TopTop
Begin typing your search above and press return to search.

'ആത്മവീര്യം കൂടിയ' പോലീസ്-ബ്ലേഡ് മാഫിയ കൂട്ടുകെട്ടില്‍ കിതയ്ക്കുന്ന ഓപ്പറേഷന്‍ കുബേര- ഭാഗം 5

ആത്മവീര്യം കൂടിയ പോലീസ്-ബ്ലേഡ് മാഫിയ കൂട്ടുകെട്ടില്‍ കിതയ്ക്കുന്ന ഓപ്പറേഷന്‍ കുബേര- ഭാഗം 5

പി കെ ശ്യാം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിക്കുന്നത് കേരളാ പോലീസിന്‍റെ ആത്മ വീര്യം കേടുത്താനുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ്. അതിന്റെ ഭാഗമായാണ് പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര മന്ത്രിക്കിങ്ങനെ അല്ലാതെ മറ്റെന്ത് പറയാന്‍ കഴിയും. അതിനര്‍ഥം പോലീസിന്‍റെ വിക്രിയകളും കൈക്രിയകളും ജനങ്ങള്‍ മിണ്ടാതെ സഹിക്കണം എന്നാണോ? കേരള പോലീസ് പരമ്പര തുടരുന്നു...മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-
ആത്മവീര്യം കൂടിയ കേരള പോലീസ്- ഭാഗം 1 , കേരള പൊലീസിന്‍റെ വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍- ഭാഗം 2 , കേരളാ പൊലീസിന്‍റെ 'ആത്മവീര്യം' കുഞ്ഞുങ്ങളുടെ മേലും - ഭാഗം 3, 'ആത്മവീര്യം' കൂടിയ കേരള പോലീസിന്റെ നാട്ടിലെ ഭയപ്പെടുത്തുന്ന 'നിര്‍ഭയ' കണക്കുകള്‍- ഭാഗം 4

ഏതാനും വർഷം മുൻപാണ്, കാസർകോട് ഉദുമയിലെ സുരേഷ്ബാബുവിന്റെ വീട്ടിൽ നിന്ന് പൊലീസ് ഒരു മുദ്രപത്രം കണ്ടെടുത്തു. മുദ്രപത്രത്തിൽ തന്റെ ജീവരക്തം കൊണ്ട് സുരേഷ് ഇങ്ങനെ എഴുതിയിരിക്കുന്നു: 'കാസർകോട്ടെ സ്വകാര്യ പണമിടപാടുകാരനിൽ നിന്ന് ഞാൻ ഒരു അത്യാവശ്യത്തിന് 56,000 രൂപ കടംവാങ്ങി. 15 ശതമാനം പലിശ മൂന്നുമാസം നൽകി. പിന്നിട് സാമ്പത്തിക പ്രയാസത്താൽ പലിശ കൊടുക്കാനായില്ല. വായ്പതുക 10 ലക്ഷമായെന്ന് പലിശക്കാരൻ വിരട്ടാൻ തുടങ്ങി. ഉടനടി 14 ലക്ഷം കൊടുത്തില്ലെങ്കിൽ കൊന്നുതള്ളുമെന്ന് ഭീഷണിയായി. ഇത്രയും പണംകൊടുക്കാൻ ഇല്ലാത്തതിനാൽ ഞാൻ കൊല്ലപ്പെടുമെന്ന് ഉറപ്പാണ്. സത്യം പുറത്തറിയാൻ ഈ കത്ത് ഉപകരിക്കട്ടെ' - സുരേഷ്ബാബുവിനെ പിന്നീട് കണ്ടത് നേത്രാവതി പുഴയിൽ ഒഴുകിനടക്കുന്ന നിലയിലായിരുന്നു.

കേരളത്തിന്റെ കഴുത്തറുത്തുകൊണ്ടിരുന്ന ബ്ലേഡ് പലിശ മാഫിയയുടെ വേരറുക്കാൻ ആഭ്യന്തര വകുപ്പ് തുടങ്ങിയ ഓപ്പറേഷൻ കുബേര ലക്ഷ്യത്തിന്റെ കാൽശതമാനം പോലും പൂർത്തിയാക്കാനാവാതെ കിതയ്ക്കുകയാണ്. സംസ്ഥാനത്തുടനീളം റെയ്ഡുകൾ മുറയ്ക്ക് നടന്നിരുന്നപ്പോൾ ബ്ലേഡ് മാഫിയ അൽപ്പമൊന്നടങ്ങിയെങ്കിലും പൊലീസിന്റെ ശൗര്യം കുറഞ്ഞതോടെ വീണ്ടും തലപൊക്കി. ബുധനാഴ്‌ച വരെയുള്ള കണക്കുകൾ പ്രകാരം ബ്ലേഡുകാർക്കെതിരേ 13522 റെയ്ഡുകളാണ് കേരളത്തിൽ നടന്നത്. ഇതിലെല്ലാമായി 2725 കേസുകൾ ആകെ രജിസ്​റ്റർ ചെയ്തു. അമിതപലിശയീടാക്കിയ 1598 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പക്ഷേ ഇവരെല്ലാം സ്റ്റേഷൻ ജാമ്യമെടുത്ത് കൂളായി പുറത്തിറങ്ങി. കേസുകളിൽ പകുതിയെണ്ണത്തിൽ പോലും കുറ്റപത്രം നൽകാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല. ഇപ്പോൾ പേരിന് റെയ്ഡുകൾ നടത്തുന്നുണ്ടെങ്കിലും ബ്ലേഡുകാർക്ക് കുലുക്കമൊന്നുമില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ ബ്ലേഡ്മാഫിയ സജീവം. വീടുകളിൽ പലിശയിടപാട് നടത്താൻ തമിഴ്നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്.

പൊലീസ്-ബ്ലേഡ് കൂട്ടുകെട്ട്
പല ജില്ലകളിലും പൊലീസും ബ്ലേഡുകാരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നത് പകൽ പോലെ വ്യക്തം. മിക്കയിടത്തും ദുർബല വകുപ്പുകൾ ചേർത്താണ് കേസെടുക്കുന്നത്. വമ്പൻ സ്രാവുകളെ ഒഴിവാക്കി പൊലീസ് റെയ്ഡ് നടത്തിയത് പരൽമീനുകൾക്കിടയിൽ മാത്രമാണെന്നാണ് പരക്കേയുള്ള ആക്ഷേപം. കോടികളുടെ ഇടപാട് നടത്തുന്നവരെ റെയ്ഡിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുയരുന്നു. റെയ്ഡ് നടത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നും വിമർശനമുയർന്നു. സംസ്ഥാനത്തെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബ്ളേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണമുന്നയിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിവിജയനായിരുന്നു. പലിശയിടപാടിന് പിടിയിലാകുന്നവർക്കെതിരേ കേരള മണി ലെൻഡേഴ്‌സ്‌ ആക്‌ടിന്റെയും ഐ.പി.സിയുടെയും അടിസ്‌ഥാനത്തിൽ കേസെടുക്കാമെന്നിരിക്കേയാണ് ദുർബല വകുപ്പുകൾ ചേർത്തുള്ള കേസെടുക്കൽ.ലൈസൻസ്‌ ഇല്ലാതെ ധനകാര്യ സ്‌ഥാപനം നടത്തുക, നിയമങ്ങൾ പാലിക്കാതെ പണമിടപാട്‌ നടത്തുക എന്നിവ തടയുന്നതാണു കേരള മണി ലെൻഡേഴ്‌സ്‌ ആക്‌ടിലെ 17,18 വകുപ്പുകൾ. വ്യാജരേഖ ചമക്കൽ. ഭീഷണി, വഞ്ചന തുടങ്ങിയവക്കെതിരേയാണ്‌ ഐ.പി.സി 420,465, 405 വകുപ്പുകൾ. നിയമ വിരുദ്ധ പണമിടപാട്‌ സ്‌ഥാപനങ്ങൾക്കെതിരേയെടുത്ത മിക്ക കേസുകളിലും കേരള മണി ലെൻഡേഴ്‌സ്‌ ആക്‌ട്‌ മാത്രമാണ്‌ ചേര്‍ത്തിട്ടുള്ളത്‌. മറ്റ്‌ പ്രധാന ക്രിമിനൽ വകുപ്പുകൾ ചേർത്തിട്ടില്ല. ചിലയിടങ്ങളിൽ ഐ.പി.സി. വകുപ്പുകൾ പ്രകാരം മാത്രമാണ്‌ കേസ്‌. കേസുകൾ നിലനിൽക്കണമെങ്കിൽ മണി ലെൻഡേഴ്‌സ്‌ ആക്‌ടും ഐ.പി.സിയും എഫ്‌.ഐ.ആറിൽ ഉൾപ്പെടുത്തണമെന്നു നിയമ വിദഗ്‌ധർ പറയുന്നു. കൊല്ലത്തും കോട്ടയത്തും കോൺഗ്രസ് നേതാക്കളെ കുബേരയിൽ കുടുക്കിയപ്പോൾ പൊലീസിന്റെ തലപ്പത്തിരുന്നവരാണ് തെറിച്ചത്. കൊല്ലം കമ്മിഷണറായിരുന്ന ദേബേഷ് കുമാർ ബഹറയെ തലസ്ഥാനത്തേക്ക് തെറിപ്പിച്ചത് ബ്ലേഡ്മാഫിയയാണെന്നാണ് അറിയുന്നത്. പലിശ റെയ്ഡുകൾക്കിടെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റില്ലെന്ന നിലപാടിൽ നിന്ന് പിന്നാക്കം പോയ ആഭ്യന്തര വകുപ്പ് സി.ഐമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയാണിപ്പോൾ. കുന്നംകുളത്ത്‌ ഭരണകക്ഷി നേതാക്കളുമായി ബന്ധമുള്ള വട്ടിപ്പലിശക്കാരെ പൊലീസ്‌ ഒഴിവാക്കുന്നുവെന്നും ചില പൊലീസുകാർ തന്നെ ബ്ലേഡാണെന്നും പറയപ്പെടുന്നു. കുബേര അട്ടിമറിക്കാൻ ശ്രമിച്ചതിന് പത്തിലേറെ പൊലീസുകാർക്കെതിരേ നടപടിയെടുത്തുകഴിഞ്ഞു. പൊലീസുകാരുടെ പലിശയിടപാട് കണ്ടെത്താൻ ഇന്റലിജൻസ് മേധാവി എ.ഹേമചന്ദ്രന് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നൂറുകണക്കിന് പരാതികൾ
ബ്ലേഡുകാരുടെ ഭീഷണിമൂലം തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ അഞ്ചുപേർ ജീവനൊടുക്കിയതിനെത്തുടർന്നാണ് പൊലീസും ആഭ്യന്തരവകുപ്പും ഉണർന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി പണം പലിശക്ക്‌ കൊടുക്കുകയും പലിശ നൽകാത്തവരിൽനിന്ന്‌ വീടിന്റെയോ സ്ഥലത്തിന്റെയോ ആധാരം കൈക്കലാക്കുകയും ചെയ്യുന്നതാണ് ബ്ലേഡ് മാഫിയയുടെ പുതിയരീതി. തലസ്ഥാനത്ത് മാത്രം കൊള്ളപ്പലിശയ്ക്ക് പണമിടപാട് നടത്തുന്ന ആയിരത്തിലേറെപ്പേരുണ്ട്. എല്ലാ ജില്ലകളിലും നൂറുകണക്കിന് പരാതികൾ പൊലീസിന് ലഭിക്കുന്നു. കർശന നടപടിയില്ലാത്തതിനാൽ ഇവരെല്ലാം സ്വതന്ത്രരായി വിഹരിക്കുകയാണ്. പൊലീസുകാരിൽ വലിയൊരു വിഭാഗത്തിന് കൊള്ളപ്പലിശ ബിസിനസുണ്ട്. പ്രതികൾക്കെല്ലാം ഉന്നത രാഷ്ട്രീയബന്ധം, അല്ലെങ്കിൽ പൊലീസുകാ‌രുടെ ബിനാമികൾ. ബ്ലേഡ് പലിശക്കാർക്കെതിരേ നടപടിയോ കേസോ വേണമെങ്കിൽ ഇടപാട് നടത്തിയ ആരെങ്കിലും ആത്മഹത്യ ചെയ്യേണ്ടിവരുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. നിയമത്തിന്റെ പഴുതുകൾക്കും പൊലീസിന്റെ കണ്ണടയ്ക്കലിനുമിടയിൽ നിരവധി ജീവിതങ്ങൾ ആരുമറിയാതെ സ്വയം എരിഞ്ഞടങ്ങുന്നുണ്ട്.പൊലീസ് ബ്ലേഡ്
തലസ്ഥാന നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് കൊള്ളപ്പലിശയ്ക്ക് പണം നൽകുന്ന ബിസിനസുണ്ട്. പണം കൊടുക്കുന്നതും ഭീഷണിപ്പെടുത്തി തിരികെ വാങ്ങുന്നതും പലിശ പിരിക്കുന്നതുമെല്ലാം പൊലീസുകാർ തന്നെ. വിശ്വസ്തരായ പൊലീസുകാർക്ക് സ്ഥലംമാറ്റമില്ലാതെ ഒരേ ലാവണത്തിൽ തുടരാം. പലിശയുടെ കമ്മിഷൻ കൃത്യമായി പോക്കറ്റിലെത്തുകയും ചെയ്യും. തിരുവനന്തപുരത്ത് ചാല കമ്പോളത്തിലെ പടക്ക വ്യാപാരിയായ ഭാസ്കര രാജന് സിറ്റി പൊലീസിലെ അഞ്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘം രണ്ടരക്കോടിയിലേറെ രൂപയാണ് പലിശയ്ക്ക് നൽകിയത്. 2.68 ലക്ഷം രൂപ മാസാമാസം പലിശയായും നൽകണം. നൂറു രൂപയ്ക്ക് 72 രൂപ എന്ന നിരക്കിലുള്ള മീറ്റർ പലിശയായിരുന്നു ഇവിടെ. ഈ കേസിൽ പേട്ട എ.എസ്.ഐ. പ്രേമൻ, ട്രാഫിക് എ.എസ്.ഐ. സുരേഷ്, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ റൈറ്റർ സതീഷ്, ട്രാഫിക് അസി. കമ്മീഷണറുടെ റൈറ്റർ വിജയൻ എന്നിവർക്കു പുറമെ ബ്ലേഡ് പലിശക്കാരായ ഷാജി, ശിവപ്രസാദ്, അശോകൻ, മധു, കുമാർ, മുരുകൻ എന്നിവർക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്
തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
മുണ്ടൂരും പിന്നെ പാന്‍റുടുപ്പിക്കും കോഴിക്കോട്ടെ പോലീസ്
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

കൊള്ളപ്പലിശ മാഫിയ കേരളത്തിൽ എത്രശക്തമായി പിടിമുറുക്കിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ തലസ്ഥാനത്ത് പേയാട്ടും വെള്ളറടയിലുമുണ്ടായ സംഭവങ്ങൾ. ബ്ളേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് പനച്ചമൂടിനു സമീപം പുലിയൂർശാലയിൽ ഇലക്ട്രിക്കൽ കട നടത്തിയിരുന്ന ചെക്കിട്ടുവിളാകം മേളേതിൽ പുത്തൻ വീട്ടില്‍ ശരത്തും (27), ഭാര്യ സിനുവും (22) വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. കച്ചവടത്തിന്റെ ആവശ്യത്തിന് പനച്ചമൂട്ടിലെ ബ്ളേഡ് മാഫിയകളിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ കടമെടുത്തതാണ് ശരത്തിന്റേയും ഭാര്യയുടേയും ജീവൻ അപഹരിച്ചത്. കടംവാങ്ങിയ പണത്തിന്റെ പലിശ മുടങ്ങിയതിന് പേയാട് ബി.പി നഗറിൽ താമസിക്കുന്ന രമാദേവിയുടെ വീട് ബ്ളേഡ്മാഫിയ തകർക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്തെ ഐ.ജിയുടെ ലെയ്സൺ ഓഫീസറുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് വീടുതകർത്തത്. വീട്ടമ്മ നിലവിളിച്ച് സഹായമഭ്യർത്ഥിച്ചിട്ടും തിരിഞ്ഞുനോക്കാതിരുന്ന രണ്ട് എസ്.ഐമാരടരക്കമുള്ളവർ ഇപ്പോൾ സസ്പെഷൻഷനിലാണ്.

ബ്ലേഡിന്റെ കേരളാ മോഡൽ
രാവിലെ 1000 രൂപ വാങ്ങിയാൽ വൈകുന്നേരം തിരിച്ചു നല്കുമ്പോൾ 1200 രൂപയാണ് കോട്ടയത്ത് ബ്ളേഡ് മാഫിയ ഈടാക്കുന്നത്. ഒരുമാസത്തിൽ കൂടുതൽ കാലാവധിക്ക് പണം വാങ്ങിയാൽ 10 ശതമാനം മുതൽ 50 ശതമാനം വരെയാണ് പലിശനിരക്ക്. കൊല്ലത്ത് വാങ്ങുന്ന പണത്തിന്റെ മൂന്നിരട്ടിവരെ മടക്കിക്കൊടുത്താലും വീണ്ടും പണം ആവശ്യപ്പടുന്ന ബ്ളേഡ്‌ മാഫിയകളുണ്ട്. ബ്ലേഡ് പലിശയിടപാട് നടത്തുന്നവർ കോടികളുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ സംഭവങ്ങളും കൊല്ലത്തുണ്ട്. ഭർത്താവും ഭാര്യയും ഒപ്പിട്ട ചെക്കുകൾ, സ്ഥലത്തിന്റെ ആധാരം, ഒപ്പിട്ട പൂരിപ്പിക്കാത്ത മുദ്രപ്പത്രം, വെള്ളക്കടലാസിൽ സ്റ്റാമ്പ്‌ പതിച്ച രേഖ, വാഹനങ്ങളുടെ ആർസി ബുക്ക്‌, ലൈസൻസ്‌, പാസ്പോർട്ട്‌ തുടങ്ങിയവ വാങ്ങിവച്ചാണ് പണമിടപാട്. വൻതുക തിരികെകൊടുത്താലും രേഖകൾ തിരികെ കിട്ടാൻ പ്രയാസം. ഇടുക്കി ജില്ലയിൽ ബ്ളേഡ് മാഫിയയുടെ വലയിൽ കുടുങ്ങി വീടും സ്ഥലവും വാഹനങ്ങളും പണവും നഷ്ടപ്പെട്ടവർ നിരവധി. ഇടപാടുകാരായ സ്ത്രീകളുടെ മാനം കവർന്നതും അവരെ വാണിഭത്തിനിരയാക്കിയതുമായ കേസുകളുമുണ്ട്.

വയനാട്ടിൽ ബ്ളേഡ്പലിശക്കാരുടെ നീരാളിപ്പിടുത്തത്തിൽപ്പെട്ട് ജീവനൊടുക്കിയവർ നിരവധിയാണ്. നിസാര തുക പലിശയ്ക്ക് നൽകി ഭൂമി തട്ടിയെടുക്കുന്നതാണ് ബ്ളേഡുകാരുടെ പുതിയ രീതി. കണ്ണൂർ നഗരത്തിൽ മാത്രം മുപ്പതോളം ബ്ളേഡുകമ്പനിക്കാരുണ്ട്. ദിവസേന പലിശയായി ആറുലക്ഷം വരെ പിരിക്കുന്നവരുമുണ്ട്. പത്തനംതിട്ട കോന്നിയിലും കോട്ടയം പാമ്പാടിയിലുമുണ്ടായ കൂട്ട ആത്മഹത്യകൾക്ക് പിന്നിലും ബ്ളേഡ്മാഫിയതന്നെ. കണ്ണൂർ ശ്രീകണ്‌ഠാപുരത്ത് പലിശയ്ക്ക് പണമെടുത്ത് ജീപ്പുവാങ്ങിയ യുവാവ് ആർ.സി ബുക്ക് ബ്ളേഡുകാർ കൊണ്ടുപോയതിനെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു. കോട്ടയത്തെ ബ്ളേഡ്പലിശക്കാരൻ 2005 മുതൽ 2012 വരെയുള്ള കാലത്ത് കോട്ടയം നഗരത്തിൽ മാത്രം 55 ആധാരങ്ങൾ രജിസ്റ്റർ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. കിടങ്ങൂർ, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലും ഇയാൾ വസ്തുക്കൾ രജിസ്റ്റർ ചെയ്‌തു. പാലക്കാട്ട് സർക്കാർ ജീവനക്കാരായ പലിശക്കാരിൽ നിന്ന് പണംവാങ്ങിയ നിരവധിപേർ ജീവനൊടുക്കിയ സംഭവങ്ങളുണ്ട്. സംസ്ഥാനത്ത് ‘കടബാധ്യത മൂലം’ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗത്തിനും ‘കുരുക്ക് ’ ഒരുക്കിയത് പലിശസംഘങ്ങളാണെന്നതാണ് യാഥാർഥ്യം.

മെയ് 11 മുതല്‍ ഒക്ടോബര് 15 വരെ നടന്ന ബ്ലേഡ് മാഫിയ റെയ്ഡുകളുടെ കണക്ക്

ജില്ല

റെയ്ഡുകളുടെ

എണ്ണം

രജിസ്റ്റര്‍ ചെയ്ത

കേസുകള്‍

അറസ്റ്റ് ചെയ്ത പ്രതികള്‍കണ്ടെത്തിയ തുക
തിരുവനന്തപുരം (സിറ്റി) 393 125 41 602060
തിരുവനന്തപുരം (റൂറല്‍) 527 79 45 574880
കൊല്ലം (സിറ്റി) 806 149 61 2224723
കൊല്ലം (റൂറല്‍) 1142 214 176 2108022
പത്തനംതിട്ട 495 69 43 558240
ആലപ്പുഴ 1527 196 95 3089200
കോട്ടയം 1440 144 108 2278142
ഇടുക്കി 1533 163 98 928950
എറണാകുളം (സിറ്റി) 534 137 129 5563210
എറണാകുളം (റൂറല്‍) 1254 243 146 10002680
തൃശൂര്‍ (സിറ്റി) 230 70 82 321560
തൃശൂര്‍(റൂറല്‍) 432 93 56 3812465
പാലക്കാട് 1282 445 210 4220098
മലപ്പുറം 463 155 113 3495390
കോഴിക്കോട് (സിറ്റി) 301 96 34 910645
കോഴിക്കോട് (റൂറല്‍) 254 175 39 519850
വയനാട് 171 51 42 403150
കണ്ണൂര്‍ 329 67 52 4268000
കാസര്‍ഗോട് 416 54 28 156550
ആകെ 13529 2725 1598 46037815

പലിശക്കൊള്ള അറിയിക്കാം
ഫോൺ നമ്പറുകൾ: തിരുവനന്തപുരം സിറ്റി -9497990003, റൂറൽ -9497990015, കൊല്ലം സിറ്റി -9497990023, റൂറൽ – 9497990334, പത്തനംതിട്ട – 9497990029, ആലപ്പുഴ-9497990039, ഇടുക്കി- 9497990056, കോട്ടയം -9497990049, കൊച്ചി സിറ്റി -9497990064, എറണാകുളം റൂറൽ -9497990075, തൃശൂർ സിറ്റി- 9497990084, തൃശൂർ റൂറൽ- 9497981247, പാലക്കാട് -9497990092,മലപ്പുറം-9497990101, കോഴിക്കോട് സിറ്റി – 9497990110, റൂറൽ – 9497990120, വയനാട്- 9497990127, കണ്ണൂർ-9497990136, കാസർഗോഡ്-9497990145


Next Story

Related Stories