TopTop
Begin typing your search above and press return to search.

'ആത്മവീര്യം' കൂടിയ കേരള പൊലീസിന്‍റെ വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍- ഭാഗം 2

പി കെ ശ്യാം


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിക്കുന്നത് കേരളാ പോലീസിന്‍റെ ആത്മ വീര്യം കേടുത്താനുള്ള ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ്. അതിന്റെ ഭാഗമായാണ് പോലീസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര മന്ത്രിക്കിങ്ങനെ അല്ലാതെ മറ്റെന്ത് പറയാന്‍ കഴിയും. അതിനര്‍ഥം പോലീസിന്‍റെ വിക്രിയകളും കൈക്രിയകളും ജനങ്ങള്‍ മിണ്ടാതെ സഹിക്കണം എന്നാണോ? സമീപ കാലത്ത് കേരളം കണ്ട പോലീസ് പീഡനങ്ങളിലൂടെ...ഒന്നാം ഭാഗം ഇവിടെ വായിക്കാം- ആത്മവീര്യം കൂടിയ കേരള പോലീസ്- ഭാഗം 1ഭാഗം 2
നടുക്കുന്ന ഓര്‍മ്മകളുമായി കിള്ളി
തിരുവനന്തപുരത്ത് കാട്ടാക്കട കിള്ളിയിൽ 2003ലുണ്ടായ കലാപ സമാനമായ അവസ്ഥയ്ക്ക് വഴിവച്ചത് പൊലീസിന്റെ ചട്ടവിരുദ്ധമായ വാഹനപരിശോധനയായിരുന്നു. 2003 സെപ്റ്റംബർ 28ന് എട്ടിരുത്തിക്ക് സമീപം ഹെൽമറ്റ് പരിശോധന നടത്തുകയായിരുന്ന അന്നത്തെ കാട്ടാക്കട എസ്.ഐ. പ്രകാശും സംഘവും ബൈക്ക് യാത്രക്കാരനായ കിള്ളി സ്വദേശി അജീറിനെ ഓടുന്ന ബൈക്കിൽനിന്ന് അടിച്ചു വീഴ്‌ത്തിയതാണ് സംഭവങ്ങൾക്ക് തുടക്കം. അജീറിന്റെ തലയ്ക്ക് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റു. അജീറിനെ മെഡിക്കൽകോളേജ് ആശു​പത്രിയിലേക്ക് കൊണ്ടുപോകുംവഴി കിള്ളിയിൽവെച്ച് ഒരു സംഘം നാട്ടുകാർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. ഹെൽമറ്റ് പരിശോധനയുടെ പേരിൽ അജീറിനെ അടിച്ചുവീഴ്ത്തിയ നടപടിയിൽ വ്യാപകമായ പ്രതിഷേധമുണ്ടായി. ഇതിൽനിന്ന് തലയൂരാനായി നാട്ടുകാർ പൊലീസിനെ ആക്രമിച്ചതായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരുനൂറിലധികം സായുധ പൊലീസ് ഒക്ടോബർ 4ന് അർധരാത്രിയിൽ കിള്ളിയിലെ നിരവധി വീടുകളിൽ ഒരേസമയം തിരച്ചിൽ നടത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ക്രൂരമായി മർദ്ദിക്കുകയും പത്തുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ വിവിധ പൊലീസ്‌സ്റ്റേഷനുകളില്‍ കൊണ്ടുപോയി മർദ്ദിച്ചു. പൊലീസ് പ്രതിയാക്കിയവരെയെല്ലാം കോടതി പിന്നീട് വിട്ടയക്കുകയായിരുന്നു.

വാഹന പരിശോധന എന്ന ക്വാട്ട തികയ്ക്കല്‍
വളവുകളിലും ഇടവഴികളിലും ബൈക്ക് യാത്രക്കാർക്ക് മേൽ ചാടിവീണും വാഹനങ്ങളെ സാഹസികമായി പിന്തുടർന്ന് പിടികൂടിയും കുടുംബമായി പോകുന്നവരെ പൊരിവെയിലിൽ തടഞ്ഞും റോഡുകളിൽ പൊലീസിന്റെ വിളയാട്ടത്തെയാണ് വാഹന പരിശോധന എന്നു വിളിക്കുന്നത്. വാഹനപരിശോധനയ്ക്കിടെ അപകടമുണ്ടാകുന്ന കേസുകൾ എല്ലാ ജില്ലകളിൽ നിന്നും നിത്യേന റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാഹനപരിശോധന നടത്തിയുണ്ടാക്കേണ്ട പെറ്റിക്കേസുകൾക്ക് പൊലീസിന് ക്വാട്ട നിശ്ചയിക്കുന്നതാണ് ചട്ടവിരുദ്ധമായ മാർഗ്ഗങ്ങളിലേക്ക് പൊലീസിനെ നയിക്കുന്നതെന്നാണ് വാസ്‌തവം. എല്ലാ ജില്ലകളിലും കമ്മിഷണർമാരും പൊലീസ് സൂപ്രണ്ടുമാരും രാവിലെ എട്ടിന് വയർലെസ് വഴി നടത്തുന്ന ആശയവിനിമയത്തിൽ പെറ്റിക്കേസുകളുടെ ക്വാട്ട നിശ്ചയിച്ച് നൽകുന്നതായാണ് വിവരം.ഒരു സ്റ്റേഷൻ പരിധിയിൽ പതിനഞ്ച് മുതൽ ഇരുപത് വരെ കേസുകളുണ്ടായിരിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികളുടെ നിർദ്ദേശം. ദിവസ ക്വാട്ടയിൽ ഏറ്റക്കുറച്ചിലുണ്ടായാലും പ്രതിമാസ ക്വാട്ടയിൽ ഒപ്പിച്ചിരിക്കണം. സി.ഐമാർക്കും ഡിവൈ.എസ്.പിമാർക്കുമെല്ലാം ഈ കണക്ക് ബാധകമാണ്. അവരവരുടെ സബ്ഡിവിഷനുകളിൽ പ്രതിമാസ ക്വാട്ടയിൽ കുറവുണ്ടാകരുത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ഈ ക്വാട്ട സമ്പ്രദായം നിലവിലുണ്ട്. സർക്കാരിന് സാമ്പത്തിക നേട്ടം എന്നതിലുപരി പൊലീസുകാരുടെ കാര്യക്ഷമത അളക്കാനുള്ള ഉപാധി എന്ന രീതിയിലാണ് മേലുദ്യോഗസ്ഥർ പെറ്റിക്കേസ് ക്വാട്ടയെ പരിഗണിക്കുന്നത്. പെറ്റിക്കേസുകളിൽ ടാർജറ്റ് നൽകിയാലേ പൊലീസുകാർ ജോലിചെയ്യുകയുള്ളൂ എന്നാണ് ഇതേക്കുറിച്ച് ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ പ്രതികരിച്ചത്. തിരുവനന്തപുരത്ത് കമ്മിഷണർ എച്ച്.വെങ്കടേശ് കേസ് ക്വാട്ടനൽകുന്നതിനെ എതിർത്തിരുന്നെങ്കിലും മാലമോഷണങ്ങൾ തുടർച്ചയായതോടെ നിലപാട് മാറ്റി. റൂറലിൽ കൃത്യമായി കേസുകളുടെ ക്വാട്ട എസ്.പി തന്നെ വയർലെസിലൂടെ അറിയിക്കുന്നുണ്ട്. ബാറുകളുടെ മുന്നിൽ നിന്ന് മാത്രം പെറ്റിക്കേസുകളുടെ ക്വാട്ട തികയ്ക്കാൻ നേരത്തേ കഴിയുമായിരുന്നു. പക്ഷേ ബാറുകൾ പൂട്ടിയതോടെ ഇരുചക്രവാഹന യാത്രക്കാരുടെ മേൽ ചാടിവീഴുന്നതാണ് പുതിയ രീതി.

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വാഹനപരിശോധന
ചേരാനല്ലൂർ സംഭവത്തിന്റെ അലയൊലി അടങ്ങും മുൻപാണ് തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹനപരിശോധന നടത്തിയ എസ്.ഐയുടെ ഭീകരതയിൽ ഒരു ജീവൻ പൊലിഞ്ഞത്. കാഞ്ഞിരംകുളം കൈവൻവിളയിൽ രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടികൂടിയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ പൊട്ടക്കുളം വീട്ടിൽ ഡ്രൈവർ രാജീവ് (30) മരണപ്പെടുകയായിരുന്നു. കൈ കാണിച്ചിട്ടും നിറുത്താതെ പോയ ഓട്ടോയെ പിന്തുടർന്ന എസ്.ഐ സിജു.കെ.എൽ.നായർ ഒാട്ടോയിൽ ചാടിക്കയറിയ ശേഷം സ്റ്റേഷനിലേയ്ക്ക് പോകവെ ഓട്ടോ എതിരെ വന്ന ബൈക്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഡ്രൈവർ രാജീവ് തൽക്ഷണം മരിച്ചു. എസ്.ഐയ്ക്കും ബൈക്കിൽ സഞ്ചരിച്ചിരുന്ന പയറ്റുവിള ആട്ടറമൂല പ്രദീപ്-ശ്രീവിദ്യ ദമ്പതികളുടെ മകൻ ആ‌ഞ്ജനേയനും (30) സാരമായി പരിക്കേറ്റു. സംഭവത്തെത്തുടർന്ന് കാഞ്ഞിരംകുളം സംഘർഷഭരിതമായി. സമീപ മേഖലകളിലേക്ക് അക്രമം പടർന്നു. രാജീവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘട്ടനം നടന്നു. പൊലീസ് വാഹനത്തിന് നേരേ കല്ലെറിഞ്ഞു. സംഭവ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടും ജനക്കൂട്ടം പിൻവാങ്ങിയില്ല. തുടർന്ന് ലാത്തിച്ചാർജ്ജും കണ്ണീർ വാതക പ്രയോഗവും നടത്തി. അതോടെ ജനക്കൂട്ടം ചിതറിയോടി. മുന്നിൽപെട്ടവരെയെല്ലാം പൊലീസ് തല്ലിച്ചതച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടർ ബിജു പ്രഭാകർ നേരിട്ടന്വേഷിച്ചു. എസ്.ഐയെ സസ്പെൻഡ് ചെയ്തു. ഒടുവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.കോഴിക്കോട് പന്നിയങ്കരയിൽ ഹെൽമറ്റ് പരിശോധനക്കിടെ രണ്ട് യുവാക്കൾ ബസിനടിയിൽപ്പെട്ട് മരിക്കുന്നു
കഴിഞ്ഞവർഷം മാർച്ചിൽ കോഴിക്കോട് പന്നിയങ്കരയിൽ പൊലീസിന്റെ ഹെൽമറ്റ് പരിശോധനക്കിടെ രണ്ട് യുവാക്കൾ ബസിനടിയിൽപ്പെട്ട് മരിച്ചതിന് സമാനമാണ് കാഞ്ഞിരംകുളത്തെ സംഭവം. ഹെൽമ­റ്റ് വേ­ട്ട­യ്­ക്കു വ­ള­വിൽനിന്ന പൊ­ലീ­സി­നെ അ­പ്ര­തീ­ക്ഷി­ത­മാ­യി­ ക­ണ്ടു ഭയ­ന്ന് വേ­ഗ­ത്തിൽ പോ­കാൻ ശ്ര­മി­ച്ച യു­വാക്കളെ പിന്തുടര്‍ന്ന എ­സ്‌­ഐ പി­ന്നി­ലി­രു­ന്ന­യാ­ളെ പി­ടി­ച്ചു വ­ലിച്ച­താ­ണ് അപ­ക­ടത്തിന് കാ­ര­ണ­മാ­യ­ത്.അരക്കിണർ സ്വദേശി പറമ്പത്ത് കാവിൽ ഹരിദാസന്റെ മകൻ രാജേഷ് (36), അരീക്കാട് ഉള്ളിശ്ശേരികുന്ന് ചെമ്മലശ്ശേരി പറമ്പിൽ പനയങ്കണ്ടി വേലായുധന്റെ മകൻ മഹേഷ് (28) എന്നിവരാണ് മരിച്ചത്. കല്ലേറും ലാത്തിച്ചാർജും ഗ്രനേഡ് -കണ്ണീർവാതകപ്രയോഗവും തീവെപ്പുമായി കത്തിക്കാളിയ സംഘർഷം പൊലീസ് പണിപ്പെട്ടാണ് ശാന്തമാക്കിയത്. അപകടകരമാവുന്ന രീതിയില്‍ ഹെൽമറ്റ് പരിശോധന നടത്തരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും പലപ്പോഴും അതൊന്നും കാര്യമാക്കാതെയാണ് പൊലീസ് നടപടി.

തൊട്ടുപിന്നാലെ സെപ്തംബറിൽ മഞ്ചേശ്വരത്ത് വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിറുത്താതെ പോയ കാറിനെ പിന്തുടരവേ പൊലിസ് ജീപ്പ് ബൈക്കിൽപോയ രണ്ട് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു. ആലപ്പുഴയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് പിടികൂടി കൊണ്ടു പോകുമ്പോൾ ജീപ്പിൽ നിന്നും വീണ് അഖിലേഷെന്ന ബിരുദ വിദ്യാർത്ഥിക്ക് ജീവൻ നഷ്‌ടമായതും അടുത്തിടെയാണ്. ഹൈവേ പൊലീസിന്റെ വാഹനപരിശോധനക്കിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചത് കഴിഞ്ഞവർഷം ജൂണിലായിരുന്നു. വളവിൽ പൊടുന്നനേ പൊലീസ് കൈകാട്ടിയപ്പോൾ നിയന്ത്രണം വിട്ട മിനിലോറി വെട്ടിത്തിരിഞ്ഞ്‌ പൊലീസിന്റെ ഇന്നോവയില്‍ ഇടിച്ചശേഷം എതിരേവന്ന ഓമ്‌നി വാനിനു മുകളിലേക്കു മറിയുകയായിരുന്നു.


(പൊലീസിന്‍റെ കയ്യില്‍ കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷയില്ല..ആത്മവീര്യം കൂടിയ പോലീസ് തുടരും)


Next Story

Related Stories