TopTop
Begin typing your search above and press return to search.

കേരളാ പൊലീസിന്‍റെ 'ആത്മവീര്യം' കുഞ്ഞുങ്ങളുടെ മേലും - ഭാഗം 3

കേരളാ പൊലീസിന്‍റെ ആത്മവീര്യം കുഞ്ഞുങ്ങളുടെ മേലും - ഭാഗം 3

പി കെ ശ്യാം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിക്കുന്നത് കേരളാ പോലീസിന്‍റെ ആത്മ വീര്യം കേടുത്താനുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ്. അതിന്റെ ഭാഗമായാണ് പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര മന്ത്രിക്കിങ്ങനെ അല്ലാതെ മറ്റെന്ത് പറയാന്‍ കഴിയും. അതിനര്‍ഥം പോലീസിന്‍റെ വിക്രിയകളും കൈക്രിയകളും ജനങ്ങള്‍ മിണ്ടാതെ സഹിക്കണം എന്നാണോ? സമീപ കാലത്ത് കേരളം കണ്ട പോലീസ് പീഡനങ്ങളിലൂടെ...മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-
ആത്മവീര്യം കൂടിയ കേരള പോലീസ്- ഭാഗം 1 , കേരള പൊലീസിന്‍റെ വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍- ഭാഗം 2


തൃശ്ശൂരില്‍

തൃശൂരിൽ മോഷണക്കുറ്റമാരോപിച്ച പതിനാലുകാരനായ ബാലന്റെ നെഞ്ചും വയറും ഇടിച്ചുകലക്കിയ എ.എസ്.ഐയുടെ ക്രൂരത കേരളം നടുക്കത്തോടെയാണ് കേട്ടത്. വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ തൃശൂർ സി.എം.എസ് സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയെ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ച്. തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ എ.എസ്.ഐ ഹരിദാസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബാഗ് തിരയാൻ പോലും കൂട്ടാക്കാതെയായിരുന്നു അതിക്രൂരമായ മർദ്ദനമുറകൾ. പരാതിക്കാരിയായ സ്ത്രീയുടെ വീടിനടുത്തു നിന്ന് ബാഗ് പിറ്റേന്ന് കണ്ടെടുത്തു. മുഖത്തും നെഞ്ചിലും വയറിലും അടിയും ഇടിയുമേറ്റ വിദ്യാർത്ഥി ഇപ്പോഴും തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്യൂട്ടിയിൽ ഇല്ലാതിരുന്നപ്പോഴായിരുന്നു എ.എസ്.ഐയുടെ പരാക്രമം. സംസ്ഥാന ബാലാവകാശ കമീഷൻ ഇതേക്കുറിച്ച് സർക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്. ക്രൂരമർദ്ദനം നടത്തിയ എ.എസ്.ഐ ഹരിദാസിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

ഇത് കോട്ടയം സ്റ്റൈല്‍
വിദ്യാർത്ഥിനിയെ കാണാനില്ലെന്ന വ്യാജപരാതിയുടെ പേരിൽ പിടികൂടിയ 17കാരനായ ദളിത് വിദ്യാർത്ഥിയെ കോട്ടയം ഈസ്റ്റ് പൊലീസാണ് തല്ലിച്ചതച്ചത്. ഏറ്റുമാനൂർ പേരൂർ പതിനെട്ടാം വാർഡിൽ താമസിക്കുന്ന സന്തോഷിന്റെ മകനാണ് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിന് വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് പൊലീസ് ഇറക്കിക്കൊണ്ടുവന്ന ശേഷമായിരുന്നു ക്രൂരമർദ്ദനം. സ്റ്റേഷനിൽ പരാതി വ്യാജമാണെന്നറിഞ്ഞ് ഇരുകക്ഷികളും ചേർന്ന് ഒപ്പുവെച്ച്, പോകുവാൻ തുടങ്ങുമ്പോൾ വിദ്യാർത്ഥിയെ ഒരു മുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. രണ്ട് കൈകൾകൊണ്ടും മുഖത്തിന്റെ ഇരുവശത്തും അടിയ്ക്കുകയും, നെഞ്ചത്ത് ഇടിയ്ക്കുകയും,ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. സ്റ്റേഷനിൽ നിന്നിറങ്ങിയ വിദ്യാർത്ഥി അവിടെത്തന്നെ തലകറങ്ങി വീണു. പൊലീസിന്റെ ആവശ്യപ്രകാരം പ്രിൻസിപ്പാൾ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയെ വീട്ടുകാർ സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിയന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അയൽവാസി മോനിച്ചൻ പരാതി നൽകിയതായി അറിയുന്നത്. എന്നാൽ ഇവർ സ്റ്റേഷനിൽ നിൽക്കുമ്പോൾ പെൺകുട്ടിയുമായി പരാതിക്കാരൻ എത്തി. പിതാവ് നൽകിയ പരാതി തെറ്റാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.പത്തുവയസുകാരി രണ്ട് മണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ
വാഹനപരിശോധക്കിടെ പത്ത് വയസുകാരിയെ പ്രതിയെപ്പോലെ ജീപ്പിൽ കയറ്റി സ്‌റ്റേഷനിൽ കൊണ്ടുപോയി കേരളാ പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായത് ആലപ്പുഴയിലാണ്. ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശി സുനിൽ കുമാറിന്റെ മകള്‍ സ്‌നേഹയ്ക്കാണ് ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ അർദ്ധരാത്രി രണ്ട് മണിക്കൂറോളം കഴിയേണ്ടി വന്നത്. ദേശിയപാതയിൽ പൂങ്കാവിൽ വാഹന പരിശോധ നടത്തുകയായിരുന്ന ആലപ്പുഴ നോർത്ത് പൊലീസ് സംഘം ബൈക്കിൽ മകൾക്കൊപ്പം വരികയായിരുന്ന സുനിൽകുമാറിനെ തടഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് സുനില്‍ കുമാറിനെ കസ്റ്റഡിയിൽ എടുത്തു. ഒപ്പം അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളേയും പൊലീസ് ജീപ്പിൽ കയറ്റി സ്‌റ്റേഷനിൽ എത്തിച്ചു. സുനിൽകുമാറിനൊപ്പം മകൾ സ്‌നേഹയ്ക്കും രണ്ട് മണിക്കൂറോളം പൊലീസ് സ്‌റ്റേഷനിൽ കഴിയേണ്ടി വന്നു. ജാമ്യക്കാരെത്തിയ ശേഷമാണ് അച്ഛനെയും മകളേയും വിട്ടയച്ചത്. തിരികെ വീട്ടിലെത്തിയ സുനില്‍ കുമാർ പൊലീസ് നടപടിയിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാഴ്‌ച മുൻപു നടന്ന ഈ സംഭവത്തെക്കുറിച്ച് പൊലീസ് ഉന്നതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസ് കംപ്ളയിന്റ് അതോറിട്ടിയുടെ ഉത്തരവ് തിരുവനന്തപുരത്തെ പോലീസ്
ലൈസൻസില്ലാതെ ബൈക്കോടിച്ച പോളിടെ‌ക്‌നിക്ക് കോളേജ് വിദ്യാർത്ഥിയുടെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കുകയും മൃഗീയമായി മർദ്ദിക്കുകയും ചെയ്‌ത സർക്കിൾ ഇൻസ്‌പെക്‌ടറും മൂന്ന് എസ്.ഐമാർക്കുമെതിരേ ക്രിമിനൽ കേസെടുക്കാനുള്ള പൊലീസ് കംപ്ളയിന്റ് അതോറിട്ടിയുടെ ഉത്തരവ് മാസങ്ങളായി നടപ്പാക്കാതെഉഴപ്പുകയാണ് പൊലീസ്. കഴക്കൂട്ടം സി.ഐയായിരുന്ന ബി.വിനോദ്, എസ്.ഐ സജിശങ്കർ, അഡീ.എസ്.ഐ എ.കെ ഫസലുദ്ദീൻ, ഗ്രേഡ് എസ്.ഐ ഷിബു എസ്.വി ദാസ് എന്നിവർക്കെതിരേയാണ് കേസെടുക്കാൻ ഉത്തരവ്. അതോറിട്ടി ചെയർമാൻ ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ, അംഗങ്ങളായ റിട്ട.ഡി.ജി.പി കെ.പി.സോമരാജൻ, റിട്ട.ജില്ലാജഡ്‌ജി പി.മുരളീധരൻ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. അടിയന്തര നടപടിക്ക് നിർദ്ദേശിച്ച് ഡി.ജി.പിക്കും സർക്കാരിനും ഉത്തരവ് കൈമാറിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് രണ്ടാംവർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ചെമ്പഴന്തി രോഹിണി നിവാസിൽ കെ.എസ് സുധിനാണ് ക്രൂര മർദ്ദനമേറ്റത്. 2013 ഫെബ്രുവരി 17ന് കഴക്കൂട്ടം സൈനികക്യാമ്പിനടുത്ത് ബൈക്കോടിച്ചുവന്ന സുധിനെ പൊലീസ് തടഞ്ഞു. ബൈക്ക് മുന്നോട്ട് നീക്കിനിറുത്തുന്നതിനിടെ എ.എസ്.ഐ ഫസലുദ്ദീന്റെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് സ്ഥലത്തുണ്ടായിരുന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സുധിനേയും ഒപ്പമുണ്ടായിരുന്ന സിനിൽകുമാറിനേയും മർദ്ദിച്ചു. ലൈസൻസില്ലെന്ന് കണ്ട് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം സി.ഐ വിനോദിന്റെ നേതൃത്വത്തിൽ ക്രൂരമർദ്ദനം നടത്തുകയായിരുന്നു. സി.ഐ ഒരു ചെവി അടച്ചുപിടിച്ച ശേഷം മറുകൈകൊണ്ട് അടിച്ചതായാണ് സുദിന്റെ പരാതി.ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുധിന് ഒരിക്കലും ഭേദപ്പെടാത്ത മുറിവുകളുണ്ടായി. കേഴ്‌വിശക്തി ഭാഗികമായി നഷ്‌ടമായി. ക്രൂരമായ മർദ്ദനത്തിന് സുദിൻ ഇരയായതായി മെഡിക്കൽ കോളേജിലെ സർജൻ, ആഡിയോളജിസ്റ്റ്, അസോസിയറ്റ് പ്രൊഫസർ അടക്കമുള്ളവർ മൊഴിനൽകി. ശാസ്ത്രീയമായ തെളിവുകളും അതോറിട്ടി ശേഖരിച്ചു. സി.ഐയും എസ്.ഐമാരും പൊലീസ് ആക്ട് പ്രകാരം ഗുരുതരമായ കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 324, 325, 403, 323 അടക്കമുള്ള വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് കംപ്ളെയിന്റ് അതോറിട്ടിയുടെ ഉത്തരവ്. സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം ഇപ്പോൾ കഴക്കൂട്ടം സ്റ്റേഷന് പുറത്താണ് ജോലിചെയ്യുന്നത്. കഴക്കൂട്ടം സ്റ്റേഷനിൽ ഇവർക്കെതിരേ കേസെടുത്താൽ വകുപ്പുതലത്തിലും നടപടിയുണ്ടാവേണ്ടതായിരുന്നു. പക്ഷേ അതോറിട്ടിയുടെ ഉത്തരവ് കടലാസിൽ മാത്രമായി ഒതുങ്ങി.

കൊല്ലത്തെ 14കാരനും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും
കൊല്ലം കുണ്ടറയിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ പതിനാലുകാരനായ വിദ്യാർത്ഥിയെ മർദ്ദിക്കുകയും സിഗരറ്റ് വച്ച് പൊള്ളിക്കുകയും ചെയ്‌ത കോട്ടയം ക്രൈംബ്രാഞ്ചിലെ സി.ഐ അനിൽകുമാർ ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇളമ്പള്ളൂർ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ സനൂബിനെയാണ് സി.ഐ ക്രൂരമായി പീഡിപ്പിച്ചത്. കുണ്ടറ പടപ്പക്കര സ്വദേശിയായ സനൂബ് വീട്ടിൽനിന്ന് കടയിലേക്ക് പോകവെ തടഞ്ഞു നിറുത്തിയായിരുന്നു സിഐയുടെയും സംഘത്തിന്റെയും പരാക്രമം. സിഐ സിഗരറ്റ് കുറ്റി ഉപയോഗിച്ച് സനൂബിന്റെ കൈയിൽ പൊള്ളിക്കുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്ന സിഐയും സംഘവും പ്രകോപനമില്ലാതെയാണ് മർദ്ദിച്ചത്. സിഗരറ്റ് വച്ച് കുത്തിയത് എതിർത്തപ്പോൾ മദ്യലഹരിയിലായിരുന്ന സി.ഐ സനൂബിനെ ഷൂസിട്ട് ചവിട്ടി. സംഭവത്തെക്കുറിച്ചന്വേഷിച്ച കൊല്ലം റൂറൽ എസ്.പി സുരേന്ദ്രൻ സി.ഐ അനിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഐ.ജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സി.ഐയ്ക്കും മറ്റ് അഞ്ചുപേർക്കുമെതിരേ പൊലീസ് കേസെടുത്തിട്ടുമുണ്ട്. സിഐക്കെതിരെ പരാതി ഗൗരവമേറിയതാണെന്ന് കണ്ടെത്തിയ കൊല്ലം റൂറൽ എസ്പി ഐജി മനേജ് എബ്രഹാമിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനിൽകുമാറിനെതിരെ അച്ചടക്ക നടപടിയുമുണ്ടാകും.

ബെസ്റ്റ് ഓഫ് അഴിമുഖം

കോഴിക്കോട്ടെ വിവാദ അറബി കല്യാണം; ഉമ്മയ്ക്കും മകള്‍ക്കും പിന്നാലെ പോലീസ്
തല്ലി കുറ്റവാളിയാക്കുന്ന കേരളാ പോലീസ്; ചേരാനെല്ലൂരിലെ ലീബയുടെ ലോക്കപ്പനുഭവം
മുണ്ടൂരും പിന്നെ പാന്‍റുടുപ്പിക്കും കോഴിക്കോട്ടെ പോലീസ്
സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
പോലീസുകാരന്‍റെ കണ്ണിലെ ‘ഫിഗറ്’ പെണ്‍കുട്ടിയും കുരുത്തം കെട്ട ചെക്കനും

മറൈൻ എഞ്ചിനീയിറിംഗ്‌ വിദ്യാര്‍ഥിയെ അർധരാത്രി പൊലീസ്‌ വീട്ടില്‍ നിന്ന് അറസ്റ്റ്‌ ചെയ്ത്‌ മൂന്നാംമുറക്ക്‌ വിധേയമാക്കിയ സംഭവമുണ്ടായത് കൊല്ലത്തായിരുന്നു. ശൂരനാട്‌ തെക്ക്‌ ഇഞ്ചക്കാട്‌ വിഷ്ണുവിലാസത്തില്‍ മഹേശ്വരന്റെ മകന്‍ ഹരി(18)യെയാണ്‌ ശൂരനാട്‌ എസ്‌ഐ ക്രൂരമർദ്ദനത്തിന്‌ ഇരയാക്കിയത്‌. പൊലീസ്‌ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും വലിച്ചിഴച്ച്‌ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷവും മർദ്ദിക്കുകയുമായിരുന്നു, ഉച്ചത്തിൽ നിലവിളിച്ച ഹരിയുടെ വായിൽ കൈകൊണ്ട്‌ പൊത്തിപിടിച്ച്‌ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. പലതവണ കുഴഞ്ഞുവീണ ഹരിയെ വീണ്ടും മർദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അടിപിടിയുടെ പേരിലാണ്‌ ഹരിയെ അറസ്റ്റ്‌ ചെയ്തതെന്നാണ് പൊലീസ് പക്ഷം.ആലപ്പുഴയില്‍
എസ്.ഐ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത കോളേജ് വിദ്യാർത്ഥിയെ പൊലീസ് തല്ലിച്ചതച്ചത് ആലപ്പുഴയിലാണ്. കരീലക്കുളങ്ങര പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ.യും പോലീസുകാരും അകാരണമായി മർദ്ദിച്ചെന്ന് നങ്ങ്യാർകുളങ്ങരയിലെ പാരലൽ കോളേജ് വിദ്യാർത്ഥിയാണ് പരാതിപ്പെട്ടത്. സ്വകാര്യ ബസ് ഡോർചെക്കറെ പൊലീസ് തേങ്ങയ്ക്കിടിച്ചതായി പരാതി വന്നത് ആലുവയിൽ നിന്നാണ്. എസ്.ഐ. യും മറ്റൊരു പോലീസുകാരനും ചേർന്ന് തേങ്ങ ഉപയോഗിച്ച് മുതുകിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇവ കഴിഞ്ഞ മാസങ്ങളിൽ പുറത്തുവന്ന സംഭവങ്ങളാണ്.

ആലപ്പുഴ ബീച്ചിൽ പൊലീസുകാരിയുടെ ഭർത്താവിൽ നിന്ന് പാര്ക്കിം ഗ് ഫീസ് ഈടാക്കിയതിന് ഒരു പതിനോഴുകാരനെ സൗത്ത് പൊലീസ് അടിച്ച് കഴുത്തൊടിച്ചത് ഞെട്ടലോടെയാണ് കേരളം കണ്ടത്. വനിതാ പൊലീസുകാരി ജസീന്തയും എസ് ഐയും സംഘവുമാണ് 17കാരനെ ക്രൂരമായി മർദ്ദിച്ച് കഴുത്തൊടിച്ചത്. കൂടാതെ ഇയാളുടെ മൂത്രനാളവും പൊലീസുകാർ തകർത്തു. സംഭവത്തിൽ വനിതാ പൊലീസുകാരിയേയും എസ് ഐ യേയും സസ്‌പെന്റു ചെയ്‌തിട്ടുണ്ട്.

(അടുത്തത് നിര്‍ഭയയില്‍ സംഭവിക്കുന്നത്)


Next Story

Related Stories