ന്യൂസ് അപ്ഡേറ്റ്സ്

മെട്രോയിലെ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ യാത്ര; പൊലീസ് കേസ് എടുത്തു

ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നുമുള്ള പരാതിയിലാണ് കേസ്

കൊച്ചി മെട്രോ ട്രെയിനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ ജനകീയ യാത്രയ്‌ക്കെതിരേ ആലുവ പൊലീസ് കേസ് എടുത്തു. ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും കാണിച്ചു കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് എടുത്തിരിക്കുന്നത്.

കൊച്ചി മെട്രോയുടെ ക്രെഡിറ്റ് യുഡിഎഫ് സര്‍ക്കാരിനും ഉമ്മന്‍ ചാണ്ടിക്കുമാണെന്നു അവകാശപ്പെട്ടായിരുന്നു ജനകീയ യാത്ര സംഘടിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എംഎം ഹസനുമെല്ലാം യാത്രയ്ക്ക് എത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തിക്കുംതിരക്കും വര്‍ദ്ധിച്ചതോടെ ജനകീയയാത്ര വിവാദയാത്രയായി. 200 ഓളം പേര്‍ മാത്രം ടിക്കറ്റ് വാങ്ങിയിട്ട് അതിലിരട്ടിയാളുകള്‍ ട്രെയിനില്‍ കയറിയെന്നാണ് ആക്ഷേപം. മെട്രോയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ ലംഘിച്ചതായും പരാതിയുണ്ട്. അണികള്‍ തള്ളിക്കയറിയപ്പോള്‍ ആദ്യയാത്രയില്‍ കയറാനാകാതെ ഉമ്മന്‍ ചാണ്ടി പുറത്തു നില്‍ക്കേണ്ടി വന്നതും നാണക്കേടുണ്ടാക്കി. പാലാരിവട്ടത്തെ എസ്‌കലേറ്റര്‍ തകരാറിലാക്കിയതിന്റെ ഉത്തരവാദിത്വം ജനകീയയാത്രക്കാര്‍ക്കുമേലുണ്ട്. ഇനിയുമുണ്ട് പരാതികള്‍. സുരക്ഷപരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടര്‍ ഇളക്കി, ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ തുറന്നിട്ടു. സുരക്ഷാപരിശോധനയില്ലാതെ ആളുകള്‍ ഇടിച്ചുകയറി. അപകരമായരീതിയില്‍ പ്ലാറ്റ്‌ഫോമില്‍ തിക്കും തിരക്കുമുണ്ടാക്കി. പരമാവധി ആയിരം പേര്‍ക്ക് കയറാവുന്നിടത്ത് അതിലേറെ ആളുകള്‍ കയറി…

യാത്ര വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി രംഗത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍