പോകും. നമുക്കെല്ലാവര്‍ക്കും വരുന്നൊരപകടമാണിത്. അത് കൊണ്ടാണീയൊരു കുഴപ്പം വരുന്നത്.

ക്രൈസ്തവ മതത്തില്‍ അനവധി ദൈവദൂതന്‍മാരുണ്ട്. അതില്‍ ഒരു ദൈവദൂതന്റെ കടമ പുഴയൊക്കെ കടക്കുന്ന സമയത്ത് മുങ്ങിപ്പോകുന്നവരുടെ കൈപിടിച്ച് സഹായിക്കുക എന്നതാണ്. അത് കൊണ്ടാണ് പറയുന്നത് പോലീസിന്റെ കര്‍ത്തവ്യം അത് ദൈവത്തിന്റെ കര്‍ത്തവ്യമാണ്. ഈ ലോകം അരക്ഷിതത്വം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങള്‍ ഇവിടുത്തെ ഭരണകര്‍ത്താക്കളെ രക്ഷിക്കുന്നു. നിങ്ങള്‍ പറയുന്നത്, ഭരണകര്‍ത്താക്കളാണ് നിങ്ങള്‍ക്ക് ജോലി തരുന്നത്, അവരാണ് നിങ്ങളുടെ കര്‍ത്തവ്യം നിശ്ചയിക്കുന്നത് എന്ന്.

സമൂഹമെന്നത് ഇവിടെ ഭരണകര്‍ത്താക്കള്‍ക്കപ്പുറമുള്ളതാണ്, ഭരണഘടന ആരംഭിക്കുന്നത് ഒരു വാക്കുകൊണ്ടാണ്. വി ആര്‍ ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന വാക്കാണ്. എല്ലാ ഭരണകര്‍ത്താക്കള്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും മുകളില്‍ ജനങ്ങള്‍. ഈ രാജ്യത്തിലെ ജനങ്ങളാണ് ഭരണഘടന ഉണ്ടാക്കിയത്. അതുകൊണ്ട് ഭരണാധികാരികളേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കുണ്ട്. ഭരണഘടനയനുസരിച്ച് ഭരിക്കേണ്ടത് എങ്ങിനെയെന്ന് നിര്‍ദ്ദേശിച്ച് കൊടുക്കുന്നത് സാധാരണക്കാരാണ്. ഭരണകര്‍ത്താക്കളുടെ സുരക്ഷിതത്വത്തിനുള്ള ഏര്‍പ്പാടു കൊണ്ട് റിപ്പബ്ലിക്ക് ഡേയുടെ മുഖശ്രീതന്നെ നഷ്ടപ്പെട്ടുപോകുന്നു. അത് പോലീസ് സേനയെ ദുരുപയോഗിക്കുകയാണ്. പക്ഷെ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത് പോലീസിനെയാണ്. അത് സ്വാഭാവികമാണ്. ഞാനതുകൊണ്ട് എപ്പോഴും രാഷ്ട്രീയ നേതാക്കളോട് പറയാറുണ്ട്, ജനങ്ങളുടെ വോട്ടു കൊണ്ട് വിജയിച്ച് അധികാരത്തില്‍ വരുന്ന നിങ്ങള്‍ പോലീസ് സംരക്ഷണം ഇല്ലാതെ കഴിയണം എന്ന്. ഞാന്‍ മൂന്നുലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കൊണ്ട് ജയിച്ചവനാണ് എന്ന് പറഞ്ഞ് നടക്കും. ജനങ്ങളുടെ ഇടയില്‍ നടക്കണമെങ്കില്‍ ചുറ്റും പോലീസുകാര്‍! മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കൊണ്ട് ജയിച്ചവന് അഭിമാനകരമല്ല ഇത്. അങ്ങിനെവരുമ്പോള്‍ തിരിച്ചു പോകേണ്ടതാണ്.

ഏത് തൊഴിലിനും തൊഴിലിന്റെ ഒരു അപകട സാധ്യതയുണ്ട്. ഞാനൊരു അധ്യാപകനായിരുന്നു വളരെക്കാലം. അതിന്റെ ഒരപകട സാധ്യത സാമ്പത്തികമായിട്ട് വളരെ പിറകിലായിരുന്നു എന്നതാണ്. ഞാന്‍ യുജിസിയുടെ ഉദാരതയൊക്കെ വരുന്നതിനിടയ്ക്ക് റിട്ടയേര്‍ഡ് ചെയ്തവനാണ്. അത് തലയിലെഴുത്ത് എന്നു പറയാം. ആറ്റം അണുഭേദന ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരാള്‍ വര്‍ക്കുചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഇത് ആറ്റോമിക എക്‌സ്‌പ്ലോഷറുകൊണ്ടുള്ള അപകടം ചിലപ്പോള്‍ ഉണ്ടാകാം. ലെഡ് കൊണ്ടുള്ള ഫാക്ടറികളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ലെഡ് പോയിസണും സ്വാഭാവികമാണ്. തൊഴിലിലുള്ള ആപത്ത് പൊളിറ്റിക്‌സിലും ഉണ്ടാകാം. അത് ഒരു പ്രൊഫഷണല്‍ എഫ്കസ്ട് ആണ്. ഇവിടെ ചിലപ്പോള്‍ ജനങ്ങള്‍ സ്വയം എതിരായി പോകുന്നത് അവനവന്‍ സ്വമേധയാ തെരഞ്ഞെടുത്ത ഒരു ജോലിയുടെ അപകടമാണ് കാണിക്കുന്നത്.

police-1

ഇവിടെ പ്രത്യേകതരം പ്രൊട്ടക്ടീവ് ഫോഴ്‌സിനെ രക്ഷയ്ക്ക് കിട്ടുന്നത് ഭരണകര്‍ത്താക്കള്‍ക്ക് ശേഷം അരക്ഷിതര്‍ക്കും പാവങ്ങള്‍ക്കുമാണ്. ഈ വിഭജനം സമൂഹത്തില്‍ വരുത്താന്‍ പാടില്ലാത്തതാണ്. ഇത് പോലീസിനു നേരെയുള്ള വിമര്‍ശനമല്ല. ഭരണകര്‍ത്താക്കള്‍ക്ക് നേരെയുള്ള വിമര്‍ശനമാണ്. ഭരണകര്‍ത്താക്കള്‍ നിങ്ങളുടെ പിറകില്‍ ആയിരിക്കും. നിങ്ങളായിരിക്കും മുന്നില്‍. ബയണറ്റ് നിങ്ങളുടെ കയ്യില്‍ ആയിരിക്കും. ജനങ്ങള്‍ അതാണ് കാണുന്നത്. ബയണറ്റ് എടുത്തത് മറ്റവര്‍ക്ക് വേണ്ടിയാണ് എന്ന ചിന്ത ജനങ്ങള്‍ക്കുണ്ടാവും. ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് വിവേചനമാണ്. ജനങ്ങള്‍ ഭരണാധികാരികളില്‍ നിന്ന് അകലാന്‍ പാടില്ല. ഈ ഒരു തിരിച്ചറിവ് സാധാരണ ജനങ്ങളുടെ ഇടയിലും വരുത്തേണ്ടതാണ് ഞാനിത് എന്നാലാവുന്ന വിധത്തില്‍ പറയാറുണ്ട്. പക്ഷേ ഭരണകര്‍ത്താക്കളോട് നിങ്ങള്‍ക്കിത് പറയാന്‍ സാധ്യമല്ല. ഭരണകര്‍ത്താക്കള്‍ ഈ രീതിയില്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടേണ്ട രക്ഷാശക്തികളെ അവനവനു വേണ്ടി വിനിയോഗിക്കാന്‍ പാടില്ല.

ഭരണകര്‍ത്താക്കള്‍ ദേശീയ സദാചാരം കാക്കേണ്ടവരാണ്. ആ സദാചാരം അവനവന്‍ അല്‍പം കഷ്ടപ്പെട്ടാലും കഷ്ടപ്പെടുന്നവരെ രക്ഷിക്കുക എന്നതാണ്.

ഭരണഘടനയില്‍ അംഗീകരിക്കപ്പെട്ട സാധാരണ ജനങ്ങളുടെ ക്ഷേമം അതായിരിക്കണം പോലീസിന്റെ ലക്ഷ്യം. ദൈവം എവിടെ എന്ന ചോദ്യത്തിന് പല ഉത്തരം ഉണ്ട്. പക്ഷെ ടാഗോറിന് ഒരു ഉത്തരമുണ്ട്. നട്ടുച്ചയ്ക്ക് പാറപൊടിക്കുന്ന ഒരു തൊഴിലാളിയുടെ പിറകില്‍ നിങ്ങള്‍ക്ക് ദൈവത്തെ കാണാം എന്ന് ഗീതാജ്ഞലിയില്‍ പറയുന്നുണ്ട്. അത് പോലീസുകാര്‍ ഓര്‍മ്മിക്കണം. നിങ്ങളെപ്പറ്റിയുള്ള അപവാദം നല്ലതല്ലെന്ന് ഒരു ന്യായമുണ്ട്. ഇതിന് ജനങ്ങളെ കുറ്റം പറയാന്‍ കഴിയില്ല.

സംഘടനയുടെ സമൂഹപ്രതിച്ഛായ എന്നാല്‍ കര്‍ത്തവ്യം ചെയ്യുന്നവരുടെ പ്രതിച്ഛായ എന്നാണ്. അതുകൊണ്ട് ജനങ്ങള്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ഓര്‍മ്മിക്കാതെ ചീത്ത കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നു. നല്ല കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോകും. ചീത്ത കാര്യങ്ങള്‍ ഉണ്ടാക്കിയ വൃണം ഉണങ്ങാന്‍ കുറച്ചുസമയമെടുക്കും. അതുകൊണ്ടാണ് ജനങ്ങള്‍ പോലീസിന്റെ നേരെ അക്ഷമ കാണിക്കുന്നതും. എനിക്ക് പാസ്‌പോര്‍ട്ടിന്റെ ഒരാവശ്യം നേരിട്ടത് മംഗലാപുരം കോളേജില്‍ പഠിക്കുമ്പോഴാണ്. അതിനുവേണ്ടി ഞങ്ങള്‍ മൂന്നുപേര്, മെലിഞ്ഞ ശരീര പ്രകൃതിയുള്ളവര്‍, സ്റ്റേഷനില്‍ പോയി. അവര്‍ ചോദിച്ചു ആര്‍ക്കാണ് പാസ്‌പോര്‍ട്ട് വേണ്ടത്, അപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്കാണെന്ന്. എനിക്കെന്നു പറഞ്ഞാല്‍ പേരില്ലേ എന്ന് അവര്‍. അത് വളരെ കടുപ്പത്തിലായിരുന്നു. ഞാന്‍ മുമ്പ് വളരെയൊന്നും വിയര്‍ത്തതായി ഓര്‍മ്മിയില്ല. അന്ന് ഞാന്‍ ശരിക്കും വിയര്‍ത്തു. അന്ന് എനിക്ക് പോലീസ് ഓഫീസറന്‍മാരോട് ബഹുമാനം വര്‍ദ്ധിച്ചു. എന്നാല്‍ അത്ര കടുപ്പത്തില്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

പോലീസ് ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതിരിക്കുക എന്നതാണ് സാധാരണക്കാരന്റെ പക്ഷം.


Next Story

Related Stories