TopTop
Begin typing your search above and press return to search.

ആഘോഷങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ കേരള (സദാചാര) പോലീസിന് ആരാണ് അധികാരം കൊടുത്തത്?

ആഘോഷങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ കേരള (സദാചാര) പോലീസിന് ആരാണ് അധികാരം കൊടുത്തത്?

മദ്യം, മയക്കുമരുന്ന് ഉപയോഗം തടയാന്‍ ഈ പുതുവത്സരാഘോഷത്തില്‍ പോലീസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. പുതുവത്സരാഘോഷം പകല്‍വെളിച്ചെത്തില്‍ മതിയെന്ന നിര്‍ദേശമൊക്കെ അതിന്റെ ഭാഗമാണ്. കൊച്ചി പോലീസാണ് സദാചാരവേഷം എടുത്തണിഞ്ഞ് കര്‍ശന നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ കര്‍ശന നടപടി ആവശ്യമാണെന്നാണ് പൊലീസിന്റെ ഭാഷ്യം. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഏവരും പോലീസിനൊപ്പം അണിനിരക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ രീതിയില്‍ പോലീസ് നടപടിയെ സര്‍വാത്മന സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഡിജെ പാര്‍ട്ടികളെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതില്‍ നിഗൂഡലക്ഷ്യമുണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല.

കുറച്ചുനാളുകള്‍ക്ക് മുമ്പ് കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെക്കിടയിലേക്ക് വേഷം മാറി കൊച്ചി പോലീസ് പാഞ്ഞ് കയറിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ നിന്നും ലഹരിമരുന്നുകള്‍ പിടികൂടിയെന്നു പോലീസിന്റെ വിശദീകരണം. പിന്നാലെ കൊച്ചിയിലെ ഡിജെ പാര്‍ട്ടികളും അത് സംഘടിപ്പിക്കുന്നവരും ഹോട്ടലുകളുമെല്ലാം സംശയത്തിന്റെ കരിനിഴലിലായി. മയക്കുമരുന്നുകളും കഞ്ചാവും ഡിജെകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണു പൊലീസ് പറയുന്നത്. കൊച്ചിയില്‍ എത്രയോ ഡിജെ പാര്‍ട്ടികള്‍ നടക്കുന്നു. ഇവിടെ നിന്നെല്ലാം നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നു പോലീസിനു പറയാന്‍ കഴിയുമോ? ഡിജെ പാര്‍ട്ടികളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് വിവരം കിട്ടാന്‍ പോലീസിനു സാധിക്കുന്നില്ല, അല്ലെങ്കില്‍ റെയ്ഡ് നടത്തി അവ പിടികൂടാന്‍ കഴിയുന്നില്ല. അതിനെല്ലാം പരിഹാരമെന്ന നിലയില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് ഒന്നടങ്കം നിരോധനം ഏര്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്.

അന്താരാഷ്ട്രമയക്കുമരുന്നു സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ കൊച്ചി എന്നാണ് പ്രചരണം. ഈ അടുത്തകാലത്ത് മലയാളി ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത മയക്കുമരുന്നുകളാണ് ഇവിടെ നിന്നും പിടികൂടിയിട്ടുള്ളത്. കഞ്ചാവുള്‍പ്പെടെയുള്ളവ കൊച്ചിയില്‍ മാത്രമല്ല കേരളത്തിന്റെ ഏത് ഭാഗത്തും യഥേഷ്ടം ലഭിക്കുന്നുമുണ്ട്. കച്ചവടവും ഉപയോഗവും വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഡിജെ പാര്‍ട്ടികളിലാണ് ഈ മയക്കുമരുന്നുകളെത്രയും യുവാക്കള്‍ ഉപയോഗിക്കുന്നതെന്ന പോലീസിന്‌റെ വാദം അംഗീകരിക്കുവാന്‍ സാധിക്കുകയില്ല.

ക്രിസ്മസ് ദിനത്തിലും കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ നടന്നിരുന്നു. അന്നൊന്നും ആരും നിരോധനവുമായി വന്നിരുന്നുമില്ല. മാത്രമല്ല കൊച്ചിയിലെ പ്രമുഖമായ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നും പൊലീസ് കയറില്ല. ഇവര്‍ക്ക് ഉന്നതബന്ധങ്ങള്‍ ഉള്ളതിനാല്‍ പോലീസ് അതിന് തയാറാവുകയും ഇല്ല. കൊച്ചിന്‍ കാര്‍ണിവല്‍, ബിനാലേ എന്നിവ കൂടി കണക്കിലെടുത്താണ് ഡിജെ പാര്‍ട്ടികള്‍ക്ക് നിരോധനം കൊണ്ടുവന്നതെന്നാണ് പോലീസ് വാദം. എന്നാല്‍ ബിനാലെയും ഡിജെയും തമ്മിലെന്താണ് ബന്ധമെന്ന് പോലീസുകാര്‍ക്ക് പോലുമറിയില്ല. കൃത്യമായ വിശദീകരണേമോ കാര്യകാരണങ്ങളോ ഇല്ലാതെയുള്ള പോലീസിന്റെ ഇത്തരം നടപടികളെ സോഷ്യല്‍ മീഡിയ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

കൊച്ചിയില്‍ എത്തപ്പെടുന്ന മയക്കുമരുന്നുകള്‍ കണ്ടെത്താതെ ഡിജെ പാര്‍ട്ടികള്‍ നിരോധിക്കുന്നതിന്റെ സാംഗത്യമാണ് ഏവരും ചോദ്യം ചെയ്യുന്നത്. പുതുവത്സരാഘോഷങ്ങള്‍ കുടുംബങ്ങളുടേതാകണം എന്നതാണ് പോലിസിന്റെ മുദ്രാവാക്യം. എന്നാല്‍ കേരളത്തില്‍ ആഘോഷങ്ങള്‍ ഒക്കെ എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം എന്നുമുതലാണ് പോലീസിന് നല്‍കിത്തുടങ്ങിയത്? ഒരു മെട്രോ നഗരങ്ങളിലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് കൊച്ചി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലുമുള്ള ഡിജെ പാര്‍ട്ടികള്‍ക്കുമെതിരെ ഇതേ നിലപാട് തന്നെയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതും. മയക്കുമരുന്ന് പിടിക്കുക എന്ന നല്ല ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ തയാറാകുന്നവര്‍ ആരുമുണ്ടാകില്ല.

ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനാലാണ് ഇത്തരമൊരുനീക്കം നടത്തിയതെന്നാണ് പോലിസ് ഭാഷ്യം. മയക്കുമരുന്ന് ഉപയോഗത്തെ ഡിജെ നടത്തുന്ന ഹോട്ടലുകാര്‍ക്ക് തടയാന്‍ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ തുറന്ന വേദികളില്‍ പാട്ടും നൃത്തവും മറ്റും സംഘടിപ്പിക്കുന്നതിന് നിരോധനം ഇല്ല. രാത്രി പത്തിന് ശേഷം ഹോട്ടലുകളിലും മറ്റും മദ്യവിതരണവും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പു വരുത്തണം. ഷാഡോ പോലീസിന്റെ വന്‍ സംഘത്തെയാണ് കൊച്ചിയില്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. രാത്രി പന്ത്രണ്ടരക്കു മുമ്പ് എല്ലാ പരിപാടികളും അവസാനിപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയാല്‍ ഹോട്ടലുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്.

നിനച്ചിരിക്കാതെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരെമാരു നടപടി ഉണ്ടായിരിക്കുന്നത്. ക്രിസ്മസിന് ഡിജെ അനുവദിച്ചിരുന്നതിനാല്‍ ന്യുഇയര്‍ ആഘോഷങ്ങള്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സംഘാടകര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ലഹരിമരുന്നൊഴുകും എന്ന കാരണത്താല്‍ പുതുവത്സരത്തിന് ഡിജെ വേണ്ടെന്ന നിലപാടായിരുന്നു പോലീസിന്.

പോലീസിന്റെ നടപടികളെ പ്രതൃക്ഷത്തില്‍ ആരും ചോദ്യം ചെയ്യുകയുമില്ല. പോലീസ് കൂടുതല്‍ കര്‍ക്കശ്യത്തിന്റെ സ്വരം സ്വീകരിച്ചാല്‍ ഭാവിയിലെ ആഘോഷപരിപാടികളും വെള്ളത്തിലാകുമെന്ന് ആശങ്കയാല്‍ ഹോട്ടലുകാരും മൗനം പാലിക്കുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ പോലീസിനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അതിനൊപ്പം ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്; സാമൂഹിക, സാമ്പത്തിക മേഖലകളിലൊക്കെ കേരളം ഇന്നെത്തി നില്‍ക്കുന്ന പുരോഗതി ലോകത്തേക്ക് തുറന്നിരിക്കുന്ന ഒരു സമൂഹം എന്ന നിലയില്‍ കൂടി ഉണ്ടായതാണ്; ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ വ്യക്തികള്‍ ആരാണ്, ആ സമൂഹം എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതൊക്കെ ഏറെ പ്രധാനമാണ്. പോലീസ് നിയമം നടപ്പാക്കേണ്ടതില്ല എന്നാരും പറയില്ല. എന്നാല്‍ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഭാഗധേയവും തങ്ങളാണ് തീരുമാനിക്കുന്നത് എന്ന രീതിയില്‍ പോലീസിന്റെ സാമൂഹികബോധത്തിന് അനുസരിച്ച് ഈ സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories