TopTop
Begin typing your search above and press return to search.

ഇതേത് നാട്? കേരള പോലീസിന്റെ മുഖ്യപണി സദാചാര പരിപാലനമോ?

ഇതേത് നാട്? കേരള പോലീസിന്റെ മുഖ്യപണി സദാചാര പരിപാലനമോ?

അഖില എം


ആണും പെണ്ണും അടുത്തിരുന്നാല്‍ മഞ്ഞ കണ്ണട വെച്ച് നോക്കുന്ന പോലീസുകാരുടെ നാട്ടില്‍ സാംസ്‌കാരിക പുരോഗമനമെന്നൊക്കെ പറയുന്നതു വെറും പ്രഹസനമാണ്. പതിറ്റാണ്ടുകളായി ആളുകള്‍ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സന്ദര്‍ശിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുന്ന തലസ്ഥാനനഗരിയിലെ മ്യൂസിയം, കനകക്കുന്ന് പരിസരങ്ങളിലാണ് പോലീസിന്റെ സദാചാര കടന്നാക്രമണം. കാലങ്ങളായി പലരും ഇവരാല്‍ തേജോവധം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്ന, വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള പൊലീസിന്റെ കടന്നുകയറ്റത്തിനെതിരേ ഇപ്പോള്‍ ഒരു ഫെയ്‌സ്ബുക്ക് കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്.

'പൊലീസിംഗിന്റെ ലോകമാറ്റങ്ങള്‍ അറിയാത്ത അജ്ഞതായണ് കേരള പൊലീസിനെ സദാചാര കൂമന്‍മാരാക്കി നിര്‍ത്തുന്നു.

ലോകത്തെമ്പാടും, പാശ്ചാത്യ രാജ്യങ്ങളിലും അറേബ്യന്‍ നാടുകളിലുമെല്ലാം പൊലീസ് ശുചീകരണ തൊഴിലാളിയെപ്പോലെ സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും പൊതു സമൂഹത്തിന്റെ സ്‌നേഹാഭിവാദനത്തിന് പാത്രവുമാവുമ്പോഴാണ് കേരളത്തിലെ പൊലീസ് ഇന്നും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ അഴുകിയ പ്രേതമാകുന്നത്. മാനസിക സംഘര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലോകത്ത് മറ്റു രാജ്യങ്ങളിലെ പോലീസുകാര്‍. നമ്മുടെ നാട്ടില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ജീവിക്കുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന വിപരീത സ്വഭാവമാണ് പോലീസ് പിന്തുടരുന്നത്'; സേവ് കനകക്കുന്ന്, എഗയ്ന്‍സ്റ്റ് പൊലീസ് ഹരാസ്‌മെന്റ് എന്ന പേജിലെ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വരികളാണിത്.

കനകക്കുന്നില്‍ സുഹൃത്തുക്കളുമൊത്തു പഠിക്കാന്‍ ഇരിക്കുമ്പോഴായിരുന്നു ബി. കോം. വിദ്യാര്‍ത്ഥിയായ അനന്ദുവിന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവം നേരിട്ടത്. ഒരു സംഘമായി പഠിക്കുന്ന അവരുടെ മുന്നില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചോദ്യങ്ങളുമായി എത്തി. ഇങ്ങനെ ഇവിടെ ഇരിക്കരുതെന്നു കമ്മീഷണറുടെ സര്‍ക്കുലര്‍ ഉണ്ടെന്നായിരുന്നു ആ പൊലീസുകാരന്റെ വിരട്ടല്‍ എന്നാണു അനന്ദു അഴിമുഖത്തോട് പറഞ്ഞത്. ഇതിനെക്കുറിച്ചു അന്വേഷിക്കാന്‍ ചെന്ന അനന്ദുവിനും കൂട്ടുകാര്‍ക്കും അറിയാന്‍ കഴിഞ്ഞത് അത്തരത്തിലൊരു സര്‍ക്കുലര്‍ ഇല്ലെന്നാണ്. കൂടാതെ സ്‌റ്റേഷനില്‍ നിന്നും നേരിട്ടത് മറ്റൊരു ദുരനുഭവം. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു യുവാവിനെയും യുവതിയെയും ചോദ്യം ചെയ്യുകയും പിന്നീട് വീട്ടില്‍ വിളിച്ചു പറയുകയും ചെയ്തതും അവരുടെ കണ്‍മുന്നില്‍ തന്നെ ആയിരുന്നു. അനന്ദുവിന്റെ തന്നെ മറ്റു സുഹൃത്തുകള്‍ക്കും സമാന അനുഭവം നേരിട്ടത്തു പിങ്ക് പൊലീസില്‍ നിന്നായിരുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ചോദ്യം ചെയ്യുകയോ സംശയങ്ങള്‍ ദൂരികരിക്കുകയോ ചെയ്യുന്നവരെ പൊലീസിന്റെ ഭാഷ ഉപയോഗിച്ചു പേടിപ്പിക്കുന്നു.ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് 'സേവ് കനകക്കുന്ന് എഗയ്ന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്' എന്ന പേരില്‍ ഫേസ്ബുക്കില്‍ പേജ് ആരംഭിച്ചത്. കൃത്യമായ ബോധവത്കരണം കൊടുക്കുക മാത്രമാണ് തങ്ങളുടെ ശ്രമമെന്നും തങ്ങള്‍ക്കു വേണ്ടത് സ്വതന്ത്രമായി ഇരിക്കാനും വായിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള പൊതു ഇടങ്ങളാണെന്നും അനന്ദു പറഞ്ഞു. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള പോലീസിന്റെ ഇടപെടലുകള്‍ നിര്‍ത്തലാക്കുക എന്നതും ഈ കൂട്ടായ്മയുടെ ഉദ്ദേശമാണെന്നും അനന്ദു കൂട്ടിചേര്‍ത്തു.

ആണും പെണ്ണും ഒരുമിച്ചു നിന്നുകൂട; കോട്ടയത്ത് പിങ്ക് പോലീസിന്റെ സദാചാരപ്പോലീസിംഗ്


കേരളത്തില്‍ പല ഇടങ്ങളിലും സദാചാര ക്ലാസുകള്‍ നടത്തുന്നത് തങ്ങളുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്നായി എടുത്തിരിക്കുകയാണ് കേരള പോലീസ്. ഈയടുത്ത് സദാചാരത്തിന്റെ പേരില്‍ സകൂള്‍ വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബസ് കാത്തു നില്‍ക്കുകയായിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളുമായിരുന്നു അന്ന് പൊലീസിന്റെ ഇരകള്‍.

പൊതു ഇടങ്ങളിലെ സ്വാതന്ത്രത്തിനു വേണ്ടി നടത്തപ്പെട്ട സമരങ്ങള്‍ നാളിതു വരെ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നത് സാക്ഷര കേരളത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് അഖില)


Next Story

Related Stories