TopTop
Begin typing your search above and press return to search.

വര്‍ഗീയ ഫാസിസം, മലബാറിലെ കമ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കരുത്!

വര്‍ഗീയ ഫാസിസം, മലബാറിലെ കമ്യൂണിസ്റ്റുകാരെ അരുംകൊല ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കരുത്!

കേരളത്തില്‍ രണ്ടുതരം രാഷ്ട്രീയ കൊലപാതകങ്ങളാണ് നടക്കാറ്. ഒന്ന് അധികാര സ്ഥാപനങ്ങള്‍ മാധ്യമങ്ങള്‍ എന്നിവ ശ്രദ്ധിക്കുന്നത്. മറ്റൊന്ന് ഒറ്റക്കോളം വാര്‍ത്തയില്‍ മാത്രം ഒതുങ്ങിപ്പോകുന്നത്. അധികാര സ്ഥാപനങ്ങള്‍ ശ്രദ്ധിച്ച രണ്ടു കൊലപാതകങ്ങളാണ് അടുത്തകാലത്ത് നടന്നത്. ഒന്ന് ഇപ്പോഴും കൊണ്ടാടപ്പെടുന്ന വാര്‍ത്താ മൂല്യമുള്ള ടിപി ചന്ദ്രശേഖരന്‍ വധം, രണ്ടാമത്തേത് വലിയ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്ന കതിരൂര്‍ മനോജ് വധം. രണ്ടിലും പ്രതിസ്ഥാനത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് നിര്‍ത്തപ്പെട്ടത്. ടി പി ചന്ദ്രശേഖരന്‍ വധം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി. യുഡിഎഫ് കേന്ദ്രങ്ങള്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനും ഇതിനെ ഉപയോഗപ്പെടുത്തി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെ പ്രതിരോധത്തിലാക്കിയ ഘടകമാണ് ടി പി ചന്ദ്രശേഖരന്‍ വധം. യു ഡി എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ വരെ ആരോപിക്കുന്നു. നിരവധി സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും ജയിലില്‍ അടച്ചും, വേട്ടയാടിയും അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ 'ബെസ്റ്റ് മിനിസ്റ്റര്‍' പട്ടം വരെ സ്വന്തം ആക്കി.

കതിരൂര്‍ മനോജ് വധം തികച്ചും വ്യത്യസ്ഥമായിരുന്നു. നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത 'യു എ പി എ' നിയമവും, ഉടനെ സി ബി ഐ അന്വേഷണവും, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനവും; അങ്ങനെ പൊടിപൊടിച്ചു കാര്യങ്ങള്‍. സാംസ്‌കാരിക തലത്തില്‍ വെട്ടുവഴിക്കവിത അടക്കം സിപിഐഎം വിരുദ്ധ സാഹിത്യത്തിനു വളരെയധികം പ്രചാരം ഉണ്ടായ സമയം കൂടിയാണിത്.

മറുവശത്ത് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അരും കൊല ചെയ്യപ്പെടുന്നത് തുടരുകയാണ് എന്ന വസ്തുത ആരും കാണാതെ പോകുന്നു. മാധ്യമ വിചാരണയോ, മനുഷ്യത്വ വിദഗ്ദരുടെ നെഞ്ചത്തടിച്ചു കരച്ചിലോ ഒന്നും ഉണ്ടാവുന്നില്ല. ഈ യുഡിഎഫ് സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് പത്തിലധികം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മലബാര്‍ മേഖലയില്‍, കഴിഞ്ഞ മൂന്നു മാസത്തിനിടക്ക് നാലു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കുമ്പളയില്‍ മുരളീധരന്‍, കോഴിക്കോട് ശ്രീജിത്ത്, നാദാപുരത്ത് ഷിബിന്‍, കണ്ണൂരില്‍ പ്രേമന്‍. നാദാപുരത്ത് ഒഴികെ ബാക്കി സ്ഥലങ്ങളിലെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ആണ് പ്രതിസ്ഥാനത്തുള്ളത്. ലീഗ് ക്രിമിനലുകള്‍ കൊന്ന ഷിബിന്റെ കൊലയാളിയുടെ പേരില്‍ ഫേസ് ബുക്ക് പേജ് വരെ തുടങ്ങി രക്തക്കൊതി പലരും പ്രകടമാക്കി. പക്ഷെ സിപിഐഎമ്മിനെ കൊലയാളി പാര്‍ട്ടി എന്ന് വിശേഷിപ്പിക്കാനും, പ്രതിസ്ഥാനത്ത് നിര്‍ത്താനും ചെളി വാരിയെറിയാനും കാണിക്കുന്ന ആര്‍ജ്ജവമൊന്നും ഈ കേസുകളില്‍ കണ്ടില്ല. മാധ്യമ വിചാരണ ഇല്ലേ ഇല്ല.

ഈ സംഭവങ്ങളില്‍ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റെയും താല്പര്യം ഇല്ലായ്മ വ്യക്തമാക്കുന്നത് ഈ മൗനം അവിചാരിതം അല്ല എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷം നടക്കുമ്പോള്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം സ്വീകരിച്ച നിലപാട് 'തങ്ങള്‍ക്കു ശക്തിയുള്ള കേന്ദ്രങ്ങളില്‍, സിപിഐഎമ്മിനെ ആക്രമിക്കുക എന്നതായിരുന്നു'. ഒരു ഭീഷണി അല്ലാത്ത പൂനെ, ദല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ പോലും കൊടിയ അക്രമങ്ങള്‍ അരങ്ങേറി.

http://peoplesdemocracy.in/2014/0914_pd/cpim-pune-office-attacked-rss-hoodlums
http://archives.peoplesdemocracy.in/2008/0323_pd/03232008_7.htm

കണ്ണൂരില്‍ ഒരു 'പ്രകോപനം അടിച്ചാല്‍ തിരിച്ചടി' എന്ന രീതിയില്‍ ആക്രമണങ്ങളും തുടര്‍ന്നു. ഇപ്പോള്‍ സ്വീകരിക്കുന്ന തന്ത്രം, പരസ്യമായിപ്പറയുന്നില്ലെങ്കില്‍ക്കൂടി 'ഭാരതത്തില്‍ ഇടതുപക്ഷത്തെ അവസാനിപ്പിക്കാന്‍, മലബാറില്‍ സിപിഐഎമ്മിനെ ആക്രമിക്കുക' എന്നതാണ്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനു വേണ്ട 'ആളും പാങ്ങും പണവും' ഉണ്ടായി എന്നുമാത്രം. വര്‍ഗീയ വലതുപക്ഷ നയങ്ങളെ ആശയതലത്തില്‍ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇടതുപക്ഷമാണ് നേതൃത്വം നല്‍കുന്നത് എന്നും തൊഴിലാളിവര്‍ഗ ചെറുത്തുനില്‍പ്പ്, പാര്‍ലമെന്റില്‍ അടക്കം അവസാനിക്കണമെങ്കില്‍ സിപിഐഎം തകരണമെന്നും തിരിച്ചറിവുള്ള കോര്‍പ്പറേറ്റുകളും, മുതലാളിത്ത വലതുപക്ഷ ശക്തികളും മാധ്യമങ്ങളും ഈ നീക്കം ആശയോട് കൂടിയാകും കാണുക എന്നുമാത്രമല്ല, എല്ലാ പിന്തുണയും കൊടുക്കുന്നും ഉണ്ടാവണം.

പ്രേമനെ കൊന്നത്, രണ്ടു കാലുകളും കൊത്തിക്കീറി, പൈശാചികമായിട്ടായിരുന്നുവെന്ന് ഞെട്ടലോട് കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയൂ(മറു ചോദ്യവാദികള്‍ക്ക് 'അപ്പോള്‍ 51 വെട്ടോ' എന്നു ചോദിച്ചു സായൂജ്യം അടയാം എന്നു മാത്രം).നിരന്തരം നിരപരാധികള്‍ ആക്രമിക്കപ്പെടുമ്പോള്‍, അതിനെതിരെ അണികളുടെ രോഷം പുകയുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയാറാകും എന്നതിലാണ് ആര്‍എസ്എസ്-ബിജെപി പ്രതീക്ഷ. അങ്ങനെ ചെയ്താല്‍ നേതൃത്വത്തെ അപ്പാടെ തകര്‍ക്കാന്‍ നിയമക്കുരുക്കുകളും, പോലീസ് മര്‍ദനവും അടക്കം തയാറാക്കിവെച്ച് കാത്തിരിക്കുകയാണ് സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങള്‍.

ബംഗാളില്‍ തൃണമൂല്‍ അക്രമം ഭയന്ന് ആളുകള്‍ ബിജെപിയിലേക്ക് വന്നതും ബിജെപി നേതൃത്വത്തെ കൊതിപ്പിക്കുന്നു, അതുകൊണ്ട് സി പി ഐ എം വിടാന്‍ തയാറാകുന്ന ആളുകളെ സ്വീകരിക്കാനും വലിയ സന്നാഹമാണ് ബിജെപി തയ്യാറാക്കുന്നത്. അംഗത്വ വിതരണം പ്രതീക്ഷിച്ച വിജയമാകാത്തതും, ഏറ്റെടുക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങളൊന്നും ഏല്‍ക്കാതെ പോകുന്നതും, ചില നേതാക്കള്‍ കണ്ണൂരില്‍ പാര്‍ട്ടി വിട്ടതും കണ്ട ബിജെപി നേതൃത്വം ഈ തന്ത്രത്തിന് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. യാതൊരു പുരോഗതിയും കാണിക്കാനാകാതെ കേന്ദ്ര ബിജെപി നേതൃത്വത്തിന് മുന്നില്‍ തികച്ചും വില ഇടിഞ്ഞു പോയ ഒരു സംസ്ഥാന നേതൃത്വത്തിന് ഈ സാഹചര്യത്തില്‍ മറിച്ചൊരു ചിന്ത പോലും സാധ്യമല്ല എന്നതും സത്യമാണ്.

മൗനം പൂണ്ടു നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും, കേരളത്തിലെ ഭരണകൂടത്തിനും മിണ്ടാതിരിക്കാന്‍ പണവും സഹായങ്ങളും ലഭിക്കുന്നുണ്ടാവണം. സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍, അതിനെ ബോധപൂര്‍വ്വം മറച്ചുവെച്ചും സംഘര്‍ഷത്തില്‍ മരിച്ചതായും ഒക്കെ ചുരുക്കിപ്പറഞ്ഞും വലിയ ജനരോഷത്തിനു തടയിടുക എന്ന 'വര്‍ഗീയ ദല്ലാള്‍പ്പണി' ആണ് പല മാധ്യമങ്ങളും ചെയ്തു കാണുന്നത്. ഇത്രമാത്രം കൊലപാതകങ്ങള്‍ ചെയ്തു കൂട്ടിയ സംഘപരിവാരങ്ങളെ ദേശഭക്തര്‍ എന്ന് വിളിക്കാനാണ് പല പ്രമുഖ മാധ്യമങ്ങള്‍ക്കും ഉത്സാഹം.

'സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിക്കുകയും', മറ്റാരെങ്കിലുമാണെങ്കില്‍ അവരെ 'കുത്തിക്കൊല്ലുകയും' ആണ് പതിവ് വാര്‍ത്താരീതി. സിപിഐഎമ്മിനെതിരെ ഒരു പൊതുബോധ നിര്‍മിതിക്കും ഈ രീതി ഏറെ സഹായിക്കുന്നു. കാശ് വാങ്ങിയുള്ള മാധ്യമ ധര്‍മം ഭൂഷണമല്ല എന്ന് കൂടി പറയാതെ വയ്യ.

സിപിഐഎമ്മിനതിരെ എന്ത് വാര്‍ത്തയ്ക്കും വട്ടം പിടിച്ചു കഴുകന്മാരെപ്പോലെ ചുറ്റി നടക്കുന്ന മാധ്യമ സുഹൃത്തുക്കള്‍, ഒരിക്കല്‍പോലും അഴിഞ്ഞാടുന്ന സംഘപരിവാര്‍ ഭീകരതയെപ്പറ്റി വാര്‍ത്ത കൊടുക്കുന്നില്ല എന്നതും വസ്തുതയാണ്. സിപിഐഎമ്മിനോടുള്ള കപടസ്‌നേഹവും, നന്നാക്കിയേ അടങ്ങു എന്ന വാശിയും ഒരിക്കല്‍പ്പോലും സംഘപരിവാരങ്ങളോട് കാണിക്കാന്‍ ധൈര്യപ്പെടില്ല കേരളത്തിലെ മാധ്യമങ്ങള്‍. ഏറ്റവും സഹായിച്ചിരുന്ന 'ഏഷ്യാനെറ്റ് വാര്‍ത്തയെ' യോഗങ്ങളില്‍ നിന്ന് ഇറക്കിവിട്ടു സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം അവര്‍ക്ക് പോലും വാര്‍ത്ത അല്ല. ഇടതുപക്ഷത്തിനെതിരെ അറപ്പും വെറുപ്പും അവജ്ഞയും സൃഷ്ടിക്കുന്ന നുണവാര്‍ത്തകള്‍ പടച്ചു വിടാനും, ഇടതും വലതിനെപ്പോലെ കണക്കാണ് എന്ന തോന്നല്‍ സൃഷ്ടിക്കാനും മത്സരിക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ 'വര്‍ഗീയ ദല്ലാള്‍ പണി' അവസാനിപ്പിച്ചാല്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കാന്‍ ആകൂ. ആക്രമണങ്ങള്‍ക്ക് ഓശാന പാടുന്ന സമീപനം തിരുത്തി, ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചാലേ കേരള സര്‍ക്കാരിനും നാണക്കേട് ഒഴിവാക്കാന്‍ ആകൂ.

ചില വസ്തുതകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ബംഗാളിലെപ്പോലെ താഴെ തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമല്ല കേരളം. മെമ്പര്‍ഷിപ്പില്‍ അടക്കം വര്‍ദ്ധന രേഖപ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനം കണ്ടത്. എല്ലാ മാധ്യമങ്ങളും, വലതു പിന്തിരിപ്പന്‍ വര്‍ഗീയശക്തികളും കൂടി 'സിപിഐ എം തകര്‍ന്നേ' എന്ന് ആര്‍പ്പു വിളിച്ചിട്ടും, ആ വിധ ചോദ്യങ്ങളെ ചവറ്റുകൊട്ടയില്‍ ആണ് തള്ളിയതിന് ആലപ്പുഴയിലെ ജനസാഗരം തെളിവ്.കപട നിക്ഷ്പക്ഷത നടിക്കുന്ന, അങ്ങനെ സിപിഐഎമ്മിന്റെ കുറ്റവും കുറവും മാത്രം കാണാന്‍ പറ്റുന്ന ചിലരോടും, വര്‍ഗീയ ഫാസിസ്റ്റുകളുടെ ഉന്നമനത്തിനു വേണ്ടി കുഴലൂതുന്ന ചിലരോടും മാര്‍ടിന്‍ നീമോല്ലരിന്റെ കവിതയിലെ രണ്ടു വരിയാണ് ഓര്‍മിപ്പിക്കാന്‍ ഉള്ളത്.

ആദ്യം അവര്‍ കമ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി വന്നു, ഞാന്‍ മിണ്ടിയില്ല ഞാന്‍ ഒരു കമ്യൂണിസ്റ്റല്ലായിരുന്നു..
പിന്നെ അവര്‍ ജൂതന്മാര്‍ക്ക് വേണ്ടി വന്നു, ഞാന്‍ മിണ്ടിയില്ല ഞാന്‍ ഒരു ജൂതന്‍ അല്ലായിരുന്നു ..
പിന്നെ അവര്‍ എനിക്ക് വേണ്ടി വന്നു, ഞാന്‍ ചുറ്റും നോക്കി , എനിക്ക് വേണ്ടി മിണ്ടാന്‍ ആരും ഇല്ലായിരുന്നു ... (http://en.wikipedia.org/wiki/First_they_came_...)

സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ ഫാസിസം ചെയ്തു കൂട്ടുന്ന അരുംകൊലകളെ, ഇങ്ങനെ കടുത്ത ഭാഷയില്‍ ആണ് വിമര്‍ശിക്കപ്പെടുന്നത്. പ്രവാസികള്‍ അടക്കം ആളുകളുടെ വികാരം ഇത്ര തീവ്രമാണെങ്കില്‍, നാട്ടിലെ സ്ഥിതി സ്‌ഫോടനാത്മകമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ അത് ഒഴിവാക്കാന്‍ വേണ്ട ശ്രമം ഉണ്ടാവേണ്ടതുണ്ട്.

ഫേസ്ബുക്കിലും മറ്റും കണ്ട ചില പ്രതികരണങ്ങളുടെ രത്‌നചുരുക്കം താഴെ കൊടുക്കുന്നു.

1) അടി കൊണ്ടാലോ, കുറെ സഖാക്കളെ കൊന്നാലോ, പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്താലോ ഇല്ലാതായിപ്പോകുന്ന ഭീരുക്കളുടെ പാര്‍ടി അല്ല സിപിഐഎം. ധീരന്മാരായ രക്തസാക്ഷികളുടെയും, ചങ്കൂറ്റമുള്ള അണികളുടെയും, ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള നേതാക്കളുടെയും സര്‍വ്വോപരി സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങളുടെയും ആശയവും ആശയും ആശ്രയവും ആണ് സിപിഐഎം. അതിനെ പോറല്‍ ഏല്‍പ്പിച്ചാല്‍ കണ്ടു നില്‍ക്കില്ല, ജനങ്ങള്‍ എന്ന് ഓര്‍ക്കുക.

2)'ഏതു ചെകുത്താന്‍ തഴച്ചാലും സിപിഐഎം തളരണം എന്ന ചിന്താഗതി ഒരു ജനാധിപത്യ സമൂഹത്തിനു നല്ലതല്ല. അതുകൊണ്ട് കൊലക്കത്തി താഴെ വയ്ക്കുന്നതാണ് സംഘപരിവാരത്തിന് നല്ലത്.

3) വേട്ടയാടപ്പെടുന്ന മനുഷ്യര്‍ ഇപ്പോഴും പൊറുത്തും ക്ഷമിച്ചും സഹിച്ചും ഇരിക്കണം എന്നൊന്നും പ്രതീക്ഷിക്കുക വയ്യ. കേരളത്തിലെ ഒരു സഖാവിനെ കൊന്നാല്‍ 5 ലക്ഷം വരുന്ന സിപിഐഎം അംഗങ്ങളും,അവരുടെ കുടുംബങ്ങളും അനുഭാവികളും, വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും അടങ്ങുന്ന കേരള കമ്യൂണിസ്റ്റ് കുടുംബം എന്നും കറുത്ത ബാഡ്ജു ധരിച്ചും തലകുനിച്ചും നില്‍ക്കമെന്ന് ധരിക്കുന്നതു തികഞ്ഞ മൗഡ്യം ആയിരിക്കും.

4) കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാളത്തില്‍ വാലും ചുരുട്ടി ഇരിക്കുന്ന നിക്ഷ്പക്ഷ ശുനകര്‍, മറുപടി കൊടുക്കുമ്പോള്‍ ദയവു ചെയ്തു മനുഷ്യത്വ വാചകമടിയുമായി ഈ പ്രൊഫൈലില്‍ വരരുത് എന്നപേക്ഷ.

5) തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.

വര്‍ഗീയ ഫാസിസത്തെ, ഏതൊക്കെ മുഖം മൂടി ധരിച്ചു വന്നാലും തിരിച്ചറിയുക ഒറ്റപ്പെടുത്തുക!..

ഈ അവസരത്തില്‍ ജനാധിപത്യ സമൂഹം മൌനം വെടിഞ്ഞേ മതിയാകൂ.


Next Story

Related Stories