TopTop

പുറ്റിംഗല്‍ വെടിക്കെട്ടപകടം: പോലീസ് നിയമലംഘനം നോക്കിനിന്നെന്ന് സുപ്രിംകോടതി

പുറ്റിംഗല്‍ വെടിക്കെട്ടപകടം: പോലീസ് നിയമലംഘനം നോക്കിനിന്നെന്ന് സുപ്രിംകോടതി
പുറ്റിംഗല്‍ വെടിക്കെട്ടപകടത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് അംഗീകരിക്കുമ്പോഴും പോലീസ് നിയമലംഘനം നോക്കി നില്‍ക്കുകയായിരുന്നെന്നാണ് സുപ്രിംകോടതിയുടെ വിലയിരുത്തല്‍. തന്നെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് പ്രഖ്യാപിച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കാനാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

വിധി പകര്‍പ്പില്‍ പത്ത് മുതല്‍ പതിനേഴ് വരെയുള്ള പേജുകള്‍ മാറ്റിവച്ചിരിക്കുന്നത് പുറ്റിംഗല്‍ അപകടത്തെക്കുറിച്ച് വിശദീകരിക്കാനാണ്. സംസ്ഥാന പോലീസ് മേധാവിയും, ഫയര്‍ഫോഴ്‌സ് മേധാവിയും, ഇന്റലിജന്‍സ് മേധാവിയും എഡിജിപി(ക്രൈം)യും കൊല്ലം ജില്ലാ കളക്ടറും കമ്മിഷണറും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. പ്രസക്തമായ എല്ലാ സ്രോതസുകളില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിയിലെ കുറിപ്പെന്നും വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിലെ പ്രസക്തഭാഗങ്ങള്‍.

2006 ഏപ്രില്‍ ഒമ്പതിന് അര്‍ദ്ധരാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ടിന് ഏപ്രില്‍ എട്ടിന് ക്ഷേത്ര ഭരണ കമ്മിറ്റി ജില്ലാ ഭരണകൂടത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ വെടിക്കെട്ടോ മത്സരവെടിക്കെട്ടോ നല്‍കാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് നിയമം ലംഘിക്കപ്പെടരുതെന്ന് പോലീസ് കമ്മിഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ദുരന്തം നടക്കുമ്പോള്‍ പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രം അധികൃതരോട് വെടിക്കെട്ട് നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം തുടര്‍ച്ചയായി നിര്‍ദ്ദേശിച്ചിട്ടും അത് അവഗണിക്കപ്പെടുകയായിരുന്നു. കൂടാതെ വെടിക്കെട്ടിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചെന്നും അതിന്റെ ഉത്തരവ് വന്നുകൊണ്ടിരിക്കുകയാണെന്നുമാണ് അവര്‍ സിഐയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതില്‍ സിഐ പരാജയപ്പെട്ടു. കൂടാതെ വെടിക്കെട്ട് ആരംഭിച്ചിട്ടും ഈ വിവരം തന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും ഇദ്ദേഹം പരാജയപ്പെട്ടു. സിഐയും കീഴുദ്യോഗസ്ഥരും ദുരന്തമുണ്ടാകുന്നത് വരെ നിയമലംഘനത്തിന് നിശബ്ദം സാക്ഷിയായി നിന്നു.

ശരിയായ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ വെടിക്കെട്ട് നടത്താവൂവെന്നും മത്സരക്കമ്പം നടത്തരുതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ തന്റെ ഓഫീസില്‍ ഏപ്രില്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തില്‍ ക്ഷേത്രഭാരവാഹികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എന്നാല്‍ ഒമ്പതിന് രാത്രിയിലെ ക്ഷേത്രത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ കൊല്ലം ഡിസിപി പരാജയപ്പെട്ടു.

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മാര്‍ച്ച് 31ന് തന്നെ കൊല്ലം സിറ്റി പോലീസ് കമ്മിഷണറെ അറിയിച്ചതാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ കമ്മിഷണര്‍ പരാജയപ്പെടുകയായിരുന്നുവെന്ന് ദുരന്തം വ്യക്തമാക്കുന്നു. വെടിക്കെട്ട് ദുരന്തത്തില്‍ കലാശിച്ച ശേഷമാണ് വെടിക്കെട്ട് നടന്നതായി താന്‍ അറിഞ്ഞതെന്ന് കമ്മിഷണര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

കമ്മിഷണര്‍, ഡിസിപി, പരവൂര്‍ സിഐ എന്നിവര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും സുപ്രിംകോടതി വിലയിരുത്തുന്നു. അതിനാല്‍ തന്നെ ഇവരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ഇവരുടെ സസ്‌പെന്‍ഷന്‍ അനിവാര്യമാണെന്നും കോടതി പറയുന്നു.

Next Story

Related Stories