TopTop
Begin typing your search above and press return to search.

സിപിഎം ചിലവില്‍ കോണ്‍ഗ്രസിനെ തേടിവരുന്ന വിജയങ്ങള്‍; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്

സിപിഎം ചിലവില്‍ കോണ്‍ഗ്രസിനെ തേടിവരുന്ന വിജയങ്ങള്‍; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിയില്‍ സംഭവിക്കുന്നത്

കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാവുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ഇടത്-വലതു മുന്നണികളെ ബാധിച്ചിട്ടുണ്ട്. സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തോല്‍വിയും പാര്‍ട്ടിക്കകത്തെ സംഘര്‍ഷങ്ങളും മറ്റു വിവാദങ്ങളും തിരിച്ചടിയാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. 'കണ്ണൂര്‍ ലോബി'യും വികസന നയങ്ങളും സംസ്ഥാന ഭരണവും ഒക്കെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. കോണ്‍ഗ്രസാകട്ടെ, ദേശീയ തലത്തില്‍ വന്‍ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍ നേടിയ അപ്രതീക്ഷിത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പായും വിജയിക്കുമെന്നും അവര്‍ കരുതുന്നു. രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സി വേണുഗോപാലും തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രങ്ങള്‍. ശബരിമലയെ മുന്‍നിര്‍ത്തി ബിജെപി നെയ്ത തന്ത്രങ്ങള്‍ പക്ഷേ വോട്ടുകളായി മാറിയില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പാര്‍ട്ടി കേന്ദ്ര നേതൃത്വം കേരള കാര്യത്തില്‍ എടുത്തിട്ടുള്ള താത്പര്യം സംസ്ഥാന ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പിടിക്കുന്നതിലേക്കായി പ്രത്യേക പദ്ധതികളും അവര്‍ രൂപപപ്പെടുത്തിയിരിക്കുന്നു. വി. മുരളീധരന്റെ കേന്ദ്രമന്ത്രി പദവിയോടെ സംസ്ഥാനത്ത് പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിയിരിക്കുന്നു. മുരളി ഗ്രൂപ്പിലുള്ള കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകാനുള്ള സാദ്ധ്യതകള്‍ അടക്കം ബിജെപിയിലും വലിയ തോതിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മറ്റൊന്ന്. മുസ്ലീം ലീഗിന്റെ നിലനില്‍പ്പ്‌, വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിലേക്ക് ചാഞ്ഞത്, എസ് ഡി പി ഐ, എപി അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്ത് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നതും ശ്രദ്ധേയമായിരിക്കും. ക്രൈസ്തവവിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള മധ്യതിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും പ്രസ്താവ്യമാണ്. കെ.എം മാണിക്ക് ശേഷമുള്ള കേരള കോണ്‍ഗ്രസ്, ക്രൈസ്തവ സഭയിലെ പുഴുക്കുത്തുകള്‍, ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവി തുടങ്ങിയ കാര്യങ്ങളും നിര്‍ണായകമാണ്. ഒപ്പം ആറിടത്ത് ഉപതെരഞ്ഞെടുപ്പുകളും വരുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രധാന മുന്നണികളില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, അവ സംസ്ഥാനത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കാം എന്നൊരു ചര്‍ച്ച ഞങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കും അതിനു പിന്നാലെ ദേശീയ തലത്തില്‍ നേരിടുന്ന അതിശക്തമായ നേതൃപ്രതിസന്ധിക്കിടയിലും കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാര്യങ്ങള്‍ ആണ് ആദ്യഭാഗത്ത്. ഈ ഭാഗം തയാറാക്കിയത്: എസ്. ബിനീഷ് പണിക്കര്‍.

ഭാഗം 1

കോണ്‍ഗ്രസിനെ വരിക്കുന്ന വിജയങ്ങളും തോല്‍ക്കുന്ന സിപിഎമ്മും; ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്ന കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്

ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വന്‍ വിജയവും തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ സിപിഎം മറ്റേതു കാലത്തിലേക്കാളും അധികമായി പ്രതിസന്ധികളുടെ നടുവിലാണെന്നതും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിലേക്ക് ഇടതു മുന്നണി എത്തിയെങ്കിലും അത് ലോക്‌സഭയിലേക്കുണ്ടായ വലിയ തിരിച്ചടിയെ മറയ്ക്കാന്‍ പര്യാപ്തമല്ല.

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സാഹചര്യങ്ങളൊക്കെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിജയത്തേക്കാള്‍ ഭരണത്തിലിരിക്കെ ഇടതു മുന്നണിക്കും സിപിഎമ്മിനും സംഭവിക്കുന്ന 'തെറ്റുകള്‍' കൊണ്ടാണ് അത് സംഭവിക്കുന്നതെന്ന് വിലയിരുത്താന്‍ സാധിക്കും. ഇവിടെ ഒരു തവണ സിപിഎം വന്നാല്‍ അടുത്ത തവണ കോണ്‍ഗ്രസ് വരുകയല്ല ചെയ്യുന്നത്. ഒരു തവണ സിപിഎം വന്നതുകൊണ്ട് മാത്രം അടുത്ത തവണ കോണ്‍ഗ്രസിലേക്ക് അധികാരം എത്തുകയാണ് ചെയ്യുന്നത് എന്നും പറയാം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങളേക്കാള്‍ ഭരണത്തിലിരിക്കുന്ന സിപിഎമ്മിന്റെ നയ, പരിപാടികളോട് ജനം മുഖം തിരിക്കുന്നത് മൂലം സാധ്യമാകുന്നതാണ് കോണ്‍ഗ്രസിന്റെ വിജയം.

എന്നാല്‍ ഇടതു മുന്നണി അധികാരത്തിലെത്തിയപ്പോഴൊക്കെ അത് മറിച്ചായിരുന്നു. കോണ്‍ഗ്രസ് അഞ്ചു വര്‍ഷം ഭരിച്ചു കഴിയുമ്പോള്‍ ഇടതു മുന്നണിയേയും സിപിഎമ്മിനേയും വിജയിപ്പിക്കുകയാണ് ജനങ്ങള്‍ ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ പരാജയത്തേക്കാള്‍ സിപിഎം രാഷ്ട്രീയമായി നടത്തിയ ഇടപെടലുകളിലൂടെയുള്ള വിജയം. ശക്തമായ സമരങ്ങളിലൂടെ സര്‍ക്കാരിന്റെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടി വലിയ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവന്ന് നേടുന്ന വിജയം. കോണ്‍ഗ്രസിലേക്ക് കേരളത്തിന്റെ ഭരണത്തെ എത്തിച്ചിട്ടുള്ളത് അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി നേടുന്ന വിജയത്തിലൂടെയല്ലെന്ന് നമുക്ക് കാണാനാകും. ജനാധിപത്യത്തില്‍ അനിവാര്യമായ ചേരുവയായ അത്തരം സമരങ്ങളൊന്നും തങ്ങളുടെ മുഖ്യ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് ശബരിമല പ്രക്ഷോഭം വരെയുള്ള കാലത്ത് അടിവരയിട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്, പക്ഷെ വിശ്വാസികള്‍ക്കൊപ്പം നിന്ന് ബിജെപി നടത്തിയതുപോലുള്ള സമരങ്ങള്‍ക്കൊന്നും മുന്നിട്ടിറങ്ങിയില്ല. അതേസമയം, ആ സമരത്തിന്റെ പ്രത്യക്ഷമായ ഗുണഭോക്താക്കളായി അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ മാറുകയും ചെയ്തു. ജനം സ്വീകരിക്കുന്നത് തങ്ങളുടെ മധ്യമാര്‍ഗത്തെയാണെന്ന് പറഞ്ഞുനില്‍ക്കാന്‍ പ്രാപ്തരാക്കുന്ന തരത്തിലായിരുന്നു കോണ്‍ഗ്രസിന്റേയും ഐക്യമുന്നണിയുടേയും വിജയം. ഒരു പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടിയതിനും അപ്പുറത്തെ ജയം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് നോക്കുക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടിയ വലിയ വിജയം കോണ്‍ഗ്രസിന്റെ വിജയമാണെന്നു തന്നെ പറയാം. അതുപോലെ തന്നെ മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്തെ രണ്ട് സീറ്റുകളിലും യുഡിഎഫ് നേടിയത് അവരുടെ രാഷ്ട്രീയ വിജയമായിരുന്നു. രാഷ്ട്രീയമായി സംഭരിച്ച് വച്ച വോട്ടുകളായിരുന്നു. എന്നാല്‍ ബാക്കി ഇടങ്ങളിലൊക്കെ അവര്‍ നേടിയ വലിയ വിജയത്തിനടിസ്ഥാനം കോണ്‍ഗ്രസിന് അനുകൂലമായ വോട്ടുകളെന്നതിലേറെ ഇടതു മുന്നണിക്കെതിരായ, വിശേഷിച്ചും സിപിഎമ്മിനെതിരായ വോട്ടുകളായിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ആന്തൂരിലെ പ്രവാസി മലയാളിയുടെ ആത്മഹത്യയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ യുവതി രംഗത്ത് വന്നതും അടക്കമുള്ള സംഭവങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ വിഷമത്തിലാക്കുന്നവയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഊനം വരുത്തുന്നവയും. ഏറ്റവും ഒടുവില്‍ നടന്ന 44 തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ 22-ലും ഇടതു മുന്നണി വിജയിച്ചുവെന്നത് ശരി തന്നെ. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം നിര്‍ണയിക്കുന്ന കാര്യങ്ങള്‍ മറ്റ് പലതിനേയും അടിസ്ഥാനപ്പെടുത്തിയിരിക്കും എന്നതിനാല്‍ അത് വലിയ ഒരു സൂചകമായി കാണേണ്ടതില്ലെന്ന് തോന്നുന്നു. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സ്വാഭാവമായിരിക്കില്ല തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പ്രകടമാകുക. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് രീതികളിലും പ്രകടമായ അന്തരമുണ്ട്. അതെന്തായാലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ വിജയം ആവര്‍ത്തിക്കുമെന്ന കോണ്‍ഗ്രസിന്റേയും ഐക്യ മുന്നണിയുടേയും കണക്കുകൂട്ടലുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനമുണ്ട്.

ദേശീയ തലത്തില്‍, കോണ്‍ഗ്രസ് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സിപിഎം അവരുടെ നിരന്തര പിഴവുകളിലൂടെ ജനങ്ങളെ ഒരുവട്ടം കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് അകറ്റിയോടിക്കുന്നത്. തങ്ങള്‍ വിശേഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയില്ലെങ്കിലും കേരളത്തില്‍ വരും തെരഞ്ഞെടുപ്പുകളില്‍ വിജയം കൈപ്പിടിയിലായിരിക്കും എന്ന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയം. 10 സീറ്റുകളിലാണ് ലക്ഷം വോട്ടുകളിലേറെ നേടി അവര്‍ വിജയിച്ചത്. അതിന് പാകത്തില്‍ രാഷ്ട്രീയ പ്രക്ഷോഭങ്ങളോ ഇടപെടലുകളോ കോണ്‍ഗ്രസോ ഐക്യ മുന്നണിയോ നടത്തിയിട്ടില്ലെന്നതാണ് വാസ്തവം. മോദി വിരുദ്ധതയും പിണറായി വിരുദ്ധതയും ഒരുപോലെ കേരളത്തില്‍ ഗുണകരമായി തീര്‍ന്നത് കോണ്‍ഗ്രസിനും ഐക്യമുന്നണിക്കുമായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍.

ജനങ്ങളെ നിരന്തരം തങ്ങളുടെ കൂടാരത്തില്‍ നിന്നും അകറ്റാനാവുന്നതൊക്കെ സിപിഎം ചെയ്തുകൊണ്ടിരിക്കുകയുമാണ്. പ്രളയകാലവും അതിലേറെ പ്രളയാന്തര കാലവും പുനര്‍നിര്‍മാണവും ഒക്കെ ആക്ഷേപങ്ങള്‍ സൃഷ്ടിച്ചു. കോടിയേരി പുത്രനും ആന്തൂരും പോലീസ്-കസ്റ്റഡി മരണവും അടക്കം സിപിഎമ്മിന് ആധി ബാധ്യതകള്‍ ഏറെ. സര്‍ക്കാര്‍ പൂര്‍ത്തികരിക്കുന്നതിനിടെ ആ ശ്രേണിയിലേക്ക് ഇനി എന്തൊക്കെ വരുമെന്ന് കാത്തിരുന്ന് കാണണം. ഇത്തരത്തില്‍ സ്വയം ദുര്‍ബലമാകാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മാണ് കോണ്‍ഗ്രസിന്റെ ഇന്ധനം. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ഈ തരത്തില്‍ തന്നെ മുന്നോട്ട് പോവുകയും ചെയ്യും.

സമരമില്ലായ്മയും സമരസപ്പെടലുമാണ് വര്‍ത്തമാനകാല കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍. ശക്തമായ സമരങ്ങളിലേക്ക് പോകുന്നതിന് ആവശ്യമായ വിഭവങ്ങള്‍ നോട്ട് നിരോധനകാലം മുതല്‍ കഴിഞ്ഞ മോദി സര്‍ക്കാരും കേരളത്തില്‍ സിപിഎമ്മും നല്‍കിയിരുന്നു. കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാര്‍ വലിയ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ചില്ലറ ചടങ്ങ് സമരങ്ങള്‍ക്കപ്പുറം ജനങ്ങളെ ആകെ ഉലച്ച നടപടികളില്‍ അവരുടെ രോഷം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളൊന്നും ഉണ്ടായില്ല. മോദി ഉണ്ടാക്കിയ പ്രൈഡ് വേവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം ഇല്ലാതെയാകുന്ന കാഴ്ചയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ടത്. പ്രൈഡ് വേവിന്റെ പ്രകടനാത്മകതയിലേക്കോ പൊള്ളത്തരങ്ങളിലേക്കോ ജനങ്ങളെ കോണ്‍ഗ്രസിന് നയിക്കാനായില്ലെന്ന് മാത്രമല്ല, നരേന്ദ്ര മോദിയും ബിജെപിയും വച്ച എല്ലാ കെണികളിലും ഒരു പ്രതിരോധവും ഇല്ലാത്ത വണ്ണം കുടുങ്ങിപ്പോയ കോണ്‍ഗ്രസിനെയാണ് ദേശീയ തലത്തില്‍ നമ്മള്‍ കണ്ടത്.

കേരളത്തിലാകട്ടെ സിപിഎമ്മും ശബരിമലയും ഒക്കെ നല്‍കിയ ഊര്‍ജ്ജത്താല്‍ കോണ്‍ഗ്രസ് വലിയ വിജയം നേടി. പിണറായി വിരുദ്ധത ലക്ഷ്യവേധിയാക്കുന്നതിനായി നല്ല പങ്ക് ബിജെപി വോട്ട് തന്നെ യുഡിഎഫിന് അനുകൂലമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പിനുശേഷം നടന്ന വിലയിരുത്തലുകള്‍ വ്യക്തമാക്കിയത്.

ഉപതെരഞ്ഞെടുപ്പ്: കരുനീക്കങ്ങള്‍ സജീവം

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാല, എറണാകുളം, മഞ്ചേശ്വരം എന്നീ ആറു നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ആസന്നമായ ഉപതെരഞ്ഞെടുപ്പുകളിലേക്കാണ് രാഷ്ട്രീയ കേരളം ഇനി കടക്കേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആറിടത്തും കോണ്‍ഗ്രസ് വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവണമെന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ അന്നേയ്ക്ക് ജീവത്തായി നില്‍ക്കണമെന്നില്ല. അന്ന് ഒഴുകിയെത്തിയ വോട്ടുകള്‍ അതുപോലെ തന്നെ എത്തിച്ചേരണമെന്നുമില്ല. പുതിയ സാഹചര്യങ്ങളും പുതിയ അന്തര്‍ധാരകളും രൂപപ്പെടാനും മതി.

2021-ല്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടതുള്ളതിനാല്‍ കോണ്‍ഗ്രസിലെ പതിവ് കടിപിടികള്‍ കൂടാതെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ആയേക്കും. ഗ്രൂപ്പുകളെ കേന്ദ്രമാക്കി തന്നെയേ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ രൂപപ്പെടൂ എന്ന യാഥാര്‍ഥ്യം ഇരിക്കിലും ജയ സാധ്യതയും മണ്ഡലത്തിലെ സ്വീകാര്യതയും ഒക്കെ കണക്കിലെടുത്തുള്ള അന്തിമ തീരുമാനമാവും ഉണ്ടാവുകയെന്നാണ് നേതൃത്വം പറയുന്നത്. പാര്‍ട്ടി ഔദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും സ്ഥാനാര്‍ഥിമോഹികള്‍ നേതാക്കളുടെ സവിധത്തിലെത്തി മുഖംകാണിക്കല്‍ പുരോഗമിക്കുകയാണ്. പല മോഹാവേശിതരും ഇപ്പോള്‍ കിട്ടിയില്ലെങ്കിലും 2021-ലേക്കുള്ള വലയെറിയലിനുള്ള സമയമായിട്ടാണ് അവസരം പ്രയോജനപ്പെടുത്തുന്നത്.

ഹൈബി ഈഡന്റെ സീറ്റ് എന്ന നിലയില്‍ എറണാകുളം മണ്ഡലത്തില്‍ കൂടുതല്‍ പരിഗണന കിട്ടുക ഐ ക്യാമ്പില്‍ നിന്നു തന്നെയുള്ളയാള്‍ക്കാവണം. ഡിസിസി അധ്യക്ഷനായ ടി.ജെ. വിനോദിനാണ് പ്രാമുഖ്യം കല്‍പ്പിക്കുന്നതും. എ ക്യാമ്പില്‍ നിന്നും സ്ഥാനാര്‍ഥിത്വത്തിനായി കരുനീക്കങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയാണ്. മുന്‍ കേന്ദ്രമന്ത്രി ഹെന്റി ഓസ്റ്റിന്റെ ചെറുമകന്‍ ഹെന്റി ഓസ്റ്റിനെ പോലുള്ളവരുടെ പേരും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതൊക്കെ 2021-ല്‍ സമീപസ്ഥങ്ങളായ പല മണ്ഡലങ്ങളിലും കണ്ണുവെച്ചുള്ള നീക്കങ്ങളായി കൂടി മനസ്സിലാക്കേണ്ടതുണ്ട്.

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥിനെ മത്സരിപ്പിക്കണമെന്ന് എ വിഭാഗത്തിന് താത്പര്യമുള്ളതായാണ് സൂചന. വട്ടിയൂര്‍ക്കാവിനെ പ്രതിനിധീകരിച്ചിരുന്ന കെ. മുരളീധരനെ കൊണ്ടുതന്നെ പി.സി. വിഷ്ണുനാഥിന്റെ പേര് മുന്നോട്ട് വെയ്പിക്കാനാകുമോയെന്ന തരത്തിലെ ചര്‍ച്ചകളൊക്കെ നടക്കുന്നതായാണ് വിവരം. ഇത്തരം ഒരു സാഹചര്യത്തില്‍ ഐയുടെ സിറ്റിംഗ് സീറ്റായ എറണാകുളത്തിനുവേണ്ടി വലിയ തോതില്‍ ബലം പിടിക്കാന്‍ എ വിഭാഗം ശ്രമിക്കുമെന്ന് കരുതാന്‍ വയ്യ.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയരുന്നുണ്ട്. ലോക്സഭയില്‍ എ.എം ആരിഫ് സ്വന്തം നിയമസഭാ മണ്ഡലത്തില്‍ ബഹുദൂരം പിന്നോട്ട് പോയ സാഹചര്യത്തില്‍ പ്രാദേശികമായും ഒട്ടേറെ ഭൈമീകാമുകന്മാരുടെ പേരുകള്‍ ഉയരുന്നുണ്ട്. കോന്നിയുടെ കാര്യത്തിലും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാള്‍ തന്നെയാവും അവിടെ സ്ഥാനാര്‍ഥിയാകുക. പാര്‍ട്ടി വോട്ടുകളേക്കാള്‍ അടൂര്‍ പ്രകാശിന്റെ വ്യക്തിപരമായ സ്വാധീനതയാല്‍ വിജയിക്കുന്ന ഇടമാണ് കോന്നി. പാലയും മഞ്ചേശ്വരവും ഘടകക്ഷികളുടെ സീറ്റ് എന്ന നിലയില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തല്‍ കോണ്‍ഗ്രസിനു തലവേദന ആവില്ല. പി.ജെ. ജോസഫും ജോസ് കെ. മാണിയും വിഘടിച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാല എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കോണ്‍ഗ്രസിനും മുന്നണിക്കും ഒരുപോലെ തലവേദനയാകുമെന്ന കാര്യം ഉറപ്പ്.

ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അനായാസ വിജയം ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും തൊട്ടടുത്ത വര്‍ഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വ്യക്തമായ മേല്‍ക്കൈയും മുന്നില്‍ കാണുന്നു. എത്ര സീറ്റ്, എത്ര ശതമാനം വോട്ട് എന്നൊക്കെ പറഞ്ഞുവെയ്ക്കാന്‍ അവര്‍ക്കാവുന്നില്ലെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ രണ്ടിലൊന്ന് കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ചിന്തിച്ചാല്‍ അടിസ്ഥാനമുള്ള ആത്മവിശ്വാസമാണ് അവരുടേത് എന്നു കാണാം.

2021: കാഴ്ചയും കിനാവും

കോണ്‍ഗ്രസാണു പാര്‍ട്ടി. വലിയ ആള്‍ക്കൂട്ടം. ആള്‍ക്കൂട്ട ജനാധിപത്യത്തിന്റെ തരവും തരക്കേടുമെല്ലാം പഥ്യം. അടികൂടാതെ കാര്യങ്ങള്‍ ചെയ്യുന്ന ശീലം അവിടെയില്ല. എന്നാല്‍ അടികൂടുന്ന കോണ്‍ഗ്രസിനെ അങ്ങനെയങ്ങ് എപ്പോഴും ജനങ്ങള്‍ തിരസ്‌ക്കരിക്കാറുമില്ല. 'വിനയമൊരു നയമാക്കി മേല്‍മുണ്ടിനറ്റത്ത് കസവുചിരി തുന്നുന്ന' ഈ ധര്‍മ്മ പ്രചാരകരെ അവരുടെ എല്ലാ ഉള്ളിലിരുപ്പുകളോടും കൂടി ജനങ്ങള്‍ അധികാരത്തിലേറ്റിയിട്ടുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ മുന്നിലുണ്ടെങ്കിലും മുഖ്യമന്ത്രി കസേര കണ്ടുള്ള കണക്കെടുപ്പുകളും ഗ്രൂപ്പുകളിലൊക്കെ അദൃശ്യമായി നടക്കുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ഇതുവരെ കരഗതമാകാത്ത അധികാര സ്ഥാനമാണ് മുഖ്യമന്ത്രി പദം. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം പലവട്ടം അനുഭവിച്ച ആ അധികാരം വ്യക്തിപരമെന്നതിനേക്കാള്‍ ഗ്രൂപ്പിന്റെ അനിവാര്യതയാണ്. കെ.സി വേണുഗോപാലിനെ പോലെ ചില പുത്തന്‍കൂറ്റുകാരുടെ ക്യാമ്പും പ്രതീക്ഷനിര്‍ഭരരായിരുന്നുവെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനുശേഷമുള്ള കാറ്റിന്റെ ഗതിയില്‍ പട്ടുപോയതുപോലെയുണ്ട്.

രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് ആത്മവിശ്വാസം ഐ ക്യാമ്പില്‍ ശക്തം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാരിനെതിരായ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉള്ള ജനതയുടെ ആകെ പിന്തുണ നേടി, അവരുടെ ആത്മവിശ്വാസം ആര്‍ജിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഇനിയും സാധിച്ചുവെന്ന് പറയാനാവുമോയെന്ന് സംശയം. പാര്‍ട്ടിയ്ക്കകത്തും പുറത്തും ഓരോ അവസരവും മുതലാക്കി മുന്നോട്ട് പോകുന്ന തന്ത്രശാലിയായ നേതാവാണ് രമേശ് ചെന്നിത്തല എന്ന വിശ്വസിക്കാന്‍ നമ്മുടെ മുന്നില്‍ മതിയായ കാരണങ്ങളുമില്ല. സിപിഎം വിഭവങ്ങളുടെ വസന്തം സമ്മാനിച്ചിട്ടും മൂര്‍ച്ചയേറിയ ആക്രമണം നടത്താന്‍ രമേശിനായിട്ടുണ്ടോയെന്നും സംശയം. (അതിലേറെ പ്രഹര ശേഷിയുള്ള നേതാവ് ഉമ്മന്‍ ചാണ്ടിയാവട്ടെ ഇവിടെ കാര്യമായി സജീവമല്ല. അടുത്തിടെയായി ഏറിയ പങ്കും അര്‍ഥഗര്‍ഭമായ മൗനത്തില്‍).

മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ആരവങ്ങളില്‍ അവയ്ക്കു പിന്നാലെ പോകാനേ രമേശിനും പ്രതിപക്ഷത്തിനും കഴിയുന്നുള്ളു. അതിനപ്പുറം തങ്ങളുടെ പിന്നാലെ മാധ്യമങ്ങളേയും ജനതയേയും കൊണ്ടുവരാനുള്ള ഒരു ശ്രമവും ആ ക്യാമ്പില്‍ നിന്നും ഉണ്ടാകുന്നില്ല. അതില്ലെങ്കിലും വിജയം നേടാനാവുമെന്ന തിരിച്ചറിവ് അവരെ കൂടുതല്‍ അലസതാ മന:സ്ഥിതിക്കാരാക്കി ചാനല്‍ചര്‍ച്ചകളിലും ചടങ്ങ് പ്രതിഷേധങ്ങളിലും ഇരകളുടെ ഭവന സന്ദര്‍ശനങ്ങളിലുമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ ന്യൂനീകരിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നതുപോലെ. ഒരുപക്ഷേ ഇത് കരുതലോടെ എടുത്തണിയുന്ന കവചവുമാകാം. അടുത്ത ഭരണകാലം മുന്നില്‍ കണ്ട് വലിയ വാഗ്ദാനങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നും സ്വയം അകന്നു നില്‍ക്കാന്‍ കാണിക്കുന്ന മെയ്‌വഴക്കം. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിലെ നേതാക്കളും സൗകര്യപൂര്‍വം തെരഞ്ഞെടുത്തിരിക്കുന്ന വഴിയെന്നു മനസ്സിലാക്കിയാലും തെറ്റില്ലെന്നു തോന്നുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ശക്തമാണ്. രമേശിന് ഭൂരിപക്ഷ സമുദായത്തിലുള്ള സ്വീകാര്യതയെ വലിയ ആസ്തിയായി കാണുകയാണ് അദ്ദേഹത്തിന്റെ ക്യാമ്പിലുള്ളവര്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലേറുമെന്നും രമേശ് മുഖ്യമന്ത്രിയാകുമെന്നും അവര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ തന്ത്രശാലിയായ ഉമ്മന്‍ചാണ്ടി ഏത് സമയത്തും അപ്രതീക്ഷിത നീക്കങ്ങളിലൂടെ കളത്തിലേക്ക് എത്തുമോയെന്ന ഭീതി ആ ക്യാമ്പിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. ലക്ഷ്യം മുന്‍ നിര്‍ത്തി തന്ത്രം മെനഞ്ഞ് കരുതലോടെ നീങ്ങാന്‍ എ ക്യാമ്പിലെ നേതാക്കള്‍ക്കുള്ള ശേഷി രമേശിന്റെ കൂടാരത്തിലുള്ളവര്‍ ഇനിയും പ്രകടിപ്പിക്കേണ്ടതായിട്ടാണ് ഇരിക്കുന്നത്. എന്നാല്‍ ശബരിമല പ്രശ്‌നത്തിലടക്കം ഗുണകരമായത് തങ്ങളുടെ സമീപനമായിരുന്നുവെന്ന് ദേശീയ നേതൃത്വം തന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയ രമേശിന്റെ താത്പര്യത്തെ തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ക്യാമ്പിലുള്ളവര്‍ കരുതുന്നു. അതേസമയം ഭൂരിപക്ഷ സമുദായത്തിലെ നേതൃത്വങ്ങള്‍ക്ക് രമേശിനോടുള്ള മമതയുടെ കാര്യത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും അന്ത:പുര സംസാരമുണ്ട്.

കെ.സി വേണുഗോപാല്‍ തേരിലേറി വരുമെന്ന് കരുതിയവരുടെ കണക്കുകൂട്ടലുകളുടെ അടിതെറ്റിക്കുന്നതായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം. രാഹുല്‍ ഗാന്ധിയുടെ കൈയാളായി നിന്ന കെ.സി വേണുഗോപാല്‍ രമേശിനു പ്രതിദ്വന്ദിയാകുമെന്ന തരത്തിലെ ചര്‍ച്ചകള്‍ക്ക് ഇന്ന് പഴയ ഊര്‍ജമില്ല. എന്നാല്‍ കാലം കുറച്ചേറെ മുന്നിലുണ്ട്. രാഷ്ട്രീയമാണ്; അതിന്റെ ഗതീയതകള്‍ക്ക് ചടുലതയേറും. എല്ലാ കണക്കുകൂട്ടലുകളേയും കരുനീക്കങ്ങളേയും നിഷ്പ്രഭമാക്കാന്‍ ചെറിയ ആന്തോളനങ്ങള്‍ക്ക് പോലുമാകുമെന്ന് തെളിയിച്ച എത്രയോ സംഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. അതുകൊണ്ടുതന്നെ പേരും പ്രതീക്ഷകളുമെല്ലാം മാറിമറിയാന്‍ ഞൊടിയിട തന്നെ ധാരാളം. ചിത്രം ഇതൊന്നുമാകണമെന്നില്ല.

സംഘടന: തിരയടികളും തിരപ്പൊക്കങ്ങളും

ലോക്‌സഭയിലേക്ക് മിന്നുന്ന വിജയം നേടിയെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സംഘടന സ്വരൂപം അത്രമേല്‍ ശക്തമല്ല. കേന്ദ്രത്തിലേതു പോലെ അധ്യക്ഷനെ തേടി ഉഴലുന്ന അവസ്ഥ ഇവിടെയില്ലെങ്കിലും പ്രശ്‌നങ്ങളേറെ. എന്നാല്‍ ഈ ഘട്ടത്തില്‍ പുന:സംഘടന പോലുള്ള നടപടികളിലേക്ക് കടക്കാനും കഴിയില്ല. തന്നെയുമല്ല, ദേശീയ തലത്തില്‍ വലിയ തിരിച്ചടി ഉണ്ടായപ്പോള്‍ വന്‍ വിജയം നേടിയ കേരളത്തിലെ സംഘടനയ്ക്ക് അത്തരത്തില്‍ അംഗീകാരവുമുണ്ട്. അതുകൊണ്ടുതന്നെ തത്ക്കാലത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേരയ്ക്ക് ഇളക്കമുണ്ടാകാനിടയില്ല. വി.എം സുധീരനെപ്പോലെ സ്വന്തം ഇടം ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഗ്രുപ്പുകളുടെ താത്പര്യങ്ങളെ കണക്കിലെടുത്ത് സമവായത്തിലൂടെ മുന്നോട്ട് പോകുന്ന രീതി അവലംബിക്കുന്ന മുല്ലപ്പള്ളിയുടെ കാര്യത്തില്‍ അതൃപ്തിയൊന്നും ഗ്രൂപ്പുകളില്‍ നിന്നും ഇതുവരെ കാര്യമായി പുറത്ത് വന്നിട്ടില്ല. അവരെ അതൃപ്തരാക്കാന്‍ കാര്യമായെന്നും അദ്ദേഹം ചെയ്യുന്നുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥിത്വം ഒപ്പിട്ട് നല്‍കിയശേഷം കെപിസിസി ആസ്ഥാനത്ത് യുദ്ധമുറി പണിയാനൊന്നും അദ്ദേഹം നിന്നതുമില്ല. ആസന്നമായ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍, 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഇവയൊക്കെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം നടത്താതെ സംഘടനയുടെ പുന:ക്രമീകരണത്തിലേക്ക് കടന്നാല്‍ അടിപൊട്ടും. പാര്‍ട്ടിയുടെ അകത്തളം കൂടുതല്‍ കലുഷമാകും. കുടം തുറന്നുവിട്ടാല്‍ ഭൂതങ്ങള്‍ ഒക്കെ പുറത്തുവരും. പിന്നെ പിടിച്ചിടുക പ്രയാസം. അതുകൊണ്ട് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ സംഘടന സ്വരൂപം ഇത്തരത്തില്‍ തന്നെ തുടരാനാണിട.

എ, ഐ, വിശാല ഐ തുടങ്ങിയ പരമ്പരാഗതമായി നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കപ്പുറത്തുള്ള ഒട്ടേറെ അടരുകള്‍ വ്യക്തി കേന്ദ്രിതമായും താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും കോണ്‍ഗ്രസിലുണ്ട്. ബിജെപിയുടെ കട്ടില്‍ കണ്ട് പനിക്കുന്നവര്‍ കേന്ദ്രത്തിലേത് പോലെ കേരളത്തിലുമുണ്ട്. അടുത്ത സംസ്ഥാന ഭരണം സുഖകരമായി കൈപ്പിടിയിലാകുമെന്ന തിരിച്ചറിവാണ് അവരെ അതില്‍ നിന്നും തടയുന്ന പ്രധാന പ്രലോഭനം. തന്നെയുമല്ല, സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള വിശ്വാസമില്ലായ്കയും പ്രശ്‌നം തന്നെ. എന്തായാലും നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വലിയ സംഘര്‍ഷങ്ങള്‍ ഇവിടെ മറനീക്കി പുറത്ത് വരികയില്ലെന്ന് വേണം അനുമാനിക്കാന്‍. എന്നാല്‍ അടുത്ത സംസ്ഥാന ഭരണത്തിലേക്ക് എത്തുമെന്ന് കരുതുന്ന കോണ്‍ഗ്രസ് വലിയ തോതിലുള്ള ശൈഥില്യത്തിലേക്ക് പോകുന്ന കാഴ്ചയും സംഭവഗതികളും അതിദ്രുതം ഉരുത്തിരിഞ്ഞുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. പ്രതീക്ഷകള്‍ പൂവണിയാത്തവരൊക്കെ ചേര്‍ന്ന് യാനം ഊക്കോടെ വലിച്ചുലച്ചാല്‍ കാറിലും കോളിലും പെട്ടേക്കും. അടി കനക്കും. മുന്‍പുണ്ടായിരുന്നതുപോലെ ചെക്ക് പറയാനും അപ്പപ്പോള്‍ ഇടപെടാനും പറ്റുന്ന കരുത്ത് ഹൈക്കമാന്‍ഡിന് ഉണ്ടാകണമെന്നുമില്ല. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിനു വന്നുപെട്ടതിനു സമാനമായ ഗതിയിലേക്കോ ഗതികേടിലേക്കോ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും എത്തിയേക്കാം.

അവിടെയാണ് വലിയ ചോദ്യം ഉയര്‍ന്നുവരിക. 2024? 2026? ആരാകും പിന്നെ ഇതിന്റെ ഗുണഭോക്താക്കള്‍. ബിജെപി? കേരളത്തില്‍ ബിജെപിക്ക് കരുത്ത് വര്‍ധിക്കുന്നുണ്ടെന്നത് വാസ്തവം. പക്ഷെ, അങ്ങനെയങ്ങ് കേരളീയര്‍ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുമോ? അധികാരത്തിലേക്ക് അവരെ കൊണ്ടുവരുമോ? സിപിഎം ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വയ്യാത്ത തരത്തിലുള്ള വലിയ കയത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ബലമായി സംശയിക്കേണ്ട ഒരു കാലത്തെ വലിയ ചോദ്യമാണിത്.

Next Story

Related Stories