TopTop
Begin typing your search above and press return to search.

കൊച്ചി പഴയ കൊച്ചിയല്ല; രാഷ്ട്രീയക്കാരും - ഭാഗം 2

കൊച്ചി പഴയ കൊച്ചിയല്ല; രാഷ്ട്രീയക്കാരും - ഭാഗം 2

രാഷ്ട്രീയം ബിസിനസായി മാറിയ കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് നിലനില്‍ക്കാനും മുന്നേറാനും ഗൂണ്ടകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും സഹായവും പിന്തുണയും ആവശ്യമാണ്. ഇത്തരം സഹായങ്ങള്‍ക്ക് പ്രതിഫലമായി സ്വതന്ത്രവും നിയമവ്യവസ്ഥയെ ഭയപ്പെടാതെ പ്രവര്‍ത്തിക്കാനുള്ള അവസരവുമാണ് ഗൂണ്ടാസംഘങ്ങള്‍ക്ക് ലഭിക്കുന്നത്. അക്രമവും ഭീഷണിയുംകൊണ്ട് എതിരാളികളെയും അനുസരിക്കാത്തവരെയും നിശബ്ദരാക്കാന്‍ ഈ രാഷ്ട്രീയ-ഗൂണ്ട സംഘങ്ങള്‍ക്ക് കഴിയുന്നതിന്റെ ചില തെളിവുകളാണ് സമീപദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ഇത്തരം ഉപജപകസംഘങ്ങളെ ശിക്ഷിക്കാന്‍ എത്രകണ്ട് തയ്യാറുകുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ രാഷ്ട്രീയക്കാരും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിലൂടെയുണ്ടാക്കുന്ന അധികാര -സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും അന്വേഷിക്കുകയാണ് ഈ പരമ്പരയിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഡി ധനസുമോദ്. (ഭാഗം 1 വായിക്കാം: ആന്റണി ആശാന്‍പറമ്പില്‍ എന്ന രാഷ്ട്രീയക്കാരന്റെ ജനനം )

ഭാഗം-2. ഗുണ്ടകള്‍ രാഷ്ടീയ ക്വട്ടേഷനുകള്‍ ഏറ്റെടുക്കുമ്പോള്‍

ലെ മെറിഡിയൻ ഹോട്ടലിനടുത്തുള്ള വളന്തക്കാട് ദ്വീപ് വൻ വ്യവസായിക്ക് സ്വന്തമാക്കാൻ ഒത്താശ ചെയ്തു കൊടുത്തത് കമ്യൂണിസ്റ് പാർട്ടി നേതാക്കന്മാർ ആയിരുന്നു. കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ച് പുതിയ വ്യവസായ പാർക്ക് തുടങ്ങാൻ താല്പര്യമെടുത്ത വ്യവസായിക്ക് ഒരു കാര്യത്തിൽ മാത്രം പിഴച്ചു. ഭരണത്തിലിരിക്കുന്ന, സമരത്തിന്റെ കുത്തകയുള്ള പാർട്ടിയെ മാത്രം മുഖവിലക്കെടുത്തു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ തഴയുകയും ചെയ്തു. പ്രതിപക്ഷത്തെ പ്രാദേശിക നേതാക്കന്മാരെ കാണേണ്ടത് പോലെ കാണാതിരുന്നത് മൂലം പരിസ്ഥിതി പ്രവർത്തകർ നടത്തിയ സമരത്തിൽ ഈ നേതാക്കന്മാരും പങ്കാളികളായി. കോൺഗ്രസിന്റെ സമരങ്ങൾക്ക് നേതൃത്വം നൽകിയത് ഗുണ്ടകളോടൊപ്പം സഹപ്രവർത്തകനെ തല്ലിച്ചതച്ചെന്ന കേസിൽ ഒളിവിലായ ആന്റണി ആശാൻപറമ്പിൽ ആയിരുന്നു. പ്രകൃതി സ്നേഹിയായ മണ്ഡലം പ്രസിഡന്റ് എന്നാണ് വി എം സുധീരൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. മരട്, കുമ്പളം, വൈറ്റില, തൃപ്പൂണിത്തുറ, പനങ്ങാട് എന്നീ സ്ഥലങ്ങളിലെ പ്രാദേശിക നേതാക്കന്മാരുടെ ജീവിതനിലവാരം മാത്രം ഒന്നു ശ്രദ്ധിച്ചാൽ മതി. സംസ്ഥാന നേതാക്കൾക്ക് പോലും അപ്രാപ്യമായ അധികാര - സൗകര്യങ്ങളാണ് ഈ പ്രാദേശിക നേതാക്കന്മാർ ആസ്വദിക്കുന്നത്.


റിയൽ എസ്റ്റേറ്റ്, ഫ്ലാറ്റ് നിർമാതാക്കൾ എറണാകുളത്തു പ്രവർത്തനം ശക്തമാക്കിയതോടെയാണ് പ്രാദേശിക നേതാക്കന്മാരുടെ ശുക്രദശതെളിഞ്ഞത്. സിപിഎമ്മിന്റെ തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി ആയിരുന്ന എ.എൻ സുന്ദരൻ ഒരു കോടിയിലധികം രൂപ ചിലവഴിച്ച് ആഡംബര വസതി നിർമിച്ചതോടെയാണ് പാർട്ടി ഭേദമില്ലാതെ നേതാക്കൾ സുന്ദരന്റെ വഴിയേ ഇറങ്ങിത്തിരിച്ചത്. സുന്ദരന്റെ ഭാര്യയും പാർട്ടി പ്രവർത്തകയാണ്. എറണാകുളത്തെ ഒരു വിഭാഗം നേതാക്കൾ സുന്ദരനെതിരെ തിരിഞ്ഞപ്പോൾ സഖാവ് ജാഗ്രത കാട്ടിയില്ല എന്ന ശാസനയിൽ ശിക്ഷ ഒതുങ്ങി. സുന്ദരൻ ഇപ്പോൾ ജില്ലാ കമ്മറ്റി അംഗമായി തുടരുന്നു. ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി ജാമ്യം നിന്നത് സുന്ദരൻ ആയതിനാൽ ഇനി പാർട്ടിയിലെയും പുറത്തേയും ഏതിരാളികളുടെ കൈ സുന്ദരനു നേരെ ഉയരില്ല.തമ്മനം ഷാജി ഉൾപ്പെടെയുള്ള ഗുണ്ടകൾ ക്വട്ടേഷൻ വർക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കൾക്ക് വേണ്ടി ഇടയ്ക്കു പ്രവർത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളിൽ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂർ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടർന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകൾ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാർ ഒരുപരിധിവരെ കാരണക്കാർ ആയിരുന്നുമില്ല. കുണ്ടന്നൂർ തമ്പിയിൽ നിന്നും ആദ്യം തെറ്റിപ്പിരിയുന്നത് ഭായ് നസീർ ആണ്. ഇതിനു പിന്നാലെ മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കിയതോടെ രാഷ്ട്രീയ നേതാക്കന്മാരുമായി ഇവർക്ക് പൊക്കിൾകൊടി ബന്ധം തുടങ്ങി. കോവളം സാജനെ പോലെ രാഷ്ട്രീയ ഗുണ്ടകളും രംഗത്തിറങ്ങി.

കുഴൽപ്പണ സംഘത്തെ ആക്രമിച്ചു പണം തട്ടുകയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. രാഷ്ട്രീയക്കാർ മാത്രമല്ല ചില പോലീസ് ഉദ്യോഗസ്ഥരും ഇവരിൽ പങ്കാളിയായി. മറ്റു ചില ഉദ്യോഗസ്ഥർ കുഴൽപ്പണ വാഹനങ്ങൾക്കു തങ്ങളുടെ അധികാര പരിധിയിൽ സുരക്ഷിതമായി കടത്തി വിടുക എന്ന ചുമതലയും ഏറ്റെടുത്തു. വാഹനത്തിന്റെ ബോഡിയിൽ പ്രത്യേക അറ സൃഷ്ടിച്ചു കുഴൽപ്പണം കടത്തിയ വാഹനം വരെ ഗുണ്ടകൾ തട്ടിയെടുത്തു. കള്ളപ്പണം ആയതിനാൽ പരാതി ഉണ്ടാകില്ല എന്നതാണ് ഗുണം.

കള്ളപ്പണവും പലിശപ്പണവും കൈകാര്യം ചെയ്തു വന്നിരുന്ന മരട്‌ സ്വദേശി ഇപ്പോൾ ഒളിവിലാണ്. യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിന്റെ കണക്കിൽ പെടാത്ത പണവും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. തികച്ചും ദരിദ്രമായ ചുറ്റുപാടിൽ നിന്നും ഉയർന്നു വന്നവരാണ് കോടിക്കണക്കിനു രൂപ എറണാകുളത്തു കൈകാര്യം ചെയ്യുന്നത്. ഫിനാൻസ് കമ്പനി നടത്തിയിരുന്ന് ബാബു എന്നയാള്‍ കുബേര ഓപ്പറേഷന് ശേഷം അപ്രത്യക്ഷനാണ്. ഇയാളുടെ അമ്മ ഈയിടെ ആത്മഹത്യ ചെയ്തിരുന്നു. ഗുണ്ടാ -രാഷ്ട്രീയ ബന്ധങ്ങൾ മൂലം ഇവർക്ക് ഒരു ഗുണമുണ്ട്. ആഡംബര ജീവിതം നയിച്ചാലും പരിശോധനയ്ക്കു ആരും വീട്ടിൽ കയറുമെന്നു പേടിക്കണ്ട.

എതിർ പാർട്ടിക്കാരെ ആക്രമിക്കുന്നതിൽ അല്ല പകരം സ്വന്തം പാർട്ടിയിലെ എതിരാളികളെ ഒതുക്കുന്നതിനും നേതാക്കന്മാർ ഗുണ്ടകളെ ഉപയോഗിച്ച് തുടങ്ങി. ഐഎൻടിയുസിക്കാരനെ നിലക്ക് നിർത്താൻ അദ്ദേഹത്തിന്റെ വിരൽ മുറിച്ചെടുക്കുകയാണ് ഭായ് നസീർ ചെയ്തത്.

(തുടരും )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories